ADVERTISEMENT

സങ്കീർണമായ പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ് ഇന്ത്യൻ പത്രവ്യവസായം. പരസ്യവരുമാനം കുറഞ്ഞതും അച്ചടിച്ചെലവേറിയതും വൻകിട വിദേശ ഡിജിറ്റൽ കമ്പനികളുടെ അധിനിവേശവും പത്രമാസികകളെ കടുത്ത സാമ്പത്തിക സമ്മർദത്തിലാക്കുന്നതിനു പുറമേയാണ് ഇപ്പോൾ കേന്ദ്ര ബജറ്റിലൂടെയുമുള്ള കനത്ത ആഘാതം. പത്രങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും അച്ചടിക്കടലാസിന് 10% ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശം രാജ്യത്തെ പത്രവ്യവസായത്തെ തളർത്തുന്നതുമാത്രമല്ല, ജനതയിലേക്ക് അറിവു കടന്നുവരുന്ന വാതിലുകൾ ബലമായി അടച്ചിടാനുള്ള ഭരണകൂട ശ്രമംകൂടിയാണ്. 

പത്രം അച്ചടിക്കാൻ ഉപയോഗിക്കുന്ന ന്യൂസ്പ്രിന്റ്, കോട്ടിങ് ഇല്ലാത്ത (ഗ്ലേസ്ഡ്) കടലാസ്, മാസികകൾക്ക് ഉപയോഗിക്കുന്ന കനം കുറഞ്ഞ കോട്ടഡ് കടലാസ് എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്താനാണു ബജറ്റ് നിർദേശം. പത്രക്കടലാസിന് ഇതുവരെ ഇറക്കുമതിച്ചുങ്കം ഇല്ലാതിരുന്ന അവസ്ഥയിലാണ് ഒറ്റയടിക്ക് പത്തു ശതമാനത്തിന്റെ വർധന. രാജ്യത്തെ അച്ചടിമാധ്യമങ്ങൾക്കു കടുത്ത ഭീഷണിയാകുന്ന പുതിയ നികുതിനിർദേശത്തിനെതിരെ അതുകൊണ്ടുതന്നെ ബഹുമുഖതലങ്ങളിൽ പ്രതിഷേധമുയരുകയാണ്. 

പത്രസ്ഥാപനങ്ങളുടെ ചെലവിൽ 40 മുതൽ 60 ശതമാനംവരെ അച്ചടിക്കടലാസിനു വേണ്ടിയാണ്.  ഇന്ത്യയിലാവശ്യമായ അച്ചടിക്കടലാസിന്റെ വലിയഭാഗം ഇറക്കുമതി ചെയ്യുകയുമാണ്. രാജ്യത്തെ അച്ചടിമാധ്യമങ്ങൾക്കു പ്രതിവർഷം 25 ലക്ഷം ടൺ പത്രക്കടലാസ് ആവശ്യമാണെന്നിരിക്കെ, ആഭ്യന്തര ഉൽപാദനം 10 ലക്ഷം ടൺ മാത്രമാണ്. കോട്ടയം ജില്ലയിലെ വെള്ളൂരിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) അടച്ചുപൂട്ടലിലേക്കു നീങ്ങുകയുമാണ്. ഗ്ലേസ്ഡ് പേപ്പർ, ലൈറ്റ് വെയ്റ്റ് കോട്ടഡ് (എൽഡബ്ല്യുസി) പേപ്പർ എന്നിവ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നതുമില്ല. അതുകൊണ്ടുതന്നെ, അച്ചടിക്കടലാസിനുള്ള  ഇറക്കുമതിച്ചുങ്കം ഈ വ്യവസായത്തിന്റെ അടിവേരിളക്കാൻ പോന്നതാണെന്ന കാര്യത്തിൽ സംശയമില്ല.

രാജ്യത്തെ പത്രവ്യവസായം ഇത്രമേൽ പ്രതിസന്ധികളെ നേരിടുന്ന മറ്റൊരു സാഹചര്യം ഇതിനുമുൻപ് ഉണ്ടായിട്ടില്ല. അച്ചടിമഷിക്കും മറ്റ് അസംസ്കൃത വസ്തുക്കൾക്കും വലിയ വിലക്കയറ്റമുണ്ടായി. നിലനിൽപിനുവേണ്ടി പോരാടുകയാണ് നമ്മുടെ പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും. വലിയ പത്രസ്ഥാപനങ്ങൾപോലും  ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ചെറുകിട, ഇടത്തരം പത്രങ്ങൾ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണുതാനും. 

പൗരസ്വാതന്ത്ര്യത്തിനും അതിൽ ഉൾച്ചേർന്നിരിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനും  മാധ്യമസ്വാതന്ത്ര്യത്തിനുമെതിരെയുള്ള അധികാരശക്തികളുടെ ഇടപെടൽ അപകടകരം കൂടിയാണ്. ലോകം മുഴുവൻ മാധ്യമങ്ങളുടെ സുഗമമായ പ്രവർത്തനത്തിനു വേണ്ടി നിലകൊള്ളുമ്പോഴാണ് ഇവിടെ ഇങ്ങനെയുള്ള നികുതിഭാരത്തിന്റെ അടിച്ചേൽപിക്കൽ. അതുകൊണ്ടുതന്നെ, മാധ്യമങ്ങൾക്കുനേരെ ഇത്തരത്തിലൊരു നികുതിപീഡനമുണ്ടാവുന്നത് ഇന്ത്യയെപ്പോലൊരു ജനാധിപത്യരാഷ്ട്രത്തിനു ഭൂഷണമേയല്ല.  

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വ്യാജവാർത്തകളുണ്ടാവുന്ന കാലമാണിത്. അതിനെ പ്രതിരോധിക്കാനും  വിശ്വാസ്യതയുടെ കൊടിയടയാളമാകാനുമുള്ള ധർമമാണു പത്രങ്ങൾക്കുള്ളത്. പത്രങ്ങളെ തളർത്താനുള്ള ശ്രമങ്ങളുണ്ടാവുമ്പോൾ ആ വിശ്വാസ്യത കൂടിയാവും തളരുക. ജനാധിപത്യത്തിനു കാവൽ നിൽക്കുന്ന നമ്മുടെ പത്രങ്ങൾക്ക് ആ അവസ്ഥ ഉണ്ടായിക്കൂടാ. ഗ്രാമീണ ഇന്ത്യയിലെ സാക്ഷരതയുടെ അടിത്തറയും അതിന്റെ പ്രതിദിനവിളംബരവും നമ്മുടെ പത്രങ്ങൾതന്നെയാണെന്നതും മറന്നുകൂടാ. 

ഇന്ത്യയിൽ വിവിധ മണ്ഡലങ്ങളിൽ അനുഭവപ്പെടുന്ന സാമ്പത്തിക തകർച്ച പത്രവ്യവസായത്തെയും ഏറെ ബാധിച്ച സാഹചര്യത്തിലുണ്ടായ ഈ കടുത്ത പ്രഹരം ഈ മേഖലയെ തളർത്തുമെന്ന കാര്യത്തിൽ സംശയമില്ല. പത്രവ്യവസായത്തിനുമേൽ പുതിയ ഭാരം അടിച്ചേൽപിക്കുന്ന നീക്കം ഉപേക്ഷിക്കണമെന്നതു കാലത്തിന്റെ ആവശ്യംതന്നെയായി കേന്ദ്ര സർക്കാർ തിരിച്ചറിയണം. പത്രങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും അച്ചടിക്കടലാസിന് 10% ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്താനുള്ള കേന്ദ്ര ബജറ്റ് നിർദേശം അപ്പാടേ പിൻവലിച്ചേതീരൂ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com