sections
MORE

പാവങ്ങളുടെ പ്രതീക്ഷ കെടുത്തിക്കൂടാ

SHARE

സർക്കാരിന്റെ കരുതലും കരുണയുമാണു സാധാരണക്കാരായ രോഗികളുടെ എന്നത്തെയും പ്രതീക്ഷ. പക്ഷേ, ആ പ്രതീക്ഷയിൽ നിഴൽവീഴ്ത്തുന്ന നീക്കങ്ങളാണിപ്പോൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. അശരണരായവർക്കു താങ്ങാകുന്ന കാരുണ്യ പദ്ധതി കരുണയില്ലാതെ കെട്ടുപോകുമോ എന്ന ചോദ്യവും പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ പോരായ്മകളെക്കുറിച്ചുള്ള ആശങ്കയും ആയിരക്കണക്കിനു മനസ്സുകളിൽ നിന്നുയരുമ്പോൾ സർക്കാർ അതു കേൾക്കേണ്ടതുണ്ട്. 

ആരോഗ്യസുരക്ഷയിൽ ലോകത്തിനു മാതൃകയായി കേരളം വളർന്നതിനു പിന്നിൽ സർക്കാരുകളെടുത്ത ഒട്ടേറെ മികച്ച തീരുമാനങ്ങളുണ്ട്. കോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് ഏജൻസി – കേരള (ചിയാക്) നടപ്പാക്കിയ രണ്ടു ചികിത്സാസഹായ പദ്ധതികളാണു സമീപകാലത്തു വലിയ മാറ്റത്തിനു തുടക്കം കുറിച്ചത്. കോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് സ്കീമിൽ (ചിസ്) നിന്നു 30,000 രൂപ വരെയും ചിസ് പ്ലസിൽ നിന്ന് 70,000 രൂപ വരെയും വാർഷിക ചികിത്സാസഹായം നൽകിവന്നത് ഏറെ ആശ്വാസകരമായി. സാധാരണക്കാരും തൊഴിലാളികളും ഉൾപ്പെടുന്ന 41 ലക്ഷത്തോളം കുടുംബങ്ങൾക്കു സുരക്ഷാമതിലായിരുന്നു രണ്ടു പദ്ധതികളും.

ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങളോടൊപ്പം ഗുരുതരരോഗങ്ങളും ഒട്ടേറെ ജനങ്ങൾക്കു ബാധിച്ചുതുടങ്ങിയതോടെ  താങ്ങാനാകാത്ത ചികിത്സച്ചെലവാണു വേണ്ടിവരുന്നത്. അത്തരക്കാർക്കു തണലൊരുക്കാനാണു 2012ൽ കാരുണ്യ ബനവലന്റ് ഫണ്ട് (കെബിഎഫ്) ആരംഭിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ലാഭത്തിൽ നിന്നൊരു വിഹിതം ഉപയോഗിച്ച് ആരംഭിച്ച പദ്ധതിയിൽനിന്ന് ഇതിനകം 3.29 ലക്ഷം രോഗികൾക്കു 2318.90 കോടി രൂപയുടെ ചികിത്സാസഹായം ലഭിച്ചുകഴിഞ്ഞു. അർബുദം, ഹൃദ്രോഗം, നാഡീരോഗങ്ങൾ എന്നിവ ബാധിച്ചവർക്കു രണ്ടു ലക്ഷം രൂപവരെയും വൃക്കരോഗികൾക്കു മൂന്നു ലക്ഷം വരെയുമാണു സഹായം. കിടത്തിച്ചികിത്സയ്ക്കും വീട്ടിൽ പോകുമ്പോൾ കഴിക്കാനുള്ള മരുന്നിനും പണം നൽകാറുണ്ട്. റേഷൻ കാർഡിലെ വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയായിരിക്കണമെന്നാണു വ്യവസ്ഥ.

ഇതിനിടെ, സാധാരണക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനു കേന്ദ്ര സർക്കാർ ആയുഷ്മാൻ ഭാരത് എന്ന പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ മാനദണ്ഡം അനുസരിച്ച്, കേരളത്തിലെ 19 ലക്ഷം കുടുംബങ്ങൾക്കു മാത്രമേ സഹായം ലഭിക്കുകയുള്ളൂ. അങ്ങനെയാണ് ആയുഷ്മാൻ ഭാരത്, ചിസ്, ചിസ് പ്ലസ്, കെബിഎഫ് എന്നിവ സംയോജിപ്പിച്ചു കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി (കാസ്പ്) ആരംഭിക്കാൻ സംസ്ഥാനം തീരുമാനിച്ചത്. കാസ്പ് നടപ്പിലായതിന്റെ ഭാഗമായി കെബിഎഫിൽ പുതിയ അപേക്ഷ സ്വീകരിക്കുന്നതു ജൂൺ 30ന് അവസാനിപ്പിക്കുകയും ചെയ്തു. 

ഒരു കുടുംബത്തിനു വർഷം അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന, കാസ്പിന്റെ ടെൻഡർ റിലയൻസ് ജനറൽ ഇൻഷുറൻസിനാണു ലഭിച്ചത്. ഏപ്രിൽ ഒന്നിനു കാസ്പ് നിലവിൽ വന്നു. വലിയ തുകയ്ക്ക് ആരോഗ്യസുരക്ഷ ഉറപ്പാക്കിയ സർക്കാർ തീരുമാനത്തെ ജനം സ്വാഗതം ചെയ്തെങ്കിലും ആശുപത്രിയിൽ പോയപ്പോഴാണു കാസ്പിന്റെ കുരുക്കു ബോധ്യമായത്. കിടത്തിച്ചികിത്സയ്ക്കു മാത്രമേ സഹായമുള്ളൂ. ഡിസ്ചാർജ് ചെയ്താൽ അഞ്ചു ദിവസത്തെ മരുന്നിനുള്ള സഹായം കൂടിയേ ലഭിക്കൂ. അർബുദം, ഹൃദ്രോഗം, നാഡീരോഗങ്ങൾ എന്നിവ ബാധിച്ചവർക്കു കിടത്തിച്ചികിത്സയ്ക്കു ചെലവാകുന്നതിനെക്കാൾ തുക പിന്നീടു വേണ്ടിവരും. വിലകൂടിയ മരുന്നുകളാണ് ഇവർക്കു വേണ്ടതെങ്കിലും കാസ്പ് അതു നൽകുന്നില്ല. 

കെബിഎഫ് തുടരണമെന്നു നാനാതുറകളിൽനിന്നു സമ്മർദം വന്നപ്പോൾ സർക്കാർ പുതിയൊരു തീരുമാനമെടുത്തു. കാസ്പിന്റെ പരിധിയിൽ വരാത്ത, വാർഷിക വരുമാനം മൂന്നു ലക്ഷംവരെയുള്ള കുടുംബങ്ങൾക്കു 2020 മാർച്ച് 31വരെ കെബിഎഫിൽനിന്നു സഹായം നൽകാം. ഇതുകൊണ്ട് എത്ര പേർക്കു പ്രയോജനം ലഭിക്കുമെന്നു നിശ്ചയമില്ല. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, സർക്കാർ വീണ്ടുവിചാരം നടത്തണമെന്നതു കേരളത്തിലെ സാധാരണക്കാരുടെ മുഴുവൻ ആവശ്യമാണ്. 

ഒന്നുകിൽ കാസ്പിൽ തുടർചികിത്സയ്ക്കുള്ള സഹായം ഉറപ്പാക്കുകയോ അല്ലെങ്കിൽ കെബിഎഫ് തുടരുകയോ ചെയ്യണമെന്ന്, നിരാലംബരായ ജനത ആവശ്യപ്പെടുമ്പോൾ ജനകീയ സർക്കാർ അതു കേൾക്കുകതന്നെ വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA