sections
MORE

അറിഞ്ഞിട്ടും അറിയാത്തവർ, കുലുങ്ങിയ നേതൃത്വം; ജൂബിലിയിൽ വീഴുന്ന ഹൃദയരക്തം

SFI - Representative Image
SHARE

അടുത്ത വർഷം സുവർണജൂബിലി ആഘോഷിക്കുകയാണ്, സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന എസ്എഫ്ഐ. അതിന്റെ വിളംബരഗാനം മുഴങ്ങിത്തുടങ്ങിയിട്ടില്ല. പക്ഷേ ചില ‘വെടിക്കെട്ടുകളാൽ’, സംഘടനയുടെ രൂപീകരണം നടന്ന അതേ തിരുവനന്തപുരം ഇന്നു വിറങ്ങലിച്ചു നിൽക്കുകയാണ്. 

ഭരണവിലാസം സംഘടനയായിരിക്കുമ്പോൾ എസ്എഫ്ഐ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ ക്യാംപെയ്നായി നടപ്പാക്കുന്നതാണ് അവകാശപത്രിക തയാറാക്കലും സമർപ്പണവും. ജൂലൈ 11 ആണ് അവകാശപത്രികാദിനമായി അവർ ആചരിച്ചത്. അന്നുതന്നെ 51 അവകാശങ്ങൾ അടങ്ങിയ രേഖ മുഖ്യമന്ത്രി പിണറായി വിജയനു സെക്രട്ടേറിയറ്റിലെത്തി സമർ‍പ്പിച്ചു. പിറ്റേന്ന് ആ സെക്രട്ടേറിയറ്റിനു സമീപമുള്ള യൂണിവേഴ്സിറ്റി കോളജിൽ സ്വന്തം ചോര എസ്എഫ്ഐക്കാർ വീഴ്ത്തി. അവകാശരേഖാ സമർപ്പണത്തിന്റെ ചിത്രം എസ്എഫ്ഐയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഒരാൾ ചോദിച്ചു –‘ കുത്താനുള്ള അവകാശവും ആവശ്യപ്പെട്ടിരുന്നോ?’

അൻപതാം വർഷത്തിലേക്കു കടക്കുന്ന വിദ്യാർഥിസംഘടന അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധികളിലൊന്നു നേരിടുന്നു. അതുവഴി പാർട്ടിയെയും ഇടതുപക്ഷ പ്രസ്ഥാനത്തെത്തന്നെയും വെട്ടിലാക്കിയിരിക്കുന്നു. യൂണിവേഴ്സിറ്റി കോളജിൽ നിന്നു സെക്രട്ടേറിയറ്റിലേക്ക് അര കിലോമീറ്റർ പോലുമില്ലെങ്കിൽ, പാർട്ടി ആസ്ഥാനമായ എകെജി സെന്ററിലേക്കും ഏറിയാൽ അത്ര തന്നെയാണു ദൂരം. അപ്പോൾ സിപിഎമ്മിനും അതിന്റെ ഭരണനേതൃത്വത്തിനും ഇതൊന്നും ഇതുവരെ അറിഞ്ഞും കേട്ടുമില്ലെന്നു പറഞ്ഞു കൈകഴുകൽ എളുപ്പമല്ല. എസ്എഫ്ഐയെ അവിടെ നയിക്കുന്ന ഒരു വിഭാഗം  അധോലോക സംഘത്തെപ്പോലെയാണു പ്രവർത്തിക്കുന്നത് എന്നറിയാത്തവരല്ല, തലസ്ഥാനത്തെ സിപിഎം ജില്ലാ നേതൃത്വവും. 

 അറിഞ്ഞിട്ടും അറിയാത്തവർ 

അഖിൽ ചന്ദ്രൻ എന്ന എസ്എഫ്ഐക്കാരനായ വിദ്യാർഥിയെ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയും ചേർന്നു കുത്തിപ്പരുക്കേൽപിച്ചതാണ് ഇന്നു കേരളമാകെ ചർച്ച ചെയ്യപ്പെടുന്നത്. എസ്എഫ്ഐക്കാരനെ അതേ എസ്എഫ്ഐക്കാർ ആക്രമിക്കുന്നത് കോളജിൽ ഇതാദ്യമല്ല. സംഘടനയുടെ ജില്ലാ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന അൻസാർ, ജിഷ്ണു, അമ്പാടി എന്നിവരെ മൂന്നു വ്യത്യസ്തസംഭവങ്ങളിലായി ഇതേ സംഘം സമീപകാലത്ത് അതിക്രൂരമായി മർദിച്ചിട്ടുണ്ട്. കഠാര ഉയർന്നില്ലെന്നു മാത്രം. ഇവരെല്ലാംതന്നെ എസ്എഫ്ഐക്കും പാർട്ടി, ജില്ലാ, സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്. യൂണിറ്റ് സെക്രട്ടറിയും രണ്ടാം പ്രതിയുമായ എ.എൻ.നസീമിനെ ഇതിലൊരു സംഭവവുമായി ബന്ധപ്പെട്ട് സംഘടനയിൽനിന്നു നേരത്തേ സസ്പെൻഡ് ചെയ്തതാണ്. 

എസ്എഫ്ഐയുടെ സമീപകാല ജില്ലാ സമ്മേളനങ്ങളിലെല്ലാം യൂണിവേഴ്സിറ്റി കോളജുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്  അതിരൂക്ഷമായ ചർച്ചയ്ക്കും വിമർശനങ്ങൾക്കും വഴിവച്ചത്. നസീമിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമോ എന്ന തർക്കം ഒരു ജില്ലാ സമ്മേളനത്തെത്തന്നെ കലുഷിതമാക്കി. 25 വയസ്സാണ് എസ്എഫ്ഐയിലെ പ്രായപരിധിയെങ്കിലും 28 വയസ്സുള്ള ഇയാളെ ആ നിബന്ധന മറികടന്നു യൂണിറ്റ് ഭാരവാഹിയാക്കാൻ സിപിഎം ജില്ലാ നേതൃത്വംതന്നെ താൽപര്യമെടുത്തു. 

ഇതേ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പീഡനങ്ങളിൽ മനംമടുത്ത് ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി മൂന്നു മാസത്തോളം മുൻപ് പാർട്ടിക്കു പരാതി നൽകിയതാണ്. അഖിലിനു കുത്തേൽക്കുന്നതിന് ഒരാഴ്ചയോളം മുൻപ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കനത്ത സംഘർഷം ഉടലെടുത്തിരുന്നു. അതുണ്ടാക്കിയ ഭയപ്പാടിന്റെ അന്തരീക്ഷം കത്തിക്കുത്തിനു മുൻപുള്ള ദിവസങ്ങളിൽ ക്യാംപസിൽ നിലനിന്നിരുന്നു. ഇതൊന്നും പൊലീസിന്റെ ഇന്റലിജൻസ് വിഭാഗമോ, അതിനെക്കാൾ സൂക്ഷ്മമായി വിവരങ്ങളറിയുന്ന പാർട്ടിയുടെ സംഘടനാ സംവിധാനമോ അറിഞ്ഞില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാകും. 

എന്നിട്ടും, ഇക്കാലമത്രയും പാർട്ടി എന്തുകൊണ്ട് കൈകെട്ടി നിന്നുവെന്നു ചോദിച്ചാൽ ഉത്തരം ലളിതമാണ്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു പഠിക്കാനെത്തുന്നവരിലെ എസ്എഫ്ഐക്കാരെ അവരുടെ ഏരിയകളിലെ സംഘടനാ നേതൃത്വത്തിലേക്കു കൊണ്ടുവരാൻ യൂണിവേഴ്സിറ്റി കോളജിലെ നേതൃത്വം മുൻകയ്യെടുക്കും.

ഏരിയാ നേതാക്കളെല്ലാംതന്നെ ഫലത്തിൽ, കോളജിലെത്തുമ്പോൾ ഇവിടെ യൂണിറ്റിന്റെ കീഴിലും. തലസ്ഥാനത്തെ എസ്എഫ്ഐയുടെ നിയന്ത്രണംതന്നെ അതുവഴി യൂണിവേഴ്സിറ്റി കോളജിലെ സംഘത്തിന്റെ ചൊൽപടിയിലാകുന്നു. സമരങ്ങളുടെയും രാഷ്ട്രീയ ക്യാംപെയ്നുകളുടെയും കേന്ദ്രമായ തലസ്ഥാനത്ത് അതിനെല്ലാം വിദ്യാർഥികളെ ആശ്രയിക്കേണ്ടിവരുന്ന പാർട്ടിക്കു കണ്ണടയ്ക്കേണ്ടിവരുന്നു. 

കുലുങ്ങിയ നേതൃത്വം 

അഖിലിനു കുത്തേറ്റതോടെ എസ്എഫ്ഐക്കാർ തന്നെ നിരത്തിലിറങ്ങിയെങ്കിൽ ആ പ്രതിഷേധം അവിടത്തെ യൂണിറ്റ് കമ്മിറ്റിക്കെതിരെ മാത്രമല്ല. ഈ ക്രിമിനൽസംഘത്തിന് എല്ലാ സംരക്ഷണവും നൽകിവന്ന പാർട്ടിനേതൃത്വത്തെ കൂടിയാണ് അവർ  ചോദ്യംചെയ്തത്. അതോടെ സംസ്ഥാന നേതൃത്വം മാത്രമല്ല, അഖിലേന്ത്യാ നേതൃത്വവും കുലുങ്ങി. അതുകൊണ്ടാണ് പതിവു സംഘടനാരീതികൾ വിട്ട് ഒരു യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടുള്ള പ്രഖ്യാപനം എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായ വി.പി.സാനു നടത്തിയത്. കോളജിനെ മാത്രമല്ല, തൊട്ടുചേർന്നുള്ള യൂണിവേഴ്സിറ്റിയെത്തന്നെ ഇവർ ചൊൽപടിയിലാക്കിയെന്നു പിന്നീടുള്ള സംഭവവികാസങ്ങൾ വ്യക്തമാക്കി. 

പിഎസ്‌സി എന്ന വിശ്വാസ്യതയുടെ ഉരുക്കുകോട്ടയിൽപോലും വിള്ളൽ വീഴ്ത്താൻ മാത്രം ശക്തരാണോ ഇവരും  തലതൊട്ടപ്പന്മാരും എന്ന സംശയം വരെ ഉയർന്നിരിക്കുന്നു. സുതാര്യവും കുറ്റമറ്റതുമായ പരീക്ഷാ നടത്തിപ്പ്, നിയമനങ്ങളിലെ സുതാര്യത എന്നീ രണ്ട് ആവശ്യങ്ങൾക്കായാണ് ഇടതുപക്ഷ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങൾ ഇക്കണ്ട കാലമത്രയും സമരപരമ്പരകൾ തീർത്തത് എന്നോർക്കുമ്പോൾ സങ്കടകരമായ പരിണാമഗുപ്തി. 

യൂണിവേഴ്സിറ്റി കോളജിലുൾപ്പെടെ, ഏതൊക്കെ കലാലയങ്ങളിൽ ഈ തെമ്മാടിക്കൂട്ടമുണ്ടോ അവിടെ നിന്നെല്ലാം ‘കടക്ക് പുറത്ത്’ എന്നു പ്രഖ്യാപിക്കാനുള്ള അവസരമായി ഇതിനെ നേതൃത്വം കാണുമോയെന്നാണ് ഇനി അറിയാനുള്ളത്; അതുവഴി, തലയുയർത്തി അൻപതാം വർഷത്തിലേക്കു കാലൂന്നാൻ എസ്എഫ്ഐക്കു കഴിയുമോ എന്നും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA