ADVERTISEMENT

സർക്കാർ കണക്കു പ്രകാരം പ്രളയത്തിൽ പൂർണമായി തകർന്നത്  15,324 വീടുകൾ.  10,408 കുടുംബങ്ങൾ വീടുകൾ സ്വയം നിർമിക്കാൻ സന്നദ്ധരായി. സർക്കാർ സഹായത്തോടെ പൂർത്തിയാക്കിയത്  4657 വീടുകൾ. ഭാഗികമായി തകർന്നത്  2.54 ലക്ഷം വീടുകൾ. ഇതിൽ  2.47 ലക്ഷം പേർക്കും സഹായം നൽകിക്കഴിഞ്ഞു. ഈ വലിയ കണക്കുകളിലൊന്നും പെടാത്ത ചില സാധുമനുഷ്യർ ഇവിടെ ഈ മണ്ണിലുണ്ട്, ഇപ്പോഴും...

sainaba
എറണാകുളം മുനമ്പം കവല, ചിറ്റാറ്റുകര എടത്തുരുത്തിൽ വീട്ടിൽ സൈനബ.

ചിറ്റാറ്റുകര പഞ്ചായത്തിൽ മുനമ്പം കവലയിൽ എടത്തുരുത്തിൽ വീട്ടിൽ സൈനബ(65)യുടെ വീട് പ്രളയത്തിൽ നിലംപൊത്തിയില്ലെന്നേയുള്ളൂ. വീടിന്റെ അകവും പുറവുമൊക്ക പൂർണമായി വിണ്ടുകീറിക്കിടക്കുകയാണ്. മേൽക്കൂരയും ഏതു നിമിഷവും തകർന്നുവീഴാം. 

ആദ്യഘട്ട പരിശോധനയി‍ൽ 100% തകരാർ സാക്ഷ്യപ്പെടുത്തിയ വീടാണിത്. പുതിയ വീടാണോ 4 ലക്ഷം രൂപയാണോ വേണ്ടതെന്നു ചോദിച്ച ഉദ്യോഗസ്ഥർ പിന്നീട് പട്ടികയിൽനിന്നു തന്നെ സൈനബയുടെ പേരു വെട്ടി. 

നഷ്ടപരിഹാരത്തിന്റെ ഒരു സ്ലാബിലും സൈനബയുടെ വീട് ഇപ്പോഴില്ല. വീടിനു നേരത്തേതന്നെ പഴക്കമുണ്ടെന്നാണ് വടക്കേക്കര വില്ലേജ് ഓഫിസറുടെ ന്യായം. 

സൈനബയും 2 മക്കളും പേരക്കുട്ടികളുമടക്കം 6 പേർ ഈ വീട്ടിലാണു കഴിഞ്ഞിരുന്നത്. ഇപ്പോൾ സൈനബയും മകളും കൊച്ചുമകളും അയൽപക്കത്തെ വീട്ടിലാണു രാത്രി കഴിയുന്നത്. മറ്റുള്ളവർ അന്തിയുറങ്ങുന്നതു തൊട്ടടുത്ത്, ഫർണിച്ചർ നിർമാണത്തിനായുണ്ടാക്കിയ ഷെഡ്ഡിൽ. 

‘പല തവണകളായി 10 ഉദ്യോഗസ്ഥരെങ്കിലും പരിശോധനയ്ക്കു വന്നു. വീടു തന്നാൽ മതിയെന്നാണ് അവരോടു പറഞ്ഞത്. ഇപ്പോൾ ലിസ്റ്റിൽ തന്നെ പേരില്ലാതായി. മുൻപേ തകർന്ന വീടാണെന്ന് അവർ പറയുന്നു. അങ്ങനെയെങ്കിൽ ഞങ്ങളെങ്ങനെയാണ് ഇത്രയും കാലം ഇവിടെ കഴിഞ്ഞത്? ഇനി ആരുടെ കാലുപിടിക്കണം?’– സൈനബ ചോദിക്കുന്നു.

സൈനബയുടേത് ഒറ്റപ്പെട്ട കഥയല്ല, കേരളത്തിലെ ഒട്ടേറെ മനുഷ്യജീവിതങ്ങളുടെ കഥയാണിത്. 

മറന്നുപോയോ ഞങ്ങളെ?  

idukki
ഇടുക്കി വിമലാ സിറ്റി കൊന്നത്തടി ക്യാംപിലെ അന്തേവാസികൾ

‘ഇവിടെ ആരും വരാറില്ല. സഹായവുമായി നേരത്തെ ചിലർ എത്തിയിരുന്നു. ആരും ഇപ്പോൾ തിരിഞ്ഞുനോക്കാറില്ല.

റേഷനരി കിട്ടുന്നതുകൊണ്ടു വിശപ്പടക്കുന്നു...’– ചുമരുകൾ വിണ്ടുകീറിയ പഴഞ്ചൻ ആശുപത്രിക്കെട്ടിടത്തിലിരുന്ന് ഇല്ലിക്കൽ അമ്മിണി പറയുന്നു.

ഇടുക്കി ജില്ലയിൽ കൊന്നത്തടി പഞ്ചായത്തിലെ വിമലാ സിറ്റിയിലുള്ള, വിമലാ ഹോസ്പിറ്റൽ എന്ന കെട്ടിടം 6 കുടുംബങ്ങൾക്ക് ‘കൊട്ടാര’മാണ്. പ്രളയം കഴിഞ്ഞ് ഒരു വർഷം തികയുമ്പോഴും ഇൗ കുടുംബങ്ങൾക്ക് അഭയം ഈ ദുരിതാശ്വാസ ക്യാംപാണ്. 

ജീവിതസ്വപ്നങ്ങൾ ഉരുളെടുത്തപ്പോൾ ഇവർക്കിനി ആശ്രയം ഇവിടുത്തെ ഇടുങ്ങിയ മുറികൾ മാത്രം. എത്രനാൾ ഇവിടെ താമസിക്കുമെന്ന ചോദ്യം ഇവരുടെ മനസ്സിൽ തീ കോരിയിടുന്നു...

കഴിഞ്ഞ വർഷം ഓഗസ്റ്റ് 8 ന് പന്നിയാർകുട്ടിയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് 13 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപിലേക്കു മാറിയത്.

അമ്മിണിയെക്കൂടാതെ കുട്ടിയമ്മ ഉപ്പൂട്ടിൽ, പെണ്ണമ്മ മണലേത്ത്, കമലാക്ഷി പുത്തൻപുരയ്ക്കൽ, ഗിരീഷ്, ഓമന എന്നിവരാണ് ആശുപത്രിക്കെട്ടിടത്തിൽ താമസിക്കുന്നത്.

ഗിരീഷിന്റെ 2 കുട്ടികൾ ഇവിടെ നിന്നാണു സ്കൂളിലേക്കും അങ്കണവാടിയിലേക്കും പോകുന്നത്. പ്രളയത്തെ തുടർന്ന് ചില സംഘടനകളും വ്യക്തികളും ഇവിടെ എത്തി സഹായങ്ങൾ നൽകിയിരുന്നു. പക്ഷേ ഇപ്പോൾ എല്ലാവരും ഇൗ ജീവിതങ്ങളെ മറന്നമട്ടാണ്.  

മുകളിൽ ആകാശം, താഴെ ഭൂമിയുണ്ടോ?

lp1

തിരുവൻവണ്ടൂർ പഞ്ചായത്ത് രണ്ടാം വാർഡ് തൊണ്ടിത്തറയിൽ ഞങ്ങൾ അന്വേഷിച്ചെത്തുമ്പോൾ രവീന്ദ്രന്റെ വീട് തകർന്നുവീണിട്ട് മണിക്കൂറുകളായിട്ടേയുണ്ടായിരുന്നുള്ളൂ. 

ഉള്ള കിടപ്പാടം തകർന്നതോടെ നായ്ക്കളെ കെട്ടിയ‍ിരുന്ന കൂരയ്ക്കു താഴെ മയക്കത്തിലായിരുന്നു രവീന്ദ്രൻ. പഞ്ചായത്തിൽനിന്ന് അനുവദിച്ച വീട് രണ്ടു മുറിയും അടുക്കളയും മാത്രം കെട്ടി ഓടിട്ട മേൽക്കൂരയ്ക്കു താഴെയാണ് ഇവർ കഴിഞ്ഞിരുന്നത്.

കഴിഞ്ഞ 18 നു രാവിലെ രവീന്ദ്രൻ മുറിയിൽ കിടക്കുകയായിരുന്നു. മകൻ കണ്ണൻ പുറത്തുനിൽക്കുന്നു. എന്തോ ശബ്ദം കേട്ട് പെട്ടെന്നു കണ്ണൻ അച്ഛനോടു പുറത്തേക്ക‍ിറങ്ങാൻ പറഞ്ഞതും മേൽക്കൂരയും ചുമരും തകർന്നു വീട് നിലംപതിച്ചു.

കഴിഞ്ഞ പ്രളയത്തിൽ മുക്കാൽ ഭാഗം മുങ്ങിനിന്ന വീടാണ്. ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് അധികൃതർ ചിത്രവുമെടുത്ത് റിപ്പോർട്ടെഴുതി പോയിട്ട് പത്തു മാസം കഴിഞ്ഞു. പ്രളയബാധിതർക്കെല്ലാം നൽകിയ 10,000 രൂപ മാത്രമേ ഇവർക്ക് ഇത‍ുവരെ കിട്ടിയിട്ടുള്ളൂ. 

ഭൂമിയിലെ ദുരന്തത്തിന് ആശ്വാസമേകാൻ പണംതേടി പലവട്ടം ആകാശസഞ്ചാരം 

നടത്തി നമ്മുടെ ഭരണത്തലവന്മാർ. പലയിടത്തും പ്രസംഗിച്ചു. പലരെയും കണ്ടു. എന്നിട്ടെന്തായി? 

‘പ്രളയ ദുരിതാശ്വാസത്തിന് സംഭാവന അഭ്യർഥിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനം വഴി എത്ര തുക കിട്ടി?’ജനുവരി 28ന് വി.ടി. ബൽറാം എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ഇൗ ചോദ്യത്തിന് അന്നു മറുപടിയുണ്ടായില്ല. 

മുഖ്യമന്ത്രി പിണറായി വിജയനും നോർക്ക സെക്രട്ടറി ഡോ. കെ. ഇളങ്കോവനും നടത്തിയ യാത്രയ്ക്കു ചെലവായത് 3.73 ലക്ഷം രൂപ.  ഇതൊരു ഭാരിച്ച ചെലവല്ല തന്നെ.

എന്നാൽ, ക്രൗഡ് ഫണ്ടിങ് ലക്ഷ്യമിട്ടു നടത്തിയ ഇൗ യാത്ര വഴി കേരളത്തിന് എന്തു നേട്ടമുണ്ടായി എന്നറിയേണ്ടേ? മുഖ്യമന്ത്രിയും സംഘവും ഒരു തവണ യുഎസിലും 2 തവണ ഗൾഫിലും പോയി പണത്തിനായി കൈനീട്ടിയിട്ടും ക്രൗഡ് ഫണ്ടിങ്ങിലൂടെ കേരളത്തിലേയ്ക്കു വന്ന പണത്തിന്റെ കണക്കു കേട്ടാൽ‌ അമ്പരക്കും. 

സർക്കാർ മിണ്ടാൻ മടിക്കുന്ന  ആ കണക്കിതാ: 

വീടുകൾ പുനർനിർമിക്കാൻ: 1.90 ലക്ഷം രൂപ

സ്കൂളുകൾ പണിയാൻ: 79 ലക്ഷം രൂപ

വളർത്തു മൃഗങ്ങളെ വാങ്ങാൻ: 39,438 രൂപ

അങ്കണവാടികൾ നവീകരിക്കാൻ: 54,000 രൂപ

അതായത്, യാത്രയ്ക്കായി ചെലവിട്ട തുക പോലും വീടു നിർമിക്കാൻ കിട്ടിയില്ലെന്നു സാരം. കിട്ടിയ തുക കൊണ്ട് ഒരു വീടു പോലും നിർമിക്കാനുമാകില്ല.

സ്കൂളുകൾ പുനർനിർമിക്കാൻ മാത്രമാണ് അൽപമെങ്കിലും പണം ലഭിച്ചത്. പഠിച്ച സ്കൂളുകളോടുള്ള പ്രവാസി മലയാളികളുടെ ഗൃഹാതുര ഇഷ്ടം അതിൽ തെളിഞ്ഞു കാണാം. 

പക്ഷേ, ആഗോള ക്രൗഡ് ഫണ്ടിങ് എന്നൊക്കെ പറഞ്ഞിട്ടും ആകെ ഒരു കോടി രൂപ പോലും തികച്ചു കിട്ടിയില്ലെന്നതാണ് കഷ്ടം. നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കാൻ എല്ലാ സർക്കാരിന്റെ കാലത്തും മന്ത്രിമാർ നടത്താറുള്ള വിദേശ വിനോദയാത്ര പോലെയായി മാറി മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രയും എന്നാണ് ഇതു വ്യക്തമാക്കുന്നത്. (

മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും ലോകം മുഴുവൻ കറങ്ങാനായിരുന്നു ആദ്യ പദ്ധതി. കേന്ദ്ര സർക്കാർ അനുമതി കിട്ടാഞ്ഞതിനാൽ മുഖ്യമന്ത്രിയുടെ യാത്രകൾ മാത്രമേ യാഥാർഥ്യമായുള്ളൂ.)

2018 ഒക്ടോബർ 17 മുതൽ 21 വരെ നടത്തിയ യുഎഇ സന്ദർശനത്തിനുശേഷം തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ: ‘യുഎഇ സർക്കാർ വാഗ്ദാനം ചെയ്ത 700 കോടി രൂപയേക്കാൾ കൂടിയ തുകയുടെ സഹായം യുഎഇ സന്ദർശനത്തിലൂടെ ലഭിക്കും.

സന്ദർശനം വൻ വിജയമായിരുന്നു. യുഎഇ ഭരണകൂടത്തിൽ സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്നവർ കേരളത്തെ സഹായിക്കാൻ തയാറാണ്’. കടലാസിൽ പക്ഷേ, ഇതൊന്നും കാണാനില്ല! 

വെബ്സൈറ്റ് തുറന്നിട്ട് ഉറക്കം തൂങ്ങൽ! 

ക്രൗ ഡ് ഫണ്ടിങ്ങിനെക്കുറിച്ച് ഗൾഫിൽ മുഖ്യമന്ത്രി വാചാലനായി പ്രസംഗിച്ചെങ്കിലും പിന്നീട് സംഭാവന ഉറപ്പാക്കാനുള്ള ഒരു നീക്കവും സർക്കാർ നടത്തിയില്ല.

പണം സ്വീകരിക്കുന്നതിന് ഒരു വെബ്സൈറ്റും തുറന്നിട്ട് ഉദ്യോഗസ്ഥർ അനങ്ങാപ്പാറ പോലിരുന്നു. ഒരു പ്രസംഗം കൊണ്ട് കോടികൾ ഒഴുകുമെന്നായിരുന്നു വിചാരം.

സർക്കാരിന്റെ പുനർനിർമാണ പദ്ധതിയുടെ എല്ലാ മേഖലകളിലും ഇൗ ഉദാസീനത കാണാം, കൺസൽറ്റൻസികളെ നിയമിക്കുന്നതിലും കോടികൾ മുടക്കി കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കുന്നതിലും ഒഴികെ. 

ധൂർത്തൊഴുക്ക് ! 

പ്ര ളയദുരിതാശ്വാസം പോലും മുഴുവൻ പേർക്കും വിതരണം ചെയ്തു കഴിഞ്ഞിട്ടില്ലെങ്കിലും പണമൊഴുക്കുന്ന കാര്യത്തിൽ സർക്കാർ വലിയ ഉത്സാഹത്തിലാണ്. സമീപകാലത്തെ ചില വകയിരുത്തലുകൾ ശ്രദ്ധിക്കുക: 

മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’ ടിവി  പരിപാടിക്ക്- 4.25 കോടി രൂപ

മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ പ്രചാരണത്തിന്-1 കോടി

കാബിനറ്റ് തീരുമാനങ്ങൾ അറിയിക്കാൻ പോലും  വാർത്താസമ്മേളനം വിളിക്കാൻ മടിക്കുന്ന മുഖ്യമന്ത്രിക്കു മാത്രമായി മീഡിയ റൂം: 33  ലക്ഷം രൂപ

മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫിസ്  മോടിപിടിപ്പിക്കാൻ ടെൻഡർ മറികടന്ന്-  80 ലക്ഷം രൂപ

ഇപ്പോഴുള്ള കാറിൽ എസി ഇല്ലെന്ന കാരണത്താൽ ധനവകുപ്പ് 12 പുതിയ കാറുകൾ വാങ്ങുന്നു- 97 ലക്ഷം രൂപ

തയാറാക്കിയത്: കെ. ജയപ്രകാശ് ബാബു, സന്തോഷ് ജോൺ തൂവൽ, എസ്.വി. രാജേഷ്, മിന്റു പി .ജേക്കബ്, വി.ആർ. പ്രതാപ്, എം.എ. അനൂജ് , ഷിന്റോ ജോസഫ്, ജിക്കു വർഗീസ് ജേക്കബ് 

ചിത്രങ്ങൾ: ടോണി ഡൊമിനിക്, അരുൺ ശ്രീധർ,  റെജു ആർനോൾഡ്  സങ്കലനം: കെ.ടോണി ജോസ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com