sections
MORE

അടിത്തറ കാക്കാൻ ഗൃഹസമ്പർക്കം

keraleeyam
SHARE

കമ്യൂണിസ്റ്റ് പാർട്ടികൾക്കുണ്ടായ വൻ തിരിച്ചടിക്കു കാരണം, ഒരു വിഭാഗം ആരോപിക്കുംപോലെ ‘ദൈവശാപ’മാണെന്നു സമ്മതിക്കുക അവരെ സംബന്ധിച്ചിടത്തോളം അചിന്ത്യം. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് ‘ശബരിമല’യിൽ പിഴച്ചുവെന്നു സിപിഎമ്മിനു വിലപിക്കാതെ വയ്യ.

തെറ്റുകൾ ഏറ്റുപറയാനും ജനത്തെ വിശ്വാസത്തിലെടുക്കാനും പാർട്ടിയാകെ വീടുകളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ ഗൃഹസമ്പർക്ക യജ്ഞത്തിനു നേതൃത്വം കൊടുക്കുന്നു. ഇതു സാധാരണമല്ല. അസാധാരണമായ തിരിച്ചടിക്ക് അസാധാരണമായ പരിഹാരവും വേണ്ടിവരുമെന്ന് പാർട്ടി മാത്രമല്ല, പോഷക സംഘടനകളൊക്കെയും തിരിച്ചറിയുന്നു. 

കോടിയേരിയും കൂട്ടരും ഗൃഹസന്ദർശനത്തിന് ഇറങ്ങുന്നതിന്റെ തൊട്ടുതലേന്നാണ് സിഐടിയു ജനറൽ കൗൺസിൽ തലസ്ഥാനത്തു സമാപിച്ചത്. സമ്മേളനം അംഗീകരിച്ച റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: ‘ശബരിമല പ്രശ്നത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യസ്ഥമായ സർക്കാരിന്റെ നിലപാടിനെ വിശ്വാസികൾക്കെതിരായ നടപടിയെന്നു ചിത്രീകരിച്ചു നടത്തിയ പ്രചാരവേലകൾക്ക്, ഒരുവിഭാഗത്തെ എൽഡിഎഫിനെതിരെ അണിനിരത്താനും ഇടതുവോട്ടുകളിൽ ചെറിയ വിഭാഗത്തെ എതിരാക്കാനും സാധിച്ചു’. 

ഇതേ റിപ്പോർട്ടിന്റെ മറ്റൊരു പേജിൽ ശബരിമലയിലെ വസ്തുതകൾ ബോധ്യപ്പെടുത്താൻ സിഐടിയു സംഘടിപ്പിച്ച തൊഴിലാളി കൂട്ടായ്മയിലെ പങ്കാളിത്തത്തെക്കുറിച്ച് ആവേശപൂർവം ഉദ്ധരിച്ചിട്ടുണ്ട്. പക്ഷേ, സിഐടിയു അംഗങ്ങളിൽത്തന്നെ ചിലരും അവരുടെ കുടുംബാംഗങ്ങളും ഇത്തവണ ഇടതിനെതിരെ വോട്ട് ചെയ്തുവെന്നു വേണം കരുതാൻ. പാർട്ടി അംഗങ്ങളുടെയും പോഷക സംഘടനകളിൽപെട്ടവരുടെയും മുഴുവൻ വോട്ടുകളും കിട്ടിയിരുന്നെങ്കിൽ ഇത്തരമൊരു പരാജയം ഉണ്ടാകില്ലായിരുന്നു എന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്.

എന്തുകൊണ്ട്  ഈ വഴി?

ഈ വൈതരണി മറികടക്കാനുള്ള പ്രക്രിയയുടെ തുടക്കമെന്ന നിലയിലാണു സ്ത്രീകളെയടക്കം കാണാനുള്ള ഗൃഹസമ്പർക്കം. തോൽവി ചർച്ച ചെയ്യാൻ ചേർ‍ന്ന കേന്ദ്ര, സംസ്ഥാന, ലോക്സഭാ കമ്മിറ്റികളിലെല്ലാം തന്നെ ഉയർന്ന വികാരം, ശബരിമലയിലെ സർക്കാർ ലൈനിൽ പിഴവു പറ്റി എന്നതായിരുന്നു. ഇടതുകോട്ടയായ ആറ്റിങ്ങൽ കൈവിട്ടതു ചർച്ച ചെയ്ത ലോക്സഭാ മണ്ഡലം കമ്മിറ്റിയിൽ, മുഖ്യമന്ത്രിയെ തിരുത്താൻ സംസ്ഥാന കമ്മിറ്റിക്കു ധൈര്യമില്ലേ എന്ന ചോദ്യംവരെ ഉയർന്നു. 

കോടതിവിധി നടപ്പാക്കാനുള്ള സർക്കാരിന്റെ ബാധ്യത എന്നതു രാഷ്ട്രീയമായി സാങ്കേതികപ്രശ്നം മാത്രമാണ്. അക്കാര്യത്തിലൊന്നും ആർക്കും വിയോജിപ്പില്ല. വിധി നടപ്പാക്കുന്ന, അല്ലെങ്കിൽ നടപ്പാക്കിയ രീതിയാണു വിലയിരുത്തപ്പെടേണ്ടത്. അതിൽ പിഴവു പറ്റി, അല്ലെങ്കിൽ വീഴ്ച പറ്റിയതായി മാധ്യമങ്ങളും  എതിരാളികളും ചിത്രീകരിച്ചു എന്നൊക്കെ പല സ്വരങ്ങളിൽ ചൂണ്ടിക്കാട്ടിയവരുണ്ട്. 

