ADVERTISEMENT

ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ഹരോൾഡ് വിൽസൻ പറഞ്ഞത്, രാഷ്ട്രീയത്തിൽ ഒരാഴ്ച നീണ്ട കാലയളവാണെന്നാണ്.  നേതൃത്വപ്രതിസന്ധിയിൽ ഉഴറുന്ന കോൺഗ്രസിനു പക്ഷേ, കഴിഞ്ഞ ആറ് ആഴ്ചകൾ പോലും നീണ്ട കാലമായി ഇനിയും തോന്നിയിട്ടില്ല.  ഏറെ സമയവും, രാഹുൽ ഗാന്ധിക്കുമേൽ സമ്മർദം ചെലുത്താനാണു നേതാക്കൾ ചെലവഴിച്ചത്. 

രാഹുൽ അധ്യക്ഷസ്ഥാനം രാജിവച്ചിട്ടും  താൽക്കാലികമായോ സ്ഥിരമായോ എന്തു ബദൽ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

ഗാന്ധികുടുംബത്തിനകത്തും പുറത്തും ഇക്കാര്യത്തിൽ തെളിച്ചം വരുംവരെ  ഇപ്പോഴത്തെ അനിശ്ചിതത്വം തുടർന്നേക്കുമെന്ന വികാരമാണ് മുതിർന്ന നേതാക്കൾക്കിടയിലുള്ളത്.

പാർട്ടിയെ ഒരുമിപ്പിച്ചു നിർത്താൻ ഗാന്ധികുടുംബത്തിനു മാത്രമേ സാധിക്കൂവെന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ, പ്രിയങ്ക ഗാന്ധി പകരക്കാരിയാകുന്നതാണ് അനുയോജ്യമെന്നു കരുതുന്ന ഒരു വിഭാഗവുമുണ്ട്. അങ്ങനെയായാൽ, കുടുംബവാഴ്ചയുടെ ഉടുപ്പിൻതുമ്പിൽ കെട്ടിയ കക്ഷി എന്ന ബിജെപിയുടെ ആക്രമണം തുടരും.

സ്വതന്ത്രമായ സംഘടനാ തിരഞ്ഞെടുപ്പു സാധ്യമാണോ എന്ന സംവാദവും നടക്കുന്നുണ്ട്. പാർട്ടി അധ്യക്ഷപദവിയുടെ കാര്യം തന്നെയെടുക്കുക. സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവരുടെ ആശീർവാദത്തോടെ ആയാൽപോലും പാർട്ടിക്കുമേൽ ഒരധ്യക്ഷനെ അടിച്ചേൽപിക്കുന്ന രീതിയല്ലാതെ മറ്റെന്തെങ്കിലും സാധ്യമാകുമോ?

എട്ടു ദശകം മുൻപ് മഹാത്മാഗാന്ധിയുടെ ശാസനത്തെപ്പോലും അവഗണിച്ച് സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു മത്സരിച്ചു ജയിച്ചിട്ടുണ്ട്. ഇടയ്ക്കെല്ലാം ചില തിരഞ്ഞെടുപ്പുകൾ ഉണ്ടായിട്ടുണ്ടെന്നല്ലാതെ, അധ്യക്ഷൻ അഭിപ്രായ ഐക്യത്തിലൂടെ മതിയെന്നതാണു പൊതുനിലപാട്. 

പുതിയ അധ്യക്ഷനുവേണ്ടി ഇനിയും കാത്തിരിക്കാൻ കോൺഗ്രസ് ഒരുക്കമാണെങ്കിലും യുപിഎയിലെ ചില പങ്കാളികൾ അക്ഷമരായിത്തുടങ്ങിയിട്ടുണ്ട്.

ഈ വർഷം മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാൻ പോകുന്നതാണു കാരണം. ഹരിയാന ഒഴികെ മറ്റു രണ്ടിടത്തും യുപിഎ ആണ് ബിജെപിയും സഖ്യകക്ഷികളുമായി ഏറ്റുമുട്ടാൻ പോകുന്നത്.

മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും യുപിഎ ഘടകകക്ഷികൾ എഐസിസിക്ക് അടിയന്തര സന്ദേശം നൽകിക്കഴിഞ്ഞു – ഡൽഹിയിലും സംസ്ഥാനതലത്തിലും ആരുമായാണ് തങ്ങൾ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതെന്നു വ്യക്തമാക്കുക.

മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ അശോക് ചവാനും മുംബൈ റീജനൽ കോൺഗ്രസ് സമിതി അധ്യക്ഷൻ മിലിന്ദ് ദേവ്റയും രാജിവച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഉത്തരവാദപ്പെട്ട ഒരു കോൺഗ്രസ് നേതാവ് വേണമെന്ന് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ആവശ്യപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീൽ അടക്കമുള്ള നേതാക്കൾ കോൺഗ്രസ് വിട്ടു പോയ സാഹചര്യമാണ് അവിടെയുള്ളത്. പാർട്ടി ജനറൽ സെക്രട്ടറിയും മഹാരാഷ്ട്രയുടെ ചുമതലയുള്ള നേതാവുമായ മല്ലികാർജുൻ ഖർഗെ പവാറിനോട് അഭ്യർഥിച്ചത്, കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കും വരെ ക്ഷമിക്കാനാണ്.

ജാർഖണ്ഡിൽ യുപിഎയിലെ മുഖ്യകക്ഷിയായ ജാർഖണ്ഡ് മുക്തിമോർച്ചയ്ക്കും സമാനമായ സന്ദേശമാണു കോൺഗ്രസ് നേതൃത്വം നൽകിയത്.

ഹരിയാനയിൽ കോൺഗ്രസിനു സഖ്യകക്ഷികളില്ല. പക്ഷേ, ഭരണകക്ഷിയായ ബിജെപിക്കെതിരെ കോൺഗ്രസ്, അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയുമായി കൈകോർക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ എഎപി – കോൺഗ്രസ് സഖ്യനീക്കം തകരാനുള്ള മുഖ്യകാരണം, ഹരിയാനയിലും സഖ്യം വേണമെന്നു കേജ്‌രിവാൾ നിർബന്ധം പിടിച്ചതാണ്.

ഇതിനു ഹരിയാനയിലെ കോൺഗ്രസ് നേതാക്കൾക്കു തീരെ താൽപര്യമില്ലായിരുന്നു. പക്ഷേ, ലോക്സഭയിലേക്കു മത്സരിച്ച മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, പിസിസി അധ്യക്ഷൻ അശോക് തൻവാർ, മുൻ കേന്ദ്രമന്ത്രി ഷെൽജ എന്നിവരടക്കം മുതിർന്ന നേതാക്കളെല്ലാം ദയനീയമായി തോറ്റു. 

ഒരു വഴി കണ്ടെത്താൻ കോൺഗ്രസ് ഭാവിയിലേക്ക് ഉറ്റുനോക്കിയിരിക്കെ, ഈ മൂന്നു സംസ്ഥാനങ്ങളിലും ബലം പ്രകടിപ്പിച്ചു മുന്നേറുന്ന നിലയിലാണു ബിജെപി. ഹരിയാനയിൽ ഇന്ത്യൻ നാഷനൽ ലോക്ദളിന്റെ ഏക രാജ്യസഭാംഗത്തെ അവർ പാട്ടിലാക്കി. ശക്തരായ പ്രാദേശിക നേതാക്കളെയും വലയിലാക്കാൻ അവർ രംഗത്തുണ്ട്. 

മഹാരാഷ്ട്രയിൽ എൻസിപിയുടെയും കോൺഗ്രസിന്റെയും ജയസാധ്യതയുള്ള പ്രാദേശിക നേതാക്കളെ തിരഞ്ഞുപിടിച്ച് അവർക്ക് എംഎൽഎ, എംഎൽസി സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുകയാണ്.

ജാർഖണ്ഡിലാകട്ടെ, മുഖ്യമന്ത്രി രഘുബർ ദാസ്, ഷിബു സോറനും മകൻ ഹേമന്ത് സോറനുമെതിരെ നിൽക്കുന്ന വിമതരെ പ്രോത്സാഹിപ്പിച്ച് ജെഎംഎം പിളർത്താനുള്ള നീക്കങ്ങളിൽ ബദ്ധശ്രദ്ധനാണ്.

യുപിഎ ഘടകകക്ഷികളായ എൻസിപിയും ജെഎംഎമ്മും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും ഇതിനിടെ സമീപിച്ചിരുന്നു. 3 സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുൻപേ, അവിടത്തെ കോൺഗ്രസ് ഘടകങ്ങളെയും ഊർജസ്വലമാക്കാൻ ഇടപെടണം എന്നായിരുന്നു ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com