ADVERTISEMENT

ഗുജറാത്തിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ബിജെപി സർക്കാരിന്റെ കടുത്ത വിമർശകനുമായ സഞ്ജീവ് ഭട്ടിന്  വേണ്ടി ഭാര്യ ശ്വേത ഭട്ട് നടത്തുന്ന നിയമപോരാട്ടത്തിന് സെപ്റ്റംബറിൽ ഒരു വയസ്സാകുന്നു. ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൊഴിനൽകിയ സഞ്ജീവ് ഭട്ട്, 23 വർഷം മുൻപുള്ള ഒരു കേസിലാണ് കഴിഞ്ഞ സെപ്റ്റംബർ 5ന് അറസ്റ്റിലായത്.

പിന്നീട് ജൂണിൽ, 29 വർഷം മുൻപത്തെ ഒരു കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം തടവ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ശ്വേത തറപ്പിച്ചു പറയുന്നു. മോദിക്കെതിരെ 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ശ്വേത മത്സരിച്ചിരുന്നു. നിയമപോരാട്ടങ്ങളെക്കുറിച്ച് ശ്വേത ഭട്ട് ‘മനോരമ’യോട്

സഞ്ജീവ് ഭട്ട് ആരെ എതിർത്തിരുന്നോ അവർതന്നെ ഭരണത്തിൽ തിരികെയെത്തിയിരിക്കുന്നു. നീതി ലഭിക്കാനുള്ള വിദൂരസാധ്യത പോലും അടഞ്ഞെന്ന തോന്നലുണ്ടോ. 

ബിജെപി തിരികെയെത്തുമെന്നു കരുതിയില്ല. അവരുടെ തിരിച്ചുവരവ് എന്നെപ്പോലെ പലർക്കും അദ്ഭുതമാണ്. എന്തുവന്നാലും പോരാടും. ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ ഹിയറിങ്ങിനായി കഴിഞ്ഞ ദിവസം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 20ന് ആണ് അപ്പീൽ പരിഗണിക്കുക. 

ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മിഷനിൽ നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചു പറയാതെ സഞ്ജീവിനു മറവിരോഗം അഭിനയിക്കാമായിരുന്നല്ലോ. അതല്ലല്ലോ അദ്ദേഹം ചെയ്തത്. വീടു വിറ്റായാലും സഞ്ജീവിനെ പുറത്തിറക്കിയേ പറ്റൂ. 

ചെറിയ പ്രായത്തിൽ പ്രേമവിവാഹം. ഇഴപിരിയാത്ത ബന്ധം. പെട്ടെന്ന് ഒറ്റയ്ക്കായി...

ദയനീയമാണ് ആ അവസ്ഥ. എനിക്കിപ്പോൾ 54 വയസ്സ്, സഞ്ജീവിന് 55. എനിക്ക് ഇരുപതും അദ്ദേഹത്തിന് 21 വയസ്സുമുള്ളപ്പോൾ മുതൽ ഞങ്ങൾ സ്നേഹത്തിലായിരുന്നു. എന്റെ 22–ാം വയസ്സിലായിരുന്നു വിവാഹം. അന്നുമുതൽ ഞങ്ങൾ എല്ലാറ്റിലും ഒരുമിച്ചായിരുന്നു. എന്റെ ഏറ്റവും വലിയ സുഹൃത്ത് സഞ്ജീവാണ്.

ഞാനെന്റെ വീട്ടിലെ ഏക സന്തതിയാണ്. വലിയ ധൈര്യക്കാരിയൊന്നുമല്ലായിരുന്നു. സഞ്ജീവാണു ധൈര്യം നൽകിയത്. വിവാഹത്തിനു ശേഷം ഒരിക്കൽപോലും ഞാൻ എന്റെ വീട്ടിൽ പോയി നിന്നിട്ടില്ല. ആ ഞാനിന്ന് ഒറ്റയ്ക്കാണ്. മക്കൾ രണ്ടാളും ഇംഗ്ലണ്ടിലാണു പഠിക്കുന്നത്. ഒറ്റയ്ക്കിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ ശരിയാണോ എന്നു പോലും പേടിതോന്നും.

സഞ്ജീവ് ജയിലിലായിട്ട് ഒരു വർഷത്തോളമാകുന്നു. ഇപ്പോഴും ഭീഷണികളുണ്ടോ. 

ഭീഷണിയൊക്കെ പണ്ട്, ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുന്നതാണ് അവരുടെ രീതി. ജനുവരിയിൽ ഒരു വലിയ അപകടത്തിൽ നിന്ന് ഞാനും മകനും ഭാഗ്യംകൊണ്ടാണു രക്ഷപ്പെട്ടത്. ഞാനായിരുന്നു കാറോടിച്ചിരുന്നത്. ട്രക്കുകൾ അനുവദിച്ചിട്ടില്ലാത്ത ഒരു റോഡിലൂടെ പോകുമ്പോൾ അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷന്റെ ഒരു ട്രക്ക് കാറിലേക്ക് ഇടിച്ചുകയറി. ട്രക്കിന് നമ്പർ പ്ലേറ്റില്ലായിരുന്നു, ഡ്രൈവർക്കു ലൈസൻസില്ല, ഭാഷയറിയില്ല. ഇതൊരു സാധാരണ അപകടമാണെന്ന് ഞാൻ ധരിക്കണോ? നിങ്ങൾ പറയൂ.

ജയിലിൽ സഞ്ജീവിന്റെ അവസ്ഥ. 

അതോർത്തിട്ടു പേടിയാണ്. അവിടെയെന്താണു സംഭവിക്കുന്നതെന്നറിയില്ല. സഞ്ജീവിനു കലശലായ സ്പോണ്ടിലൈറ്റിസുണ്ട്. ഓർത്തോപീഡിക് കിടക്കയാണ് ഉപയോഗിക്കേണ്ടത്. ഒരു ഫിസിയോ തെറപ്പിസ്റ്റിന്റെ സേവനം പോലും ലഭ്യമാക്കുന്നില്ല. അറസ്റ്റിനു മാസങ്ങൾക്കു മുൻപുതന്നെ അമിത് ഷായ്ക്കു വേണ്ടപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ നിർണായക സ്ഥാനങ്ങളിലേക്കു നിയോഗിച്ചിരുന്നു.

ജയിൽ ഡയറക്ടർ മോഹൻ ഝാ, അമിത് ഷായുടെ അടുത്തയാളാണ്. ഇതൊന്നും യാദൃച്ഛികമായി സംഭവിച്ചതല്ല. അവരെല്ലാം കൃത്യമായി പ്ലാൻ ചെയ്തിരുന്നു. 

അറസ്റ്റിലായ സെപ്റ്റംബർ 5 മുതൽ അഭിഭാഷകരെ പോലും കാണാൻ അനുവദിച്ചിരുന്നില്ല. അനുവാദം തരില്ലെന്നു രേഖാമൂലം പറയില്ലെങ്കിലും അവിടെ ചെന്നാൽ ‘നാളെ വരൂ, മറ്റന്നാൾ വരൂ’ എന്നു പറഞ്ഞ് ഉഴപ്പുകയായിരുന്നു പതിവ്. കോടതിയിൽ കൊണ്ടുവന്നപ്പോൾ മാത്രമാണ് സഞ്ജീവിനെ ഞാൻ കണ്ടത്.

അറസ്റ്റിന് ഏകദേശം ഒരു മാസം മുൻപ് അനധികൃത നിർമാണമെന്ന പേരിൽ വീടിന്റെ ഒരു ഭാഗം കോർപറേഷൻ പൊളിച്ചുനീക്കി. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ. 

ആദ്യം പൊലീസ് സുരക്ഷ പിൻവലിക്കുന്നു. പിന്നീട് വീടിന്റെ ഒരു ഭാഗം പൊളിക്കുന്നു. തൊട്ടടുത്ത മാസം അറസ്റ്റ്. ഇതിൽ നിന്ന് എന്താണു മനസ്സിലാക്കേണ്ടത്? ഒരു ദിവസം രാവിലെ അവരെത്തി. വീടു പൊളിക്കാൻ വാക്കാൽ നിർദേശമുണ്ടെന്നു പറഞ്ഞു. പറ്റില്ലെന്നു പറഞ്ഞപ്പോൾ ഉത്തരവുമായി പിറ്റേന്നെത്തി. കോടതിയിൽ പോകണമെന്നും സാവകാശം വേണമെന്നും പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഞാൻ അടുക്കളയിലായിരുന്നു. അടുക്കളയുടെ ഒരു ഭിത്തി തകർന്നുവീണു. അടുക്കള, ഡ്രെസിങ് റൂം, ശുചിമുറി... എല്ലാം തകർത്തു. 

ശ്വേതയെ ഇപ്പോഴും ആരെങ്കിലും പിന്തുടരുന്നുണ്ടോ. 

‌വീട്ടിൽനിന്ന് ഞാനെപ്പോൾ പുറത്തിറങ്ങിയാലും ഒരു പൊലീസ് വാ‍ൻ പിന്നാലെയുണ്ടാകും. ഇതിനു പുറമേ, മഫ്തിയിലും പൊലീസുകാർ പലയിടത്തുമെത്തും. മൊബൈലിൽ ചിത്രങ്ങളുമെടുക്കാറുണ്ട്. 

നിങ്ങളോടു സംസാരിക്കുന്നതിന് 15 മിനിറ്റ് മുൻപും 2 വനിതാ കോൺസ്റ്റബിൾമാർ ഒരു സ്കൂട്ടറിൽ എന്റെ വീടിനു മുന്നിലെത്തി ചിത്രങ്ങളെടുത്തു. ഞാൻ ഇറങ്ങിച്ചെന്നപ്പോഴേക്കും അവർ സ്ഥലംവിട്ടു. ഇതൊക്കെ എന്തിനാണെന്ന് എനിക്കിനിയുമറിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com