ADVERTISEMENT

ജനാധിപത്യത്തിന്റെ പുതിയ പരീക്ഷണശാലയെന്നു കർണാടകയെ ജനം വാഴ്ത്തിയിരുന്നു, 14 മാസം മുൻപ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്താൻ, അന്നുവരെ പരസ്പരം പൊരുതിയ കോൺഗ്രസും ജനതാദളും (എസ്) തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ കൈകോർത്തു.

ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ മേയ് 17നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും മറുവശത്തെ സഖ്യനീക്കത്തിൽ അടിപതറി. വിശ്വാസവോട്ട് ലക്ഷ്യമിട്ട് റിസോർട്ട് നാടകങ്ങളും വിലപേശലുകളും അരങ്ങേറിയെങ്കിലും സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ നിൽക്കാതെ രാജിവച്ചു.  അധികാരത്തിൽ വെറും 55 മണിക്കൂർ. വിശാല പ്രതിപക്ഷ ഐക്യത്തിന്റെ തുടക്കം കർണാടകയിൽ ആഘോഷമായി. പ്രതിപക്ഷ നേതാക്കളുടെ സംഗമം കൂടിയായി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്.

37 സീറ്റുള്ള ദളിന് 80 സീറ്റുള്ള കോൺഗ്രസ് മുഖ്യമന്ത്രിപദം നൽകിയത് സഖ്യരാഷ്ട്രീയത്തിലെ വലിയ വിട്ടുവീഴ്ചയായി വാഴ്ത്തപ്പെട്ടു. എന്നാൽ, എഐസിസി തീരുമാനത്തെ മുതിർന്ന നേതാക്കൾ സ്വാഗതം ചെയ്തെങ്കിലും കോൺഗ്രസ് അണികളിലും പ്രാദേശിക നേതാക്കളിലും അന്നേ അതൃപ്തി പുകഞ്ഞുതുടങ്ങി. കഴിഞ്ഞ കോൺഗ്രസ് സർക്കാരിൽ മന്ത്രിമാരായിരുന്ന മുതിർന്ന നേതാക്കളിൽ പലർക്കും സഖ്യസർക്കാരിൽ അവസരം ലഭിച്ചില്ല. ബോർഡ്, കോർപറേഷൻ തലപ്പത്തെ നിയമനങ്ങൾ വൈകിയപ്പോഴും ഭിന്നതയേറി.

ഗുമസ്തനെപ്പോലെയാണു സഖ്യസർക്കാരിനെ നയിക്കുന്നതെന്ന് ഇതിനിടെ കുമാരസ്വാമി പരസ്യമായി വിലപിച്ചു. സർക്കാർ വീഴുമെന്നും താൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസ് സഭാ നേതാവ് സിദ്ധരാമയ്യ പറഞ്ഞതോടെ അകൽച്ച കൂടി. ഭരണം തകരാതിരിക്കാൻ എഐസിസി നേതൃത്വം ദളുമായി നേരിട്ടു ചർച്ച നടത്തി. അതിനിടെയാണ്, രമേഷ് ജാർക്കിഹോളി കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയത്.

ഇക്കൊല്ലം ഫെബ്രുവരിയിൽ ബജറ്റ് സമ്മേളനത്തിനിടെ തന്നെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി പിന്തുണയോടെ രമേഷും ഏതാനും എംഎൽഎമാരും മുംബൈയിലെ ഹോട്ടലിലേക്കു മാറി. ഇതോടെ കോൺഗ്രസ് എംഎൽഎമാരെയും റിസോർട്ടിലേക്കു മാറ്റി. എന്നാൽ, എംഎൽഎയ്ക്കു യെഡിയൂരപ്പ 20 കോടി രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്തുവന്നതോടെ തൽക്കാലം ബിജെപി പിൻവാങ്ങി.

ഭിന്നത മറച്ചുവച്ച്, ബിജെപിക്കെതിരെ കോൺഗ്രസും ദളും കൈകോർത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പോരിനിറങ്ങിയെങ്കിലും  അണികൾ പല മണ്ഡലങ്ങളിലും ഇടഞ്ഞു. കുമാരസ്വാമിയുടെ മകൻ നിഖിൽ മത്സരിച്ച മണ്ഡ്യയിൽ സ്വതന്ത്രസ്ഥാനാർഥി സുമലതയ്ക്കു കോൺഗ്രസ് പ്രാദേശിക നേതാക്കൾ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. ഇരു കക്ഷികളും തമ്മിലുള്ള അനൈക്യം മറ്റു മണ്ഡലങ്ങളിലും പ്രകടമായി. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡ, മല്ലികാർജുൻ ഖർഗെ തുടങ്ങിയ വൻമരങ്ങളെല്ലാം വീണു. കോൺഗ്രസിനും ദളിനും കിട്ടിയത് ഓരോ സീറ്റ് മാത്രം.

ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻവിജയത്തിന്റെ ആത്മവിശ്വാസത്തിൽ ബിജെപി ‘ഓപ്പറേഷൻ താമര’നീക്കങ്ങൾ ശക്തിപ്പെടുത്തി. തുടർന്നാണ് വിമതരെ വിലയ്ക്കെടുത്തതും സർക്കാരിനെ വീഴ്ത്തിയതും. വിമതരെ മുംബൈയിൽ തളയ്ക്കാൻ കേന്ദ്ര, മഹാരാഷ്ട്ര സർക്കാരുകളുടെ സഹായവും സംസ്ഥാന ബിജെപിക്കു ലഭിച്ചു. 

മാസങ്ങൾക്കിടെ കൂറുമാറ്റം പലവട്ടം

കെപിജെപി എംഎൽഎ ആർ.ശങ്കറും സ്വതന്ത്രൻ എച്ച്.നാഗേഷും ആദ്യം സഖ്യസർക്കാരിനെ പിന്തുണച്ചെങ്കിലും മന്ത്രിപദം നഷ്ടമായതോടെ ബിജെപി പക്ഷത്തേക്കു ചാഞ്ഞു. വീണ്ടും മന്ത്രിസ്ഥാനം നൽകിയപ്പോൾ തിരിച്ചു സർക്കാർ പക്ഷത്തേക്ക്. സർക്കാർ വീഴുമെന്നായതോടെ പിന്നെയും പിന്തുണ പിൻവലിച്ചു ബിജെപിക്ക് ഒപ്പം. മന്ത്രിസ്ഥാനം ആര് നൽകുന്നുവോ അവർക്കൊപ്പം നിൽക്കുമെന്ന് ഇരുവരും പറയുകയും ചെയ്തു. കോൺഗ്രസ് സഹായത്തോടെയാണു നാഗേഷ് എംഎൽഎ ആയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com