sections
MORE

തൊഴിലാളിയോട് ഇനി മാനുഷികപരിഗണനയില്ല; തൊഴിൽനിയമ പരിഷ്കരണം കോർപറേറ്റുകൾക്കു മാത്രം

LABOUR ACT
SHARE

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് 4 കോഡുകളായി (ചട്ടങ്ങൾ) ചുരുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തൊഴിലാളികളെ മാത്രമല്ല, സമൂഹത്തെയാകെ ദോഷകരമായി ബാധിക്കും. അതിനാൽ, പാർലമെന്റ് നിയമം പാസാക്കും മുൻപ് നിയമത്തെക്കുറിച്ചു പൊതു ചർച്ചയുണ്ടാവണം.

സംഘാടകനു (ഫെലിസിറ്റേറ്റർ) മാത്രം അനുകൂലമായ നിയമം, ഭാവിയിൽ സർക്കാരുമായുള്ള ചങ്ങാത്തത്തിലൂടെ ഒരു വിഭാഗത്തിനു വൻ മുതലാളിമാരായിത്തീരാനും ഭരണത്തെത്തന്നെ നിയന്ത്രിക്കുന്നവരായി മാറാനും അവസരം നൽകും. അതിന്റെ തുടക്കം നാം കാണുന്നുണ്ട്. ജനാധിപത്യപ്രക്രിയ തന്നെ ഇനി അട്ടിമറിക്കപ്പെട്ടേക്കാം. 

 അൽപം ചരിത്രം

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഏകീകൃത തൊഴിൽനിയമ ചട്ടങ്ങൾക്കു ചരിത്രപശ്ചാത്തലമുണ്ട്. 1948ലെ തൊഴിൽ തർക്ക നിയമമാണ് ഇന്ത്യയിലെ തൊഴിൽനിയമങ്ങളുടെ മാതൃനിയമം. അതു പരിഷ്കരിക്കപ്പെടേണ്ടതാണ് എന്നതിൽ തർക്കമില്ല. 1978ൽ മൊറാർജി ദേശായി പ്രധാനമന്ത്രിയായിരിക്കെ, തൊഴിൽനിയമങ്ങൾ ക്രോഡീകരിക്കാൻ ശ്രമമുണ്ടായി.

തൊഴിൽ വ്യവസായബന്ധ നിയമം എന്ന പേരിൽ കൊണ്ടുവന്ന ഇതിനെതിരെ വ്യാപക എതിർപ്പുണ്ടായി. തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനം ഉപേക്ഷിച്ച് വ്യവസായ പുരോഗതി മാത്രം ലാക്കാക്കിയുള്ളതായിരുന്നു അത്.

ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളെ ദുർബലവിഭാഗങ്ങൾ എന്നു കണക്കാക്കി പരിരക്ഷ ഉറപ്പു നൽകുന്നതായിരുന്നു, ഇന്ത്യൻ തൊഴിൽനിയമങ്ങൾ. ദേശീയ, രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾക്കനുസൃതമായിരുന്നു അത്. തൊഴിലാളി– മുതലാളി– സർക്കാർ എന്ന ത്രികക്ഷി ബന്ധം കാലാകാലങ്ങളായി അംഗീകരിക്കപ്പെട്ടതാണ്. തൊഴിൽനിയമങ്ങളുടെ മൂലതത്വവും ഇതാണ്. രാജ്യാന്തര കൺവൻഷനുകൾ ഇത് അംഗീകരിച്ചിട്ടുണ്ട്. തൊഴിലാളിക്ഷേമം സാമൂഹികക്ഷേമം എന്ന നിലയിൽ കോടതികൾ മുഖേന നിയമപരിരക്ഷയും ലഭിച്ചിട്ടുണ്ട്.

എന്നാൽ, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളവൽക്കരണവും ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവും ഉൽപാദനമേഖലയിൽ അടിസ്ഥാനപരമായ മാറ്റം വരുത്തി. രണ്ടാം വ്യവസായ വിപ്ലവത്തിന്റെ അനന്തരഫലമെന്ന നിലയിലാണ് നിലവിലുള്ള നിയമങ്ങൾ നിർമിക്കപ്പെട്ടത്. മാറ്റങ്ങൾക്ക് അനുസൃതമായി പുതിയ നിയമങ്ങൾ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണു മൊറാർജി േദശായി വ്യവസായതർക്ക നിയമത്തെ വ്യവസായ ബന്ധ നിയമമാക്കാൻ ശ്രമിച്ചത്.രണ്ടു തുല്യപങ്കാളികൾ തമ്മിലുള്ള തർക്കം തീർക്കലാണു വ്യവസായതർക്ക പരിഹാര നിയമം.

വ്യവസായബന്ധ നിയമത്തിൽ വ്യവസായിയുടെ വളർച്ചയാണു പ്രധാനം. ഇതിനാലാണു സംഘടിത, അസംഘടിത മേഖല ഒന്നടങ്കം മൊറാർജിയുടെ ശ്രമത്തെ എതിർത്തത്. മൊറാർജി പരാജയപ്പെട്ടു. പിന്നീടു വന്ന നരസിംഹറാവു, മൻമോഹൻ സിങ് സർക്കാരുകളും ഇതിനായി ശ്രമിച്ചെങ്കിലും എതിർപ്പുകളെത്തുടർന്ന് അവരും ആ നീക്കം ഉപേക്ഷിച്ചു.

മുൻ തൊഴിൽ മന്ത്രിയും മലയാളിയുമായ ജി.രവീന്ദ്രവർമ, വാജ്പേയി സർക്കാരിന്റെ കാലത്തു നടത്തിയ 3 വർഷം നീണ്ട പഠനത്തിനു ശേഷം രണ്ടാം തൊഴിൽ കമ്മിഷൻ റിപ്പോർട്ട് നൽകി. ആഗോളവൽക്കരണ നയങ്ങൾക്ക് അനുകൂലവും എന്നാൽ, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കു പ്രാധാന്യം നൽകുന്നതുമായിരുന്നു അത്. റിപ്പോർട്ടിന്റെ രണ്ടാം ഭാഗം മാത്രം തൊഴിലാളി യൂണിയനുകൾ സ്വാഗതം ചെയ്തു. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ ഭേദഗതികൾ.

കേന്ദ്രത്തിലെ 42 തൊഴിൽ നിയമങ്ങൾ, സംസ്ഥാനങ്ങളിലെ നൂറിലധികം നിയമങ്ങൾ എന്നിവ ഏകീകരിച്ച് 4 കോഡുകളായാണു പുതിയ നിയമം വരുന്നത്. വേതനവ്യവസ്ഥകൾ പറയുന്ന വേജ് കോഡ്, വ്യവസായബന്ധം വിശദീകരിക്കുന്ന ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സാമൂഹികസുരക്ഷ പരാമർശിക്കുന്ന സോഷ്യൽ കോഡ്, തൊഴിലാളി – ഫാക്ടറി സുരക്ഷ വിവരിക്കുന്ന സുരക്ഷാ കോഡ് എന്നിവ. 

ഇവയുടെ കരടു തയാറാക്കി കഴിഞ്ഞ എൻഡിഎ സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തിയിരുന്നു. ചർച്ചകളിൽ തങ്ങൾക്കു പ്രതിബന്ധമാകുമെന്നു കരുതിയ തൊഴിലാളി സംഘടനകളിൽ കേന്ദ്ര സർക്കാർ ഭിന്നിപ്പുണ്ടാക്കി. കരടിന്റെ അവസാന രൂപം തയാറാക്കി ഓരോന്നായി പാർലമെന്റിൽ അവതരിപ്പിച്ചു വരികയാണ്. സംഘടിത വ്യവസായ മേഖലയിലെ തൊഴിലാളി യൂണിയനുകളെ അപ്രസക്തമാക്കുന്ന രീതിയാണു കേന്ദ്രം നടപ്പാക്കുന്നത്.

വേജ് കോഡ് (വേതന ചട്ടം) 

മിനിമം വേതന നിയമം, പേയ്മെന്റ് ഓഫ് വേജസ് ആക്ട്, തുല്യവേതന നിയമം, ബോണസ് നിയമം, വർക്കിങ് ജേണലിസ്റ്റ്, നോൺ ജേണലിസ്റ്റ് ആക്ട് തുടങ്ങി ഒട്ടേറെ നിയമങ്ങൾ ഇൗ വിഭാഗത്തിൽ വരും. കോർപറേറ്റുകൾക്ക് അനൂകൂലമാണ് ഇൗ കോഡിലെ സമീപന രീതി. ഏറെ അടിസ്ഥാന പ്രശ്നങ്ങൾ ഉൾപ്പെടുത്തി സാമൂഹിക കാഴ്ചപ്പാടോടെ തയാറാക്കിയതായിരുന്നു മിനിമം വേതന നിയമം. ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ ഇതുൾപ്പെടുന്നു.

തുല്യവേതനം എന്നതു മൗലിക തത്വങ്ങളിൽപെടുന്നു. ഇതെല്ലാം മാറ്റിനിർത്തി തൊഴിലുടമയ്ക്ക്, ലഭിക്കുന്ന തൊഴിലിന്റെ അടിസ്ഥാനത്തിൽ വേതനം നൽകാമെന്നാണു പുതിയ ഭേദഗതി. 

നിശ്ചിതസമയ നിയമനം, കരാർ നിയമനം, ഉൽപാദനത്തിന് അനുസൃതമായ കൂലി തുടങ്ങിയവയാകും വേതനത്തിന് അടിസ്ഥാനമായി വരിക. സമരവും പ്രക്ഷോഭവും നടത്താതെ ശമ്പളപരിഷ്കരണം സാധ്യമാക്കുമായിരുന്ന വേജ് ബോർഡുകളും ഇല്ലാതാവും.

വ്യവസായബന്ധ ചട്ടം

തൊഴിലുടമ എന്നത് സംഘാടകൻ എന്നായി മാറുന്നു. സംഘാടകൻ ജോലിക്കുപയോഗിക്കുന്ന തൊഴിലാളി അയാൾക്കു മനുഷ്യൻ എന്ന നിലയിൽ പരിഗണിക്കേണ്ട ഘടകമല്ല. ഉൽപാദക പ്രക്രിയയിലെ ചരക്ക് (കമ്മോഡിറ്റി) മാത്രമാണു തൊഴിലാളി.

നാളിതുവരെ അവലംബിച്ച എല്ലാ മാനദണ്ഡങ്ങളും ഇതോടെ ഇല്ലാതാവും. നിർമിതബുദ്ധിയും യന്ത്രമനുഷ്യനും സർക്കാർ സഹായത്തോടെ സംഘാടകനു ലഭ്യമാകുന്ന സാഹചര്യത്തിൽ തൊഴിലാളി– മുതലാളി ബന്ധം ഇല്ലാതാകും. 

ഒരു പ്രതിബദ്ധതയുമില്ലാതെ സംഘാടകന് അതിസമ്പന്നനായി ജീവിക്കാം. ഇന്ത്യയിൽ ഇന്നു നടന്നുവരുന്ന രീതിയാണിത്. സർക്കാരുമായി അടുപ്പമുള്ളവർ ചങ്ങാത്ത മുതലാളിത്തത്തിലൂടെ വൻ മുതലാളിമാരായി മാറുന്നു. ഭരണ, സാമൂഹിക കാര്യങ്ങളെ നിയന്ത്രിക്കാൻ അവർക്കു കഴിയും. പ്രതിരോധ, വിദ്യാഭ്യാസ മേഖലകളിലൊക്കെ ഇവരുടെ കൈകടത്തലുണ്ടാവും. നമ്മുടെ സാമൂഹിക ഘടനയെത്തന്നെ ഇതു ബാധിക്കും.

സാമൂഹിക സുരക്ഷാ ചട്ടം

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കു സാമൂഹിക സുരക്ഷ എന്ന പൊയ്മുഖത്തോടെയാണ് ഇൗ ചട്ടം കൊണ്ടുവരുന്നത്. 

പരിഷ്കൃത രാജ്യങ്ങൾ അവരുടെ മൊത്തം വരുമാനത്തിന്റെ 6% സാമൂഹിക സുരക്ഷയ്ക്കായി നീക്കിവയ്ക്കുമ്പോൾ, ഇവിടെ അത് 1% മാത്രമാണ്. അതാകട്ടെ, സർക്കാർ നൽകുന്നതുമല്ല. തൊഴിലാളികളുടെ വിഹിതത്തിൽനിന്നു  (പ്രോവിഡന്റ് ഫണ്ട്, ഇഎസ്ഐ, ഇൻഷുറൻസ്) സ്വരൂപിക്കുന്ന തുകയുടെ ഒരു ഭാഗം ഓഹരിവിപണിയിൽ നിക്ഷേപിച്ചു കിട്ടുന്ന വരുമാനം കൊണ്ട് സാമൂഹികസുരക്ഷ നടപ്പാക്കാനാണു നീക്കം.

കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇപ്പോൾ നിലവിലുള്ള ക്ഷേമപെൻഷനുകൾ ഇതോടെ ഇല്ലാതാകും. തൊഴിലാളികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി കൂടുതൽ പേർക്കു വിതരണം ചെയ്യുകയാണു സർക്കാരിന്റെ ലക്ഷ്യം.

സേഫ്റ്റി കോഡ്

ഫാക്ടറി നിയമത്തിന്റെ പരിഷ്കരിച്ച രൂപമാണിത്. ഏറ്റവും പഴക്കമുള്ള നിയമം. ഒട്ടേറെ അപാകതകൾ ഇൗ നിയമത്തിലുണ്ട്. ഫാക്ടറി ഉടമയുടെ അലംഭാവം മൂലം ഭോപാലിൽ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്നു വാതകച്ചോർച്ചയുണ്ടായി ഒട്ടേറെ ആളുകൾ മരിച്ചിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

അതിനു ശേഷവും ഇതുപോലുള്ള എത്ര അപകടങ്ങളുണ്ടായി. എൻഡോസൾഫാൻ പോലുള്ള പ്രശ്നങ്ങളും ഉണ്ടായി. പുതിയ നിയമം ഇതിലും അപകടകരമാണ്. ഡിജിറ്റിലൈസേഷൻ, യന്ത്രമനുഷ്യൻ, നിർമിതബുദ്ധി തുടങ്ങിയ ഉപയോഗിച്ച് ഉൽപാദനം നടത്താൻ സംരംഭകനു കഴിയും. അതിൽ നിന്നുണ്ടാവുന്ന അപകടങ്ങൾക്കെതിരെ നിയമം കാര്യമായൊന്നും പറയുന്നുമില്ല.

(എച്ച്എംഎസ് മുൻ ദേശീയ പ്രസിഡന്റും രാജ്യാന്തര ലേബർ ഓർഗനൈസേഷൻ പ്രതിനിധിയുമാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA