ADVERTISEMENT

സെക്രട്ടേറിയറ്റിനു മുന്നിലെ കെഎസ്‍യു സമരത്തിനു പിന്തുണയുമായി  ആല പ്പുഴ ജില്ലാ കമ്മിറ്റി നടത്തിയ സമരത്തിനു ശേഷം സമൂഹമാധ്യമങ്ങളിൽ ചില നേതാക്കളുടെ ചിത്രം പ്രത്യക്ഷപ്പെട്ടു. ജയിലഴികളുടെ പശ്ചാത്തലത്തിലായിരുന്നു ചിത്രങ്ങൾ. ജയിലഴികൾ ഞങ്ങൾക്കു പുത്തരിയല്ലെന്ന മട്ടില‍ുള്ള അടിക്കുറിപ്പും ചിത്രങ്ങൾക്കൊപ്പമുണ്ടായിരുന്നു. 

ചിത്രങ്ങൾ ലൈക്കുകൾ വാരിക്കൂട്ടുന്നതിനിടെ, പൊലീസിന്റെ തല്ലുകൊണ്ട് ആശുപത്രിയിൽ കിടന്നവരും ജാമ്യത്തിൽ സ്റ്റേഷനിൽ നിന്നിറങ്ങിയവരുമായ കെഎസ്‍യു, യൂത്ത് കോൺഗ്രസ് നേതാക്കൾ സമൂഹമാധ്യമങ്ങളിലേക്കു പാളിനോക്കിയപ്പോഴാണ് ‘ഇന്ത മുഖം എങ്കേയോ പാർത്ത മാതിരി’ എന്നു തോന്നിയത്. സമരത്തിന്റെ ഭാഗമായ മാർച്ചിൽ ഈ സമൂഹമാധ്യമ പോരാളികൾ മുന്നിലുണ്ടായിരുന്നു. പൊലീസ് തടഞ്ഞപ്പോൾ, ‘ഒരു ഇന്ത്യൻ പ്രണയകഥ’യിലെ അയ്മനം സിദ്ധാർഥനെക്കാൾ വേഗത്തിലായിരുന്നു ഓട്ടം. മുൻനിരയിലുണ്ടായിരുന്ന ഇവരെ പിന്നീടു കണ്ടത് സ്റ്റേഷനിൽത്തന്നെ. പക്ഷേ, പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതല്ല. പൊലീസ് അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കിയ നേതാക്കളെ കാണാൻ കുളിച്ചൊരുങ്ങി എത്തിയതായിരുന്നു ഇവർ. 

സെല്ലിനുള്ളിൽ കിടന്ന നേതാക്കളെ ആശ്വസിപ്പിക്കുന്ന കൂട്ടത്തിൽ അഴിക്കുള്ളിലൂടെ കൈ അകത്തേക്കിട്ട് പുറത്തുനിന്നവർ സ്വന്തം സെൽഫിയെടുത്തു. ചിത്രം മാത്രം കാണുന്നവർക്ക് ചിത്രമെടുത്തവർ അഴിക്കുള്ളിലാണെന്നു തോന്നും. ഈ ചിത്രങ്ങളാണ് ലൈക്ക് നേടാൻ സമൂഹമാധ്യമങ്ങളിലേക്കിട്ടത്. സംഭവം വിവാദമാകുമെന്നു കണ്ടതോടെ ചിത്രങ്ങൾ അപ്രത്യക്ഷമാകുകയും ചെയ്തു.

ആശ്വാസമോ ശാസ്ത്രമോ ? 

ഇടതുപക്ഷത്തിന്റെ തോൽവിയിൽ മനംനൊന്ത് ഓർമ നഷ്ടപ്പെട്ടുപോയ 10 വയസ്സുകാരന് താൻ നേരിട്ടുചെന്ന് ആശ്വാസം  പകർന്നുവെന്ന സദ്‌വാർത്ത സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത് മുൻ എംപി പി.കെ.ബിജുവാണ്. പത്തു ദിവസത്തോളം ഐസിയുവിൽ കിടന്ന കുട്ടിക്കു ബോധം വന്നപ്പോഴെല്ലാം സിപിഎമ്മിന്റെ തോൽവിയാണ് ഓർമയിൽ വന്നതെന്നും കുറിപ്പിൽ പറയുന്നു. ഒരു മുത്തവും മധുരവും ആത്മവിശ്വാസവും നൽകിയെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

പക്ഷേ ഇത്തരം ‘ആശ്വാസചികിത്സ’യിലൊന്നും വിശ്വാസമില്ലാത്ത, ശാസ്ത്രത്തിൽ മാത്രം വിശ്വസിക്കുന്ന ചിലർ ആരോഗ്യവകുപ്പിലുണ്ട്. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു തോൽവിയല്ല മറവിക്കു കാരണമെന്നു പരിശോധിച്ചറിഞ്ഞ ഡോക്ടർമാർ മരുന്നു കൊടുത്തു കുട്ടിയെ സുഖപ്പെടുത്തുകയായിരുന്നു എന്ന വിവരം ചോർത്തിയത് ആ ശാസ്ത്രവിശ്വാസികളാണ്. ആരോഗ്യവകുപ്പ് ഇനി എന്തു ചെയ്യും എന്നാണു ചോദ്യം. നേതാക്കളുടെ സന്ദർശനത്താൽ സൗഖ്യമായവരുടെ പട്ടിക പ്രസിദ്ധീകരിക്കുകയോ, സൗഖ്യം നൽകുന്ന നേതാക്കൾക്കു ഡോക്ടർപട്ടം നൽകുകയോ ചെയ്യുമോ? കാത്തിരുന്നു കാണാം. 

കാര്യങ്ങൾ അത്ര ലളിതമല്ല

അത്രയൊന്നും ലളിതമല്ല കേരള ലളിതകലാ അക്കാദമിയിലെ അന്തരീക്ഷമെന്ന് ഓരോ ദിവസത്തെയും കാര്യങ്ങൾ വ്യക്തമാക്കുന്നു. വിവാദമായ കാർട്ടൂൺ പ്രഖ്യാപനം കനൽപോലെ കിടക്കുന്നതിനിടെ വന്ന ചിത്ര ശിൽപ അവാർഡുകളാണ് പുതിയ വിവാദത്തിനു വഴിമരുന്നിട്ടിരിക്കുന്നത്. അക്കാദമിയുടെ വാർഷിക ചിത്ര ശിൽപ പ്രദർശനത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികളിൽനിന്നാണ് അവാർഡിന് അർഹമായവ കണ്ടെത്തുക. ഇത്തവണ രണ്ടും നടന്നത് നീതിപൂർവമല്ലെന്നാണ് ഒരുവിഭാഗം കലാകാരന്മാരുടെ പരാതി. രണ്ടിൽനിന്നും പുറന്തള്ളപ്പെട്ടവർ പ്രതിഷേധസൂചകമായി ‘നിരാകരിക്കപ്പെട്ട ആത്മാക്കൾ’ എന്ന പേരിൽ ഇന്നലെ കൊച്ചിയിലൊരു പ്രദർശനവും ആരംഭിച്ചിട്ടുണ്ട് – അതും അക്കാദമി ആർട് ഗാലറിയിൽ.

ചിത്രശിൽപ പ്രദർശനവും അക്കാദമിയുടെ അവാർഡ് വിതരണവും സാധാരണ ഒന്നിച്ചാണു സംഘടിപ്പിക്കുന്നത്. ഈ മാസം തുടങ്ങാനിരുന്ന പ്രദർശനം കാർട്ടൂൺ അവാർഡിലൊരു തീരുമാനമാവാത്തതിനാൽ നീട്ടിവച്ചിരിക്കുകയാണ്. കാർട്ടൂൺ അവാർഡിന്റെ കാര്യത്തിലാവട്ടെ, അക്കാദമിയും മന്ത്രിയും എത്ര തട്ടുകളിലാണു നിൽക്കുന്നതെന്ന് ഇനിയും വ്യക്തമല്ല. അവാർഡ് പുനഃപരിശോധിക്കുമെന്നു മന്ത്രി സൂചിപ്പിച്ചപ്പോൾ, ചെയർമാൻ പറഞ്ഞത് അങ്ങനെയൊരു തീരുമാനമെടുക്കേണ്ട അക്കാദമി അത് ആലോചിച്ചിട്ടേയില്ലെന്നാണ്. അക്കാദമിയുടെതന്നെ ഭാഗമായ സെക്രട്ടറിയാവട്ടെ, ഇതൊന്നു പുനരാലോചിക്കണമെന്ന നിലപാടിലുമാണ്. അതിനിടെ, അക്കാദമി ചെയർമാന്റെ അധികാര കാലാവധി കഴിയാനിരിക്കെ, ആ കസേരയിലേക്കു കണ്ണെറിഞ്ഞ് വിവാദങ്ങളുടെ അരികുപറ്റുന്നവരും ഉണ്ടത്രെ. 

പല്ലുപോയ പ്രമേയങ്ങളും അന്തംവിട്ട മോട്ടിവേഷനും

ഇടുക്കിയിലെ കോൺഗ്രസ് നടത്തിയ നേതൃപരിശീലന ക്യാംപിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളുടെ ഗതികേട് മറ്റാർക്കും വരല്ലേ എന്നാണ് അവതാരകരുടെ പ്രാർഥന. 5 പ്രമേയങ്ങൾ അവതരിപ്പിക്കാൻ 5 പേരെ ചുമതലപ്പെടുത്തിയിരുന്നു. രാവും പകലും കഷ്ടപ്പെട്ടു കുത്തിയിരുന്ന് പ്രമേയം തയാറാക്കി ഇവർ ക്യാംപിനെത്തിയപ്പോൾ, പ്രമേയങ്ങൾ സൂക്ഷ്മമായി പരിശോധിക്കാൻ ദേ സ്ക്രീനിങ് കമ്മിറ്റി! 

ഒരു പാർലമെന്റ് തിരഞ്ഞെടുപ്പിൽ അടുത്ത ബന്ധുവായ ഇടതുസ്ഥാനാർഥിക്കു വോട്ട് ചെയ്തതിന്റെ പേരിൽ പുലിവാലു പിടിച്ച നേതാവും സ്ക്രീനിങ് കമ്മിറ്റിയിൽ ഉണ്ടായിരുന്നു. പ്രമേയങ്ങൾ പരിശോധിച്ച സ്ക്രീനിങ് കമ്മിറ്റി, മൂർച്ചകൂടിയ പ്രത്യേകതരം ‘കത്രിക’ വരുത്തി പ്രമേയത്തിലെ ‘വിവാദ’ പരാമർശങ്ങൾ മുഴുവൻ വെട്ടിയരിഞ്ഞത്രേ. പാർട്ടിയെയും നേതാക്കളെയും വിമർശിക്കുന്ന ഭാഗങ്ങളെല്ലാം ഒഴിവാക്കി, പുതിയ പ്രമേയം തയാറാക്കി, ഡിടിപി എടുത്ത് ഒരുവട്ടം കൂടി പരിശോധിച്ചു തിരുത്തലുകൾ വരുത്തിയ ശേഷമാണ് അവതരണാനുമതി നൽകിയത്. പല്ലും നഖവും കൊഴിച്ച പ്രമേയങ്ങൾ അവതരിപ്പിച്ചവർ പിന്നെ വാ തുറന്നിട്ടില്ലെന്നാണു പാർട്ടിക്കുള്ളിലെ സംസാരം! 

ഇതേ ക്യാംപിൽ പങ്കെടുത്തവരുടെ നേതൃപാടവം പരീക്ഷിക്കാനും, വളർത്തിയെടുക്കാനുമായി മോട്ടിവേഷനൽ ട്രെയിനറെയും എത്തിച്ചിരുന്നു. പോസിറ്റീവ് ചിന്തകൾ പരാമർശിച്ച ശേഷം വേദിയിലേക്കു വരാൻ നേതാക്കളെ ക്ഷണിച്ചപ്പോൾ വന്നത് ഒരു മഹിളാ കോൺഗ്രസ് ഭാരവാഹി മാത്രം! താങ്കളെക്കാൾ വലിയ ട്രെയിനറാണെന്നും, മോട്ടിവേഷനൽ ക്ലാസുകൾ ഒരുപാട് എടുത്തിട്ടുണ്ടെന്നുമുള്ള മുഖവുരയോടെ മഹിളാനേതാവ് പ്രസംഗം തുടങ്ങിയപ്പോൾ മോട്ടിവേഷനൽ ട്രെയിനർ അന്തംവിട്ടു. പോസിറ്റീവ് എനർജി ചോർന്നുപോയ മോട്ടിവേഷനൽ ട്രെയിനർ മോക്ഡ്രിൽ, കല്ലുകളി, തമാശപറച്ചിൽ തുടങ്ങിയ കലാപരിപാടികളിലേക്കു കടന്നപ്പോൾ മടിച്ചുനിന്ന നേതാക്കൾ ഉഷാറായി. 

രാഷ്ട്രീയത്തിലെ ജന്മപുണ്യശാപങ്ങൾ 

മുജ്ജന്മ പുണ്യവും ശാപവുമൊക്കെ രാഷ്ട്രീയത്തിലുമുണ്ടോ? കടുത്ത നിരീശ്വരവാദിയായ എംഡിഎംകെ നേതാവ് വൈകോയ്ക്ക് ഇതിലൊന്നും വിശ്വാസമില്ലെങ്കിലും അദ്ദേഹത്തിന് ഈയിടെ സംഭവിച്ചതൊക്കെ കാണുമ്പോൾ ആരും അങ്ങനെ സംശയിച്ചു പോകും. രാഷ്ട്രീത്തിൽ ഒരാൾക്ക് എത്ര ജന്മം വേണമെങ്കിലും ആവാമല്ലോ? ആ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയ ആളാണു വൈകോ. പാർട്ടി മാറിയത് ഒറ്റത്തവണ മാത്രം. അതും മാറിയതല്ല, കരുണാനിധി ഡിഎംകെയിൽ നിന്നു പുറത്താക്കിയപ്പോൾ എംഡിഎംകെ രൂപീകരിച്ചു. എന്നാൽ, മുന്നണി എത്രവട്ടം മാറിയെന്നു കൂട്ടി നോക്കാൻ കാൽക്കുലേറ്റർ വേണ്ടിവരും. ഇപ്പോൾ ഡിഎംകെയുടെ കൂടെയാണ്.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഡിഎംകെയുമായുള്ള ധാരണയിൽ രാജ്യസഭാ സീറ്റെന്ന വ്യവസ്ഥ വച്ചതുതന്നെ 23 വർഷത്തിനു ശേഷം വൈകോയ്ക്കു പാർലമെന്റിലെ മുതിർന്നവരുടെ സഭയിലെത്താനാണ്. ഡിഎംകെ വാക്കു പാലിച്ചെങ്കിലും പിന്നീട് നടന്ന സംഭവങ്ങളാണു രാഷ്ട്രീയത്തിലെ മുജ്ജന്മ ശാപത്തെക്കുറിച്ചുള്ള ചർച്ചകൾക്കു വഴിമരുന്നിട്ടത്.

രാഷ്ട്രീയത്തിലെ പൂർവജന്മത്തിൽ അഥവാ, വൈകോ ഡിഎംകെയുടെ എതിർപക്ഷത്തായിരുന്ന കാലത്ത് കരുണാനിധി സർക്കാരെടുത്ത ദേശദ്രോഹക്കേസാണു വില്ലൻ. എൽടിടിഇയെ അനുകൂലിച്ച് ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു കേസ്. 

ഇഷ്ടംപോലെ മുന്നണി മാറാമെങ്കിലും അതിനൊപ്പം കേസും മാറട്ടേ എന്നു പറയാനാവില്ലല്ലോ? എന്തായാലും ശാപം അത്ര ശക്തമായി ഏറ്റില്ലെന്നു വേണം കരുതാൻ. കേസിൽ വൈകോയ്ക്കു ലഭിച്ചത് ഒരു വർഷത്തെ തടവ്. രണ്ടു വർഷമോ അതിലധികമോ ആയിരുന്നെങ്കിൽ രാജ്യസഭയിൽ കയറാൻ സന്ദർശക പാസ് ഒപ്പിക്കേണ്ടിവരുമായിരുന്നു. 

തയാറാക്കിയത്: എം.എ.അനൂജ്, ഫിറോസ് അലി,  രമേഷ് എഴുത്തച്ഛൻ, എൻ.വി.കൃഷ്ണദാസ്, എസ്.വി.രാജേഷ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com