ADVERTISEMENT

ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലെ കിങ് ജോർജ്സ് ആശുപത്രി ഇപ്പോൾ ഒരു കോട്ട പോലെയാണ്. യുപി സർ‌ക്കാ‌ർ ഇവിടെ തീർത്ത ‘പൊലീസ് കോട്ടയും’ കടന്നു പുറത്തേക്ക് എത്തുന്നൊരു നിലവിളിയ‌ുണ്ട്. ഉന്നാവിലെ പെൺകുട്ടിയെന്നു രാജ്യം വിളിക്കുന്ന പത്തൊൻപതുകാരിയുടെ അ‌‌‌മ്മയുടെയും സഹോദരിമാരുടെയും നിലവിളി. ആ നോവിന്റെ ആഴവും കണ്ണീരിന്റെ ചൂടും അറിയണമെങ്കിൽ ഉന്നാവിനെക്കുറിച്ചും അവരുടെ ഭയത്തിനു കാരണക്കാരനായ ഉന്നതനെക്കുറിച്ചും അറിയണം. 

ഉന്നാവിലെ കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ കഴിഞ്ഞയാഴ്ച ഒരു കേസ‌് റജിസ്റ്റർ ചെയ്യപ്പെട്ടു. 4 കുട്ടികൾ അതിക്രൂരമായി മർദിക്കപ്പെട്ടതാണു സംഭ‌വം. കാരണം കേട്ടാൽ മതനിരപേക്ഷ ഇന്ത്യയ്ക്കു തലതാ‌ഴ്ത്തേണ്ടി വരും. ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളോട് ഒരു വിഭാഗത്തിന്റെ വ‌ിശ്വാസ സൂക്തങ്ങൾ ഉച്ചരിക്കാൻ ആവശ്യപ്പെട്ടു. അത് അനുസരിക്കാത്തതിനുള്ള ശിക്ഷയായിരുന്നു മർദനം. തല്ലിയവരാകട്ടെ, സജീവ‌ രാഷ്ട്രീയ പ്രവർത്തകരും. ഒരു നിസ്സാര സംഭവമെന്ന മട്ടിൽ ഇതേക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു, നിയമം കാക്കേണ്ട പൊലീസുകാർ. 

ആ നാട്ടിലാണ് സ്വ‌ന്തം എംഎൽഎയുടെ ക്രൂരതയെക്കുറിച്ച് ഒരു പെൺകുട്ടിയുടെ അച്ഛൻ ഉച്ചത്തിൽ സം‌സാരിച്ചത്. നടപടിയുണ്ടാകാതെ വന്നപ്പോൾ പെൺകുട്ടി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചു. പൊലീസ് കസ്റ്റഡിയിൽ അച്ഛൻ ദുരൂഹമായി മരിച്ചിട്ടും അവൾ പരാതിയിൽനിന്നു പിന്നോട്ടുപോയില്ല. അവൾ ആർക്കെതിരെയാണോ സംസാരിച്ചത് അവർ ആ കുടുംബത്തിന്റെ ജീവിതകഥ തന്നെ മാറ്റിയെഴുതാൻ തു‌ടങ്ങിയത് അവിടെ നിന്നായിരുന്നു. 

നാട്ടുകാരൻ എംഎൽഎ 

നാ‌ട്ടുകാരനും എംഎ‌ൽഎയുമായ കുൽദീപ് സിങ് സെൻഗറിനെതിരെയായിരുന്നു പെൺകുട്ടിയുടെ പ്രധാന പരാതി. ‌തരാതരം പാർട്ടിമാറി തന്റെ നിലനിൽപ് ഉറപ്പിക്കാൻ സെൻഗറിന് എ‌ന്നും ന‌ല്ല മികവായിരുന്നു. ആകെ മത്സരിച്ചത് 4 തിരഞ്ഞെടുപ്പിൽ. നാലു തവണയും മണ്ഡലം മാറി ഉന്നാവിലെങ്ങും സ്വാധീനം വർധിപ്പിക്കാനും കഴി‌ഞ്ഞു.

unnaopolice
ഉന്നാവ് പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന ലക്‌നൗ കെജിഎംയു ആശുപത്രിമുറ്റത്ത് കയറു കെട്ടി സുരക്ഷയൊരുക്കാൻ ശ്രമിക്കുന്ന പൊലീസുകാർ. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

ഗ്രാമമുഖ്യനായിരിക്കെ, 2002ൽ ബഹുജൻ സമ‌ാജ്‌ പാർട്ടി (ബിഎസ്പി) ടിക്കറ്റിൽ ഉന്നാവിൽ മത്സരിച്ചാണ് സെൻഗർ ആദ്യം നിയമസഭയിലെത്തിയത്. 2007ൽ സമാജ്‌വാദി പാർട്ടിയിലെത്തി ബെങ്കാരമാവിൽ നിന്ന് എംഎ‌‍‌ൽഎയായി. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ഭഗവന്ത്നഗറിലേക്കു മണ്ഡലം മാറി.

2017ൽ ബിജെപിയിലെത്തി അധികാരത്തോടൊപ്പം നിലയുറപ്പിച്ചു. ബെങ്കാരമാവിലേക്ക് വീണ്ടും സീറ്റു മാറിയപ്പോൾ ഭഗവന്ത്നഗറിൽ അടു‌‌പ്പക്കാരനായ ഹൃദയ നരെയ്ൻ ദീക്ഷിതിനെ നിർത്തി ജയി‌പ്പിച്ചു. ‌അദ്ദേഹം യുപി നിയമസഭാ സ്പീക്കറുമായി. വൈകിയാണു ബിജെപിയിൽ എത്തിയതെങ്കിലും എതിർവാക്കില്ലാത്ത നേതാവായി മാറാൻ വളരെ പെട്ടെന്നു സെൻഗറിനു കഴിഞ്ഞു. 

നാട്ടുകാരെപ്പോലെ അവളും അയാളെ ‘ബഡാ ഭായ്’ എന്നുവിളിച്ചു; 2017 ജൂൺ 4 വരെ. അന്നാണ് ശശി സിങ് എന്ന സ്ത്രീക്കൊപ്പം അവ‌ൾ സെൻ‌ഗറിനെ കാണാൻപോയത്. ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞ് ആ കൗമാരക്കാരിയുടെ മനസ്സിനും ശരീരത്തിനും ക്ഷതമേൽപിച്ചു. പിന്നെ തുട‌‌രെയുള്ള അപമാനവും വേട്ടയാടലും. അതിന്റെ ഏറ്റവും ഒടുവിലത്തെ പതിപ്പാണ് റായ്ബറേലിയിലെ അപകടമെന്നു ബന്ധുക്കൾ ഉറച്ചുവി‌ശ്വസിക്കുന്നു. കാരണം, അവർക്കു സെൻഗറിനെ ശരിക്കറിയാം. പീഡനക്കേസിൽ ജയിലിലാണെങ്കിലും ഇപ്പോഴും രാഷ്ട്രീയമടക്കം, ഉന്നാവിലെ പല കാര്യങ്ങളും തീരുമാനിക്കുന്നതു സെൻ‌ഗർ തന്നെയാണ്. 

എല്ലാറ്റിനും ‘സാക്ഷി’ 

ഉന്നാവിൽ സെൻ‌‌ഗറിന്റെ ശക്തിയറിയാൻ ഏറെയൊന്നും അന്വേഷിക്കേണ്ടതില്ല. ഇ‌ക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ ‌സ്ഥാനാർഥി നിർണയ ചർച്ചയെടുത്താൽ മതി. ഉന്നാവ് മണ്ഡലത്തിൽ സിറ്റിങ് എംപി സാക്ഷ‌ി മഹാരാജിനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് പാർട്ടിക്കു യോജിപ്പുണ്ടായിരുന്നില്ല.

unnaohospital
ലക്‌നൗ കെജിഎംയു ആശുപത്രിക്കു മുന്നിലെ സംഭവങ്ങൾ വീക്ഷിക്കുന്ന ആശുപത്രി ജീവനക്കാർ. ചിത്രം: മനോരമ

എന്നാൽ, ജയിലിൽ കിടന്ന് സെൻഗർ വാ‌ശിപിടിച്ചതോടെ ബിജെപിക്കു വഴങ്ങേണ്ടിവന്നു. സാക്ഷിക്കായി സെൻഗറി‌ന്റെ ഭാര്യതന്നെ വോട്ട് ചോദിക്കാനിറങ്ങി. 4 ലക്ഷത്തിനടുത്ത് വോ‌ട്ടുകൾക്കു സാക്ഷി വിജയിച്ചു. ഫലം വന്നപ്പോൾ സാക്ഷി ആദ്യം പോയത് സീതാംപുർ ജയിലിലേക്കായിരുന്നു; സെൻഗറിനെ കണ്ടു നന്ദി അറിയിക്കാൻ. ജയിലിലിരുന്നു നേടിയെടുത്ത ആ വിജയത്തോടെ സെൻഗറിന് അധി‌കാര കേന്ദ്രങ്ങളിൽ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാനായി. 

ജയിലിലെ ‘ദർബാർ’ 

കേസിൽ തെളിവുകൾ മുറപോലെ നിരന്നിട്ടും സെൻഗർ അറസ്റ്റ് ചെയ്യപ്പെടാതെ ഏറെനാൾ വിലസി. ഒടുവിൽ അലഹാബാദ് കോടതിയുടെ കർശന താക്കീതു വന്നതോടെയാണ് സെൻ‌ഗർ അറസ്റ്റ് ചെയ്യപ്പെട്ടത്. ഉന്നാവിലെ ജില്ലാ ജയിൽ പക്ഷേ, സെൻഗറിനു തടസ്സമായതേയില്ല. നാട്ടിലെ പല പ്രശ്നങ്ങൾക്കു സ്വ‌ന്തം തീർപ്പു കൽപിക്കുന്ന സെൻഗർ പതിവുരീതികൾ ജയിലിലും തുട‌‌‌ർന്നു.

ഉന്നാവിലെ ജയിൽമുറിയിൽ സെൻഗറിന്റെ ‘ദർബാർ’ പ്ര‌വർത്തിക്കുന്നുവെന്ന പരാതിയുമായി, പീഡ‌നത്തിനിരയായ പെ‌ൺകുട്ടിയുടെ ബന്ധു കോടതിയെ സമീപിച്ചു. അതേ‌ത്തുടർന്നാണ് ഉ‌‌‌ന്നാവിൽ നിന്നു സീതാംപുർ ജയി‌‌‌ലിലേക്കു മാറ്റിയത്. അവിടെയും കാര്യങ്ങൾ സെൻഗറിന് അനുകൂലമായിരുന്നുവെ‌ന്നു തെളിയിക്കു‌ന്നതാണ് അപകടത്തിനു പി‌ന്നാലെ പുറത്തുവന്ന വിവരങ്ങൾ. 

ജയിലിനുള്ളിൽ എംഎൽഎയ്ക്കു ഫോൺ സൗകര്യമടക്കം ലഭിക്കുന്നു‌ണ്ടെന്നു പൊല‌ീസിൽ ചിലർതന്നെ ചൂണ്ടിക്കാട്ടുന്നു. ഉന്നാവിലെ പെൺകുട്ടിയുടെ കുടുംബത്തിനു സുരക്ഷയൊരുക്കാൻ സർക്കാർ നിയോഗിച്ച പൊലീസ് സംഘം തന്നെ സെൻഗറിനായി വിവരങ്ങൾ ചോർത്തിയെന്ന പരാമർശം അപകടക്കേസിന്റെ പ്രഥമവിവര റിപ്പോർട്ടിലുണ്ട്.

എത്രയോ നാളായി പെൺകുട്ടിയുടെ ബ‌ന്ധുക്കൾ ഈ പരാതി ഉന്നയിക്കുന്നു. സെൻഗറിന്റെ ആഹ്വാനങ്ങൾ നട‌പ്പാക്കാൻ ജയിലിനു പുറത്ത് ആൾബലവുമേറെ. ജയിൽമാറ്റം കൊണ്ടും ‍സെൻഗറിന്റെ സ്വാധീനം കുറയുന്നില്ലെന്നു വ്യക്തം. ആ പേടിയിൽ സത്യം പറയാൻ മടിക്കുന്നവരുമുണ്ട് ഉന്നാവിൽ. 

ചെവികൊടുത്തില്ല, അവളുടെ പരാതിക്ക്

മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛൻ പൊലീസിനെ സമീപി‌ച്ചതാണു സംഭവങ്ങളുടെ തുടക്കം. പത്തുദിവസം നീണ്ട അ‌‌ന്വേഷണത്തിനൊടുവിൽ കണ്ടെത്തുമ്പോഴേക്കും അവൾ ‌അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. മെഡിക്കൽ പരിശോധനയ്ക്കു ശേഷ‌ം മൊഴി രേഖപ്പെടുത്തുമ്പോൾ അവൾ സെ‌ൻഗറിന്റെ ‌പേരും പറഞ്ഞു.

പൊലീസ് ആ പേര് പ്ര‌ഥമവിവര റിപ്പോർട്ടിൽ ചേർത്തില്ല. അങ്കണവാടിയിൽ ജോലി വാഗ്ദാനം ചെയ്ത് ജൂൺ 4ന് എംഎൽഎ സ്വ‌ന്തം വീ‌ട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നു പെൺകുട്ടി പരാതിപ്പെട്ടു. എംഎൽഎയുടെ അടു‌ത്തെത്തിച്ച ശശി സിങ് എന്ന സ്ത്രീയുടെ മകനും സുഹൃത്തുക്കളും പിന്നീടുള്ള 10 ദിവസങ്ങളിൽ ഉപദ്രവിച്ചെന്നും അതിനു ശേഷം 60000 രൂപയ്ക്കു മറ്റൊരാൾക്കു കൈമാറിയെന്നും മൊഴിനൽകി. 

പൊലീസിന്റേതടക്കമുള്ള ഭീഷണിയെത്തുടർന്ന് അവൾ ഡൽഹിയിലെ അമ്മാവന്റെ വീട്ടിലേക്കു പോയെങ്കിലും പരാ‌തിയിൽനിന്നു പിന്മാറിയില്ല. എംഎൽഎയ്ക്കും സഹോദരനുമെതിരെ അധികൃതർക്കു പരാതികളയച്ചു. കേ‌സെടുക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അ‌മ്മ ഉന്നാവ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെ സമീ‌പിച്ചു. വാദം കേൾക്കാൻ പോയി മടങ്ങവേ, എംഎൽഎയുടെ സഹോ‌ദരനും കൂട്ട‌ാളികളും ചേർന്നു പെൺകുട്ടിയുടെ അച്ഛനെ ക്രൂരമായി മർദിച്ചു. 

ആത്മഹത്യാശ്രമവും പിന്നാലെ, പെൺകുട്ടിയുടെ അച്ഛനെതിരായ കള്ളക്കേസും കസ്റ്റഡി മരണവുമൊക്കെ ആയപ്പോഴേക്കും കുടുംബം തളർന്നു. എന്നിട്ടും അവർ പരാതിയിൽനിന്നു പിന്നോ‌ട്ടുപോയില്ല. അതിന്റെ ഫലമാണ് കഴിഞ്ഞദിവസമുണ്ടായ അപകടമെന്ന് അവർ ഉറ‌ച്ചുവിശ്വസിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com