sections
MORE

സി.കേശവന്റെ 50–ാം ചരമവാർഷിക ദിനം ജൂലൈ 7ന്

C KESAVAN
സി.കേശവൻ.
SHARE

ഞാൻ ആദ്യമായി സി.കേശവനെ കാണുന്നത് കൊച്ചുകുട്ടിയായിരിക്കുമ്പോഴാണ്. ആറോ ഏഴോ വയസ്സു പ്രായം. കോഴഞ്ചേരി പ്രസംഗം നടത്തിയതിന്റെ പേരിൽ ജയിൽവാസം അനുഭവിച്ച അദ്ദേഹം വിമുക്തനായപ്പോൾ ആലപ്പുഴയിൽ ഒരു സ്വീകരണം നൽകി. ഗംഭീരസ്വീകരണം എന്നുതന്നെ പറയാം. പ്രസിദ്ധമായ കിടങ്ങാംപറമ്പ് മൈതാനം നിറഞ്ഞുകവിഞ്ഞ് ആളുകൾ തിങ്ങിക്കൂടി. ആ യോഗത്തിൽ അധ്യക്ഷനായിരുന്നത് കെ.സി.മാമ്മൻ മാപ്പിളയാണ്.

മുഖ്യാതിഥി ടി.എം.വർഗീസും. സി.കേശവനു സ്വീകരണം നൽകിയ സംഘടനകൾ പലതാണ്. പേരുകളോർമയില്ല. എങ്കിലും അദ്ദേഹത്തിന്റെ കഴുത്തിൽ പൂമാലകൾ കുമിഞ്ഞുകൂടുന്നതും അനുയായികൾ അവ ഒന്നൊന്നായി എടുത്തുമാറ്റുന്നതും അകലെയിരുന്ന് ഞാൻ കണ്ടു. എന്റെ അച്ഛന്റെ തോളിലാണു ഞാനിരുന്നത്. അതുകൊണ്ടാണു കാണാൻ സാധിച്ചത്. സി.കേശവന്റെ പ്രസംഗം തുടങ്ങിയതോടുകൂടി ഇടവിട്ട് ഇടവിട്ട് സദസ്യർ കയ്യടിച്ചുതുടങ്ങി. അന്ന് മാമ്മൻ മാപ്പിളയുടെ പ്രസംഗത്തിൽ, ഇതു രാജാവിനുപോലും കിട്ടാത്ത സ്വീകരണമാണെന്നും മറ്റും പറഞ്ഞതോർമയിലുണ്ട്.   

അന്നു കണ്ടതിനുശേഷം പിന്നീട് അദ്ദേഹത്തെ ഞാൻ കണ്ടത് തിരു–കൊച്ചിയിലെ മുഖ്യമന്ത്രി എന്ന നിലയ്ക്കാണ്. കോൺഗ്രസ് ജനങ്ങളുടെ അപ്രീതിക്കു പാത്രമായ കാലഘട്ടമായിരുന്നു അത്. അദ്ദേഹം തിരുവനന്തപുരത്തു സമ്മേളനത്തിനെത്തിയപ്പോൾ ‘സി. കേശവൻ ഗോ ബാക്ക്’ എന്ന് ആളുകൾ ഒന്നുചേർന്നു വിളിച്ചു. അതുകേട്ടപ്പോൾ അദ്ദേഹം പ്രകോപിതനായി. ജനങ്ങളുടെ നേർക്കു വെല്ലുവിളിക്കുന്ന സ്വരത്തിൽ അദ്ദേഹം ഇപ്രകാരം ഗർജിച്ചു, ‘എവിടെ പോകാനാണെടാ ഞാൻ, ഈ മണ്ണിൽ ജനിച്ചവനാണു ഞാനും’. അൽപസമയത്തിനു ശേഷം സദസ്സിലെ ബഹളം നിലച്ചു. അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു.

