sections
MORE

പാലം അപകടത്തിൽ, മെല്ലെ പോവുക!

SHARE

സംസ്ഥാനത്തെ പാലങ്ങളുടെയും റോഡുകളുടെയും ഗുണനിലവാര പരിശോധനാ സംവിധാനങ്ങളിലെ വീഴ്ചകൾ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതിനായി പ്രത്യേക മാന്വൽ ഉണ്ടെങ്കിലും അതിലെ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നില്ലെന്നതാണു വസ്തുത.

വൈറ്റില ഫ്ലൈഓവറിൽ നടത്തിയ മൂന്നു പരിശോധനകളിൽ ഒന്നിലെ ഫലം മാത്രമാണ് നെഗറ്റീവായതെന്നും അന്തിമ പരിശോധന നടത്തിയ സ്വതന്ത്ര ഏജൻ‍സിയുടെ റിപ്പോർട്ടിലെ ഫലങ്ങൾ തൃപ്തികരമാണെന്നുമാണു സർക്കാർ നിലപാട്. പക്ഷേ, നിർമാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് ഉദ്യോഗസ്ഥരുടെ മൊത്തം ആത്മവീര്യം കെടുത്തുന്ന നടപടിയാണ്. ഭാവിയിൽ നിർമാണസമയത്തെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാൻ അവർ ഭയന്നേക്കാം. 

ഗുണനിലവാര നിയന്ത്രണ മാന്വൽ ‌നിലവിലുണ്ടെങ്കിലും പരിശോധനാകേന്ദ്രങ്ങളിൽ ആവശ്യത്തിനു ജീവനക്കാരില്ലെന്ന യാഥാർഥ്യവും കണക്കിലെടുക്കണം. ഈ വിഭാഗം അടിയന്തരമായി ശക്തിപ്പെടുത്തേണ്ടതുണ്ട്. അവർക്കു വിപുലമായ അധികാരങ്ങളും നൽകണം. കോൺക്രീറ്റ് തയാറാക്കുന്ന പ്ലാന്റുകളിൽ പോയി ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്നാണു ചട്ടം. പക്ഷേ, അതു പലപ്പോഴും ഫലപ്രദമായി നടക്കാറില്ല. 

മാന്വൽ അനുസരിച്ച് മൂന്നു ഘട്ടങ്ങളായാണു പരിശോധന. ആദ്യഘട്ടത്തിൽ കരാറുകാരനാണതു ചെയ്യേണ്ടത്. ഈ റിപ്പോർട്ടില്ലാതെ ആദ്യഘട്ട ബില്ലുകൾ പാസാക്കരുതെന്നാണു നിബന്ധന. ഇതു കർശനമാക്കിയാൽ പരിശോധനയ്ക്കു കുറെക്കൂടി ഗൗരവം കൈവരും. പാലത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഉദ്യോഗസ്ഥർക്കു കൂടി ഉത്തരവാദിത്തമുണ്ടെന്നു വരുന്നതോടെ, റിപ്പോർട്ടിൽ ഒപ്പിടുന്നവർ കൂടുതൽ ജാഗ്രത പുലർത്തും. 

രണ്ടാം ഘട്ടത്തിൽ ഗുണനിലവാര പരിശോധനാ വിഭാഗവും മൂന്നാം ഘട്ടത്തിൽ സ്വതന്ത്ര ഏജൻസിയുമാണു പരിശോധിക്കേണ്ടത്. ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ രണ്ടാംഘട്ട പരിശോധന പ്രധാന പദ്ധതികളിൽ മാത്രമായി ഒതുങ്ങുകയാണ്.   ഗുണനിലവാരം ഉറപ്പാക്കാൻ ദേശീയപാത അതോറിറ്റി പിന്തുടരുന്ന രീതികൾ സംസ്ഥാന പൊതുമരാമത്തു വകുപ്പിനും മാതൃകയാക്കാവുന്നതാണ്. നാഷനൽ അക്രെഡിറ്റേഷൻ ബോർ‍ഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് അംഗീകരിച്ച ലാബുകളിലാണ് അവർ സാംപിളുകൾ പരിശോധിക്കുന്നത്. 

കോൺക്രീറ്റ് തയാറാക്കി അര മണിക്കൂറിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ ബലം കുറയും. കോൺക്രീറ്റ് മിക്സ് തയാറാക്കുന്ന കമ്പനികളുടെ പ്ലാന്റിൽ നിന്നാണു പലപ്പോഴും സാംപിൾ ശേഖരിക്കുന്നത്. എന്നാൽ, ഏറെ വൈകി നിർമാണ സ്ഥലത്ത് എത്തുമ്പോൾ‍ ഇതേ നിലവാരംതന്നെ ഉണ്ടാകണമെന്നില്ല. പമ്പ് ചെയ്യാനുള്ള സൗകര്യത്തിനു സൈറ്റിൽ വച്ച് കോൺക്രീറ്റിൽ വീണ്ടും വെള്ളം ചേർക്കുന്ന പതിവുണ്ട്. ഇങ്ങനെ വെള്ളം ചേർക്കുന്ന മിശ്രിതത്തിൽ അതിന് ആനുപാതികമായി സിമന്റ് ഉപയോഗിക്കണമെന്നുണ്ട്. എന്നാൽ, ഉദ്യോഗസ്ഥർ സ്ഥലത്തില്ലെങ്കിൽ ഇതു നടക്കണമെന്നില്ല. 

ഏതു പദ്ധതിയിലും സുരക്ഷയാണ് ആദ്യം ഉറപ്പാക്കേണ്ടതെന്ന ബാലപാഠമാണ് ഇവിടെ വിസ്മരിക്കപ്പെടുന്നത്. പാലാരിവട്ടം ഫ്ലൈഓവറിന്റെ കാര്യത്തിൽ സംഭവിച്ചതും മറ്റൊന്നല്ല. സാധാരണ ഒരു പാലത്തിന്റെ ആയുസ്സ് 100 വർഷമാണെന്നിരിക്കെ, നിർമാണത്തിലെ അപാകത മൂലം പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ ഇത് 20 വർഷമായി കുറഞ്ഞതായാണു വിദഗ്ധ റിപ്പോർട്ട്.  ഇതാണ് ഗർഡറുകൾ മാറ്റിയുള്ള പുനർനിർമാണം ശുപാർശ ചെയ്യാൻ ഇ.ശ്രീധരൻ സമിതിയെ പ്രേരിപ്പിച്ചത്. ഈ അനുഭവപാഠം ഉൾക്കൊണ്ടു വേണ്ടേ, പൊതുമരാമത്തു വകുപ്പ് നിർമാണങ്ങളുമായി മുന്നോട്ടുപോകാൻ. 

സംസ്ഥാനത്തെ 95 പാലങ്ങൾ അപകടാവസ്ഥയിലാണെന്നു പൊതുമരാമത്തു വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പുനർനിർമിക്കേണ്ട പാലങ്ങളുടെ പട്ടികയിൽ വകുപ്പു മന്ത്രിയുടെ ജില്ലയായ ആലപ്പുഴയിലെതന്നെ 26 പാലങ്ങളുണ്ട്. തൃശൂർ, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണു ദുർബലമായ പാലങ്ങൾ കൂടുതൽ. പാലങ്ങളുടെ സുരക്ഷ സംബന്ധിച്ച ഈ കണക്കുകൾ, പുതിയ പാലങ്ങളുടെ നിർമാണത്തിൽ എത്രത്തോളം ജാഗ്രത പുലർത്തണം എന്നതിന്റെ ഓർമപ്പെടുത്തലാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA