sections
MORE

വഴിതെറ്റി ഒഴുകുന്നു അമൃത് പദ്ധതി

SHARE

നഗരമേഖലകളുടെ ആധുനികവൽക്കരണത്തിനു കേന്ദ്രസർക്കാർ ആവിഷ്കരിച്ച അമൃത് പദ്ധതിയിൽ (അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ) കേരളം വെള്ളം ചേർത്തിരിക്കുകയാണ്. ജലവിതരണം, നഗരഗതാഗതം, മലിനജലസംസ്കരണം തുടങ്ങിയവയ്ക്കാണ് ഈ പദ്ധതി വഴി ഉദാരമായ കേന്ദ്രസഹായം ലഭിക്കുക. പദ്ധതി നടപ്പാക്കുന്നതിൽ കേരളം തുടക്കം മുതലേ മെല്ലെപ്പോക്കു നയമാണു സ്വീകരിച്ചുവന്നത്. എന്നാലിപ്പോൾ ഗുരുതരമായ അഴിമതി ആരോപണങ്ങളിലും പദ്ധതി ചെന്നു വീണിരിക്കുകയാണ്.

സംസ്ഥാനത്തെ ഒൻപതു നഗരങ്ങളിൽ മലിനജലസംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനു സ്വീകരിച്ച പ്രാരംഭ നടപടികളാണ് ആരോപണവിധേയമായിരിക്കുന്നത്. ഏഴു നഗരങ്ങളിലെ മാലിന്യസംസ്കരണം സംബന്ധിച്ച കൺസൽറ്റൻസി ഈ മേഖലയിൽ മുൻപരിചയമില്ലാത്ത ഒരു കമ്പനിക്കാണെന്നതു സംശയം ഉണർത്തുന്നു. 

മൊത്തം 639 കോടി രൂപയുടേതാണ് പദ്ധതികൾ. 8 നഗരങ്ങളിലും പദ്ധതി തുടങ്ങിയിട്ടുപോലുമില്ലെങ്കിലും കൺസൽറ്റൻസി ഇനത്തിൽ ജിഎസ്ടി ഉൾപ്പെടെ രണ്ടര കോടി രൂപ നൽകിക്കഴിഞ്ഞതായി മന്ത്രി എ.സി.മൊയ്തീൻ തന്നെ നിയമസഭയിൽ വ്യക്തമാക്കി. സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും എല്ലാം തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നുമാണ് മന്ത്രിയുടെ നിലപാട്. എന്നാൽ, കോഴിക്കോട് കോർപറേഷൻ മേയറുടെ പ്രതികരണം സർക്കാരിനെ വെട്ടിലാക്കുന്നു. ശുചിത്വമിഷൻ വഴി കൺസൽറ്റൻസികളുടെ പട്ടിക തയാറാക്കി നൽകിയതു സ്വീകരിക്കാൻ മാത്രമേ, തദ്ദേശ സ്ഥാപനങ്ങൾക്കു കഴിയുമായിരുന്നുള്ളൂവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 

മേയർ അങ്ങനെ പറഞ്ഞതു തള്ളിക്കളയാവുന്നതല്ല. അമൃത് പദ്ധതിക്കായി കേന്ദ്രസർക്കാർ തന്നെ ‘വാപ്കോസ്’ എന്ന കൺസൽറ്റൻസിയുടെ സേവനം സൗജന്യമായി വാഗ്ദാനം ചെയ്തിരിക്കുമ്പോഴാണ് കേരളം മറിച്ചുചിന്തിച്ചത്. 2015 നവംബറിൽ ആരംഭിച്ച പദ്ധതികളിൽ, കൺസൽറ്റൻസി സംബന്ധിച്ച് ഒരു തീരുമാനവും കൈക്കൊള്ളാതെ ഒന്നര വർഷത്തോളം തള്ളിനീക്കുകയും 2017 ഫെബ്രുവരിയിൽ ശുചിത്വമിഷൻ വഴി തിടുക്കത്തിൽ കൺസൽറ്റൻസികളുടെ പാനൽ തയാറാക്കുകയും ചെയ്തതിൽ ദുരൂഹതയുണ്ട്.

മാത്രമല്ല, അമൃത് പദ്ധതിക്കായി കേന്ദ്രം നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങൾ ശുചിത്വമിഷൻ പാടേ പൊളിച്ചെഴുതി. പട്ടികയിലേക്ക് അർഹത നേടാൻ കമ്പനിക്കു വേണ്ട വാർഷിക വിറ്റുവരവ് പകുതിയാക്കി കുറച്ചു. കമ്പനികൾ പൂർത്തിയാക്കിയ പദ്ധതികളുടെ പരിശോധന അട്ടിമറിക്കുകയും ചെയ്തു. വൻകിട നഗരങ്ങളിലെ മലിനജല സംസ്കരണ പ്ലാന്റുകളുടെ പദ്ധതിരേഖ തയാറാക്കുന്നതിനു വേണ്ട മുൻപരിചയവും നിശ്ചയിച്ചില്ല. ഫ്ലാറ്റുകളിലെയും കോളനികളിലെയും മലിനജല പ്ലാന്റുകൾ മാത്രം നിർമിച്ചു പരിചയമുള്ള കമ്പനികളാണ് പാനലിൽ കയറിക്കൂടിയതെന്നാണ് ആരോപണം. ഇതെല്ലാം ആർക്കുവേണ്ടിയായിരുന്നു എന്ന ചോദ്യം സ്വാഭാവികമായും ഉദിക്കുന്നു. 

മുൻപരിചയമില്ലാത്ത കമ്പനിക്ക് 10 മാർക്കും യോഗ്യതയുള്ള കമ്പനിക്ക് പൂജ്യം മാർക്കും നൽകിയതു പരിശോധിക്കുമ്പോൾ സംശയങ്ങൾ അസ്ഥാനത്തല്ലെന്നു ബോധ്യമാവും. ടെൻഡർ ലഭിച്ച കമ്പനിയുടെ വാർഷിക വിറ്റുവരവ് പലയിടത്തും പലതായി കാണിച്ചിരിക്കുന്നതും ദുരൂഹമാണ്. കണ്ണൂർ, കോഴിക്കോട്, പാലക്കാട് നഗരസഭകളിൽ ഇവർ സമർപ്പിച്ച ടെൻഡ‍റുകളിൽ പൂർത്തിയാക്കിയ ഒരു പദ്ധതി പോലും ഇല്ലെന്നതും ചോദ്യമായി അവശേഷിക്കുന്നു. പിന്നെങ്ങനെ ഇതേ കമ്പനിക്ക് വീണ്ടും വീണ്ടും കരാറുകൾ ലഭിച്ചു എന്നതിലെ സംശയങ്ങൾ ദൂരീകരിക്കാനുള്ള ചുമതല സർക്കാരിനു തന്നെയാണ്. 

ശുചിത്വമിഷൻ ഇതിനിടെ നിലവിലെ കൺസൽറ്റൻസി പാനൽ റദ്ദാക്കിയിട്ടുണ്ട്. യഥാർഥ യോഗ്യതയുള്ളവരെ മാത്രമേ ഇനി തിരഞ്ഞെടുക്കുകയുള്ളൂ എന്നു ഡയറക്ടർ പറയുമ്പോൾ, ഇതുവരെ പട്ടികയിൽ ഉണ്ടായിരുന്ന കമ്പനികൾക്ക് അതില്ലായിരുന്നോ എന്ന ചോദ്യവും ഉയരുന്നു. ഓരോ കരാറും സംബന്ധിച്ച ഫയലുകൾ പരിശോധിക്കുമ്പോൾ ഉന്നതതല ഇടപെടലുകളെക്കുറിച്ചുള്ള സംശയം വർധിക്കുന്നതേയുള്ളൂ. 2015ൽ തുടങ്ങിയ പദ്ധതി അടുത്ത മാർച്ചിൽ പൂർത്തിയാക്കേണ്ടതാണ്. അടുത്ത വർഷം തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ കേരളത്തിൽ ഒരു പദ്ധതി പോലും സമയത്തിനു പൂർത്തിയാവില്ലെന്നു വ്യക്തം.

പദ്ധതി കാലാവധി ദീർഘിപ്പിച്ചു നൽകാനോ പുതിയ രൂപത്തിൽ തുടരാനോ കേന്ദ്രം അനുവദിച്ചില്ലെങ്കിൽ, മാലിന്യനിർമാർജനം ഫലപ്രദമാക്കാൻ കേരളത്തിനു ലഭിച്ച സുവർണാവസരമാവും പാഴാവുന്നത്. കേന്ദ്രസഹായത്തിലും കടിഞ്ഞാൺ വീഴും. കൺസൽറ്റൻസിയെ ചൂഴ്ന്നുനിൽക്കുന്ന ദുരൂഹതയും കെട്ടുപാടുകളും അഴിക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഗൗരവമുള്ള പരിശോധനയിലൂടെ മാത്രമേ അതിനു സാധിക്കുകയുമുള്ളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA