ADVERTISEMENT

ദിവസവും ഒട്ടേറെ ഇ മെയിൽ സന്ദേശങ്ങളും ഫോൺവിളികളും അയാളെ തേടിയെത്താറുണ്ട്. അദ്ദേഹം അതെല്ലാം കൃത്യമായി ശ്രദ്ധിക്കുകയും മറുപടി നൽകുകയും ചെയ്യും. ഏതെങ്കിലും സന്ദേശം വിട്ടുപോയെങ്കിൽ ക്ഷമാപണത്തോടെ പ്രതികരിക്കും. 

അങ്ങനെയിരിക്കെ അദ്ദേഹത്തിന് ഒരു അപകടമുണ്ടായി. ഡോക്‌ടർ ഒരാഴ്‌ച കർശനവിശ്രമം നിർദേശിച്ചു. ഏഴു ദിവസം കഴിഞ്ഞു നോക്കുമ്പോൾ ധാരാളം മെയിലുകളും മിസ്ഡ് കോളുകളും. അവയ്ക്കെല്ലാം മറുപടി നൽകാൻ ധാരാളം സമയം വേണമെന്ന് അയാൾക്കു മനസ്സിലായി. ജീവിതത്തിൽ ആദ്യമായി മെയിലുകളെല്ലാം ഒരുമിച്ച് ഡിലീറ്റ് ചെയ്തു. മറുപടി അയയ്ക്കാത്തതിന്റെ കാരണം ഒരാൾ പോലും തിരക്കിയില്ല. അന്നുമുതൽ അയാളുടെ തിരക്കു കുറഞ്ഞു.  

ഒരാൾക്കു മുന്നിൽ വരുന്നതെല്ലാം അയാളെ മാത്രം തേടിവരുന്നതാകണമെന്നില്ല. പലരിൽ ഒരാൾ മാത്രമാണ് എല്ലാവരും. ഒരാളെ മാത്രം ആശ്രയിച്ചാൽ അപകടമാണെന്നു കരുതി, ഓരോരുത്തരും പലരെയും ആശ്രയിക്കും. ആൾക്കൂട്ടത്തിനിടയിൽ ആരാണ് ഉപകാരപ്പെടുക എന്നറിയില്ലല്ലോ. പല സാധ്യതകളിൽ ഒന്നുമാത്രമായി പരിഗണിക്കപ്പെടുമ്പോൾ എന്തിനാണ് കൺമുന്നിൽ വരുന്ന എല്ലാറ്റിനോടും ഒരേ പ്രാധാന്യത്തോടെ പ്രതികരിക്കുന്നത്? ഒരു മുൻഗണനാക്രമവും പാലിക്കാതെ, അടുത്തുവരുന്ന എന്തിനോടും പ്രതികരിച്ച് ഒരാൾക്ക് എത്രദൂരം സഞ്ചരിക്കാനാകും? 

‌ആരുടെയും അസാന്നിധ്യം ഒരു അസന്ദിഗ്ധാവസ്ഥയും സൃഷ്‌ടിക്കില്ല. താൻ ഒഴിച്ചുകൂടാനാകാത്ത ആളാണെന്ന് ആരെങ്കിലും ധരിക്കുന്നുവെങ്കിൽ അത് അയാളുടെ സ്വാർഥതയുടെയും അറിവില്ലായ്‌മയുടെയും അടയാളമാണ്. അപ്രധാനമായതിനെ ഒഴിവാക്കാനുള്ള മിടുക്കാണ് സുപ്രധാനമായതിനെ പരിപാലിക്കാനുള്ള കഴിവിനെക്കാൾ പ്രധാനം. വേണ്ടതു മാത്രം ചെയ്‌താൽ, വേണ്ടതെല്ലാം ചെയ്യാനുള്ള സമയം കിട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com