ADVERTISEMENT

സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയിൽ ക്രമക്കേടു നടത്തി ഗുണ്ടകളും ഇടംനേടിയതോടെ കേരള പിഎസ്‌സിയുടെ അന്തസ്സു കെട്ടു. ഇതിലും ഭീകരമായി ഒരു ഭരണഘടനാ സ്ഥാപനത്തെ എങ്ങനെ അപമാനിക്കാൻ കഴിയും? പബ്ലിക‌് സർവീസ് കമ്മിഷൻ (പിഎസ്‌സി) വിശുദ്ധമായി സൂക്ഷിക്കേണ്ട സ്ഥാപനമാണ്. അവിടെ തീരുമാനിക്കപ്പെടുന്ന ഓരോ നിയമനവും നാടിന്റെ ഭാവി നിശ്ചയിക്കുന്നതാണ്. രാജ്യത്തെ മുന്നോട്ടു നയിക്കേണ്ട ഉദ്യോഗസ്ഥസമൂഹത്തെ സൃഷ്ടിക്കേണ്ട നിയമനങ്ങളാണ് അവിടെ നടക്കുന്നത്.

ജനങ്ങളിൽ ദേശസ്നേഹം വളരുന്നത് അവർ ജീവിക്കുന്ന രാജ്യത്തെ ഭരണകൂടം അവർക്കു നൽകുന്ന കരുതലിൽ നിന്നാണ്. ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്കു വേണ്ടി ചെയ്യുന്ന സേവനമാണ് പൊതുജനങ്ങൾ ദേശസ്നേഹമായി തിരിച്ചുനൽകുന്നത്. അതാണ് ഓരോ ഉദ്യോഗസ്ഥന്റെയും സേവനത്തിന്റെ കാതൽ. ഉദ്യോഗസ്ഥ നിയമനത്തിന്റെ പ്രാധാന്യവും മറ്റൊന്നല്ല.  ഇതിന്റെ പൂർണമായ ഉത്തരവാദിത്തം ജനങ്ങളും ജനപ്രതിനിധിസഭയും കോടതിയും വിശ്വാസത്തോടെ ഏൽപിച്ചിരിക്കുന്നതു പിഎസ്‌സിയെയാണ്.

ഗുണനിലവാരമില്ലാത്ത ഓരോ നിയമനവും പൊതു ഖജനാവിനു വലിയ ബാധ്യതയാണുണ്ടാക്കുന്നത്. സത്യസന്ധമായി സേവനം ചെയ്യാനുള്ള കരുത്തും പ്രാപ്തിയുമില്ലാത്ത ഉദ്യോഗസ്ഥർ അവരുടെ സേവനകാലം കഴിഞ്ഞും സമൂഹത്തിനു ബാധ്യതയാണ്.സേവനകാലത്ത് അത്തരക്കാർ നടത്തുന്ന അഴിമതിയും ക്രമക്കേടും ഉണ്ടാക്കുന്ന പരുക്കുകൾ വേറെ. ഇത്തരം ഇടർച്ചകളുടെ തുടക്കം പിഎസ്‌സി നടത്തുന്ന തെറ്റായ നിയമനങ്ങളിലാണ്. അതുകൊണ്ടാണ് ഉദ്യോഗസ്ഥ നിയമനത്തിൽ സൂക്ഷ്മതയും കരുതലും ആവശ്യമായി വരുന്നത്.

പിഎസ്‌സിയെ കുറിച്ച് ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങൾ ദുഃഖകരമാണ്. പിഎസ്‌സിക്കുള്ളിലെ ഗുണനിലവാരമില്ലാത്ത നിയമനങ്ങൾ തന്നെയാണു പ്രധാന വെല്ലുവിളി.

ഇതുപോലുള്ള ഒരു ഭരണഘടനാ സ്ഥാപനത്തിനുവേണ്ട വിശ്വാസ്യതയാണു നഷ്ടപ്പെട്ടിരിക്കുന്നത്. പിഎസ്‌സി ചെയർമാനും അംഗങ്ങളും അത്യുന്നതമായ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നവരാകണം. അവരെ നിയമിക്കുന്നവർക്കും വേണം, അതേ ഔന്നത്യം. അംഗങ്ങളുടെ എണ്ണം ഇത്രയും വർധിച്ചതാണ് കേരള പിഎസ്‌സി നേരിടുന്ന മൂല്യത്തകർച്ചയുടെ പ്രധാന കാരണം.

രാഷ്ട്രീയാടിസ്ഥാനത്തിലുള്ള വീതംവയ്പാണ് എല്ലാ ദുര്യോഗങ്ങൾക്കും കാരണം. രാഷ്ട്രീയമായി നിയമിക്കപ്പെടുന്നവരുടെ കടമ, രാജ്യതാൽപര്യത്തിനപ്പുറം കക്ഷിരാഷ്ട്രീയ താൽപര്യം സംരക്ഷിക്കുന്നതായി മാറി. അതോടെ നിയമനങ്ങളിലെ ഗുണനിലവാരം അവഗണിക്കപ്പെട്ടു.

സ്വതന്ത്രമായി നിലകൊള്ളേണ്ട പിഎസ്‌സി പുറപ്പെടുവിക്കുന്ന റാങ്ക് ലിസ്റ്റിന്റെ പവിത്രത നഷ്ടപ്പെട്ടു. പഠിച്ചു പരീക്ഷയെഴുതുന്ന നിലവാരമുള്ള ഉദ്യോഗാർഥികളുടെ ആത്മവിശ്വാസം തകർക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്.ജനാധിപത്യത്തിലെ ഏറ്റവും കളങ്കിതമായ ഈ അവസ്ഥയ്ക്കു മാറ്റം വരണം. പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ വിധേയത്വം മാനദണ്ഡമാക്കിയാവരുത്. പിഎസ്‌സി ചെയർമാനായി നിയമിക്കപ്പെടുന്നയാൾ ആ പദവിക്കു യോഗ്യനാണെന്നു ജനങ്ങൾക്കും ബോധ്യപ്പെടണം. 

എണ്ണം തികയ്ക്കാൻ എത്തുന്നവരാണു പലപ്പോഴും സംവിധാനത്തെത്തന്നെ ദുർബലമാക്കുന്നത്. ഇത്രയും പിഎസ്‌സി അംഗങ്ങളെ നമുക്കാവശ്യമുണ്ടോ? പബ്ലിക് സർവീസ് കമ്മിഷനെ ശുദ്ധീകരിക്കാൻ ഗൗരവമുള്ള ചിന്തകളുണ്ടാവേണ്ട സമയമാണിത്. ഭരണത്തിലും പരീക്ഷാ നടത്തിപ്പിലും നിയമനത്തിലും സംശുദ്ധിയും അന്തസ്സും പുലർത്തിയിരുന്ന പിഎസ്‌സിയുടെ തലയെടുപ്പ് നഷ്ടപ്പെടാൻ ഇടവരരുത്. പൊലീസ് സേനയിൽ ക്രിമിനൽ സ്വഭാവമുള്ളവർ റാങ്കോടെ കടന്നുവരുന്ന അവസ്ഥയ്ക്കു മാറ്റം വരുത്താൻ പിഎസ്‌സിക്കു കഴിയുമെന്നു പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com