ADVERTISEMENT

സംഗീതസാഗരം തീർത്ത സ്വാതി തിരുനാളിന്റെ കാലത്ത് ആരംഭിച്ച കലാലയത്തിൽ പാട്ടുപാടിയ കുറ്റത്തിനു വിദ്യാർഥിയുടെ നെഞ്ചു തുളച്ചു കത്തിമുന. യൂണിവേഴ്സിറ്റി കോളജിന്റെ താളവും തകർച്ചയും ഇങ്ങനെ അടയാളപ്പെടുത്താം. സ്വാതി തിരുനാൾ തിരുവിതാംകൂർ രാജാവായിരിക്കെ ആരംഭിച്ച രാജാസ് ഫ്രീസ്കൂളാണ് ആയില്യം തിരുനാളിന്റെ കാലത്ത് 1866ൽ, യൂണിവേഴ്സിറ്റി കോളജായി മാറിയത്. ബ്രിട്ടിഷുകാരനായ ജോൺ റോസ് ആയിരുന്നു ആദ്യ പ്രിൻസിപ്പൽ. 

മലയാള വ്യാകരണാചാര്യൻ എ.ആർ.രാജരാജവർമ 1915ൽ ആദ്യത്തെ സ്വദേശീയ പ്രിൻസിപ്പലായി ചുമതലയേറ്റു. ക്ലാസെടുക്കാൻ വേണ്ടി രാജരാജവർമ തയാറാക്കിയ കുറിപ്പുകളാണ് പിന്നീടു മലയാള വ്യാകരണത്തിന്റെ ആധികാരിക ഗ്രന്ഥങ്ങളായ കേരളപാണിനീയം, വൃത്തമഞ്ജരി, ഭാഷാഭൂഷണം എന്നിവയായി പരിണമിച്ചത്.

എൻ.കൃഷ്ണപിള്ള വിദ്യാർഥികൾക്കുവേണ്ടി തയാറാക്കിയ പഠനക്കുറിപ്പുകൾ മലയാളത്തിലെ സമഗ്രസാഹിത്യ ചരിത്രമായി – ‘കൈരളിയുടെ കഥ’. ഇളംകുളം കുഞ്ഞൻപിള്ള അധ്യാപനത്തിനുവേണ്ടി നടത്തിയ പഠനാന്വേഷണങ്ങളാണു കേരളത്തിന്റെ ഇരുളടഞ്ഞ കാലഘട്ടങ്ങളെ അടയാളപ്പെടുത്തിയ ചരിത്രരചനകളായത്. 1909 മുതലാണു പെൺകുട്ടികൾക്കു പ്രവേശനം ലഭിച്ചത്. തിരുവിതാംകൂറിലെ ആദ്യ സർജൻ ജനറലും ഇന്ത്യയിലെ ആദ്യത്തെ വനിതാ സർജൻ ജനറലുമായ മേരി പുന്നൻ ലൂക്കോസായിരുന്നു പ്രവേശം നേടിയ ആദ്യ വിദ്യാർഥിനി. 

പ്രഗല്ഭരായ അധ്യാപകർ, മികച്ച പഠനാന്തരീക്ഷം തേടിയെത്തുന്ന വിദ്യാർഥികൾ, മികവുറ്റ ഗവേഷണ പ്രബന്ധങ്ങൾ... കാവ്യലോകത്തു ശ്രദ്ധ നേടിയ യുവകവി ശ്രീകുമാറിനെ അന്വേഷിച്ചു ചെന്നവർ യൂണിവേഴ്സിറ്റിയിൽ കണ്ടെത്തിയത് സുഗതകുമാരിയെയായിരുന്നു. നരേന്ദ്രപ്രസാദ് അധ്യാപനത്തിനൊപ്പം തനതു നാടകവേദിയെ വളർത്തിയ ഇടം. സ്വാതന്ത്ര്യസമരത്തിന്റെ ഊർജം യുവാക്കളിൽ ലഹരിയായപ്പോൾ യൂണിവേഴ്സിറ്റി കോളജിൽ രാഷ്ട്രീയത്തിനും പ്രവേശനം ലഭിച്ചു. കോൺഗ്രസ്, ഇടതുമുന്നേറ്റങ്ങൾക്കു കരുത്തായി കോളജ് വിദ്യാർഥികൾ.

ഇടതു വിദ്യാർഥി പ്രസ്ഥാനമായ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രതിനിധിയായി ആദ്യമായി ചെയർമാനാകുന്നത് കഥാകൃത്ത് എൻ.മോഹനൻ. തുടർന്നു വിദ്യാർഥി രാഷ്ട്രീയത്തിന്റെ കൂടി മികച്ച പാഠശാലയായി കോളജ് വളർന്നു. കുറെക്കാലം കോളജ് യൂണിയൻ കെഎസ്‌യുവിന്റെ കൈകളിൽ. ചലച്ചിത്രകാരൻ ബാലചന്ദ്രമേനോൻ യൂണിവേഴ്സിറ്റി കോളജിൽ എത്തുന്നത് ‘71ൽ. കലാപ്രവർത്തനങ്ങളിൽ മികവുറ്റവരായിരുന്നു അന്നത്തെ യൂണിയൻ ഭാരവാഹികൾ.

‘73ൽ എസ്എഫ്ഐയുടെ ചെയർമാൻ സ്ഥാനാർഥിയായി ബാലചന്ദ്രമേനോൻ വിജയിച്ചു. അതിനുശേഷം മറ്റൊരു വിദ്യാർഥിസംഘടനയ്ക്കും യൂണിയൻ ഭരണം ലഭിച്ചിട്ടില്ല. ചോരമണമുള്ള വിജയകഥയല്ല തന്റേതെന്നു മേനോന് ഉറപ്പുണ്ട്. എല്ലാ സംഘടനയിലുമുള്ളവർ രാഷ്ട്രീയ തർക്കത്തിലേർപ്പെടുന്ന മരച്ചുവടുകൾ, ഒരുമിച്ചു ചായ കുടിച്ചു പിരിയുന്ന സായന്തനങ്ങൾ. 

പണ്ടും  ഇടയ്ക്കൊക്കെ കയ്യൂക്കുശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഫിലോസഫി വിദ്യാർഥിയായിരുന്ന ജയചന്ദ്രൻ സ്വാമി മഞ്ഞവസ്ത്രം ധരിച്ചുവരുന്നത് സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രവർത്തകർക്ക് ഇഷ്ടമായില്ല. ആർ.ബാലകൃഷ്ണപിള്ളയാണ് അന്നത്തെ ഫെഡറേഷൻ നേതാവ്. പിള്ള കോളജിൽ ഇല്ലാത്ത ഒരു ദിവസം ഫെഡറേഷൻ പ്രവർത്തകർ സ്വാമിയെ വളഞ്ഞു. ഒറ്റക്കാലിൽ നിന്ന സ്വാമി പ്രഖ്യാപിച്ചു, ‘എനിക്കു കളരി അറിയാം, കരുത്തുണ്ടെങ്കിൽ മുന്നോട്ടുവരിക.’ സ്വാമിയുടെ ഏകാഭ്യാസത്തിനു മുന്നിൽ പകച്ച എതിരാളികൾ പിന്നീടു വഴിമുടക്കിയില്ല.

സ്വാമി പിന്നീടു നിത്യചൈതന്യ യതിയായി. കെഎസ്‌യു നേതാവായിരുന്ന എ.നീലലോഹിതദാസൻ നാടാരും ഇതുപോലൊരു വിരട്ടലിനെ നേരിട്ടിട്ടുണ്ട്. തെക്കൻ കളരിയുടെ വായ്ത്താരിചൊല്ലി നീലൻ മുന്നോട്ടുകുതിച്ചതും എതിരാളികൾ പിന്നോട്ട്. 1980ൽ എസ്എഫ്ഐയുടെ സർവാധിപത്യം ആരംഭിച്ചു. മുന്നണിയിൽ ഒപ്പമുള്ള സിപിഐയുടെ വിദ്യാർഥിസംഘടനയായ എഐഎസ്എഫിനു പോലും സ്ഥാനം പടിക്കുപുറത്ത്. വിഷ്ണുനാരായണൻ നമ്പൂതിരി ഇംഗ്ലിഷ് വകുപ്പ് മേധാവിയായിരിക്കെയാണ് കോളജ് ക്രിമിനലുകളുടെ താവളമാണെന്നു പുറംലോകമറിയുന്നത്. അദ്ദേഹത്തിന്റെ മുറിയോടു ചേർന്നുള്ള ശുചിമുറി തുറക്കാനാകുന്നില്ല.

രണ്ടു മൂന്നു പൂട്ടുണ്ട്. മരപ്പണിക്കാരൻ വന്നാണു തുറന്നത്. അകത്തു ചെറിയൊരു മണൽക്കൂന. അതു നീക്കിയപ്പോൾ 4 കൈബോംബുകൾ! വിദ്യാർഥികൾ വഴിവിട്ടുപോകുന്നതിനെതിരെ സംസാരിച്ച വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സൈക്കിളിന്റെ കാറ്റഴിച്ചുവിട്ടു പലവട്ടം. രാജഭരണകാലത്തു ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ ഡോ.മിഷേൽ ഇവിടെ സൺ ഡയൽ നിർമിച്ചു. സൂര്യപ്രകാശം നോക്കി കൃത്യസമയം അറിയാനുള്ള യന്ത്രമായിരുന്നു അത്.

നൊബേൽ പുരസ്കാരത്തിനു രണ്ടു തവണ നാമനിർദേശം ചെയ്യപ്പെട്ട മിഷേൽ നിർമിച്ച സൺ ഡയൽ കാണാൻ ഒട്ടേറെ ശാസ്ത്രജ്ഞന്മാരും കോളജിൽ വന്നിട്ടുണ്ട്. പക്ഷേ, വിദ്യാർഥിനേതാവായ സിൻഡിക്കറ്റ് അംഗം തീരുമാനിച്ചു, സൺ ഡയൽ പൊളിച്ചെറിയാൻ. അവിടെ കോളജ് യൂണിയൻ ഓഫിസ് നിർമിച്ചു. ഇതിന്റെ ഭാഗമാണു കുപ്രസിദ്ധമായ ‘ഇടിമുറി’യും. 

1990ൽ ഈവനിങ് കോഴ്സിന്റെ അധ്യാപകനായിരുന്ന സാഹിത്യവിമർശകൻ ബി.രാജീവൻ ഇപ്പോഴും ആ വിദ്യാർഥിയെ ഓർക്കുന്നുണ്ട്. ക്ലാസിൽ ഖദർ ധരിച്ചുവന്ന കുറ്റത്തിന് എസ്എഫ്ഐക്കാർ പിടിച്ചുകൊണ്ടുപോയ അവനെ രാജീവൻ പിന്നീടു കണ്ടിട്ടില്ല. എസ്.ഗുപ്തൻ നായർ, മക്കളായ എം.ജി.ശശിഭൂഷൺ, ലക്ഷ്മികുമാരി എന്നിവർ ഇവിടെ അധ്യാപകരായിരുന്നു. സ്വന്തം കലാലയത്തെക്കുറിച്ചു ഗുപ്തൻ നായർ അഭിമാനത്തോടെ സംസാരിക്കാത്ത വേദികളില്ല.

പക്ഷേ, 1996ൽ യൂണിവേഴ്സിറ്റി കോളജിലെ ചടങ്ങിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ എസ്എഫ്ഐക്കാർ തടഞ്ഞു. സ്കൂളുകളിൽ രാഷ്ട്രീയം വേണ്ടെന്നു പ്രസംഗിച്ചതായിരുന്നു കുറ്റം. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ബിരുദ കോഴ്സുകൾ കാര്യവട്ടത്തേക്കു മാറ്റി. പിന്നാലെ ഇ.കെ.നായനാർ മുഖ്യമന്ത്രിയായതോടെ കോഴ്സുകൾ യൂണിവേഴ്സിറ്റി കോളജിൽ തിരികെയെത്തിച്ചു. 2000ൽ കെഎസ്‌യു നേതാവിനെ ചാപ്പകുത്തിയതോടെയാണ് കോളജ് വീണ്ടും കരിനിഴലിലാകുന്നത്. രണ്ടു വർഷം മുൻപ് 40 വിദ്യാർഥിനികൾ എസ്എഫ്ഐക്കെതിരെ പരസ്യമായി രംഗത്തുവന്നു.

മാനസികപീഡനം കൊണ്ടു പഠിക്കാനാകുന്നില്ലെന്ന അവരുടെ തുറന്നുപറച്ചിൽ സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ പുച്ഛത്തോടെ തള്ളി. ഈ വർഷം ഒരു പെൺകുട്ടി ഇതേ കാരണത്താൽ ജീവനൊടുക്കാൻശ്രമിച്ചു. ഇതിനിടെ കോളജിൽ ഒട്ടേറെ സംഘർഷങ്ങളുണ്ടായി. ഒടുവിലിതാ, എസ്എഫ്ഐക്കാർ സ്വന്തം പ്രവർത്തകന്റെ നെഞ്ചിൽ കത്തി താഴ്ത്തിയിരിക്കുന്നു. ഇരുളിലാകുന്നത് 150 വർഷം പിന്നിട്ട മികച്ച കലാലയത്തിന്റെ അഭിമാനനിമിഷങ്ങൾ. 

ഇതെന്റെ കോളജ് തന്നെയോ? : ടി.ജെ.എസ്.ജോർജ്

കുറച്ചു ദിവസങ്ങളായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങൾ നിരീക്ഷിക്കുകയായിരുന്നു ഞാൻ. ‘ഐ കാന്റ് ബിലീവ് ദിസ്’. ഞാൻ പഠിച്ച കോളജാണത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ എങ്ങനെയാണ് ആയുധപ്പുരയുണ്ടാകുക?

ഞങ്ങളുടെ കാലത്ത് ഗ്രീൻറൂം കലാപരിപാടികളുടെ റിഹേഴ്സലിനാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോഴത് ആയുധപ്പുരയാണ്. സഹിക്കാൻ വയ്യാത്ത ദുഃഖം തോന്നുന്നു. അച്യുതാനന്ദൻ പറഞ്ഞതുപോലെ പുരോഗമന രാഷ്ട്രീയമല്ല, ഗുണ്ടാരാഷ്ട്രീയമാണിത്. ഗുണ്ടായിസം രാഷ്ട്രീയത്തെ ഏറ്റെടുക്കുന്നിടത്തോളം കാലം മറ്റാർക്കും ഒരു പോംവഴിയുമില്ല. 

മലയാറ്റൂർ രാമകൃഷ്ണൻ ഇന്നു ജീവിച്ചിരിപ്പുണ്ടെന്നു കരുതുക. രാമകൃഷ്ണനും ഞാനും കൂടി ഇപ്പോൾ അവിടെ ചെന്ന് ഞങ്ങൾ പൂർവവിദ്യാർഥികളാണ്, ഈ കലാലയം നശിപ്പിക്കരുതെന്നു പറഞ്ഞാൽ അവർ ഞങ്ങളെയും വെട്ടിത്താഴെയിടും. സംവാദത്തിനോ സംഭാഷണത്തിനോ പ്രസക്തിയില്ല. ഇരുന്നുകൊണ്ടു സങ്കടപ്പെടുകയല്ലാതെ ഞങ്ങൾക്കു മറ്റൊന്നും ചെയ്യാനാവില്ല.  

അവിടത്തെ ഇപ്പോഴത്തെ പ്രിൻസിപ്പലിന്റെ പ്രതികരണം കണ്ടപ്പോൾ ലജ്ജ തോന്നി. പ്രിൻസിപ്പലാണെന്നു പോലും തോന്നില്ല; എന്താ ഇങ്ങനെ? പൂർണ അധഃപതനത്തിന്റെ തെളിവല്ലേ, ഇത്തരം പ്രിൻസിപ്പൽമാരും രാഷ്ട്രീയക്കാരുമൊക്കെ എന്ന് എനിക്കു തോന്നിപ്പോകുന്നു. 

ഗുപ്തൻനായർ സാറിനെപ്പോലുള്ളവർ പഠിപ്പിച്ച സ്ഥാപനമാണ്. അവരെ കാണാനും കേൾക്കാനും വേണ്ടി മാത്രം കോളജിൽ പോകുമായിരുന്നു ഞങ്ങൾ.അന്നു രാഷ്ട്രീയം ഉള്ളതായിപ്പോലും എനിക്ക് ഓർമയില്ല. ഉണ്ടെങ്കിൽത്തന്നെ ഇത്തരം രാഷ്ട്രീയമായിരുന്നില്ല എന്നുറപ്പ്.എസ്എഫ്ഐ നേതാക്കന്മാരെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതു കണ്ടു. മുഖം കണ്ടാൽ ഇവരൊക്കെ വിദ്യാർഥികളാണെന്ന് ആരും പറയില്ല. 

ഭാഗ്യവശാൽ ഇത്രയും ഗാംഭീര്യമുള്ള ആ കോളജ് കെട്ടിടങ്ങൾ അങ്ങനെ നിലനിർത്തിയിട്ടുണ്ട്. മറ്റെങ്ങും ഞാനിത്രയും നല്ല കോളജ് കെട്ടിടങ്ങൾ കണ്ടിട്ടില്ല. ഇത്രയും അധഃപതിച്ച രാഷ്ട്രീയക്കാർ അത് ഇടിച്ചു നിരത്തിയില്ലല്ലോ എന്നൊരു ആശ്വാസം മാത്രം തോന്നുന്നു. സിപിഎം അധികാരത്തിലിരിക്കുന്നതിന്റെ ധൈര്യത്തിലാവണം ഈ അക്രമം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഗുണ്ടകളിൽ നിന്നു കോളജ് തിരിച്ചുപിടിക്കുന്ന കാര്യത്തിൽ ഞങ്ങളൊക്കെ നിസ്സഹായരാണ്. സർക്കാരും രാഷ്ട്രീയനേതൃത്വവും വിചാരിച്ചാലേ എന്തെങ്കിലും നടക്കൂ; വിചാരിച്ചേ പറ്റൂ; മാറിയേ തീരൂ.

ഇത് കോളജിന് ചേർന്നതാണോ? : ബാലചന്ദ്രമേനോൻ

‌മുൻ ചെയർമാൻ എന്ന നിലയിൽ യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങൾ എന്നെ ദുഃഖിതനാക്കുന്നു. കോളജ് റൗഡികളുടെ കേന്ദ്രമായി മാറി. കത്തിക്കുത്ത്, ഇടിമുറി... ഇതൊക്കെ ഒരു കോളജിനു ചേർന്നതാണോ എന്നു കാരണക്കാരായവർ വിശദീകരിക്കണം. പാട്ടുപാടിയതിനു സഹപാഠിയെ കുത്തിയ സംഭവം ലോകത്തൊരിടത്തും കേട്ടിട്ടില്ല.

കലാപ്രവർത്തനങ്ങൾ കലാലയത്തിന്റെ ഭാഗമാണ്. അതിനെതിരെയാണു കത്തിയെടുത്തത്. എസ്എഫ്ഐയുടെ പിന്തുണയോടെ ജയിച്ചുവെന്നതുകൊണ്ട് അവർ പറയുന്നതൊക്കെ കേൾക്കണോ? തിരഞ്ഞെടുത്തവർക്കു തിരുത്താനുള്ള ഉത്തരവാദിത്തമുണ്ട്. ഒരേ കക്ഷിയിൽ തമ്മിലുള്ളവർ പരസ്പരം പോരടിക്കുമ്പോൾ മൗനം പാലിക്കാനാവില്ല. സ്വബോധമുള്ള ഒരാൾക്കു സഹപാഠിയുടെ നെഞ്ചിൽ കുത്താൻ കഴിയുന്നതെങ്ങനെ? അരിയാഹാരം കഴിക്കുന്നവരാണെന്നു ചിലർ പറയാറുണ്ട്. ഇത്തരം സംഭവങ്ങൾ കാണുന്നവരും അരിയാഹാരം കഴിക്കുന്നവരാണെന്ന് ഓർത്താൽ നല്ലത്.

അച്ഛൻ എസ്.ഗുപ്തൻ നായരും സഹോദരി ലക്ഷ്മി കുമാരിയും ഞാനും യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളും അധ്യാപകരുമായിരുന്നു. എന്റെ ഭാര്യ ബിന്ദുവും അവിടെ പഠിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ മറ്റൊരു വീടാണ് ഈ കോളജ്.രാഷ്ട്രീയ നേതാക്കളാണ് ഇവിടത്തെ വിദ്യാർഥികളെ നശിപ്പിക്കുന്നത്. സാധാരണക്കാരുടെ മക്കളെ വഴിയാധാരമാക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിച്ചേ തീരൂ. എം.ജി.ശശിഭൂഷൺ

സിപിഎമ്മിൽ ജനാധിപത്യമില്ല. സ്റ്റാലിനിസ്റ്റ് രീതി തുടരുന്ന സംഘടനയുടെ പോഷക സംഘടനയായതു കൊണ്ടാണ് എസ്എഫ്ഐ ഈ രീതിയിലായത്. നീചമായ സംഭവങ്ങളുടെ പേരിൽ അവരെ തള്ളിപ്പറയുന്ന നേതാക്കൾ തങ്ങളുടെ മനോഭാവം എന്താണെന്നു പരിശോധിക്കണം.ബി.രാജീവൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com