sections
MORE

മൗലികാവകാശത്തിൽ തൊട്ടുകളി വേണ്ട

SHARE

ഏതൊരു വ്യക്തിയെയും ഭീകരനായി പ്രഖ്യാപിക്കാൻ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) അധികാരം നൽകുന്നതടക്കം ദൂരവ്യാപക മാറ്റങ്ങൾ നിർദേശിക്കുന്ന നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ ഭേദഗതി ബിൽ (യുഎപിഎ) ലോക്സഭ പാസാക്കിയതോടെ വിവിധ തലങ്ങളിൽ വ്യാപകമായ ആശങ്കയാണ് ഉയരുന്നത്. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ബഹുസ്വരതയും സഹിഷ്ണുതയും പല വെല്ലുവിളികളും നേരിടുന്ന പ്രത്യേക സാഹചര്യത്തിലാണ് ഇത്തരമൊരു നിയമം ഉണ്ടാവുന്നതെന്നിരിക്കെ വിശേഷിച്ചും.

‌‌നിരുപദ്രവകരമായ വ്യവസ്ഥകളാണു ബില്ലിലുള്ളതെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും ഭരണഘടനാപരമായ പല ഗുരുതര ചോദ്യങ്ങളും ഇതിൽ ഉൾച്ചേർന്നിരിക്കുന്നു. രാജ്യസഭകൂടി ഈ ബിൽ പാസാക്കിക്കഴിഞ്ഞാൽ, ഏതൊരു വ്യക്തിയെയും ഭീകരനായി പ്രഖ്യാപിക്കാൻ എൻഐഎക്ക് അധികാരം ലഭിക്കുകയാണ്. അതുകൊണ്ടുതന്നെ, അധികാരകേന്ദ്രങ്ങൾക്ക് ഇഷ്ടാനുസരണം നിയമത്തെ വ്യാഖ്യാനിക്കാനും ദുരുപയോഗം ചെയ്യാനുമുള്ള സാധ്യത രാജ്യത്തിന്റെതന്നെ ആശങ്കയായി മാറുന്നു.

ബില്ലിന്റെ ചർച്ചയ്ക്കിടെ തൃണമൂൽ കോൺഗ്രസ് അംഗം മഹ്‌വ മൊയ്ത്ര ഉന്നയിച്ച ആരോപണവും ഇതോടു ചേർത്തുവായിക്കാം.  സർക്കാരിനെതിരെ സംസാരിക്കുന്ന എംപിമാരെ പോലും ദേശവിരുദ്ധരാക്കുന്നുവെന്നായിരുന്നു പുതുമുഖ എംപിയായ മൊയ്ത്രയുടെ ആരോപണം. എല്ലാറ്റിനുമുപരി അടിസ്ഥാന മനുഷ്യാവകാശത്തിന്റെ ലംഘനം പോലുമായി ഇതു മാറാനും വഴിയുണ്ട്. അതുകൊണ്ടുതന്നെ, കോടതിയുടെ തീർപ്പില്ലാതെ വ്യക്തികളെ ഭീകരരെന്നു മുദ്രകുത്തുന്നതിന്റെ മാനദണ്ഡത്തെക്കുറിച്ചു പാർലമെന്റ് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്.

ഭീകരപ്രവർത്തനവുമായി ബന്ധമുള്ളവരുടെ സ്വത്തു കണ്ടുകെട്ടാൻ സംസ്ഥാനത്തിന്റെ അനുമതി വേണ്ട എന്നതാണു മറ്റൊരു ആശങ്ക. നേരത്തേ, അതതു സംസ്ഥാനങ്ങളിലെ ഡിജിപിയുടെ അനുമതിയോടെ എൻഐഎ നിർവഹിച്ചുപോന്ന കാര്യം ഇനി എൻഐഎ ഡയറക്ടർ ജനറലിനു തീരുമാനിച്ചു നടപ്പാക്കാം. എൻഐഎയിലെ സബ് ഇൻസ്പെക്ടർക്കോ അതിനു മുകളിലുള്ളവർക്കോ കേസ് അന്വേഷിക്കാമെന്നും ബില്ലിലുണ്ട്. ഒരു ഇൻസ്പെക്ടർ വിചാരിച്ചാൽ ഏതൊരു വ്യക്തിയെയും കുടുക്കാമെന്നത് അങ്ങേയറ്റം ആശങ്കാഭരിതമാണ്. സംസ്ഥാനങ്ങൾക്കുള്ള അവകാശങ്ങൾ വീണ്ടും കവർന്നെടുക്കപ്പെടുന്നതിന്റെ പുതിയ ഉദാഹരണമായി നിയമഭേദഗതികളെ കാണുന്നവരുണ്ട്. മഹനീയമെന്നു നാം കരുതുന്ന ഫെഡറൽ സംവിധാനത്തിനു മേൽ നിഴൽവീഴ്ത്തുമെന്ന ആശങ്ക പരിഹരിക്കാൻ സർക്കാരിനു കഴിയണം.

എൻഐഎക്കു കൂടുതൽ അധികാരങ്ങളാണു ഭേദഗതിയിലൂടെ നൽകുന്നത്. ഭീകരവാദികൾക്കെതിരെ ഒരുപടി മുന്നിൽ നിൽക്കാൻ നമ്മുടെ അന്വേഷണ ഏജൻസികളെ പ്രാപ്തമാക്കാനാണു നിയമമെന്നാണു സർക്കാർ വിശദീകരണം. ഭീകരസംഘടനകളെ നിരോധിച്ചാലും ആളുകൾ സംഘടനകളുടെ പേരുമാറ്റിയെത്തുമെന്നതാണ് വ്യക്തികളെ ലക്ഷ്യമിടുന്നതിനുള്ള സർക്കാർന്യായം. പ്രത്യയശാസ്ത്ര വിശ്വാസത്തിന്റെ പേരിൽ നഗര മാവോവാദത്തെ പിന്തുണയ്ക്കുന്നവരോട് അനുകമ്പയില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരവാദത്തിന്റെ അടിവേരിളക്കാനാണു  ഭേദഗതികളെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.

ഭരിക്കുന്നവരുടെ താൽപര്യങ്ങളനുസരിച്ചു പല നിയമങ്ങളും വളച്ചൊടിച്ച ചരിത്രം ദശാബ്ദങ്ങളായി കണ്ടുപോരുന്നുണ്ട്, ഇന്ത്യ. ഇത് ആവർത്തിക്കപ്പെട്ടുകൂടാ. അതുകൊണ്ടുതന്നെ, ഏതു സാഹചര്യത്തിലും നിയമം ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ഉറപ്പാക്കണം. പ്രതിപക്ഷം ഉയർത്തിയ ആശങ്കകൾ നിയമം നടപ്പാക്കുന്ന ഓരോ ഘട്ടത്തിലും സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട ബാധ്യത ജനാധിപത്യ സർക്കാരിനുണ്ട്.

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്ലും ദേശീയ പൗരത്വ റജിസ്റ്റർ സംബന്ധിച്ച വ്യവസ്ഥകളും ദുരുദ്ദേശ്യപരമാണെന്ന ആക്ഷേപവും നിലവിലുണ്ട്. വലിയൊരു ജനവിഭാഗത്തെ ബാധിക്കുന്ന നിയമനിർമാണങ്ങളും അതിന്റെ വിശദാംശങ്ങളുടെ രൂപവൽക്കരണവും വിപുലമായ ചർച്ചകൾക്കുശേഷം വേണം നടപ്പാക്കാൻ. തീർച്ചയായും ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം സർവസന്നാഹങ്ങളോടെ വേണ്ടതുതന്നെ. അതിനായി നിയമം കർക്കശമാക്കുകയും വേണം. പക്ഷേ, രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമർത്താനും മറ്റും കേന്ദ്ര സർക്കാർ യുഎപിഎ നിയമം ദുരുപയോഗപ്പെടുത്തില്ലെന്നു ജനതയ്ക്ക് ഉറപ്പുകിട്ടേണ്ടതുണ്ട്. എല്ലാ ജനവിഭാഗങ്ങളുടെയും ആശങ്കയകറ്റി, കുറ്റമറ്റതാക്കി വേണം അത്യധികം നിർണായകമായ ഈ നിയമഭേദഗതി നടപ്പിൽവരുത്താൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA