sections
MORE

കോൺഗ്രസുകാർ ആ കത്ത് വായിക്കണം

SHARE

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി രാഹുൽ ഗാന്ധി സ്വയം പ്രഖ്യാപിച്ചതു പാർട്ടിക്കു മുന്നിൽ സങ്കീർണമായ ചില ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ്. രാഹുൽ ട്വിറ്ററിലൂടെ പുറത്തുവിട്ട നാലു പേജ് രാജിക്കത്തിന് അതുകൊണ്ടുതന്നെ ആ പാർട്ടിയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പ്രാധാന്യമാണുള്ളത്. തോൽവിയുടെ പാഠങ്ങളും പ്രതിസന്ധിയെക്കുറിച്ചുള്ള ഓർമപ്പെടുത്തലും ആത്മപരിശോധനയിലേക്കുള്ള  വഴികാട്ടലുമൊക്കെ നിറഞ്ഞ ആ കത്ത്, കോൺഗ്രസ് എങ്ങനെയാവും വായിക്കുക എന്നതിലാണു രാഷ്ട്രീയ നിരീക്ഷകരുടെ ആകാംക്ഷ. 

പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്കു നയിക്കാൻ കഴിയാതെപോയ അധ്യക്ഷൻ തന്റെ രാജിസന്നദ്ധതയെ പതിവുരീതിയിൽ വെറുമൊരു ഭീഷണിയോ പ്രഹസനമോ ആക്കാതെ പറഞ്ഞ വാക്കു പാലിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ, മേയ് 25നു ചേർന്ന പ്രവർത്തകസമിതിയിൽ രാഹുൽ രാജിസന്നദ്ധത അറിയിച്ചെങ്കിലും പിൻഗാമിയെ കണ്ടെത്താൻ പാർട്ടി നേതൃത്വം തയാറാകാതിരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ അദ്ദേഹം ആ തീരുമാനം പരസ്യമായി പ്രഖ്യാപിച്ചത്. രാഹുൽ രാജി‌സന്നദ്ധത അറിയിച്ച് ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും പിൻഗാമിയെ കണ്ടെത്താൻ കഴിയാത്തതു കോൺഗ്രസിന്റെ സംഘടനാദൗർബല്യം  തുറന്നുകാട്ടുന്നു.

വലിയ പ്രതീക്ഷയുടെ കൈപിടിച്ച്, കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധികാലത്താണ് അധ്യക്ഷനായി രാഹുൽ ഗാന്ധി 2017 അവസാനം സ്ഥാനമേറ്റത്. പാർട്ടിയുടെ അമരത്ത് അന്നു നാൽപത്തിയേഴുകാരനായ രാഹുൽ ഗാന്ധി എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും പ്രതീക്ഷയിലായതു സ്വാഭാവികം. രാഷ്ട്രീയതന്ത്രജ്ഞരായ നരേന്ദ്ര മോദിയും അമിത് ഷായും നയിക്കുന്ന ബിജെപിക്കെതിരെ കെട്ടുറപ്പുള്ള സഖ്യം പടുത്തുയർത്തുകയും അതിനു സ്വീകാര്യത നേടിയെടുക്കുകയുമെന്ന ഭാരിച്ച ദൗത്യമാണു രാ‌‌ഹുൽ ഗാന്ധിയിൽ അർപ്പിക്കപ്പെട്ടതെങ്കിലും ഇത്തവണ അതിനു ഫലമുണ്ടായില്ല. 

ഒരുകാലത്ത് ഇന്ത്യ എന്ന രാജ്യത്തോളം വലുപ്പമുണ്ടായിരുന്ന ഒരു പാർട്ടിക്കുണ്ടായ അപചയത്തെക്കുറിച്ചും  അതുകൊണ്ടുതന്നെ അനിവാര്യമായ പുനർജന്മത്തെക്കുറിച്ചും വ്യക്തമായി ഓർമിപ്പിക്കുന്നുണ്ട് രാഹുലിന്റെ കത്ത്. പാർട്ടിയുടെ പുനർനിർമാണത്തിനു കണിശമായ തീരുമാനങ്ങൾ ഉണ്ടാകണമെന്നും 2019ലെ പരാജയത്തിന് ഒട്ടേറെ ആളുകൾ കണക്കു പറയേണ്ടതായി വരുമെന്നും ആ കത്ത് ദൃഢതയോടെ പറയുന്നു. 

രാഷ്ട്രതന്ത്രജ്ഞരും ഭരണനിപുണരും ആശയസമ്പന്നരുമായ നേതാക്കളുടെ പരിലാളനയിൽ വളർന്ന ഈ പാർട്ടി തളർന്നുകൂടെന്നും ആത്മപരിശോധനയിലൂടെയും നവീകരണത്തിലൂടെയും നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ  തീവ്രശ്രമം നടത്തേണ്ടതുണ്ടെന്നും രാഹുലിന്റെ രാജി വ്യക്തമാക്കുന്നു.

എന്നാൽ, നേതൃത്വവും പ്രവർത്തകരും അതെത്രമാത്രം ഉൾക്കൊള്ളുന്നുവെന്നതു കണ്ടറിയണം; പാടേ തളർന്നും തകർന്നും നിൽക്കുന്ന കോൺഗ്രസിന് ആത്മപരിശോധനയോളം വിലപ്പെട്ട മറ്റൊരു വാക്ക് ഇപ്പോഴില്ലെന്നിരിക്കെ വിശേഷിച്ചും. 2014ൽ നിന്നു വിരലിലെണ്ണാവുന്ന സീറ്റുകളുടെ മാത്രം വർധന നേടാനായ ആഘാതത്തിന്റെ പാഠം മുന്നിൽവച്ച് കോൺഗ്രസ് സ്വയംതിരുത്തലിനു തയാറാകേണ്ടതുണ്ട്. ‘ചില നേരങ്ങളിൽ, ഞാൻ പൂർണമായും ഒറ്റപ്പെട്ടുപോയിട്ടുണ്ട്’ എന്ന്, സ്ഥാനമൊഴിയുന്ന അധ്യക്ഷനു പറയേണ്ടിവന്നതിലെ നിർഭാഗ്യസാഹചര്യം ആ പാർട്ടിയിലുള്ളവർ സത്യസന്ധമായി വിലയിരുത്തുകയും വേണം.

അധ്യക്ഷൻ മാറിയതുകൊണ്ടോ പുതിയ അധ്യക്ഷൻ വന്നതുകൊണ്ടോ എളുപ്പത്തിൽ തീരുന്നതല്ല കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി. അതേസമയം, പ്രതിപക്ഷ െഎക്യനിര കെട്ടിപ്പടുക്കുക എന്ന ദൗത്യം ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് മറക്കാനും പാടില്ല. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റുകൾ നഷ്ടപ്പെട്ടതിന്റെ കാരണങ്ങളിൽ പാർട്ടിയുടെ ദിശാബോധമില്ലായ്മയും ഗ്രൂപ്പ് കളിക്കൊപ്പമുള്ള സംഘടനാ ദൗർബല്യവുമുണ്ടെന്നു തിരിച്ചറിഞ്ഞ്, ബൂത്ത് തലംമുതൽ പാർട്ടിക്കു കെട്ടുറപ്പും ഏക മനസ്സുമുണ്ടാക്കിയേ തീരൂ. 

പ്രതീക്ഷ തരുന്ന ഭാവിയെക്കുറിച്ചും പാർട്ടിയുടെ ചുമലിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധിയുടെ കത്ത് ഓർമിപ്പിക്കുന്നു. അറ്റകുറ്റപ്പണിയോ അഴിച്ചുപണിയോ അല്ലാതെ, ദീർഘകാലത്തേക്കു ഗുണകരമാവേണ്ട സമൂല നവീകരണംതന്നെയാണ് 134 വർഷത്തെ പാരമ്പര്യമുള്ള ആ പാർട്ടി ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ, പുതിയ അധ്യക്ഷൻ ആരായാലും അദ്ദേഹം പുതിയ കാലത്തിന്റെ മിടിപ്പും കുതിപ്പും തിരിച്ചറിഞ്ഞ് കോൺഗ്രസിനെ നയിക്കാൻ കഴിവുള്ളയാളാവുകതന്നെ വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA