ADVERTISEMENT

ചെന്നൈയ്ക്കു പുറമേ ഡൽഹി, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലും രണ്ടു വർഷത്തിനുള്ളിൽ ഭൂഗർഭജലം ഇല്ലാതാകുമെന്ന് നിതി ആയോഗിന്റെ കണക്ക്. 2030 ആകുമ്പോഴേക്കും രാജ്യത്തിന്റെ 40% പ്രദേശങ്ങളിൽ വെള്ളം ഇല്ലാതാകും. ബുദ്ധിപൂർവം ഉപയോഗിച്ചാൽ ജലം കിട്ടാക്കനിയാകില്ല. 

ജലക്ഷാമം ഒരു സമൂഹത്തിന്റെ സാംസ്കാരിക അധഃപതനമാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകുന്ന അമൂല്യവിഭവത്തെ പങ്കുവയ്ക്കാനറിയാത്ത പിടിപ്പുകേട്. വേറിട്ടു ചിന്തിക്കാനും മുന്നേറാനുമുള്ള മനസ്സിന്റെ കഴിവുകേടു കൂടിയാണത്.  

ജീവന്റെ നിലനിൽപു തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലമാണിത്. നഗരങ്ങളും വ്യവസായവും കൂടുതൽ വെള്ളത്തിനായി മുറവിളി കൂട്ടുന്നു. കൃഷിയെയും ഗ്രാമങ്ങളെയും ബാധിക്കാതെ സുസ്ഥിര രീതിയിൽ ജലം എങ്ങനെ എല്ലാവർക്കും സുലഭമാക്കാൻ കഴിയും ?  ബുദ്ധിപൂർവം ഉപയോഗിച്ചാൽ ജലം കിട്ടാക്കനിയാകില്ല. 

ചെന്നൈയ്ക്കു പുറമേ ഡൽഹി, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലും രണ്ടു വർഷത്തിനുള്ളിൽ ഭൂഗർഭജലം ഇല്ലാതാകുമെന്നാണ് നിതി ആയോഗിന്റെ കണക്ക്.

രാജ്യത്തെ 60% ജനങ്ങളും വെള്ളത്തിനു വേണ്ടി നെട്ടോട്ടമോടുന്നു. 2030 ആകുമ്പോഴേക്കും രാജ്യത്തിന്റെ 40% പ്രദേശങ്ങളിൽ വെള്ളമില്ലാതാകും. ഉപയോഗിച്ച ശേഷം പുറത്തേക്കു വിടുന്നതിനാൽ തീരുന്ന പ്രകൃതിവിഭവമല്ല ജലം. ശുദ്ധീകരിച്ചാൽ ഈ ജലം പുനരുപയോഗിക്കാം. എന്നാൽ, കൃഷിയിൽ ജലം നഷ്ടമാകുന്നു. 

മാറണം കൃഷിരീതികൾ 

വറുതി നേരിടുന്ന സ്ഥലങ്ങളിൽ നെല്ലിനും കരിമ്പിനും പകരം മറ്റുള്ളവ പരീക്ഷിക്കണം. വെള്ളം കുറച്ച് കൂടുതൽ വിളയെന്നതാവണം പുതിയ നയം.

കണക്കില്ലാതെ ജലം ഉപയോഗിക്കുന്ന നഗരങ്ങളും വ്യവസായങ്ങളും ഗ്രാമങ്ങളെ ബുദ്ധിമുട്ടിക്കാതെ  പുനരുപയോഗത്തിലൂടെ കൂടുതൽ ജലം കണ്ടെത്തണം. 1990കളിൽ കൃഷിമേഖലയായിരുന്നു 75% ജലവും ഉപയോഗിച്ചിരുന്നത്. ഇന്ന് ആ സ്ഥിതി മാറി. 

മലിനജലത്തിലും സാധ്യത 

നഗരങ്ങൾ ഉപയോഗിച്ച ശേഷം പുറന്തള്ളുന്ന മലിനജലം എത്രത്തോളം ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നു എന്ന ചോദ്യമാണ് ഉയരേണ്ടത്.

ഫ്ലഷ് ചെയ്തു കളഞ്ഞശേഷം വെള്ളത്തെ മറക്കുകയാണിന്ന്. ഇത് ജലാശയങ്ങളിലേക്കു കലർന്ന് മൊത്തം ജലത്തെ  മലിനമാക്കുന്നു. ഈ സ്ഥിതി മാറണമെങ്കിൽ ശുചിമുറിമാലിന്യം പൈപ്പുകളിലൂടെ ശുദ്ധീകരണ ടാങ്കുകളിലേക്കു മാത്രം പോകണം.  പുതിയ ശുചിമുറികൾ നിർമിക്കുമ്പോ‍ൾ ജലസ്രോതസ്സുകളിലേക്കു വിസർജ്യം കലരുന്നില്ലെന്ന് ഉറപ്പാക്കണം. 

ദൂരെനിന്നു വെള്ളം കൊണ്ടുവരുന്നതുപോലെ ഓരോ വീട്ടിലെയും മാലിന്യം തിരികെ പൊതു ശുദ്ധീകരണടാങ്കിലേക്ക് പൈപ്പുവഴി കൊണ്ടുപോകണം. ശുദ്ധീകരിച്ച ശേഷം പുഴകളിലേക്കോ ജലാശയങ്ങളിലേക്കോ ഇതു തുറന്നുവിടാം.

വീടുകളിലെ ഒറ്റപ്പെട്ട സെപ്ടിക് ടാങ്കുകളിൽ വിസർജ്യം വിഘടനത്തിനു വിധേയമാക്കുന്നതിനാൽ സംസ്കരിക്കാൻ പ്രയാസമില്ല. ഇതിനായി വീടുകളിൽ ടാങ്ക് ശാസ്ത്രീയമായി രൂപകൽപന ചെയ്യണം. 

നിറയുമ്പോ‍ൾ വാരിമാറ്റുന്ന ശുചിമുറിമാലിന്യം വളമാക്കാം. നൈട്രജൻ ഉൾപ്പെടെ മണ്ണിനും ചെടിക്കും ആവശ്യമായ പോഷകങ്ങളാൽ സമ്പന്നമാണിത്.

അടുക്കളയിൽ നിന്നുള്ള ജൈവമാലിന്യങ്ങളുമായി കലർത്തി പാചകവാതകമോ എത്തനോളോ ഇന്ധനപരലുകളോ ആക്കാം. വീടുകളിൽനിന്നു ശേഖരിച്ചു മാലിന്യം വളമാക്കി മാറ്റുന്നത് തൊഴിലും വ്യവസായവുമാകണം.   

ഇന്നു പ്രളയം;  നാളെ വറുതി

ഒരേസമയം പ്രളയത്തെയും വരൾച്ചെയെയും നേരിടേണ്ട രംഗമാണ് ഇന്ന് ജലവിഭവ മാനേജ്മെന്റ്. രാജ്യത്തെ 40% പ്രദേശത്ത് വരൾച്ച അനുഭവപ്പെടുമ്പോൾ 25% പ്രദേശം പ്രളയത്തിൽ മുങ്ങുന്നു. ഏതാനും മണിക്കൂറു കൊണ്ട് 10, 15 സെന്റിമീറ്റർ പേമാരി പെയ്തിറങ്ങുന്നു.  പ്രളയജലത്തിന് അവകാശപ്പെട്ട  തണ്ണീർത്തടങ്ങൾ നികത്തി നിർമാണം നടത്തുന്നു.

തോടുകളും മറ്റും നികത്തുന്നു. കുറച്ചു സമയംകൊണ്ട് അതിശക്തമായ മഴ എന്നത് കാലാവസ്ഥാ മാറ്റത്തിന്റെ ലക്ഷണമാണ്. ഈ അധികജലത്തെ ഉൾക്കൊള്ളണമെങ്കിൽ നീർത്തടങ്ങൾ (ഫ്ലഡ് പ്ലെയിൻസ്) നിലനിൽക്കണം. 

പുഴ, തോട്, പാടം വഴി കടന്നുപോകുന്ന മഴവെള്ളത്തിനു വിവിധ സ്ഥലങ്ങളിലേക്ക് ഒഴുകിപ്പരക്കാൻ കഴിയും. ഇതുവഴി ഭൂഗർഭ ജലവിതാനം ഉയരും. മൽസ്യങ്ങൾ ഉൾപ്പെടെ, ആവാസവ്യവസ്ഥയെ വീണ്ടെടുക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കഴിയും.

നൂറു കണക്കിനു തോടുകളും കുളങ്ങളും ചാലുകളും നീർത്തടങ്ങളും പാടങ്ങളും ഒന്നിനോടൊന്നു ചേർത്ത് ഇണക്കി നിർത്തിയാൽ (ഗ്രിഡ്) പ്രളയത്തെ പിടിച്ചുകെട്ടാനും വരൾച്ചയെ നേരിടാനുമാകും. മഴവെള്ളസംഭരണം നിർബന്ധമാക്കി മഴയെ ഭൂഗർഭത്തിലേക്കു താഴ്ത്തണം.  

റോം അല്ല, ജപ്പാൻ മാതൃക 

ടൈബർ നദിയുടെ തീരത്തായിട്ടും ഒരുകാലത്ത് റോമിൽ വളരെ ദൂരെനിന്നു ചാലുകളിലൂടെയാണു വെള്ളം കൊണ്ടുവന്നിരുന്നത്. നഗരമാലിന്യം തള്ളാനുള്ള എളുപ്പവഴിയായി റോം ടൈബർ നദിയെ കരുതിയതിൽ നിന്നുണ്ടായ അബദ്ധമായിരുന്നു ഇത്.

എന്നാൽ, അൽപം പോലും മാലിന്യം ജലാശയത്തിലേക്കു വിടാത്ത ജപ്പാനെ ലോകം ഇന്നു വാഴ്ത്തുന്നു. നാം പിന്തുടരേണ്ടത് ജപ്പാന്റെ മാതൃകതന്നെ. 

(പരിസ്ഥിതി പ്രവർത്തകയും ന്യൂഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് ഡയറക്ടറുമാണു ലേഖിക.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com