ADVERTISEMENT

ഭാവിയിലെ ചരിത്രകാരന്മാരെക്കൊണ്ട്, 21–ാം നൂറ്റാണ്ടിലും കേരളമൊരു പ്രാകൃതമായ സ്ഥലമായിരുന്നു എന്നു പറയിപ്പിക്കുന്ന രീതിയിലുള്ളവയാണ് അടുത്ത കാലത്തായി പുറത്തുവരുന്ന പൊലീസ് ഭീകരതയുടെ കഥകൾ. അതിൽ ഏറ്റവും പുതിയതാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നടന്നുവെന്നു പറയപ്പെടുന്ന മർദനത്തെത്തുടർന്നുള്ള, കുമാറിന്റെ മരണം. തൊട്ടടുത്ത ദിവസം തന്നെ ഒരു കുടുംബവഴക്കിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത മറ്റൊരാൾ പൊലീസ് മർദനത്തിനു വിധേയനായി മൃതപ്രായനായി എന്നൊരു വാർത്തകൂടി പുറത്തുവന്നു. 

ഭരണമുന്നണി ഭേദമന്യേ പൊലീസ് ക്രൂരതയുടെ ദീർഘമായ ചരിത്രം കേരളത്തിനുണ്ട്. അതിൽ ഇപ്പോഴും മലയാളിയുടെ സമൂഹമനസ്സിൽ ഏറ്റവും വലിയ വടുവായിക്കിടക്കുന്നത് അടിയന്തരാവസ്ഥക്കാലത്ത് കക്കയം ക്യാംപിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജൻ എന്ന എൻജിനീയറിങ് വിദ്യാർഥിതന്നെ.

അതേത്തുടർന്നുണ്ടായ സംഭവങ്ങളിൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനു കസേര നഷ്ടപ്പെട്ടു. അതായത്, ഭീകരത നടത്തുന്നതു പൊലീസുകാരായിരിക്കാം, പക്ഷേ രാഷ്ട്രീയനേതൃത്വത്തിനു കൈകഴുകി മാറിനിൽക്കാൻ പറ്റില്ലെന്നു സാരം. ഇതിലെ വിരോധാഭാസം, കുറ്റവാളികളായ പൊലീസുകാർ നിയമാനുസൃതമായ ശിക്ഷ കിട്ടുന്നതിൽ നിന്നു രക്ഷപ്പെട്ടുവെന്നതാണ്. 

രാജൻ സംഭവത്തിനു ശേഷവും കസ്റ്റഡിമരണങ്ങൾ നിർബാധം തുടർന്നുകൊണ്ടേയിരിക്കുന്നു. 2005ൽ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാറിനെ – രാജനെപ്പോലെ – ഉരുട്ടിക്കൊന്നത് വലിയ ജനകീയപ്രക്ഷോഭത്തിനു വഴിവച്ചു. കോടതി രണ്ടു പൊലീസുകാർക്കു വധശിക്ഷ നൽകിയെന്നതാണ് ഈ സംഭവത്തെ വേറിട്ടുനിർത്തുന്നത്. 

എന്നാൽ, 2014ൽ ചങ്ങരംകുളം സ്റ്റേഷനിൽ ഹനീഷ കൊല്ലപ്പെട്ടെങ്കിലും ആ കൊലപാതകത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയുണ്ടായിട്ടില്ല. 2015ൽ മരങ്ങാട്ടുപിള്ളിയിൽ കൊലപ്പെട്ട സിബിയുടെ കാര്യത്തിൽ, വമ്പിച്ച പ്രതിഷേധങ്ങൾക്കു ശേഷം ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചെങ്കിലും ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. 

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് എട്ട് കസ്റ്റഡിമരണങ്ങൾ നടന്നുവെന്നാണു കണക്ക്. ഈ സർക്കാർ വന്നതിനു ശേഷം, നെടുങ്കണ്ടം സംഭവത്തിനു മുൻപ്, പൊലീസിനു നേരിട്ടു ബന്ധമുള്ള രണ്ടു കൊലപാതകങ്ങൾ നടന്നിട്ടുണ്ട്: വരാപ്പുഴ ശ്രീജിത്തും കോട്ടയത്തെ കെവിനും. അതായത്, കേരളത്തിൽ സർക്കാരിന്റെ കൈകളാൽ ഒരു വർഷം ശരാശരി രണ്ടു പേർ കിരാതമായി കൊല്ലപ്പെടുന്നു.

ഇതു നിർത്തലാക്കാൻ പുതിയ ചട്ടങ്ങൾ ഉണ്ടാക്കേണ്ടതില്ല. ഇന്ത്യയിലെ കുറ്റശിക്ഷാഭരണത്തെ നിയന്ത്രിക്കുന്ന നിയമം, ക്രിമിനൽ പ്രൊസീജ്യർ കോഡ് (സിആർപിസി) ആണ്. അതനുസരിച്ച്, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ 24 മണിക്കൂറിനകം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കേണ്ടതുണ്ട്. ഭരണഘടനയുടെ 22ാം വകുപ്പ്, അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തികൾക്കു നൽകുന്ന അവകാശമാണിത്. ഇവിടെ സംഭവിക്കുന്നത് കസ്റ്റഡിയിൽ എടുത്താലുടൻ അറസ്റ്റ് രേഖപ്പെടുത്തുന്നില്ല എന്നതാണ്.

ഉദാഹരണത്തിന് നെടുങ്കണ്ടം കേസിൽ കുമാറിനെ ജൂൺ 12നു കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയത് ജൂൺ 16ന് ആണ്. ഈ അന്തരാളഘട്ടത്തിലാണ് മൂന്നാംമുറയിൽ ക്രൂരമായ ആനന്ദം കാണുന്ന പൊലീസുകാരുടെ വിളയാട്ടം. കസ്റ്റഡിയിലെടുക്കുന്ന മുറയ്ക്കുതന്നെ അറസ്റ്റ് രേഖപ്പെടുത്തണമെന്നത് കർശനമാക്കിയാൽ ഇത്തരം സംഭവങ്ങൾ കുറെയൊക്കെ ശമിക്കും. 

കേരളത്തിലെ പൊലീസ് പഴയ പൊലീസല്ല. ഉയർന്ന വിദ്യാഭ്യാസനിലവാരവും ആധുനികീകരിക്കപ്പെട്ട സമൂഹവും അവരെ നല്ല പ്രഫഷനലുകളാക്കി മാറ്റിയിട്ടുണ്ട്. അത്തരക്കാർക്ക് അപവാദമാണ് നെടുങ്കണ്ടത്തുകണ്ട കാക്കിയിട്ട സാഡിസ്റ്റുകളുടെ തേർവാഴ്ച.

ഇതിനെ ഒരു പക്ഷേ, നിയമനതലത്തിൽത്തന്നെ നേരിടേണ്ടിയിരിക്കുന്നു. റിക്രൂട്ട് ചെയ്യുന്ന സമയത്തുതന്നെ, പൊലീസിൽ ചേരുന്നവരുടെ അക്രമാസക്തി തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ പരിശോധിക്കുന്നതു നന്നായിരിക്കും. പൊലീസ് ഒരു സേനയാണ് എന്നുകൂടി ഓർക്കേണ്ടതുണ്ട്; അതായത് ആജ്ഞാനുവർത്തികൾ. അതുകൊണ്ട് ഇത്തരം പ്രാകൃതസംഭവങ്ങളിൽ തങ്ങൾക്കുള്ള ഉത്തരവാദിത്തം സസ്പെൻഷനുകളിൽ ഒതുക്കാനാവില്ലെന്ന് രാഷ്ട്രീയനേതൃത്വം മനസ്സിലാക്കണം. സ്വന്തം പോരായ്മകൾ പരിഹരിക്കുന്നതിനൊപ്പം, ഇത്തരം നിഷ്ഠുരസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളും ഭരണാധികാരികളിൽ നിന്നു പ്രതീക്ഷിക്കുന്നു. 

പുരസ്കാരങ്ങൾ മരവിപ്പിക്കാമോ? 

കേരള ലളിതകലാ അക്കാദമി കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല കാർട്ടൂണിന് കാർട്ടൂണിസ്റ്റ് കെ.കെ. സുഭാഷിനു നൽകിയ പുരസ്കാരം വിവാദങ്ങളെത്തുടർന്ന് സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. നേരത്തേ, സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് അക്കാദമി പുരസ്കാരം പുനഃപരിശോധിക്കുകയും പ്രഗല്ഭർ അടങ്ങുന്ന ജൂറിയുടെ തീരുമാനത്തിൽ മാറ്റംവരുത്തേണ്ടതില്ലെന്നു തീരുമാനിക്കുകയും ചെയ്തിരുന്നു.

അക്കാദമി വഴങ്ങുന്നില്ലെന്നു കണ്ടപ്പോഴാണ് സർക്കാർ പുരസ്കാരം മരവിപ്പിക്കുകയും മറ്റൊരു ജൂറിയെക്കൊണ്ട് പുനഃപരിശോധിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തത്. അവാർഡുകൾ എന്തെങ്കിലും കാരണം പറഞ്ഞ് മരവിപ്പിക്കാമെന്നു കരുതുന്ന സർക്കാരിന്റെ ജൂറിപ്പണിക്ക് ആത്മാഭിമാനമുള്ള ആരും മുന്നോട്ടുവരുമെന്നു തോന്നുന്നില്ല. ഇതു ലളിതകലാ അക്കാദമിക്കു മാത്രമല്ല, മറ്റ് അക്കാദമികൾക്കും ബാധകമാണ്. ഇത്തരമൊരു വിചിത്രമായ തീരുമാനത്തിനു കാരണമായി സർക്കാർ പറയുന്നത് പ്രസ്തുത കാർട്ടൂൺ ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തി എന്നതാണ്.

ഇന്ത്യയിൽ ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായി സർക്കാർ എന്നും ഉപയോഗിച്ചിട്ടുള്ള വാദമാണിത്. 1956ൽ, ചില ഹിന്ദു പുരോഹിതന്മാരുടെ സമ്മർദത്തിനു വഴങ്ങി, ഉദാരമതിയും പുരോഗമനവാദിയുമായി നാം കാണുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സാക്ഷാൽ ജവാഹർലാൽ നെഹ്റു, ഓബ്രി മേനൻ എഴുതിയ ‘രാമായണ റീറ്റോൾഡ്’ എന്ന പുസ്തകം നിരോധിച്ചു. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു നടപടി.

ഇതിനു ശേഷം വികാരം വ്രണപ്പെടുക എന്ന കാരണം ഉപയോഗിച്ച് ഒട്ടേറെ കലാസൃഷ്ടികൾ – സൽമാൻ റുഷ്ദിയുടെ ‘ദ് സെറ്റാനിക് വേഴ്സസ്’ തുടങ്ങി, അടുത്ത കാലത്ത് തലനാരിഴയ്ക്കു പ്രദർശനയോഗ്യത നേടിയ പത്മാവതി സിനിമവരെ – നിരോധിക്കപ്പെട്ടു.

ആധുനികസമൂഹങ്ങൾ നേരിടുന്ന ഒരു പ്രശ്നമാണ് ആവിഷ്കാരസ്വാതന്ത്ര്യം എവിടെ അവസാനിക്കുന്നു, അതിന്റെ ഫലമായി മുറിവേൽക്കാൻ ഇടയുള്ള വിഭാഗങ്ങളുടെ പരിരക്ഷയ്ക്ക് എന്തു ചെയ്യണം എന്നത്. ഒട്ടേറെ കോടതിവിധികൾ ഭരണഘടന നൽകുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനാണു മുൻതൂക്കം നൽകിയിരിക്കുന്നത്.

സമാനമായ ഒരു കേസിൽ സുപ്രീം കോടതി വിധിയിൽ പറയുന്നത് ഇപ്രകാരമാണ്, ‘ഭരണകൂടത്തിനു പ്രക്ഷുബ്ധമായ ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യാനുള്ള നിസ്സഹായത ഒരു വാദമായി മുന്നോട്ടു വയ്ക്കാനാവില്ല. അതിനെ തടയുകയും ആവിഷ്കാരസ്വാതന്ത്ര്യം രക്ഷിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്’.

എടുത്തുചാടി കേരള സർക്കാർ ഇത്തരമൊരു തീരുമാനം എടുക്കുന്നതിനു മുൻപ് പ്രതിഷേധിക്കുന്നവരോട്, ജനാധിപത്യവ്യവസ്ഥയിലെ കീഴ്‌വഴക്കം അനുസരിച്ച് നിയമപരമായ പ്രതിവിധി തേടാൻ പറയാമായിരുന്നു. 

സ്കോർപ്പിയൺ കിക്ക്: ആർഎസ്എസുമായി 23 വർഷത്തെ ബന്ധമെന്ന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. അവരും കാക്കി ധരിക്കുന്നത് വലിയ സഹായമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com