സിപിഎമ്മിനു വോട്ട് ചെയ്തുവന്ന ഭൂരിപക്ഷവിഭാഗത്തിലെ ഒരു വലിയ ശതമാനം ആളുകൾ എതിർത്തു വോട്ട് ചെയ്യാൻ ശബരിമല വഴിവച്ചുവെന്നതാണ് ആകെത്തുക. 55 ശതമാനത്തോളം വരുന്ന ഭൂരിപക്ഷവിഭാഗത്തിന്റെ പിന്തുണയാണ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് അടിത്തറ. പാർട്ടി അംഗസംഖ്യയെടുത്താൽ, 80 ശതമാനവും ഭൂരിപക്ഷ വിഭാഗത്തിലുള്ളവരാണ് (മുസ്‌ലിം വിഭാഗം – 10.39%, ക്രൈസ്തവ വിഭാഗം – 9.66%). അവരുടെ വോട്ട് വരെ ചോർന്നുവെന്നാണു നിഗമനം. ഇങ്ങനെ ‘തെറ്റിദ്ധരിച്ചവരെ’ തിരിച്ചുകൊണ്ടുവരണമെന്ന കേന്ദ്ര കമ്മിറ്റിയുടെ  ആഹ്വാനത്തിനു തന്നെ പ്രസക്തിയുണ്ട്. അവർ മറുപക്ഷത്തുതന്നെ തുടരുകയാണെന്ന യാഥാർഥ്യം, തിരിച്ചുകൊണ്ടുവരണമെന്ന നിർദേശത്തിലടങ്ങുന്നു. 

വിശ്വാസികളുടെ തെറ്റിദ്ധാരണ അകറ്റാനുള്ള ശ്രമം വിജയിച്ചാൽ മാത്രമേ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ പ്രതീക്ഷയ്ക്കു വകയുള്ളൂ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെപ്പോലെ തുറന്നുപറയുന്നവർ കുറവാണെങ്കിലും വസ്തുത മറ്റൊന്നല്ല.

അപ്പോൾ  മുഖ്യമന്ത്രിയോ? 

അപ്പോൾ ശബരിമലയിലെ കരണംമറിച്ചിൽ പൂ ർണമായോ എന്നു ചോദിച്ചാൽ, കോടിയേരിയുടെ ഒരു പ്രതികരണം പ്രസക്തമാണ്: ‘ശബരിമല ഇപ്പോൾ പൂർണമായും പഴയ നിലയിലാണ്. അവിടെ പ്രശ്നങ്ങളൊന്നുമില്ല’. തന്നെയും സർക്കാരിനെയും തെല്ലും നോവിക്കാതെയാണെങ്കിലും പാർട്ടി സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ കുമ്പസാരങ്ങളുടെ ലാക്ക് അറിയാത്തയാളല്ല പിണറായി വിജയൻ. ‘ശബരിമലയൊന്നും തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചിട്ടില്ല’ എന്ന ജനവിധിക്കു ശേഷമുള്ള പ്രതികരണം തിരുത്താൻ അദ്ദേഹം തയാറായിട്ടില്ല. നവോത്ഥാന സംരക്ഷണസമിതിയുടെ യോഗം വിളിച്ച് ആ പ്രവർത്തനങ്ങളിൽനിന്നു പിന്നോട്ടില്ലെന്ന സൂചനയും മുഖ്യമന്ത്രി നൽകിക്കഴിഞ്ഞു. 

കേരളീയ സമൂഹത്തെ സാമുദായികമായി വിഭജിക്കാൻ പാർട്ടിയും സർക്കാരും ശ്രമിച്ചുവെന്ന വിമർശനം സിപിഎമ്മിനകത്ത് ഉയർന്നിട്ടും പിണറായി കുലുങ്ങിയിട്ടില്ല. ആയുർവേദ ചികിത്സയിലായതിനാൽ ഗൃഹസമ്പർക്കത്തിനും അദ്ദേഹമില്ല. എൻഎസ്എസ് പറഞ്ഞാൽ നായർ സമുദായം കേൾക്കില്ലെന്നു വെല്ലുവിളിച്ച എൽഡിഎഫ് കൺവീനർ എ.വിജയരാഘവനു തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകാമെന്നു തിരിച്ചടിക്കുകയും അതിനു സാധിച്ചെന്ന ചാരിതാർഥ്യത്തിലിരിക്കുകയും ചെയ്യുന്ന ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ എങ്ങനെ അനുനയിപ്പിക്കാൻ കഴിയുമെന്നതിന് ഉത്തരമായിട്ടുമില്ല. 

സെപ്റ്റംബർ 28ലെ യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമോ വേണ്ടയോ എന്നതിൽ ഫെബ്രുവരി 6ന് സുപ്രീം കോടതിയിൽ വാദം പൂർത്തിയായിട്ടും വിധി നീണ്ടുപോകുന്നത് ആകാംക്ഷയുണർത്തുന്നു. ഹർജികൾ തള്ളിയാൽ യുവതീപ്രവേശം വീണ്ടും പൂർണ അർഥത്തിൽ സാധുവാകും, വിഷയം സജീവമാകും. പുനഃപരിശോധന അനുവദിച്ചാൽ രാഷ്ട്രീയവിവാദങ്ങൾക്കു താൽക്കാലിക ശമനവുമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA