ADVERTISEMENT

വിമോചനസമരത്തിന്റെ 60–ാം വാർഷികവേള ആ പ്രയോഗത്തിന്റെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കുന്നു. ഇഎംഎസ് സർക്കാരിനെ കേന്ദ്രസർക്കാർ പുറത്താക്കിയത് പക്ഷേ, പാർട്ടിയിൽ ഇഎംഎസിന്റെ ഔന്നത്യവും പദവിയും കൂട്ടിയതേയുള്ളൂ. എന്നാൽ, അതേ ഇഎംഎസിനെ പിന്നീട് ഒതുക്കാനും ദുർബലപ്പെടുത്താനും ദേശീയതലത്തിൽ തന്നെ നീക്കം നടക്കുകയും കേരളത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണ അതിനു ലഭിക്കുകയും ചെയ്തിരുന്നോ? സിപിഎമ്മിനകത്ത് എക്കാലത്തും ചർച്ചകൾക്കു വിഷയമായിട്ടുള്ള ഇഎംഎസ് വിരുദ്ധ നീക്കങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കു വിമോചനസമര വാർഷിക വേളയിൽത്തന്നെ സ്ഥിരീകരണം ലഭിച്ചു. അക്കാര്യം പറഞ്ഞുറപ്പിച്ചിരിക്കുന്നതു മുതിർന്ന നേതാവായ എം.എം. ലോറൻസ് തന്നെ.

കേരളത്തിലെ പാർട്ടിയിൽ വി.എസ്. അച്യുതാനന്ദൻ കഴിഞ്ഞാൽ പ്രായം കൊണ്ടും അനുഭവസമ്പത്തു കൊണ്ടും പോരാട്ടചരിത്രം കൊണ്ടും വഹിച്ച പാർട്ടി പദവികളെടുത്താലുമെല്ലാം ഇപ്പോൾ രണ്ടാമൻ നവതി ആഘോഷിക്കുന്ന ലോറൻസാണ്. ജീവിതസായാഹ്നത്തിൽ അദ്ദേഹം എഴുതിത്തുടങ്ങിയ ഫെയ്സ്ബുക് കുറിപ്പുകളിലാണ് അറിയപ്പെടാത്ത പാർട്ടി രഹസ്യങ്ങളുടെ ചുരുളഴിയുന്നത്. ഇഎംഎസിനെക്കുറിച്ചു മാത്രമല്ല, നായനാരെയും വിഎസിനെയും ഗൗരിയമ്മയെക്കുറിച്ചുമെല്ലാം അദ്ദേഹം പറയുമ്പോൾ അത് പാർട്ടിയുടെ ഇരുമ്പുമറകൾ ഭേദിക്കുന്ന വെളിപാടുകളാകുന്നു. അവ പലരെയും കുത്തിനോവിക്കുന്നു.

വിഎസോ അതിനു പിന്നിൽ?

ഹർകിഷൻ സിങ് സുർജിത്തിനു വേണ്ടി ജനറൽ സെക്രട്ടറി സ്ഥാനം ഇഎംഎസ് ഒഴിഞ്ഞ 1992ലെ മദ്രാസ് പാർട്ടി കോൺഗ്രസിൽ അദ്ദേഹത്തെ പൊളിറ്റ്ബ്യൂറോയിൽ നിന്നുകൂടി പുറത്തുചാടിക്കാൻ ഒരുവിഭാഗം ശ്രമിച്ചുവെന്നാണ് അന്നു കേന്ദ്രകമ്മിറ്റി അംഗമായിരുന്ന ലോറൻസ് വെളിപ്പെടുത്തുന്നത്. ‘പ്രായാധിക്യവും ശാരീരിക അവശതകളും ചൂണ്ടിക്കാട്ടി ഇഎംഎസിനെ ഒഴിവാക്കിയുള്ള പിബിയുടെ പാനലാണു കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ചത്. ഇതിനെ ഞാനടക്കമുള്ള കേന്ദ്ര കമ്മിറ്റിയിലെ ഒരുവിഭാഗം എതിർത്തു.

കേരളത്തിലെ പാർട്ടിയിൽ ശക്തമായ ഭിന്നതകൾ നിലനിന്ന കാലഘട്ടമായിരുന്നു. ഇഎംഎസ് ഒഴിയാൻ തയാറാണെന്നു ചില പ്രധാന നേതാക്കൾ അവിടെ അറിയിച്ചുവെങ്കിലും അത് അദ്ദേഹത്തിന്റെ പരിപൂർണ സമ്മതത്തോടെ പറഞ്ഞതാണെന്നു തോന്നിയില്ല. പിബി രൂപീകരണം തന്നെ അസാധ്യമാകുന്ന സ്ഥിതിവിശേഷമായി. ഒടുവിൽ താൻ പിബിയിൽ ഇരിക്കാൻ തയാറാണെന്ന് ഇഎംഎസ് തന്നെ കേന്ദ്രകമ്മിറ്റിയിൽ പറഞ്ഞതോടെയാണു പ്രശ്നം തീർന്നത്’ – ലോറൻസ് കുറിച്ചു.

പിബിയിൽ ഇഎംഎസ് തുടരണമെന്നു ലോറൻസടക്കം ആവശ്യപ്പെട്ടപ്പോൾ യോജിക്കാത്തവരിൽ കേരള നേതാക്കളുണ്ടായിരുന്നോ? ഉണ്ടായിരുന്നുവെന്നായിരുന്നു ലോറൻസിന്റെ മറുപടി. അന്നു പിബി അംഗമായിരുന്ന വി.എസ്. അച്യുതാനന്ദനെയാണോ ഉദ്ദേശിക്കുന്നത്? ‘പേരുകളിലേക്ക് ഇപ്പോൾ ഞാൻ കടക്കുന്നില്ല’. ഇഎംഎസ് വിരുദ്ധ നീക്കത്തിനു ചുക്കാൻ പിടിച്ചത് വിഎസ് ആണോയെന്ന ചോദ്യം തള്ളാതെ ലോറൻസ് ‘മനോരമ’യോടുള്ള പ്രതികരണം ഒതുക്കി.അതേസമയം, ഇ.കെ.നായനാരെക്കുറിച്ചുള്ള ഓർമക്കുറിപ്പിൽ വിഎസിന് ഇഎംഎസിനോടുള്ള അനിഷ്ടത്തിന്റെ പിന്നിലെന്തെന്നു ലോറൻസ് ചുരുക്കിപ്പറഞ്ഞിട്ടുണ്ട്.

ചെന്നൈ പാർട്ടി കോൺഗ്രസിനു തൊട്ടുമുൻപു നടന്ന കോഴിക്കോട് സംസ്ഥാന സമ്മേളനത്തിൽ നായനാരെ പോരിനിറക്കി വിഎസിനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയതിന്റെ കാണാപ്പുറങ്ങൾ ലോറൻസ് ഇങ്ങനെ വെളിപ്പെടുത്തുന്നു.‘സെക്രട്ടറി ആയിരുന്ന അച്യുതാനന്ദന്റെ പ്രവർത്തന രീതിയെക്കുറിച്ചു വലിയ എതിർപ്പ് പാർട്ടിയിലെ ഉന്നത നേതൃത്വത്തിനുണ്ടായി. പാർട്ടിയുടെ കൂട്ടായ പ്രവർത്തനത്തിനു പ്രാധാന്യം നൽകാതെ വിഷമങ്ങൾ സൃഷ്ടിച്ച അദ്ദേഹത്തെ മാറ്റണമെന്ന ചിന്ത പ്രധാനപ്പെട്ട നേതാക്കൾക്ക് ഉണ്ടായിരുന്നു.

അദ്ദേഹം പറയുന്നത് എല്ലാവരും അംഗീകരിച്ചു കൊള്ളണം എന്ന രീതിയിലാണു സെക്രട്ടറിയായി പ്രവർത്തിച്ചത്. അതു കമ്യൂണിസ്റ്റ് രീതിക്കു യോജിച്ചതല്ല. മത്സരത്തിൽ നായനാർ രണ്ടു വോട്ടിനു ജയിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത ഇഎംഎസിന്റെ നിലപാടു കൊണ്ടാണു താൻ തോൽക്കാൻ ഇടയായത് എന്ന ധ്വനി വരുത്തുന്ന രീതിയിൽ വിഎസ് പ്രതികരിച്ചു. അച്യുതാനന്ദന്റെ പെരുമാറ്റങ്ങളിലും രീതികളിലും ഇഎംഎസിന് എതിർപ്പുണ്ടായിരുന്നുവെന്ന് എനിക്ക് അറിയാമായിരുന്നു’.

ചോദ്യങ്ങളെ വെറുത്ത ഗൗരിയമ്മ

1987ലെ നായനാർ സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്ന ഗൗരിയമ്മ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലക്കിയിട്ടും കശുവണ്ടി ഇറക്കുമതിയുമായി മുന്നോട്ടുപോയെന്ന് ലോറൻസ് തുറന്നു പറയുന്നു. ഗൗരിയമ്മയ്ക്കു പകരം വി.വിശ്വനാഥമേനോനെ വ്യവസായ മന്ത്രിയാക്കാനാണ് അന്നു പാർട്ടി ഉദ്ദേശിച്ചത്. സെക്രട്ടേറിയറ്റിൽ ഈ നിർദേശം ഉയർന്നപ്പോൾ ‘വ്യവസായ മന്ത്രിയല്ലെങ്കിൽ പിന്നെ മന്ത്രിസഭയിലേക്കില്ല’ എന്നു ഗൗരിയമ്മ ശഠിച്ചു.

പിന്നീടു വന്ന കരുണാകരൻ സർക്കാർ ആ കശുവണ്ടി ഇറക്കുമതിയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് പാർട്ടി എതിർത്തിട്ടും ആലപ്പുഴ വികസനസമിതി അധ്യക്ഷപദം ഗൗരിയമ്മ ഏറ്റെടുത്തതെന്നും ലോറൻസ് തുറന്നടിച്ചു.‘അച്ചടക്കം പാലിക്കാതെ, തന്നിഷ്ടം നടപ്പിലാക്കാനും അതിനെ ചോദ്യം ചെയ്യുന്നവരെയെല്ലാം ശത്രുവായി കണക്കാക്കാനും ഗൗരിയമ്മ തുടങ്ങി. അതിന്റെയെല്ലാം ഫലമായിട്ടാണു ഗൗരിയമ്മ പുറത്താക്കപ്പെട്ടത്’– ലോറൻസ് നിരീക്ഷിച്ചു.

എന്താണ് ഈ തുറന്നുപറച്ചിലിനു പിന്നിൽ? ‘ചില കാര്യങ്ങൾ പുറംലോകം അറിയണമെന്നു തോന്നി. വൈകിയെന്ന അഭിപ്രായമില്ല. താൽപര്യമുള്ളവർ അവ വിലയിരുത്തട്ടെ’. സമൂഹമാധ്യമം തിരഞ്ഞെടുത്തതോ? ‘എഴുതുന്നതിനോടുള്ള അഭിപ്രായ പ്രകടനങ്ങൾ ഉടൻ ലഭിക്കുന്നു. ആത്മകഥ പണിപ്പുരയിലുമാണ്’. ഏഴു പതിറ്റാണ്ടിലേറെ നീണ്ട പാർട്ടിജീവിതത്തിലെ കയ്പും മധുരവുമെല്ലാം ലോറൻസ് പങ്കിട്ടാൽ അത് ഉൾപ്പാർട്ടി പോരാട്ടങ്ങളുടെ ചരിത്രം തന്നെയാകും. എല്ലാ കുഴപ്പങ്ങൾക്കും കാരണം മാധ്യമങ്ങളാണെന്നു നിരന്തരം ന്യായക്കോട്ട കെട്ടുന്നവർക്ക് അതു വീണ്ടുവിചാരത്തിനും വഴിയൊരുക്കിയേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com