ADVERTISEMENT

നവകേരളം നിർമിക്കപ്പെടുമെന്ന് ഏതാണ്ട് തീരുമാനമായിക്കഴിഞ്ഞു. ലോകബാങ്ക് വായ്പയുടെ ഒന്നാം ഗഡു കോടിയർച്ചന ഉറപ്പായെന്നു മാത്രമല്ല രണ്ടാഴ്ച കഴിഞ്ഞാൽ ബാങ്ക് സംഘം നേരിട്ടെത്തുകയും ചെയ്യും. അതുകഴിഞ്ഞാൽ നിർമാണം.

തകർന്ന റോഡുകളും വീടുകളും പുനർനിർമിക്കാനാണ് മുൻഗണന. ഒപ്പം അടിസ്ഥാന സൗകര്യങ്ങളും പുനരുദ്ധരിക്കുമെന്നു കേരള സർക്കാർ പറഞ്ഞുകഴിഞ്ഞു. 

അടിസ്ഥാന സൗകര്യം റബർപോലെ വലിച്ചുനീട്ടാവുന്ന വലിയൊരു സൗകര്യമാണെന്ന് രാഷ്ട്ര പുനർനിർമാണത്തെക്കുറിച്ച് അൽപമെങ്കിലും ധാരണയുള്ളവർക്കറിയാം. അടിസ്ഥാന സൗകര്യം എന്നത് ലോകബാങ്ക് പോലും പൂർണമായി നിർവചിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. 

അതാണ് സൗകര്യം. ഉണ്ണാനില്ലെങ്കിലും നാണമറ പുരപ്പുറത്തു കിടക്കണം എന്ന പ്രാചീന കേരള നിയമപ്രകാരം ലോകബാങ്കിന്റെ പണം കിട്ടിയാലുടൻ കേരള സർക്കാരിനു 100 കാറുകളെങ്കിലും വാങ്ങാം. അല്ല, തീർച്ചയായും വാങ്ങണം. 

കാർ ഒരു അടിസ്ഥാന സൗകര്യമാണെന്നു നമുക്കറിയാം. കാറിനും താഴെയുള്ള അടിസ്ഥാന സൗകര്യം റോഡ് മാത്രമാണ്. 

നമ്മുടെ ഭരണാധികാരികൾക്കു സഞ്ചരിക്കാൻ കാറുകൾ വാങ്ങുമ്പോൾ ഒന്നാംതരം തന്നെ വാങ്ങിയില്ലെങ്കിൽ അവർക്കല്ല ലോകബാങ്കിനാണ് നാണക്കേട്. 

പുതിയ 14 കാർ വാങ്ങാനുള്ള ധനാഭ്യർഥന ധനമന്ത്രി നിയമസഭയിൽ വച്ചത് കഴിഞ്ഞയാഴ്ചയാണ്. തൊട്ടുമുൻപു വാങ്ങിയ ആറു കാറിന്റെ അഭ്യർഥനയും ഒപ്പം വച്ചു. 14+6=20 കാർ.

നിലവിലില്ലാതായ വൊക്കേഷനൽ ഹയർ സെക്കൻഡറി ഡയറക്ടർക്കു വേണ്ടിയുള്ള കാറും ഇതിൽ ഉൾപ്പെടുന്നു.കഷ്ടിച്ചൊരു ഒന്നരക്കോടി രൂപയുടെ ഏർപ്പാട്.

കഴിഞ്ഞ വർഷത്തെ കൊടുംപ്രളയത്തിന്റെ കെടുതികൾ തീരുംവരെ പുത്തൻ കാറുകൾ വാങ്ങില്ല എന്നു തീരുമാനിക്കാനുള്ള സൗമനസ്യം സർക്കാരിനുണ്ടായില്ലല്ലോ എന്നാക്ഷേപിക്കുന്ന വികസന വിരോധികളുണ്ടാവാം. അടിസ്ഥാന സൗകര്യത്തെക്കുറിച്ച് അവർക്ക് ഒരു ചുക്കുമറിയില്ല എന്നു പറയാനേ കഴിയൂ. 

രാഷ്ട്ര പുനർനിർമാണവും നവകേരള നിർമാണവും അതിവേഗം മുൻപോട്ടു കൊണ്ടുപോകാൻ പുതുപുത്തൻ കാറുകൾ ധാരാളമായി വാങ്ങേണ്ടിവരും.

ഇപ്പോൾ വാങ്ങിക്കഴിഞ്ഞ കാറുകളും വാങ്ങാൻ പോകുന്ന കാറുകളും ലോകബാങ്ക് വായ്പയുടെ കണക്കിൽപെടുത്താൻ കഴിയുമോ എന്നു നോക്കുകയാണ് ബുദ്ധിയുള്ള സർക്കാർ ചെയ്യേണ്ടത്. അടിസ്ഥാന സൗകര്യം വികസിച്ചുകൊണ്ടേയിരിക്കേണ്ടത് ലോകബാങ്കിന്റെ കൂടി ആവശ്യമാണ്.

വൊക്കേഷനൽ ഹയർ സെക്കൻഡറി ഡയറക്ടർ തസ്തിക പ്രളയമെടുത്തു പോയതാണെന്നു കരുതിയാൽ ലോകബാങ്കിനു മുൻപിൽ വയ്ക്കാനൊരു സൗകര്യ ന്യായമായി. ഡയറക്ടർ നിലവിലില്ലെങ്കിൽ കാർ ആ വകുപ്പിന് അടിസ്ഥാന സൗകര്യമായി ഉപയോഗിക്കാമെന്ന് മന്ത്രി തോമസ്ജി ഐസക്ജി വ്യക്തമാക്കിക്കഴിഞ്ഞു.

ലോകബാങ്കുകാർ കേട്ടിട്ടുള്ള കൊള്ളാവുന്ന ബ്രാൻഡ് കാറുകൾ വാങ്ങാൻ ബഹു കേരള സർക്കാർ ശ്രദ്ധിക്കണമെന്നാണ് അപ്പുക്കുട്ടന്റെ നിർദേശം. വായ്പ തരുന്നവരുടെ അന്തസ്സുകൂടി ഉയർത്തിപ്പിടിക്കാൻ നമുക്കു ബാധ്യതയുണ്ട്. 

നമ്മുടെ ബാങ്കുകളെപ്പോലെ ജപ്തിക്കൊന്നും ലോകബാങ്ക് ഇറങ്ങിപ്പുറപ്പെടാത്തതുകൊണ്ട് കാറുകൾ പിടിച്ചെടുത്തു കൊണ്ടുപോകുമെന്നു പേടിക്കാനില്ല. 

ലോകബാങ്ക് വായ്പ തിരിച്ചടവിൽ വീഴ്ച വന്നതിന്റെ പേരിൽ ഏതെങ്കിലുമൊരു രാജ്യം, അല്ലെങ്കിൽ സംസ്ഥാനം, ആത്മഹത്യ ചെയ്തതായും കേട്ടിട്ടില്ലല്ലോ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com