ADVERTISEMENT

ന്യൂഡൽഹി∙ ‘‘ഇന്ദ്ര മഹേന്ദ്ര രാജരാജേശ്വര മഹാരാജാധിരാജ് ശ്രീഹരി സിങ്ജി എന്ന ജമ്മു കശ്മീർ നരേശ താത തിബറ്റാദി ദേശാധിപതിയും ജമ്മു കശ്മീരിന്റെ ഭരണാധികാരിയായ ഞാൻ അതിന്മേലുളള എന്റെ പരമാധികാരമുപയോഗിച്ച് ഈ ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു... ’’ – കശ്മീരിനെ ഇന്ത്യയ്ക്കൊപ്പം ചേർക്കാനുള്ള കൂട്ടിച്ചേർക്കൽ ഉടമ്പടിയുടെ തുടക്കമാണിത്.

ഭരണാധികാരിയായിരുന്ന മഹാരാജാ ഹരിസിങ് 1947 ഓഗസ്റ്റ് 26ന് ഒപ്പുവച്ചതോടെയാണ് കശ്മീരിൽ സ്വതന്ത്ര ഇന്ത്യ ഇടപെട്ടു തുടങ്ങിയത്. സ്വതന്ത്ര രാജ്യമായി നിൽക്കണമെന്നായിരുന്നു കശ്മീർ ഭരിച്ചിരുന്ന മഹാരാജാ ഹരിസിങ്ങിന്റെ തീരുമാനം.എന്നാൽ, പാക്കിസ്ഥാൻ പിന്തുണയുള്ള പഠാൻ കലാപകാരികൾ കശ്മീരിനെ ആക്രമിച്ചപ്പോൾ ഗത്യന്തരമില്ലാതെയാണ് ഹരിസിങ് ഇന്ത്യൻ യൂണിയനിൽ ചേരാൻ തീരുമാനിച്ചത്.

പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെയും ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്തിരുന്ന ഉപപ്രധാനമന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേലിന്റെയും നിർദേശാനുസരണം അതിനു ചുക്കാൻ പിടിച്ചത് വി.പി.മേനോൻ എന്ന മലയാളിയാണ്. പാക്ക് കലാപകാരികളുടെ കയ്യേറ്റത്തെത്തുടർന്നു രാജാവിന്റെ അഭ്യർഥന പ്രകാരം മേനോൻ കശ്മീരിലെത്തി കാര്യങ്ങൾ മനസ്സിലാക്കി മടങ്ങി.

ഇന്ത്യയുടെ പിന്തുണയുമായി മേനോൻ തിരിച്ചു വന്നില്ലെങ്കിൽ തന്നെ വെടിവച്ചു കൊല്ലണമെന്നായിരുന്നത്രേ ഹരിസിങ് തന്റെ എഡിസിക്കു നിർദേശം നൽകിയത്. മേനോൻ ഇന്ത്യയുടെ പിന്തുണയുമായി മടങ്ങിയെത്തി. പഠാൻ അക്രമികളെ ഇന്ത്യൻ സേന തുരത്തി.

ഇക്കാര്യങ്ങൾ മേനോൻ ‘ഇന്റഗ്രേഷൻ ഓഫ് ദി ഇന്ത്യൻ സ്റ്റേറ്റ്സ്’ എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. കശ്മീർ വിഷയത്തിനു കാരണക്കാരനായി ബിജെപി ഇപ്പോൾ കുറ്റപ്പെടുത്തുന്ന ജവഹർലാൽ നെഹ്റുവിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയുടെയും ദീർഘവീക്ഷണത്തിന്റെയും ഭാഗമായാണ് അന്ന് ആ നടപടി വ്യാഖ്യാനിക്കപ്പെട്ടത്.

നെഹ്റു തന്ത്രം

ബ്രിട്ടന്റെ പരമാധികാരം അംഗീകരിക്കുന്ന പ്രിൻസ്‍ലി സ്റ്റേറ്റ് ആയി ജമ്മു കശ്മീർ രൂപപ്പെടുന്നത് 1846 മാർച്ച് 16നാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു കപ്പം കൊടുക്കാൻ വിഷമിച്ച സിഖ് രാജാക്കന്മാർക്കു പകരം പണം കൊടുക്കാനുള്ള കരാറുമായാണ് രാജാ ഹരിസിങിന്റെ പിതാമഹനായ ഗുലാബ് സിങ് കശ്മീരിന്റെ അധികാരമേറ്റത്.

അമൃത്‍സറിൽ ഒപ്പിട്ട ആ കരാറാണ് കശ്മീരിന് രാഷ്ട്രീയ അസ്തിത്വമുണ്ടാക്കുന്നത്. മുസ്‍ലിങ്ങൾക്കു ഭൂരിപക്ഷമുളള കശ്മീരിൽ പ്രശ്നങ്ങളെല്ലാം അവസാനിച്ച ശേഷം ഹിതപരിശോധന നടത്തി മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്നായിരുന്നു നെഹ്റുവിന്റെ നിലപാട്.

പാക്കിസ്ഥാനൊപ്പം പോകാൻ തീരുമാനിച്ച ജുനഗഡിനെ കൂടെ നിർത്തിയതു പോലെ ഹിതപരിശോധനയിൽ അനുകൂല തീരുമാനമുണ്ടായാൽ കശ്മീരിനു മുകളിലുളള പാക്കിസ്ഥാന്റെ അവകാശവാദം അവസാനിപ്പിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. കശ്മീരിൽ അന്നു പ്രധാന കക്ഷിയായിരുന്ന ഷെയ്ഖ് അബ്ദുല്ലയുടെ നാഷനൽ കോൺഫറൻസ് ഇന്ത്യക്കൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു അതിനു പിന്നിൽ.

രാജാ ഹരിസിങ് ജമ്മു കശ്മീരിനെ സ്വതന്ത്രരാജ്യമാക്കി നിർത്താൻ തീരുമാനിച്ചപ്പോഴും ഇന്ത്യയ്ക്കൊപ്പം ചേരണമെന്നായിരുന്നു ഷെയ്ഖ് അബ്ദുല്ലയുടെ നിലപാട്. എന്നാൽ പിന്നീടൊരു ഹിതപരിശോധന നടന്നില്ല. മഹാരാജാ ഹരിസിങ്ങുമായുള്ള ഉടമ്പടിയുടെ 5–ാം ഖണ്ഡിക പ്രകാരം ഇന്ത്യൻ സ്വാതന്ത്ര്യനിയമത്തിലെ ഭേദഗതികൾക്കനുസൃതമായി ഉടമ്പടി വ്യവസ്ഥകളിൽ മാറ്റം വരുത്താനാവില്ലെന്നും അഥവാ വേണമെങ്കിൽ അദ്ദേഹത്തിന്റെയോ പകരം ഉടമ്പടിയുടെയോ അടിസ്ഥാനത്തിലാകണമെന്നുമുണ്ട്.

narendra-modi-1992
370–ാം വകുപ്പ് എടുത്തു കളയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനിടെ നരേന്ദ്രമോദി. ബിജെപി നേതാവ് റാം മാധവ് ട്വിറ്ററിൽ പങ്കുവച്ച ചിത്രം.

രാജഭരണ തുടർച്ച

മഹാരാജാ ഹരിസിങിന്റെ ദിവാനായിരുന്ന, ആദ്യ കേന്ദ്രമന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായിരുന്ന ഗോപാലസ്വാമി അയ്യങ്കാരാണ് 370–ാം(35എ) വകുപ്പിന്റെ ഡ്രാഫ്റ്റ് തയാറാക്കിയത്. രാജഭരണകാലത്തെ ഉത്തരവിന്റെ തുടർച്ചയാണിത്. ദോഗ്ര, പണ്ഡിറ്റ് വിഭാഗങ്ങളായിരുന്നു രാജഭരണകാലത്ത് ഗവൺമെന്റ് ഉദ്യോഗങ്ങളും വ്യാപാരവും നിയന്ത്രിച്ചിരുന്നത്.

പഞ്ചാബികൾ സ്വാധീനം ചെലുത്തിത്തുടങ്ങിയതോടെ കശ്മീരികൾ ഉണർന്നു. ഇതെല്ലാം കശ്മീരിൽ ജനിച്ചുവളർന്നവർക്കു മാത്രമായി വ്യവസ്ഥ ചെയ്യണമെന്നായി ആവശ്യം. ദോഗ്ര, പണ്ഡിറ്റ് വിഭാഗങ്ങളാണു സമരം തുടങ്ങിയത്. ക്രമേണ കശ്മീരി മുസ്‍ലിങ്ങളും അതിൽ പങ്കാളികളായി.

ആദ്യം രാജാവ് അത് അവഗണിച്ചെങ്കിലും 1927 ൽ ആവശ്യം അനുവദിച്ച് ഉത്തരവായി. കശ്മീരികൾക്കു പൈതൃക പൗര പദവിയും മറ്റുള്ളവർക്കു സംസ്ഥാന പൗര പദവിയും. പാരമ്പര്യ പൗരന്മാർക്കു മാത്രമായി ഭൂമിക്കുള്ള അവകാശവും സംവരണങ്ങളും. സ്വാതന്ത്ര്യത്തിനുശേഷം നെഹ്റുവും ഷെയ്ഖ് അബ്ദുല്ലയും തമ്മിൽ ഇതു നിലനിർത്താൻ ധാരണയുണ്ടായി.1952 ൽ അതിനു ഭരണഘടനാ ഭേദഗതി വന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com