sections
MORE

പോസ്റ്റർ പതിച്ചാൽ അറസ്റ്റോ?

SHARE

ഇന്ത്യൻ ഭരണഘടന പൗരന്മാർ‌ക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ മുഖ്യമാണ് അഭിപ്രായ സ്വാതന്ത്ര്യം. ജനങ്ങളുടെ അഭിപ്രായ പ്രകടനങ്ങളിലൂടെയും വിമർശനങ്ങളിലൂടെയുമാണ് സർക്കാരുകൾ തിരുത്തപ്പെടുന്നതും ജനാധിപത്യത്തിന്റെ സൗന്ദര്യം നിലനിർത്തപ്പെടുന്നതും. നിർഭാഗ്യവശാൽ, അഭിപ്രായപ്രകടനവും അപകീർത്തിപ്പെടുത്തലും തമ്മിൽ വേർതിരിച്ചറിയാൻ ഭരണാധികാരികൾക്കും അവരുടെ ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥ, പൊലീസ് സംവിധാനങ്ങൾക്കും കഴിയാത്തതിന്റെ ഉദാഹരണങ്ങൾ കൂടിവരികയാണ്. വിമർശകരുടെ വായടപ്പിക്കാനും അവരെ അടിച്ചൊതുക്കാനും ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തുകയാണ്. 

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച എഐവൈഎഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത് തിരിച്ചറിവില്ലായ്മ മൂലമോ, രാഷ്ട്രീയതീരുമാനത്തിന്റെ അടിസ്ഥാനത്തിലോ ആവാം. എന്നാൽ, ‘കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ’ എന്ന പോസ്റ്റർ വാചകത്തിന്റെ പേരിൽ പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിലൂടെ സമൂഹത്തിനു നൽകുന്ന സന്ദേശം എന്തെന്ന് പൊലീസും അവരെ നിയന്ത്രിക്കുന്ന ഭരണാധികാരികളും ചിന്തിക്കേണ്ടിയിരുന്നു. 

രാജ്യത്ത് ഏറിവരുന്ന ആൾക്കൂട്ടക്കൊലപാതകങ്ങളെ വിമർശിച്ചതിന്റെ പേരിൽ സൈബർ ആക്രമണവും ഭീഷണിയും നേരിട്ട ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ വീട്ടിൽപോയി മുഖ്യമന്ത്രി ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ തന്നെയാണ് മറുവശത്ത് ഭരണമുന്നണിയിലെ ഒരു പാർട്ടിയുടെ സെക്രട്ടറിയെ വിമർശിച്ചതിന്റെ പേരിൽ അതേ പാർട്ടിയുടെ യുവജനസംഘടനാ പ്രവർത്തകരായ 3 പേർ അറസ്റ്റിലാകുന്നത്. നേതാവിനെ വിമർശിച്ചാൽ പാർട്ടിക്കു നടപടിയെടുക്കാം. എന്നാൽ, രാഷ്ട്രീയ വിമർശനത്തിന്റെ പേരിൽ പൊലീസ് വടിയുമായി ഇറങ്ങുന്ന കാഴ്ച അത്യപൂർവം തന്നെ. ജിഎസ്ടിക്കെതിരായുള്ള പരാമർശങ്ങൾ ഉൾക്കൊള്ളിച്ചതിന്റെ പേരിൽ, വിജയ് നായകനായ ‘മെർസൽ’ എന്ന തമിഴ് സിനിമയ്ക്കെതിരെ ബിജെപി പ്രവർത്തകർ രാജ്യമാകെ ഉയർത്തിയ വൻ പ്രതിഷേധം നമ്മൾ കണ്ടതാണ്. വിവാദപരാമർശങ്ങൾ നീക്കണമെന്ന ആവശ്യം വന്നപ്പോൾ അതു തള്ളിക്കൊണ്ട് മദ്രാസ് ഹൈക്കോടതി പറഞ്ഞു: അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും അവകാശപ്പെട്ടതാണ്. സിനിമ കാണാൻ ഇഷ്ടമില്ലാത്തവർ അതു കാണണമെന്നില്ല. 

വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്നവരെ ഒരുകാലത്തും നല്ല ഭരണാധികാരികളും നേതാക്കളുമായി ലോകം അംഗീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കുറ്റംചുമത്തി 41 സർക്കാർ ജീവനക്കാരെയാണ് ഇൗ സർക്കാരിന്റെ കാലത്ത് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കുറ്റത്തിന് 119 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. 26 പേർ അറസ്റ്റിലായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പോസ്റ്റിട്ടതിന് എത്ര കേസെടുത്തു എന്ന ചോദ്യം നിയമസഭയിൽ ഉന്നയിച്ചപ്പോൾ ‘ശേഖരിച്ചുവരുന്നു’ എന്ന ഉഴപ്പൻ മറുപടിയാണു സർക്കാർ നൽകിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായി ഫെയ്സ്ബുക് പോസ്റ്റിട്ടതിന് 11 പരാതികൾ ലഭിച്ചെങ്കിലും ഒന്നിലും അറസ്റ്റുണ്ടായതുമില്ല. 

എതിരാളികളെ ‘കല്ലെറിയാൻ’ ഓരോ രാഷ്ട്രീയ പാർട്ടിയും സ്വന്തം ‘സൈബർ സൈന്യ’ത്തെത്തന്നെ വിന്യസിച്ചിരിക്കുന്ന കാലമാണിത്. ശരിയേത്, തെറ്റേത് എന്നു തിരിച്ചറിയാൻ കഴിയാത്ത വിവരങ്ങളാണ് സൈബർ ലോകത്തേക്കു പ്രവഹിക്കുന്നത്. അവിടെ നടപടിക്ക് ഒരുങ്ങുമ്പോൾ നിയമം മാത്രമല്ല, വിവേചനബുദ്ധി കൂടി അന്വേഷകർ പ്രയോഗിക്കണം. ‘എനിക്കും എന്റെ കുട്ടികൾക്കും എന്തും പറയാം, മറ്റുള്ളവർ ഒന്നും പറയരുത്’ എന്ന സ്ഥിതി വരരുത്. അങ്ങനെയൊരു അവസ്ഥ കേരളത്തിലുണ്ടെന്നാണല്ലോ സർക്കാർ നിയമസഭയിൽ നൽകിയ കണക്കുകളിൽ നിന്നു തന്നെ വ്യക്തമാവുന്നത്. 

സർക്കാരിനും ഭരണാധികാരികൾക്കുമെതിരെ ഒന്നും പറഞ്ഞുകൂടാ എന്ന സ്ഥിതി വന്നാൽ അത് ജനാധിപത്യത്തിനു മേലുള്ള കടന്നുകയറ്റം തന്നെയാണ്. അഭിപ്രായപ്രകടനത്തിന് എക്കാലവും കൂച്ചുവിലങ്ങിടുക അസാധ്യമാണെന്നതു മറക്കരുത്. ആ സ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധികളും ഇവിടെ ഓർക്കേണ്ടിയിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA