sections
MORE

ജീവവായു തേടുന്ന കെഎസ്ആർടിസി

SHARE

സംസ്ഥാനത്തിന്റെ സ്വന്തം പൊതുഗതാഗത സംവിധാനം ശുഭവാർത്തകൾ കേൾപ്പിക്കുന്നേയില്ല. സുപ്രീം കോടതി നിർദേശപ്രകാരം 2108 എംപാനൽ ഡ്രൈവർമാരെ കെഎസ്ആർടിസി പിരിച്ചുവിട്ടതോടെ സംസ്ഥാനമാകെ ജനങ്ങൾ യാത്രാദുരിതത്തിലായതാണ് ഏറ്റവും ഒടുവിലത്തെ പ്രതിസന്ധി. 

കൂട്ടപ്പിരിച്ചുവിടൽ കാരണം ഞായറാഴ്ച 606 ഷെഡ്യൂളുകളും ഇന്നലെ മാത്രം 1241 ഷെഡ്യൂളുകളുമാണു റദ്ദാക്കിയത്. അവധിക്കുശേഷം തിങ്കളാഴ്ച വിവിധ സ്ഥലങ്ങളിലേക്കു ദീർഘദൂരയാത്ര പോകേണ്ടവരടക്കം പ്രയാസത്തിലായി. കെഎസ്ആർടിസി ബസുകൾ കൂട്ടത്തോടെ റദ്ദാക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നവർ ഓർത്തുവോ, പൊതുജനങ്ങൾക്ക് ഉടമാവകാശമുള്ള ബസിൽനിന്നുതന്നെയാണ് അവരെ പെരുവഴിയിലാക്കുന്നതെന്ന്? 

കെഎസ്ആർടിസി ഡ്രൈവർമാരെ സംബന്ധിച്ച പിഎസ്‌സി റാങ്ക് പട്ടികയിൽനിന്നു നിയമനം ലഭിക്കുന്നില്ലെന്നു പരാതിപ്പെട്ട് ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാൻ കോടതി ഉത്തരവിട്ടു. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജൂൺ 30 വരെ മാത്രമാണു സാവകാശം അനുവദിച്ചത്. പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരുടെ ഹർജിയെ തുടർന്നു 3861 എംപാനൽ കണ്ടക്ടർമാരെയും നേരത്തേ പിരിച്ചുവിടേണ്ടിവന്നിരുന്നു. ഈ സംഭവത്തിൽ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകിയപ്പോൾ സാവകാശം ലഭിച്ചതു പ്രകാരം ഏതാനും പേരെ താൽക്കാലിക ജീവനക്കാരായി തിരിച്ചെടുത്തു. എങ്കിലും, എട്ടും പത്തും വർഷം ജോലി ചെയ്യുകയും സ്ഥിരപ്പെടുമെന്നു പ്രതീക്ഷയർപ്പിക്കുകയും ചെയ്ത ആയിരക്കണക്കിന് എംപാനൽ കണ്ടക്ടർമാർക്കു ജോലി നഷ്ടമായി. 

പിരിച്ചുവിട്ട ഡ്രൈവർമാരിൽ ചിലരെയെങ്കിലും താൽക്കാലിക ജീവനക്കാരായി തിരിച്ചെടുക്കാനാണു നീക്കം. എന്നാൽ, കോടതി ഇടപെടൽ ഉള്ളതിനാൽ ഇതിനു പരിമിതികളുണ്ട്. അതേസമയം, ഇത്രയധികം എംപാനൽ ഡ്രൈവർമാരെ  കൂട്ടമായി പിരിച്ചുവിടേണ്ടിവരുമെന്ന കാര്യം സർക്കാരിനും ഗതാഗതവകുപ്പിനും കെഎസ്ആർടിസി മാനേജ്മെന്റിനും മുൻകൂട്ടി അറിയാമായിരുന്നെങ്കിലും ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടുവെന്നതു നിർഭാഗ്യകരമാണ്. അതു കേരളത്തിനു മുഴുവൻ യാത്രാദുരിതം നൽകുകയും ചെയ്തു. കെഎസ്ആർടിസി ഇക്കാര്യത്തിലടക്കം കാണിച്ചുപോരുന്ന അലംഭാവം സംസ്ഥാനത്തിന്റെ മുഴുവൻ പ്രതിഷേധം അർഹിക്കുന്നു. ഒരുകാലത്ത് കേരളത്തിന്റെ അഭിമാനവും സമീപകാലത്ത് ആശങ്കയുമായി മാറിയ ഈ സ്ഥാപനം ഈ ദുരവസ്ഥയിലെത്താനുള്ള മുഖ്യകാരണം തന്നെ ഈ അലംഭാവമല്ലേ? 

കെഎസ്ആർടിസിയുടെ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചു ദീർഘകാല ലക്ഷ്യത്തോടെയുള്ള ചികിത്സയല്ല പലപ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സർക്കാർ നിയോഗിച്ച പ്രഫ. സുശീൽ ഖന്ന സമർപ്പിച്ച റിപ്പോർട്ടിൽ കെഎസ്ആർടിസിയുടെ പ്രതിസന്ധിയും പരിഹാരമാർഗങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടിലെ തുടർനടപടികൾക്കു സർക്കാർ എത്രത്തോളം പ്രാധാന്യം നൽകും എന്നതാണു പ്രസക്തമായ ചോദ്യം. ഇപ്പോഴത്തെ നിലയിലാണ് കെഎസ്ആർടിസി മുന്നോട്ടുപോകുന്നതെങ്കിൽ ഓട്ടം നിലയ്ക്കാൻ അധികകാലം വേണ്ടിവരില്ലെന്ന് ആ റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.

ജീവനക്കാർക്കു ശമ്പളം നൽകാൻ പോലും പണമില്ലാത്ത അവസ്ഥയിലായിക്കഴിഞ്ഞു കെഎസ്ആർടിസി. ആയിരക്കണക്കിനു പേരുടെ ജീവിതമാർഗമായ ഈ സ്ഥാപനം അന്തസ്സോടെയും ലാഭത്തിലും പ്രവർത്തിക്കേണ്ടതു സംസ്ഥാനത്തിന്റെയാകെ ആവശ്യമാണെന്ന തിരിച്ചറിവോടെ, വേണ്ടത്ര ജീവവായു നൽകാൻ ഇനിയും വൈകരുത്. ദീർഘകാലത്തേക്കു നവോർജം കൈവരിക്കാനുള്ള കർമപദ്ധതി ആവിഷ്കരിച്ച്, ജീവനക്കാരുടെയും യൂണിയനുകളുടെയും സർക്കാരിന്റെയും പങ്കാളിത്തത്തിൽ മുന്നോട്ടുനീങ്ങാൻ കാലം കെഎസ്ആർടിസിയെ ഓർമിപ്പിക്കുന്നു. അതിനുവേണ്ടിയുള്ള ഫലപ്രദ ആലോചനകൾ കട്ടപ്പുറത്തായിക്കൂടാ. 

കോടതിവിധി പ്രകാരം പിരിച്ചുവിട്ട എംപാനൽ ഡ്രൈവർമാർക്കു പകരമായി ആവശ്യാനുസരണം ഡ്രൈവർമാരെ ദിവസവേതന പ്രകാരം ഡിപ്പോ അടിസ്ഥാനത്തിൽ നിയമിക്കാൻ ഇന്നലെ തീരുമാനമായിട്ടുണ്ട്. അതെന്തായാലും, ഇത്രയധികം എംപാനൽ ഡ്രൈവർമാരെ കൂട്ടമായി പിരിച്ചുവിട്ടതിനെത്തുടർന്ന് ഇപ്പോഴുണ്ടായ വ്യാപക യാത്രാദുരിതം  ഒരു കാരണവശാലും നീളരുത്. യാത്രാപ്രതിസന്ധി ഒഴിവാക്കാൻ കാര്യക്ഷമമായ അടിയന്തര ഇടപെടൽ ഉണ്ടായേതീരൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA