sections
MORE

ദേശീയ വിദ്യാഭ്യാസ നയം: ‘കരടു’ നീക്കി നടപ്പാക്കാം

discussion
ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ചു മലയാള മനോരമ തിരുവനന്തപുരത്തു സംഘടിപ്പിച്ച ചർച്ചയിൽനിന്ന്. മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസ് (വലത്തുനിന്നു മൂന്നാമത്) മോഡറേറ്ററായ ചർച്ചയിൽ ഒപ്പമുള്ളത് കാസർകോട്ടുള്ള കേരള കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വകുപ്പു മേധാവി ഡോ. അമൃത് ജി. കുമാർ, കേരള സർവകലാശാല ബയോ ഇൻഫമാറ്റിക്സ് വകുപ്പു മേധാവി ഡോ. അച്യുത് ശങ്കർ എസ്.നായർ, കേരള കേന്ദ്ര സർവകലാശാലയുടെയും എംജി സർവകലാശാലയുടെയും മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ്, കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, മുൻ സ്ഥാനപതിയും ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ ഉപാധ്യക്ഷനുമായ ടി.പി.ശ്രീനിവാസൻ എന്നിവർ. ചിത്രം: മനോരമ
SHARE

‘ഭരണഘടന എത്ര നല്ലതാണെങ്കിലും നടപ്പാക്കുന്നതു മോശം ആളുകളാണെങ്കിൽ അതു മോശമാകും. എത്ര മോശമാണെങ്കിലും നടപ്പാക്കുന്നതു നല്ല ആളുകളാണെങ്കിൽ നന്നാകും’– കേന്ദ്ര സർക്കാരിനു കരടു റിപ്പോർട്ട് സമർപ്പിച്ചതു മുതൽ ചർച്ചകളിൽ സജീവമായി നിൽക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (2019) ആമുഖത്തിൽ ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അംബേദ്കറുടെ ഈ വരികൾ ഉദ്ധരിച്ചിട്ടുണ്ട്. 

പുതിയ നയത്തെക്കുറിച്ചു മലയാള മനോരമ സംഘടിപ്പിച്ച ചർച്ചയിൽ വിദഗ്ധർ പങ്കുവച്ചതും ഇതേ അഭിപ്രായം. യോജിക്കാവുന്നതും എതിർക്കേണ്ടതുമായ നിർദേശങ്ങളുണ്ട്.

എന്നാൽ, അതിനെക്കാൾ പ്രധാനം ഇവ നടപ്പാക്കുക എങ്ങനെയായിരിക്കും എന്നതാണ്. ദോഷങ്ങൾ പരിഹരിക്കാനും ഗുണങ്ങൾക്കു മുൻതൂക്കം നൽകാനും ശ്രദ്ധിക്കണമെന്ന പൊതു കാഴ്ചപ്പാടാണു ചർച്ചയിൽ ഉയർന്നത്. 

മോഡറേറ്റായത് മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയും വിദ്യാഭ്യാസ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ജയിംസ് വർഗീസ്. പങ്കെടുത്തവർ: മുൻ സ്ഥാനപതിയും ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ ഉപാധ്യക്ഷനുമായ ടി.പി.ശ്രീനിവാസൻ, കേരള കേന്ദ്ര സർവകലാശാലയുടെയും എംജി സർവകലാശാലയുടെയും മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ്, കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്സ് വകുപ്പു മേധാവി ഡോ. അച്യുത് ശങ്കർ എസ്.നായർ, കേരള കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വകുപ്പു മേധാവി ഡോ. അമൃത് ജി.കുമാർ.

മൂന്നു വയസ്സിലേ തുടങ്ങണോ?

നയത്തിലെ നിർദേശമനുസരിച്ച് കുട്ടിയുടെ മൂന്നു മുതൽ ആറു വയസ്സുവരെയുള്ള കാലം കൂടി ഇനി ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.

ഇതാകട്ടെ, ആഗോള സങ്കൽപത്തിനു വിരുദ്ധവും. വിദേശത്ത് ഈ പ്രായത്തിൽ കുട്ടികളെ കളിക്കാൻ വിടുകയാണ്. ഫിൻലൻഡിൽ ഏഴാം വയസ്സിലാണു സ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നത്. 

കുട്ടി എട്ടാം വയസ്സിൽ മൂന്നാം ഗ്രേഡിൽ (മൂന്നാം ക്ലാസ്) എത്തുമ്പോഴേക്കും ഭാഷയിലും കണക്കിലും അടിസ്ഥാനം രൂപപ്പെട്ടിരിക്കണമെന്നതാണു മറ്റൊരു നിർദേശം.

ഒന്നാം ഗ്രേഡ് മുതൽ ഭാഷാവാരം, ഗണിതവാരം തുടങ്ങിയ പ്രവർത്തനങ്ങളുണ്ടാകും. എന്നാൽ, 3– 7 വയസ്സിൽ കളിയിലൂടെയാണ് പഠിപ്പിക്കേണ്ടതെന്നു മറ്റൊരിടത്തു പറയുമ്പോൾ വൈരുധ്യം പ്രകടം. 

സ്കൂൾ പഠനത്തിനു നിലവിലുള്ള 10 + 2 ഘടന മാറ്റി പകരം 5+ 3+ 3+ 4 ഘടന കൊണ്ടുവരുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല. പുതിയ രീതിയനുസരിച്ചും ആറാം വയസ്സിൽ കുട്ടി ഒന്നാം ഗ്രേഡിലെത്തും. പിന്നെ എന്തിനാണു മാറ്റം ?

തുടക്കം മുതലേ രണ്ടു ഭാഷ പഠിക്കണമെന്നും നിർദേശമുണ്ട്. ചെറിയ പ്രായത്തിൽ ഭാഷ കൂടുതൽ മനസ്സിലുറയ്ക്കുമെന്ന വാദമാണ് ഉന്നയിക്കുന്നത്.

ജപ്പാനിൽ ജാപ്പനീസ് ഭാഷയിൽ മാത്രം പഠിച്ചിട്ടും കുട്ടികൾ ഉയർന്നുവരുന്നു. ഇവിടെ പൊതുവിദ്യാലയങ്ങളിൽ ഒരു രീതിയും സ്വകാര്യ സ്കൂളുകളിൽ മറ്റൊരു രീതിയുമാണ്. എല്ലാ സ്കൂളുകളിലും ഒരേ രീതി വേണം. 

 ഫാക്ടറി നിർമിത ബൾബ്  പോലെയോ കുട്ടികൾ?

books

രാജ്യത്ത് എവിടെനിന്നു പഠിച്ചിറങ്ങിയാലും, ഫാക്ടറി ഉൽപന്നങ്ങൾ പോലെ വിദ്യാർഥികൾ ഒരേ തരത്തിൽ ആയിരിക്കണമെന്ന കാഴ്ചപ്പാട് നയത്തിലുണ്ട്.

ഇന്ത്യ പോലൊരു രാജ്യത്തെ വൈവിധ്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇതു ശരിയാകുമോ? ഫാക്ടറിയിൽ ഉൽപാദിപ്പിക്കുന്ന ബൾബുകളെല്ലാം ഒരേ പോലെയാക്കാം.

എന്നാൽ, കുട്ടികളുടെ കാര്യം അങ്ങനെയാണോ? സ്വഭാവ രൂപീകരണത്തിനല്ല (character development), വ്യക്തിത്വവികസനത്തിനാണ് (personality development) നയത്തിലെ ഊന്നൽ എന്നതും ശ്രദ്ധേയം. 

 എല്ലായിടത്തും പ്രായോഗികമോ?

രാജ്യത്ത് എല്ലായിടത്തും വിദ്യാഭ്യാസ സാഹചര്യം ഒരുപോലെയല്ല. വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുള്ള സ്ഥലങ്ങളിൽ പ്രത്യേക വിദ്യാഭ്യാസമേഖല എന്ന നിർദേശം കേരളത്തിൽ ഒരുപക്ഷേ, ചുരുക്കം ചില ഭാഗങ്ങളിൽ മാത്രമാകും പ്രസക്തം.

സമീപ പ്രദേശങ്ങളിലെ വിവിധ സ്കൂളുകൾ ചേർത്തു സ്കൂൾ കോംപ്ലക്സുകൾ രൂപീകരിക്കണമെന്ന നിർദേശവും കേരളത്തിലെ സാഹചര്യത്തിനു ചേരുന്നതല്ല.

അധ്യാപകർ കുറവായിരുന്ന കാലത്തെ കോത്താരി കമ്മിഷന്റെ ശുപാർശയാണു സ്കൂൾ കോംപ്ലക്സ്. അധ്യാപകനെ നിയമിക്കുക ഏതെങ്കിലും സ്കൂളിലേക്കല്ല, കോംപ്ലക്സിലേക്കാകും.

ഓരോ ദിവസവും താൻ ഏതു സ്കൂളിൽ പോയി പഠിപ്പിക്കണമെന്ന് അധ്യാപകൻ വിളിച്ചുചോദിക്കേണ്ട അവസ്ഥ വരും. ഇതു സ്കൂളുകൾ തമ്മിൽ സംഘർഷം വളർത്താനും അധ്യാപക– വിദ്യാർഥിബന്ധം നഷ്ടപ്പെടുത്താനുമാകും ഇടയാക്കുക.

സ്വകാര്യപങ്കാളിത്തം എത്രത്തോളം ?

ലക്ഷ്യമിടുന്ന വിദ്യാഭ്യാസ നിലവാരം കൈവരിക്കാനുള്ള ഫണ്ടിങ് ഉൾപ്പെടെയുള്ള അനുബന്ധ കാര്യങ്ങളെക്കുറിച്ചു വ്യക്തമാക്കിയിട്ടില്ല.

വിദ്യാഭ്യാസത്തിന് ജി‍ഡിപിയുടെ (മൊത്ത ആഭ്യന്തര ഉൽപാദനം) 6% നീക്കിവയ്ക്കണമെന്നു കോത്താരി കമ്മിഷൻ തന്നെ നിർദേശിച്ചിരുന്നു. ഇന്നു 3% പോലും ലഭ്യമല്ല.

പകരം സ്വകാര്യ പങ്കാളിത്തമാണു ലക്ഷ്യമിടുന്നതെങ്കിൽ അത് എത്രത്തോളമെന്ന കാര്യത്തിലെ ആശങ്ക മോഡറേറ്റർ ജയിംസ് വർഗീസ് പങ്കുവച്ചു. 

ഫീസ് നിർണയത്തിലടക്കം പൂർണ സ്വാതന്ത്ര്യം അനുവദിക്കാനാണു നിർദേശം. വിദ്യാഭ്യാസ അവകാശനിയമപ്രകാരം സ്വകാര്യ സ്കൂളുകളിൽ ദരിദ്രവിദ്യാർഥികൾക്കുള്ള 25% ക്വോട്ട കൂടി എടുത്തുകളയാനും നിർദേശമുണ്ട്. സ്കൂൾ വിദ്യാഭ്യാസം പോലും ഫലത്തിൽ സമ്പന്നർക്കു മാത്രം താങ്ങാവുന്ന ചെലവേറിയ കാര്യമാകുകയാണോ? 

പേരുമാറ്റം എന്തിന് ?

മാനവശേഷി വകുപ്പിന്റെ പേര് തിരികെ വീണ്ടും വിദ്യാഭ്യാസ വകുപ്പ് എന്നാക്കി മാറ്റാനുള്ള നിർദേശം സജീവ ചർച്ചയായി. പേരുമാറ്റത്തിനപ്പുറം എന്തെങ്കിലും ലക്ഷ്യം ഉണ്ടാകുമോയെന്ന എന്ന ആശങ്ക ഡോ. ജാൻസി ജയിംസ് പങ്കുവച്ചു.

‘മാനവ വിഭവശേഷി’ എന്ന വാക്കിന്റെ പ്രാധാന്യം ഡോ. അച്യുത് ശങ്കർ ചൂണ്ടിക്കാട്ടി. ജനപ്പെരുപ്പമാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നമെന്ന വാദം പണ്ടു പ്രബലമായിരുന്നു.

പിന്നീടാണ് ഇതാണ് ഇന്ത്യയുടെ ഏറ്റവും വലിയ വിഭവശേഷിയെന്ന കാഴ്ചപ്പാടു രൂപപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പ് എൺപതുകളിൽ മാനവശേഷി വകുപ്പായി മാറിയതും കാഴ്ചപ്പാടിലെ ഈ മാറ്റത്തിന്റെ പ്രതിഫലനമായിട്ടാണ്. 

കുട്ടികൾക്ക് ഇനി പ്രഭാതഭക്ഷണവും; പ്രീ പ്രൈമറി അധ്യാപകർക്ക്  പരിഗണന

കുട്ടികൾക്കു സ്കൂളിൽ ഉച്ചഭക്ഷണത്തിനു പുറമേ പ്രഭാതഭക്ഷണം കൂടി നൽകണമെന്നതു നല്ല നിർദേശമാണെന്ന് അഭിപ്രായമുയർന്നു. പ്രീപ്രൈമറി അധ്യാപകരുടെ ജീവിത നിലവാരം ഉയർത്തുന്ന നല്ല നിർദേശങ്ങളും നയത്തിലുണ്ട്.

നിലവിൽ പ്രൈമറി അധ്യാപകർ 30,000 രൂപ ശമ്പളം വാങ്ങുമ്പോൾ പ്രീപ്രൈമറിയിൽ 3000 രൂപ മാത്രം കിട്ടുന്നവരുണ്ട്. അവധിക്കാലത്ത് അതുപോലുമില്ല. അധ്യാപകർ മറ്റു ജോലികൾക്ക് – കഞ്ഞിയുണ്ടാക്കാനും സർവേ നടത്താനും – പോകാൻ പാടില്ലെന്ന നിർദേശവും നല്ലതാണ്. 

∙ വിജ്ഞാനാധിഷ്ഠിത, തൊഴിലധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റത്തിനാണ് ഊന്നൽ. നിർവഹണം എങ്ങനെ എന്നതിലാണ് അവ്യക്തത; പ്രത്യേകിച്ച് ഫണ്ടിങ്.

വിദ്യാഭ്യാസ നിലവാര പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദേശങ്ങളില്ല. അധ്യാപക പ്രകടനം വിലയിരുത്തുന്നതു സംബന്ധിച്ചും കാര്യമായി പറഞ്ഞിട്ടില്ല- ജയിംസ് വർഗീസ്

∙ സ്വർണഖനി പോലെയാണിത്. കുഴിച്ചുപോകുമ്പോൾ സ്വർണം മാത്രമല്ല, മറ്റു പലതും കിട്ടും. വേണ്ടതു വേർതിരിച്ചെടുക്കണം. നടപ്പാക്കിയാൽ, കഴിഞ്ഞ 20 വർഷം ഉണ്ടായതിനെക്കാൾ വലിയ മാറ്റം 5 വർഷം കൊണ്ടുണ്ടാകും. സർക്കാർ മാത്രം വിചാരിച്ചാൽ പോരാ; പരമാവധി സ്വകാര്യ പങ്കാളിത്തം വേണം- ടി.പി.ശ്രീനിവാസൻ

∙ ഡിപിഇപി പരാജയപ്പെടാൻ കാരണം പൊതുവിദ്യാലയങ്ങളിൽ മാത്രമായി ഒതുക്കിയതാണ്. മാറ്റം എല്ലായിടത്തും വരണം. കുട്ടികൾ ഇപ്പോഴേ ഭാരപ്പെടുന്നു; അറിവു നേടുന്നുമില്ല. ‘നോളജ് സൊസൈറ്റി’ എന്നു പറഞ്ഞ് കുട്ടികളുടെ ജീവിതം ചുരുക്കിക്കളയരുത്. തോൽക്കാനും ഇടമുള്ള ലോകമാണു വേണ്ടത്- ഡോ. ജാൻസി ജയിംസ്

∙ കേന്ദ്ര സർക്കാർ പിന്തുടരുന്ന ആഗോളവൽക്കരണ നയത്തിനു വിരുദ്ധമായ നിർദേശങ്ങൾ നയത്തിലുണ്ട്; ഉദാഹരണം: ബജറ്റ് വിഹിതം 10% വീതം കൂട്ടാനുള്ള നിർദേശം. അതിനാൽ നയം ആദ്യം തിരുത്തുന്നതു കേന്ദ്രം തന്നെയാകും. മതനിരപേക്ഷത എന്ന വാക്ക് റിപ്പോർട്ടിൽ എങ്ങുമില്ല. തുല്യത എന്ന വാക്ക് തുടക്കത്തിൽ മാത്രം- ഡോ. രാജൻ വർഗീസ് 

∙ സമൂഹത്തിൽ ചർച്ച നടക്കണമെങ്കിൽ സംഗ്രഹവും തർജമയും ലഭ്യമാക്കണമായിരുന്നു. അതുണ്ടായില്ല. ഡീകോളനൈസേഷനെക്കുറിച്ച് പറയുന്നു. എന്നാൽ, ഇംഗ്ലണ്ടിനെ മാറ്റി പകരം അമേരിക്കയെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് 4 വർഷ ഡിഗ്രി, എംഫിൽ നിർത്തലാക്കൽ തുടങ്ങിയ നിർദേശങ്ങളിലുള്ളത്- ഡോ. അച്യുത് ശങ്കർ എസ്.നായർ

∙ മത്സരാത്മക വ്യക്തിത്വം പ്രോത്സാഹിപ്പിക്കുന്ന നയമാണിത്. വ്യക്തിക്കു നിലനിൽക്കാൻ മത്സരം അനിവാര്യമാണെന്ന തോന്നലുണ്ടാക്കുന്നു.

സ്കൂളിൽനിന്നുള്ള കൊഴിഞ്ഞുപോക്കിനുള്ള വിവിധ കാരണങ്ങൾ റിപ്പോർട്ടിലുണ്ട്.

എന്നാൽ, കുട്ടിയുടെ സാമ്പത്തികപ്രശ്നം എന്ന ഏറ്റവും പ്രധാനഘടകം കണക്കിലെടുക്കുന്നില്ല- ഡോ. അമൃത് ജി.കുമാർ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA