sections
MORE

റാം ലാലിന്റെ ‌മടക്കം സന്തോഷത്തോടെ

leader new pic
റാം ലാൽ, ബി.എൽ.സന്തോഷ്
SHARE

നീണ്ട ഇടവേളയ്ക്കുശേഷം മുതിർന്ന നേതാവ് റാം ലാൽ ബിജെപിയിൽനിന്ന് ആർഎസ്എസിലേക്കു മടങ്ങുന്നു. പാർട്ടി രണ്ടു ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായ ജയം നേടിയതിനു പിന്നാലെയാണിത്. പാർട്ടിയുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറിയായിരുന്ന, സുഗമവും ദീർഘവുമായ കാലം അദ്ദേഹം 6 പാർട്ടി അധ്യക്ഷന്മാർക്കൊപ്പം പ്രവർത്തിച്ചു. ആർഎസ്എസിനായുള്ള ഈ തസ്തികയിൽ അടുത്തതായി എത്തുന്നത് ബി. എൽ.സന്തോഷാണ്. നരേന്ദ്ര മോദി, മുൻ പാർട്ടി പ്രസിഡന്റ് കുശഭാവു താക്കറെ എന്നിവർക്കു പുറമേ, കെ.എൻ.ഗോവിന്ദാചാര്യ, സഞ്ജയ് ജോഷി എന്നിവരും മുൻ സംഘടനാകാര്യ ജനറൽ സെക്രട്ടറിമാരാണ്. 

ജനതാപാർട്ടി വിട്ട പഴയ ജനസംഘം നേതാക്കൾ 1980ൽ കേഡർ അടിസ്ഥാനത്തിലുള്ള ഭാരതീയ ജനതാപാർട്ടി രൂപീകരിച്ചപ്പോഴാണ് സംഘടനാകാര്യ ജനറൽ സെക്രട്ടറി എന്ന പദവിയുണ്ടായത്. മറ്റു കക്ഷികളും കൂടി ചേർന്നുണ്ടാക്കിയ ജനതാപാർട്ടിയിൽ ജനതാ, ആർഎസ്എസ് ഇരട്ട അംഗത്വമായിരുന്നുവെങ്കിൽ പുതിയ കക്ഷി ആർഎസ്എസുമായി ശക്തമായി താദാത്മ്യം പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷനു പ്രഥമസ്ഥാനം നൽകുമ്പോൾ, സംഘടനാകാര്യ ജനറൽ സെക്രട്ടറി രണ്ടാമത്തെ ഏറ്റവും പ്രധാന പദവി എന്നും നിശ്ചയിച്ചു. 

സമാനമായ രീതിയിൽ എല്ലാ സംസ്ഥാന ഘടകങ്ങൾക്കും സംഘടനാ സെക്രട്ടറി എന്ന പദവിയും സൃഷ്ടിച്ചു. നിർണായകമായ ഈ ദൗത്യത്തിന് ആർഎസ്എസിൽ നിന്നുള്ള പുരുഷന്മാരെയാണു നിയമിക്കുക. (സംഘടനാകാര്യ ജനറൽ സെക്രട്ടറി, പാർട്ടി അധ്യക്ഷ പദവികളിൽ ഇതുവരെ സ്ത്രീകളാരും ഇരുന്നിട്ടില്ല). 

‌ആദ്യ സംഘടനാകാര്യ പദവിയിൽ സുന്ദർസിങ് ഭണ്ഡാരിയായിരുന്നു. അദ്ദേഹം പിന്നീടു ഗുജറാത്ത് ഗവർണറായി. രാഷ്ട്രീയ പ്രവർത്തനമികവും ബിജെപിയിലെ അടിത്തട്ടു പ്രവർത്തനപരിചയവുമുള്ള മധ്യവയസ്സിലെത്തിയ ആർഎസ്എസ് പ്രചാരകർ ആണ് ഈ പദവിയിലേക്കു വരിക. വിവാദപരമായ സാഹചര്യങ്ങളിൽ ഗോവിന്ദാചാര്യയ്ക്കും ജോഷിക്കും സ്ഥാനമൊഴിയേണ്ടതായി വന്നു. പാർട്ടിയുടെ മുഖംമൂടിയാണ് അടൽ ബിഹാരി വാജ്‌പേയി എന്ന് ഗോവിന്ദാചാര്യ ഒരിക്കൽ പറഞ്ഞിരുന്നു. ഒട്ടേറെ ആരോപണങ്ങൾക്കു വിധേയനായ ജോഷിയെ ആർഎസ്എസ് തന്നെ പിന്നീടു കുറ്റവിമുക്തനാക്കി. ഗോവിന്ദാചാര്യ പിന്നീടു പാർട്ടിയിൽനിന്നുതന്നെ പോയി. ജോഷിക്ക് ഔദ്യോഗികപദവികൾ ഒന്നുമില്ലെങ്കിലും ഇപ്പോഴും പാർട്ടിപ്രവർത്തകരെ ആകർഷിക്കുന്ന നേതാവാണ്. 

ജനറൽ സെക്രട്ടറിയാകുമ്പോൾ ജോഷിക്കായിരുന്നു ഏറ്റവും ചെറുപ്പം, 39 വയസ്സ്. 1998ൽ നരേന്ദ്ര മോദി അതേ പദവിയിൽ എത്തുമ്പോൾ 48. ഗുജറാത്ത് മുഖ്യമന്ത്രിയാകാൻ എൽ.കെ.അഡ്വാനി കണ്ടെത്തുംവരെ 3 വർഷം ഡൽഹിയിലിരുന്ന് മോദി പാർട്ടിയെ നിയന്ത്രിച്ചു. 

ഉത്തർപ്രദേശായിരുന്നു റാം ലാലിന്റെ ആർഎസ്എസ് മണ്ഡലം. ഡൽഹിയിൽ മുൻപരിചയം ഇല്ലാതിരുന്നിട്ടും അദ്ദേഹം പാർട്ടി ആസ്ഥാനവുമായി പെട്ടെന്ന് ഇഴുകിച്ചേർന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ യുവപ്രചാരകുമാരെ മുന്നോട്ടു കൊണ്ടുവരികയും ചെയ്തു. 

പാർട്ടിയുടെ വിവിധ സെല്ലുകളെ നയിക്കാൻ പ്രാപ്തരെ കണ്ടെത്താനും ചുമതലപ്പെടുത്താനും അദ്ദേഹത്തിനു നല്ല കഴിവുണ്ടായിരുന്നു. ഒരു ദശകം മുൻപുതന്നെ അദ്ദേഹം ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനോടു പറഞ്ഞിരുന്നു, ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കാൻ യുവ പ്രചാരകുമാരെ കണ്ടെത്തണമെന്ന്. അവരിലൊരാൾ റാം ലാലിനു പിൻഗാമിയായി വരികയും വേണം. അങ്ങനെയാണ് കർണാടക ഘടകം സംഘടനാ സെക്രട്ടറിയായിരുന്ന സന്തോഷ് തിരഞ്ഞെടുക്കപ്പെട്ടത്. 

കർണാടകയിലെ പാർട്ടിവികാസത്തിനു മുന്നിൽനിന്ന സന്തോഷാണ് പാർട്ടിയുടെ  4 സംഘടനാകാര്യ ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറിമാരിലൊരാൾ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള വി.സതീഷ്, റാം ലാലിനു പിൻഗാമിയാകുമെന്നും അഭ്യൂഹമുണ്ടായിരുന്നു. 

വർക്കിങ് പ്രസിഡന്റായി നിയമിതനായ ജെ.പി.നഡ്ഡയെപ്പോലെ മോദി – ഷാ യുഗത്തിന്റെ ഭാഗമാണു സന്തോഷും. ഡിസംബറിൽ അമിത് ഷായുടെ കാലാവധി തീരുമ്പോഴാകും ന‍ഡ്ഡ പൂർണസമയ അധ്യക്ഷനാകുക. മുതിർന്ന നേതാക്കളായ റാം മാധവ് അടക്കമുള്ളവരെ നയിക്കാനാണു സന്തോഷ് നിയമിതനാകുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും ജമ്മു കശ്മീരിന്റെയും ചുമതല റാം മാധവിനാണ്. 

ബിജെപി ഉണ്ടായതിനുശേഷമുള്ള ഏറ്റവും വലിയ നേതൃവികാസം നടത്തിയ 1996–2003 കാലത്ത് വാജ്പേയി – അഡ്വാനി ടീം കണ്ടെത്തിയ പുതിയ നേതാക്കളായിരുന്നു ഗോവിന്ദാചാര്യ, നരേന്ദ്ര മോദി, സഞ്ജയ് ജോഷി എന്നിവർ. ഇപ്പോൾ സന്തോഷ് സ്ഥാനമേൽക്കുമ്പോൾ ബിജെപി അതിന്റെ ഏറ്റവും കരുത്തുറ്റ അവസ്ഥയിൽ കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിലാണ്. 

ഈ വർഷം നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വെല്ലുവിളികൾ നേരിടാനും കഴിഞ്ഞവർഷം അധികാരം നഷ്ടമായ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിൽ കരുത്തുറ്റ പ്രതിപക്ഷമാകാനും ബിജെപിയെ സജ്ജമാക്കുകയാണ് സന്തോഷിനു മുന്നിലുള്ള ദൗത്യം. 

കർണാടകയിൽ ബി.എസ്.യെഡിയൂരപ്പയ്ക്കു ശേഷം നേതൃത്വത്തിലേക്കു വരാനും മുഖ്യമന്ത്രിയാകാനും കഴിവുള്ള യുവതലമുറയിലെ നേതാവായാണ് സന്തോഷിന്റെ അഭ്യുദയകാംക്ഷികൾ അദ്ദേഹത്തെ ചൂണ്ടിക്കാട്ടിയിരുന്നത്. അദ്ദേഹം ഇനി പാർട്ടിയുടെ മുഖ്യമന്ത്രിമാരെയാകും നിയന്ത്രിക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA