ADVERTISEMENT

ഗുരുവിന്റെ പക്കൽ നിന്നു ജ്‌ഞാനം സമ്പാദിക്കാൻ ഒരു പ്രഫസറെത്തി. ഗവേഷണം, പ്രഭാഷണം എന്നിവയിലൂടെ പ്രശസ്തനായിരുന്നു അദ്ദേഹം. ഗുരു അയാളെ വിളിച്ചിരുത്തി ചായ നൽകി. മുന്നിലിരിക്കുന്ന കപ്പിലേക്കു ചായ പകർന്നതു ഗുരുതന്നെയാണ്. കപ്പു നിറഞ്ഞിട്ടും ഗുരു ചായ ഒഴിച്ചുകൊണ്ടിരുന്നു. പ്രഫസർ പറഞ്ഞു, പാത്രം ഇപ്പോൾത്തന്നെ നിറഞ്ഞതല്ലേ. ഇനിയും ഇതിനകത്തേക്ക് ഒഴിക്കാൻ കഴിയില്ല. ഗുരു പറഞ്ഞു, ഇതുതന്നെയാണ് താങ്കളുടെയും പ്രശ്‌നം. അഭിപ്രായങ്ങളും ഊഹാപോഹങ്ങളും നിറച്ചുകൊണ്ടു വന്നിരിക്കുന്ന താങ്കൾക്ക് ഞാൻ എങ്ങനെയാണ് അറിവു നൽകുക!

മുന്നറിവിന്റെ ഭാണ്ഡക്കെട്ടുമായി നടക്കുന്നവർക്ക് നൂതന വിവരങ്ങൾ ബാധ്യതയായേക്കും. പരിചയിച്ചതിനെയും പഴകിയതിനെയും വെല്ലുവിളിക്കുന്ന അറിവുകളോടോ അനുഭവത്തോടോ ആളുകൾക്കു താൽപര്യമുണ്ടാകില്ല. നിരന്തരമായ പരിശീലനവും നിർബന്ധിതമായ പരിശ്രമവും ഉണ്ടെങ്കിൽ മാത്രമേ, പുതിയതെന്തിനെയും സ്വാംശീകരിക്കാൻ കഴിയൂ. പുതിയ പാഠങ്ങൾ പഠിക്കാനും കാലഹരണപ്പെട്ടവയെ ഉപേക്ഷിക്കാനും തയാറായിരുന്നുവെങ്കിൽ, ആളുകളുടെ കാഴ്‌ചപ്പാടുകളും കൈമാറ്റം ചെയ്യപ്പെടുന്ന അറിവുകളും കാലാനുസൃതമായേനെ.

കൂട്ടിച്ചേർക്കലിനെക്കാൾ വെല്ലുവിളി ഉയർത്തുന്നതാണ് പൊളിച്ചെഴുത്ത്. തച്ചുടച്ച് പുതുക്കിപ്പണിയാൻ അസാധാരണമായ ആർജവവും അധ്വാനവും വേണം. ശരിയെന്നു കരുതിയിരുന്നതെല്ലാം ആവശ്യമെങ്കിൽ തിരുത്തണം. സ്വന്തം അറിവും വൈദഗ്‌ധ്യവുമെല്ലാം അപ്രസക്തമായി എന്ന തിരിച്ചറിവാണ് ജ്‌ഞാനത്തിന്റെ ആരംഭം. കാലികമല്ലാത്തതെല്ലാം കഥാവശേഷമാകും. തൂത്തെറിയപ്പെടുന്നതിനു മുൻപ് തിരുത്താനും പുതുക്കാനും തയാറാകുന്നവരെ കാലം അതിന്റെ എല്ലാ ആനുകാലിക സ്‌മരണികകളിലും ഉൾക്കൊള്ളും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com