ADVERTISEMENT

ജരാനരകൾ ബാധിക്കാത്ത ഒരേയൊരു ജനുസ്സേ ലോകത്തുള്ളൂ. അത് ഇന്ത്യയിൽ മാത്രമാണു കാണപ്പെടുന്നത്. ഈ ജീവിവർഗം വംശനാശ ഭീഷണി നേരിടുകയാണെന്നു പ്രത്യേകം പറയേണ്ടതില്ല. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ റെഡ് ഡേറ്റ ബുക്കിൽ ഇടംപിടിച്ച ഈ ജനുസ്സിന്റെ പേർ കോൺഗ്രസ് എന്നാണ്. 

നല്ല ഹെയർ ഡൈകൾ വിപണിയിൽ സുലഭമായതു കൊണ്ടു നരയും, മികച്ച രീതിയിൽ ഫേഷ്യൽ ചെയ്യുന്ന ബ്യൂട്ടി പാർലറുകൾ നാട്ടിൻപുറത്തും നഗരങ്ങളിലും ഇഷ്ടം പോലെയുള്ളതിനാൽ ജരയും കോൺഗ്രസുകാരെ  ബാധിക്കില്ലെന്നാണു മാർക്കറ്റ് റിസർച് ശീലമാക്കിയവരുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

പാർട്ടിക്കുവേണ്ടി ഒട്ടേറെക്കാലം അത്യധ്വാനം ചെയ്തു ക്ഷീണിച്ചവർ അൽപകാലത്തേക്കു കളിക്കളത്തിൽനിന്നു മാറിനിന്നു വിശ്രമിക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത്. എന്നുവച്ച് ഒരു കോൺഗ്രസുകാരനും ഭയപ്പെടേണ്ടതില്ലെന്ന ഉറപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. കായകൽപ ചികിൽസ നടത്തി നവയൗവനം വീണ്ടെടുത്താൽ പൂർവാധികം ശക്തിയോടെ പാർട്ടി നേതൃത്വത്തിൽ തിരിച്ചുവരാമെന്നാണു വാഗ്ദാനം. 

വിരമിക്കാനുള്ള പ്രായം എത്രയാണെന്നു കോൺഗ്രസ് ഭരണഘടനയിൽ ഒരിടത്തും പറഞ്ഞിട്ടില്ല. വിരമിച്ചാൽ പെൻഷൻ, ഗ്രാറ്റ്വിറ്റി, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുമോ എന്നതു സ്വാഭാവികമായും വ്യക്തമാക്കിയിട്ടുമില്ല. കോൺഗ്രസുകാരും വീഞ്ഞും ഒരുപോലെയാണ്. പഴകുന്തോറും വീര്യം കൂടും. 90 കഴിയുമ്പോഴാണു കോൺഗ്രസുകാർ കൗമാരം പൂർത്തിയാക്കുന്നത്. അതായതു മറ്റുള്ളവരുടെ ‍ടീനേജ് നയന്റീനിൽ തീരുമ്പോൾ കോൺഗ്രസുകാർക്ക് അത് നയന്റിയിലാണ്. 

പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചു ക്ഷീണിച്ചവർ അൽപകാലത്തേക്കു വിശ്രമമെടുക്കണമെന്നു പറയുന്ന മുല്ലപ്പള്ളിക്കു കേരളത്തിലെ കോൺഗ്രസുകാരെ ശരിക്കും അറിയില്ലെന്നു തോന്നുന്നു. എങ്ങനെ അറിയാനാണ്? അദ്ദേഹം ഏറെക്കാലം ഡൽഹിയിൽ പാർട്ടിക്കുവേണ്ടി അത്യധ്വാനം ചെയ്യുകയായിരുന്നില്ലേ? ഡൽഹി ദർബാറിൽ വറക്കലും പൊരിക്കലും തകൃതിയായി നടന്നിരുന്ന അക്കാലത്തൊന്നും അദ്ദേഹത്തിന് ഒരു ക്ഷീണവും തോന്നിയിട്ടില്ല. വറക്കലും പൊരിക്കലും കഴിഞ്ഞു കണക്കു നോക്കുമ്പോൾ കരച്ചിലും പിഴിച്ചിലും തുടങ്ങുന്ന ഘട്ടമായപ്പോഴാണു മുല്ലപ്പള്ളിജി ഡൽഹിയിൽ നിന്നു പെട്ടിയും വട്ടിയുമെടുത്തു തിരുവനന്തപുരത്തേക്കു വന്നത്. 

അതോടെ അദ്ദേഹത്തിനു വീണ്ടും യൗവനം തിരിച്ചുകിട്ടി. ഇനിയിപ്പോൾ കേരളത്തിൽ പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചവർക്ക് അൽപകാലത്തേക്കു വിശ്രമം വിധിക്കാനുള്ള സമയമായി. റിസർവ് ബെഞ്ചിലിരുന്ന്, കളിക്കാൻ ചുരമാന്തുന്ന സപ്തതി ആഘോഷിച്ച യുവാക്കൾ കോൺഗ്രസിൽ ഒട്ടേറെയുണ്ട്. സപ്തതി ആഘോഷിച്ചെങ്കിലും കെഎസ്‍‌യു, യൂത്ത് കോൺഗ്രസ്, ജവാഹർ ബാലവേദി എന്നിവയിലെ സജീവ സാന്നിധ്യങ്ങളാണ് അവരെല്ലാം. അവർക്കും ഒരു അവസരം നൽകണമെന്നു യഥാർഥ യുവാവായ മുല്ലപ്പള്ളി ആഗ്രഹിച്ചതിൽ ഒരു തെറ്റുമില്ല. 

എന്നാൽ കോൺഗ്രസുകാരുടെ അധ്വാനശേഷിയെ കുറച്ചുകാണുന്നത് ഒരു കെപിസിസി പ്രസിഡന്റിനും ഭൂഷണമല്ല. ആരോഗ്യപ്പച്ചയാണു കോൺഗ്രസുകാരുടെ അധ്വാനശേഷിയുടെ അടിസ്ഥാനം. കാണിക്കാരും ശാസ്ത്രജ്ഞരും ചേർന്ന് ആരോഗ്യപ്പച്ചയുടെ ഗുണം കണ്ടെത്തുന്നതിന് എത്രയോ മുമ്പു തന്നെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആരോഗ്യപ്പച്ച ചവയ്ക്കുന്നതു ശീലമാക്കിയിരുന്നു. അതുകൊണ്ടാണ് അവരുടെ കൗമാരം 90 വയസ്സുവരെ നീളുന്നത്. സത്യത്തിൽ അവർ കർമനിരതരാകുന്നത് അതിനു ശേഷമാണ്. ഇക്കണക്കിനു നോക്കിയാൽ മുല്ലപ്പള്ളിക്കു കൗമാരം കടക്കാൻ കുറെക്കാലമെടുക്കും. അത്രയും കാലമെങ്കിലും അദ്ദേഹം അടുത്തൂൺ പറ്റരുത്.

ബാധയൊഴിപ്പിച്ചു; പിന്നാലെ സ്ഥലംമാറ്റ ബഹുമതി

ഒറ്റപ്പാലം നഗരസഭാ ഓഫിസിൽ കുട്ടിച്ചാത്തന്റെ ശല്യം തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. പറയുന്നതു സേവക്കാരാണെന്നു തെറ്റിദ്ധരിച്ച് അവിശ്വസിക്കേണ്ടതില്ല. ഓഫിസിൽ മേൽപടി ഉപദ്രവമുണ്ടെന്നു സിപിഎം ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റികൾ ഏകകണ്ഠമായി വിലിയിരുത്തിയതാണ്. 

ഒരു വർഷത്തിനിടയിൽ നഗരസഭാ ഓഫിസിൽ ഈ ഉപദ്രവം നേരിടേണ്ടി വന്നത് ഒന്നും രണ്ടും പേർക്കല്ല. ചോറുകലത്തിൽ മുടിക്കെട്ട് ഇടുക, അച്ചാർ കുപ്പി ആകാശത്തുകൂടി പറപ്പിക്കുക തുടങ്ങിയ സാമ്പ്രദായിക കലാപരിപാടികളിലൊന്നും നഗരസഭാ ബാധയ്ക്കു വലിയ താൽപര്യമില്ല. റിസർവ് ബാങ്ക് ഗവർണർ ഒപ്പുവച്ച ഗാന്ധിത്തലയുള്ള കടലാസുകളിലാണു കണ്ണ്. അവ എവിടെക്കണ്ടാലും ശേഖരിക്കും. അതിലപ്പുറമുള്ള ശല്യമൊന്നും ഇല്ല. 

21 പേർക്കാണ് ഈ ഓഫിസിൽ വച്ചു കൈവശമുണ്ടായിരുന്ന ഗാന്ധിത്തലയുള്ള കടലാസുകൾ നഷ്ടപ്പെട്ടത്. 

കളിച്ചുകളിച്ചു നഗരസഭാ സ്ഥിരംസമിതി അധ്യക്ഷയുടെ ബാഗിൽ കൈവച്ചപ്പോഴാണു പാർട്ടി പ്രശ്നം ഗൗരവമായി എടുത്തത്. പൊതുമരാമത്തു സ്ഥിരം സമിതി അധ്യക്ഷയുടെ ബാഗിൽ ഉണ്ടായിരുന്ന ഗാന്ധിത്തലയുള്ള കടലാസുകൾ മൊത്തത്തിൽ തൂത്തുവാരി. ഒന്നും രണ്ടുമല്ല, രൂഭാ 38,000 ആണു സമാഹരിച്ചത്. അതോടെ ബാധയെ അടുത്തുള്ള ഏതെങ്കിലും കാഞ്ഞിരത്തിലോ പുളിയിലോ ആണിയടിച്ചു തളയ്ക്കാൻ പാർട്ടി തലത്തിൽ തീരുമാനമായി. 

ബാധ അതിരു കടന്നപ്പോൾ ഏതെങ്കിലും മഠത്തിൽ പോയി ചാർത്തുവാങ്ങി ഒഴിപ്പിക്കാമെന്നാണു പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റി ആദ്യം തീരുമാനിച്ചത്. എന്നാൽ ഏതെങ്കിലും ജില്ലാ കമ്മിറ്റി അംഗം ഇതിനായി തൃശൂരിൽ നിന്ന് ഇരിങ്ങാലക്കുടയ്ക്കുള്ള ബസിൽ കയറി രാജാ ടിംബർ കമ്പനി സ്റ്റോപ്പിലേക്കു ടിക്കറ്റ് എടുക്കും മുമ്പ് ‘സിപിഎം ചാത്തൻസേവ തുടങ്ങി’ എന്നു ചാനലുകൾ ബ്രെയ്ക്കിങ് ന്യൂസ് സ്ക്രോൾ ചെയ്തു തുടങ്ങും. ഈ പേടി കൊണ്ടാണു ആ സേവനം വേണ്ടെന്നുവച്ചത്. 

എങ്കിൽ പിന്നെ സർക്കാരിന്റെ ഔദ്യോഗിക കേന്ദ്രമായ പൊലീസ് സ്റ്റേഷനെ സമീപിക്കാൻ തീരുമാനമായി. പേരുകേട്ട സേവക്കാരനായ സ്ഥലം എസ്ഐയുടെ നേതൃത്വത്തിൽ നടത്തിയ മഷിനോട്ടത്തിൽ തെളിഞ്ഞതു നഗരസഭയിലെ മറ്റൊരു സ്ഥിരം സമിതി അധ്യക്ഷയുടെ മുഖം. സംശയം തോന്നിയ എസ്ഐ ഒന്നുകൂടി വെറ്റിലയിൽ മഷിയിട്ടു നോക്കി. അതെ, വിദ്യാഭ്യാസ, കലാ–കായിക സ്ഥിരം സമിതി അധ്യക്ഷ തന്നെ. അവരും കറതീർന്ന പാർട്ടിക്കാരി തന്നെ. 

പക്ഷേ ബാധ ഒഴിപ്പിക്കണമെന്നാണു പാർട്ടിയുടെ കല്ലേപ്പിളർക്കുന്ന കൽപന. അതുകൊണ്ടു  ബാധയെ കസ്റ്റഡിയിലെടുത്തു ക്വസ്റ്റ്യൻ ചെയ്തു. നെടുങ്കണ്ടം മാതൃകയിൽ ഉരുട്ടും കാന്താരി പ്രയോഗവുമൊന്നും വേണ്ടിവന്നില്ല. മണിമണി പോലെ കാര്യങ്ങൾ സമ്മതിച്ചു. പിന്നെ അറസ്റ്റായി, കേസായി, പൊല്ലാപ്പായി. ഒടുവിൽ പാർട്ടിയിൽ നിന്നു പുറത്തുമായി. 

ബാധയെ കയ്യോടെ പിടികൂടിയതിനു പട്ടുംവളയും പ്രതീക്ഷിച്ചിരുന്ന എസ്ഐക്കു ഭാരതരത്നയ്ക്കു തുല്യമായ ബഹുമതിയാണു കിട്ടിയത്. നേരത്തോടുനേരം കഴിയും മുമ്പു തന്നെ സ്ഥലംമാറ്റം. സേവാമഠം തൽക്കാലം ഒറ്റപ്പാലത്തു നിന്നു പാലക്കാട് എസ്പി ഓഫിസിലേക്കു മാറ്റാനും ട്രാൻസ്ഫർ ഓർഡറിൽ പറഞ്ഞിട്ടുണ്ട്. മന്ത്രവാദിയുടെ സേവനം ജില്ലാ അടിസ്ഥാനത്തിൽ ലഭ്യമാക്കാൻ വേണ്ടിയാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com