ആരും ശ്രദ്ധിച്ചുപോകുന്ന രീതിയിൽ, വികാരം മുറ്റിനിൽക്കുന്നതായിരുന്നു ആ പ്രസംഗം. പിന്നീടു കൊല്ലത്ത് അദ്ദേഹം ചെയ്ത ഒരു പ്രസംഗത്തിൽ ‘ഭഗവാൻ കാൾ മാർക്സ്’ എന്നു പറഞ്ഞതോർമിക്കുന്നു. ഭഗവാൻ കാൾ മാർക്സിന്റെ പ്രത്യയശാസ്ത്രമാണു മനുഷ്യവിമോചനത്തിന് ആവശ്യമെന്ന് കോൺഗ്രസുകാരനായ താൻ വിശ്വസിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ആ പ്രസംഗത്തിനു പത്രങ്ങൾ വലിയ പ്രാധാന്യം നൽകുകയും ചെയ്തു. 

ഏതു കാര്യവും വെട്ടിത്തുറന്നു പറയുന്നതായിരുന്നു സി.കേശവന്റെ രീതി. ശബരിമലയിൽ അഗ്നിബാധയുണ്ടായപ്പോൾ, ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അന്ന് അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നുവെന്നോർക്കണം. ആ പ്രസംഗംമൂലം കോൺഗ്രസിന് വോട്ടു നഷ്ടപ്പെട്ടെങ്കിലും സി.കേശവന് അതിലൊട്ടും പരിഭവം തോന്നിയില്ല. മുഖ്യമന്ത്രി എന്ന രീതിയിൽ അദ്ദേഹം ശുപാർശകൾക്കു വഴങ്ങിയിരുന്നില്ല.

തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ മാത്രമേ ചെയ്യുമായിരുന്നുള്ളൂ. അതുമൂലം സ്നേഹിതന്മാരെയും അഭ്യുദയകാംക്ഷികളെയും അദ്ദേഹത്തിനു നഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയൊരു സാഹചര്യത്തിലാണ് രാഷ്ട്രീയപ്രവർത്തനത്തിൽനിന്നു പിന്മാറി മയ്യനാട്ടെ വസതിയിൽ ഒതുങ്ങിക്കൂടിയതും. ആ ഘട്ടത്തിൽ ‘ജീവിതസമരം’ എന്ന ആത്മകഥ എഴുതുകയും ചെയ്തു. ധാരാളം സാമ്പത്തികക്ലേശങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന കാലവുമായിരുന്നു അത്.

അദ്ദേഹം ആശുപത്രിയിലാണെന്നറിഞ്ഞപ്പോൾ പലരും കാണാൻ ചെന്നു, ഒടുവിൽ ഞാനും. ഞാൻ പോയത് സഹോദരൻ അയ്യപ്പനോടും അദ്ദേഹത്തിന്റെ പത്നിയോടുമൊപ്പമായിരുന്നു. അവരോട് അദ്ദേഹം പറഞ്ഞത് ഹൃദയസ്പർശിയായ വാക്കുകളായിരുന്നു– ‘മരിക്കുന്നില്ല സഹോദരാ, മരണം വരാതെ ഞാൻ എന്തുചെയ്യും ?’. കുറച്ചുകാലത്തെ ദുരിതത്തിനുശേഷമാണ് അദ്ദേഹം ചരമം പ്രാപിച്ചത്. അപ്പോഴും അദ്ദേഹത്തെ കാണാൻ ഞാൻ പോയിരുന്നു. നാടിന്റെ പല ഭാഗങ്ങളിൽനിന്നായി അനേകമാളുകൾ അവിടെ എത്തിച്ചേർന്നിരുന്നു. 

അദ്ദേഹം ഭംഗിയായി ഗാനം ആലപിച്ചിരുന്നുവെന്നു കേട്ടിട്ടുണ്ട്. ടഗോർ കേരളം സന്ദർശിച്ചപ്പോൾ, ടഗോറിനെ സ്വാഗതം ചെയ്തുകൊണ്ട് കുമാരനാശാൻ എഴുതിയ ‘ദിവ്യകോകിലം’  എന്ന കവിത സദസ്സിൽ ആലപിച്ചത് സി.കേശവനായിരുന്നു. സംഗീതവും കവിതയും ടഗോർ നന്നായി ആസ്വദിച്ചതായാണ് പിന്നീട് പലരും എഴുതിക്കണ്ടത്. കൊല്ലത്തു കൂടിയ ഒരു സമ്മേളനത്തിൽ സി.കേശവന്റെ മകൻ കെ.ബാലകൃഷ്ണൻ ആ കവിത ആലപിക്കുന്നതും കേട്ടിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന് ആ കവിത സി. കേശവനോളം ഭംഗിയായി ആലപിക്കാൻ കഴിയുന്നില്ലെന്നാണ് എനിക്കു തോന്നിയത്. 

‍‌കോൺഗ്രസുകാരനായിരിക്കെത്തന്നെ അദ്ദേഹം മുണ്ടശേരി മാസ്റ്റർ, പി.കേശവദേവ്, തകഴി തുടങ്ങിയ എഴുത്തുകാരുമായി ഗാഢമായ സൗഹ‍ൃദം സൂക്ഷിച്ചുപോന്നു. അവരെല്ലാവരും അന്ന് കോൺഗ്രസിനെതിരായിരുന്നു. അതുപോലെ, സഹോദരൻ അയ്യപ്പന്റെ സാന്നിധ്യത്തിൽ അദ്ദേഹം സ്നേഹാദരങ്ങളോടെ, വിനീതനായി നിൽക്കുന്നതും കണ്ടിട്ടുണ്ട്. 

നിർഭയനായ ഒരു വ്യക്തിയായിട്ടാണ് സി.കേശവൻ‌ എന്റെ മനസ്സിൽ പ്രതിഷ്ഠിതമായിരിക്കുന്നത്. ഏതു സാഹചര്യത്തെയും അദ്ദേഹം നിവർന്നുനിന്നു നേരിടും. തനിക്കു പറയേണ്ട കാര്യങ്ങൾ നിർഭയമായി പറയുകയും ചെയ്യും. ആ സ്വഭാവം, ഇന്നു തിരിഞ്ഞുനോക്കുമ്പോൾ, ഒരു രാഷ്ട്രീയനേതാവിന് ഇണങ്ങുന്നതല്ലെങ്കിലും സി.കേശവനിലെ വൈശിഷ്ട്യമായാണ് ഞാൻ കാണുന്നത്.

കോഴഞ്ചേരി പ്രസംഗം

1935 മേയ് 11ന്, സ്വാതന്ത്യ്രത്തിന്റെയും ജനാധിപത്യത്തിന്റെയും സന്ദേശങ്ങൾ ചൊരിഞ്ഞും രാജാധികാരത്തിന്റെ അപ്രമാദിത്തത്തെ വെല്ലുവിളിച്ചും സി.കേശവൻ കോഴഞ്ചേരിയിൽ നടത്തിയ പ്രൗഢഗംഭീര പ്രസംഗം കേരളചരിത്രത്തിലെ പ്രധാന ഏടാണ്.

നിവർത്തന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ, കോഴഞ്ചേരി ജില്ലാ ആശുപത്രിക്കു സമീപത്തെ പഴഞ്ഞി പുരയിടത്തിൽ ഒരുക്കിയ കൂറ്റൻ പന്തലിൽ നടന്ന രാഷ്ട്രീയ സമ്മേളനമായിരുന്നു വേദി. 

തിരുവിതാംകൂറിലെ രാഷ്‌ട്രീയ പശ്‌ചാത്തലം വിവരിച്ച സി.കേശവൻ, സർക്കാരിനെതിരെ അവകാശസമരം അനിവാര്യമാണെന്നു പ്രഖ്യാപിച്ചു. ദിവാൻ സി.പി.രാമസ്വാമി അയ്യർ തിരുവിതാംകൂർ വിടണമെന്നും ആവശ്യപ്പെട്ടു.

ഒപ്പം, ആയിരക്കണക്കിന് ഒപ്പു ശേഖരിച്ച് വൈസ്രോയിക്കു ഭീമഹർജി നൽകണമെന്നും കേശവൻ ആഹ്വാനം ചെയ്തു. ജനം ഇളകിമറിഞ്ഞു. പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കേശവനെ അറസ്റ്റ് ചെയ്ത് രണ്ടു വർഷത്തെ തടവുശിക്ഷ നൽകി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA