ADVERTISEMENT

ബിജെപിയുടെ  മിസ്ഡ് കോൾ ക്യാംപെയ്ൻ കാരണം തന്റെ അവധിതന്നെ മിസ്സായ കഥയാണ് പാലക്കാട് ജില്ലയിലെ പ്രവാസി യുവാവിനു പറയാനുള്ളത്. പാർട്ടിക്കാരനല്ലാത്ത തന്റെ ഫോണിലേക്കു ബിജെപി അംഗത്വ ക്യാംപെയ്നിന്റെ ഭാഗമായി നിലയ്ക്കാതെ വിളി വന്നപ്പോൾ അവധിതന്നെ റദ്ദാക്കി വിദേശത്തേക്കു മടങ്ങേണ്ടി വന്നുവെന്നാണ് വള്ളുവനാടൻ മേഖലയിൽനിന്നുള്ള യുവാവിന്റെ പരിഭവം. 

ബിജെപിയുടെ ഔദ്യോഗിക നമ്പറും യുവാവിന്റെ മൊബൈൽ നമ്പറും തമ്മിൽ സാമ്യമേറെ. ഇതാണു വിനയായത്. പാർട്ടി നമ്പറിന്റെ ആദ്യ രണ്ടക്കമായ 89 പ്രവാസിയുടെ നമ്പറിന്റെ അവസാന രണ്ടക്കം. പാർട്ടി നമ്പറിന്റെ അവസാന രണ്ടക്കമായ 80 പ്രവാസിയുടെ ആദ്യ രണ്ടക്കം. ഇടയിലെ അക്കങ്ങളെല്ലാം ഒന്നുതന്നെ.

കഴിഞ്ഞമാസം 11നാണു പാർട്ടി ദേശീയതലത്തിൽ അംഗത്വ ക്യാംപെയ്ൻ ആരംഭിച്ചത്. ക്യാംപെയ്നിന്റെ ഉദ്ഘാടനം നടന്ന അന്നു തുടങ്ങിയ മിസ്ഡ് കോൾ ശല്യം സുഹൃത്തുകൂടിയായ ബിജെപി മണ്ഡലം ഭാരവാഹിക്കു സമ്മാനിച്ചാണ് യുവാവ് വിദേശത്തേക്കു പോയത്. കോൾ ഡൈവേർഷൻ ഓപ്ഷനിലൂടെ ‘അംഗത്വ കോളുകൾ’ മണ്ഡലം ഭാരവാഹിയുടെ ഫേ‍ാണിലേക്കു തിരിച്ചുവിടുകയായിരുന്നു. അതോടെ അദ്ദേഹത്തിനും തലവേദനയായി. 

ഒടുവിൽ തന്റെ ഫോണിലേക്കു വരുന്ന കോളുകൾ ജില്ലാ ഭാരവാഹിയുടെ ഫോണിലേക്കു തിരിച്ചുവിടാൻ ശ്രമിച്ചതോടെ മണ്ഡലം ഭാരവാഹിക്കു ശാസനയും കിട്ടി. സ്വന്തം ഫേ‍ാൺ ആയതിനാൽ മുഴുവൻ സമയവും ഒ‍ാഫാക്കാനും കഴിയില്ല. എന്തായാലും ഇനി തിരിച്ചു നാട്ടിലേക്കു വരുമ്പോഴേക്കെങ്കിലും മിസ്ഡ് കോൾ പുകില് അവസാനിപ്പിക്കാൻ ബിജെപി നേതൃത്വം ഇടപെടണമെന്നാണു പ്രവാസി യുവാവിന്റെ അഭ്യർഥന.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com