sections
MORE

തോൽപിച്ചു കളഞ്ഞല്ലോ എന്റെ പിഎസ്‌സി; സ്വപ്നങ്ങൾ തകർന്ന് ഉദ്യോഗാർഥികൾ

psc
SHARE

കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‌സി) പരീക്ഷകൾ കുറ്റമറ്റ രീതിയിൽ നടക്കുന്നുവെന്നാണ് പൊതുവേയുള്ള വിശ്വാസം. യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിൽ പ്രതിയായ ശിവരഞ്ജിത് സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ ഒന്നാം റാങ്കുകാരനാണെന്ന് അറിഞ്ഞപ്പോഴും പിഎസ്‌സിക്കു തെറ്റുപറ്റി എന്നല്ല, മറിച്ച് സമർഥനായ ഒരു വിദ്യാർഥി രാഷ്ട്രീയം തലയ്ക്കുപിടിച്ച് വഴിതെറ്റിപ്പോയി എന്നേ കരുതിയുള്ളൂ.

പിഎസ്‌സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണെന്നും യൂണിവേഴ്‌സിറ്റി കോളജ് പ്രശ്‌നത്തിന്റെ മറവിൽ പിഎസ്‌സിയെ ആകെ ആക്ഷേപിക്കുന്ന വാർത്തകളാണു വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പറഞ്ഞതോടെ ജനം പിഎസ്‌സിയിൽ വിശ്വാസമുറപ്പിച്ചു. 

എന്നാൽ, പിന്നീട് ശിവരഞ്ജിത്തിന്റെ എംഎ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് ഉൾപ്പെടെ പുറത്തുവന്നതോടെ പിഎസ്‌സി റാങ്ക് സംശയത്തിന്റെ നിഴലിലായി. യൂണിവേഴ്സിറ്റി കോളജിൽ കുത്തുകേസ് ഉണ്ടായില്ല എന്നു കരുതുക. എങ്കിൽ ശിവരഞ്ജിത് ഒന്നാമനും പ്രണവ് രണ്ടാമനുമായി തുടർന്നേനെ. സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ ഒന്നും രണ്ടും റാങ്കു നേടിയവർ ഒരേ പിഴവ് ആവർത്തിച്ചത് അധികൃതർ ശ്രദ്ധിക്കാതിരിക്കുകയും ക്രമക്കേടു നടത്താൻ മറ്റേതെങ്കിലും മൊബൈൽ ഫോണുകൾ അവർ ഉപയോഗിക്കുകയും ചെയ്തിരുന്നുവെങ്കിൽ അന്വേഷണത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നുതാനും. 

psc

പിഎസ്‌സി പരീക്ഷയിലെ ക്രമക്കേടുകളിൽ പലതും ഇങ്ങനെയാണു പുറംലോകം അറിയാതെ പോകുന്നത്. പുറത്തറിഞ്ഞതിനെക്കാൾ ഏറെയായിരിക്കാം അറിയാതെ പോയവ. കണ്ടെത്തുന്ന ക്രമക്കേടുകളിലെല്ലാം കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് പിഎസ്‌സി. പരീക്ഷയുടെ വിശ്വാസ്യത നിലനിർത്താൻ അധികൃതർ കിണഞ്ഞു ശ്രമിക്കുമ്പോൾ അതിനെ മറികടക്കുന്ന തന്ത്രങ്ങളാണ് ഉദ്യോഗാർഥികളിൽ ചിലർ പയറ്റുന്നത്. 

സിവിൽ പൊലീസ് ഓഫിസർ പരീക്ഷയെക്കുറിച്ച് പിഎസ്‌സി അധികൃതർക്ക് ആഭ്യന്തര വിജിലൻസ് നൽകിയ ആദ്യ റിപ്പോർട്ടിൽ ക്രമക്കേടൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്നാണു പറഞ്ഞിരുന്നത്. കുത്തുകേസ് പ്രതികളായ ആർ.ശിവരഞ്ജിത്, പി.പി.പ്രണവ്, എ.എൻ.നസീം എന്നിവരെ പൊലീസ് സേനയിൽ എടുക്കുന്നതു ശരിയല്ലെന്ന നിർദേശവും അവർക്കു നിയമന ശുപാർശ നൽകാൻ പാടുണ്ടോ എന്ന സംശയവും ആദ്യ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

ഈ റിപ്പോർട്ട് നൽകിയതിനു ശേഷമാണ് ഉദ്യോഗാർഥികൾ ഒരേ പിഴവ് ആവർത്തിച്ചതു കണ്ടു സംശയം തോന്നിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം അഡീഷനൽ ഡിജിപി വഴി ഫോൺ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് പരീക്ഷ നടന്ന രണ്ടു മണിക്കും മൂന്നേകാലിനും ഇടയിൽ സന്ദേശപ്രവാഹം തന്നെ ഉണ്ടായെന്നു വ്യക്തമായത്. 

ഒന്നാം റാങ്കുകാരനായ ആർ.ശിവരഞ്ജിത്തിന്റെ 7736493940 എന്ന നമ്പരിലേക്ക് രണ്ടു നമ്പരുകളിൽ നിന്നായി 96 സന്ദേശങ്ങൾ ലഭിച്ചിരുന്നു. പരീക്ഷ രണ്ടു മണിക്കാണു തുടങ്ങിയത്. 2.08ന് ആറു സന്ദേശങ്ങൾ ലഭിച്ചു. 2.15നും 3.15നും ഇടയിൽ 81 സന്ദേശങ്ങൾ കൂടി ലഭിച്ചു. ബാക്കി സന്ദേശങ്ങളുടെ സമയം രേഖപ്പെടുത്തിയിട്ടില്ല. 7907508587, 9809269076 എന്നീ നമ്പരുകളിൽ നിന്നാണ് സന്ദേശങ്ങളെത്തിയത്.

രണ്ടാം റാങ്കുകാരനായ പി.പി.പ്രണവിന്റെ 9809555095 എന്ന നമ്പരിലേക്ക് മൂന്നു നമ്പരുകളിൽ നിന്നു സന്ദേശങ്ങളെത്തി. ശിവരഞ്ജിത്തിന് സന്ദേശമയച്ച 9809269076  എന്ന നമ്പരിൽ നിന്നു പ്രണവിനും സന്ദേശം ലഭിച്ചിട്ടുണ്ട്. പുറമേ 7907936722,8589964981 എന്നീ നമ്പരുകളിൽ നിന്നും പരീക്ഷാ സമയത്ത് മെസേജുകൾ എത്തി. 2.04നു ശേഷമാണ് 78 മെസേജുകൾ എത്തിയത്.

പരീക്ഷ കഴിഞ്ഞ് ഇരുവരും ഈ നമ്പരുകളിലേക്കു വിളിച്ചിട്ടുണ്ടെന്നാണു സൂചന. ഇതിന്റെ വിശദാംശങ്ങൾ വിജിലൻസ് റിപ്പോർട്ടിൽ ഇല്ല. രണ്ടു പേരും പുറത്തേക്ക് മെസേജ് അയച്ചിരുന്നോ എന്നും വാട്സാപ് ഉപയോഗിച്ചോയെന്നും ഇപ്പോഴും വ്യക്തമല്ല. മൊബൈൽ ഫോണും സിം കാർഡുമെല്ലാം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയാലേ വിശദാംശങ്ങൾ അറിയാനാവൂ എന്ന് പിഎസ്‌സി.

പരീക്ഷാ ഹാളിൽ നിന്നു വാട്സാപ് വഴി ചോദ്യക്കടലാസ് പുറത്തെത്തിച്ച് ഉത്തരമെഴുതാനുള്ള സാധ്യതയിലേക്കാണ് അന്വേഷണം വിരൽചൂണ്ടുന്നത്. വാട്സാപ് വഴി ചോദ്യക്കടലാസ് കൈമാറിയിട്ടുണ്ടെങ്കിൽ ഒരു വർഷത്തിനു ശേഷം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. എ.എൻ.നസീമിന്റെ രണ്ടു നമ്പരുകളാണ് പിഎസ്‌സിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത് – 9048372837, 9496714974. ഈ നമ്പരുകളിലേക്ക് പരീക്ഷാ സമയത്ത് സന്ദേശങ്ങളൊന്നും എത്തിയതായി കണ്ടെത്തിയിട്ടില്ല. എന്നാൽ, ഇയാൾ മറ്റേതെങ്കിലും നമ്പർ ഉപയോഗിച്ചിരുന്നോ എന്നാണു സംശയം. ഇയാളെ ചോദ്യം ചെയ്താലേ വിശദാംശങ്ങൾ അറിയാനാവൂ. 

ക്രിമിനൽ നടപടിക്രമം 420, 120 ബി, 34, ഐടി സൈബർ നിയമം എന്നിവ അനുസരിച്ച് മൂന്നു പേർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് പിഎസ്‌സിക്കു വിജിലൻസ് എസ്പി നൽകിയ ശുപാർശ. 

ആരോപണവിധേയരായ മൂന്നു പേരും പരീക്ഷയെഴുതിയ കേന്ദ്രങ്ങളിൽ അവർക്കൊപ്പം എഴുതിയ 22 പേരിൽ നിന്ന് വിജിലൻസ് മൊഴിയെടുത്തിരുന്നു. ആദ്യ രണ്ടു കേന്ദ്രങ്ങളിലെ 5 ഉദ്യോഗാർഥികൾ വീതവും മൂന്നാമത്തെ കേന്ദ്രത്തിലെ 12 പേരുമാണ് മൊഴി നൽകിയത്. മൂന്നു കേന്ദ്രങ്ങളിലെയും ഇൻവിജിലേറ്റർമാർ, അഡീഷനൽ സൂപ്രണ്ടുമാർ, അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പിഎസ്‌സി ഉദ്യോഗസ്ഥർ എന്നിവരിൽനിന്നും മൊഴി രേഖപ്പെടുത്തി.

എന്നാൽ, ക്രമക്കേട് ശ്രദ്ധയിൽപെട്ടതായി ഇവരാരും പറഞ്ഞില്ലെന്നാണു വിജിലൻസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആരോപണവിധേയരായ ഉദ്യോഗാർഥികളുടെ ഭാഗത്തുനിന്ന് അസ്വാഭാവിക പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് ഇൻവിജിലേറ്റർമാർ പറയുന്നു. പക്ഷേ, ഇത് എത്രത്തോളം ശരിയാണെന്നു പൊലീസ് അന്വേഷണത്തിലേ വ്യക്തമാവൂ.

ഇൻവിജിലേറ്റർമാരുടെ  വീഴ്ച 

പിഎസ്‌സി പരീക്ഷകളിൽ ക്രമക്കേടിനു വഴിയൊരുക്കുന്നതു പലപ്പോഴും ഇൻവിജിലേറ്റർമാരുടെ അനാസ്ഥയാണ്. പരീക്ഷയ്ക്കിടെ ഉദ്യോഗാർഥികൾ ക്രമക്കേടു കാട്ടുന്നുണ്ടോ എന്ന് പലരും നോക്കാറില്ല. ഇൻവിജിലേറ്റർമാർ ക്ലാസിനു പുറത്തിറങ്ങി വർത്തമാനം പറഞ്ഞു നിൽക്കും. ചിലപ്പോൾ ആ നിൽപ് മനഃപൂർവമാകും.

അകത്ത് ‘വിഐപികൾ’ ആരെങ്കിലും പരീക്ഷ എഴുതുന്നുണ്ടാവാം. ചോദിച്ചും പറഞ്ഞും മൊബൈൽ ഫോണിൽ വിളിച്ചുമെല്ലാം ഉത്തരമെഴുതാം. ഇൻവിജിലേറ്റർമാർ ഉത്തരക്കടലാസിൽ ഒപ്പു വയ്ക്കണമെന്നാണു ചട്ടം. അത് എപ്പോഴെങ്കിലും ചെയ്യും. അധ്യാപകർക്കും അനധ്യാപകർക്കും ഇൻവിജിലേറ്റർമാരാകാം. ചില ഇൻവിജിലേറ്റർമാർ ഉത്തരം പറഞ്ഞുകൊടുത്തു സഹായിക്കാറുമുണ്ട്. 

മൊബൈൽ ഫോൺ കയ്യിലുള്ള ഉദ്യോഗാർഥികൾ പരീക്ഷയ്ക്കു മുൻപായി ഹാളിലെ മേശപ്പുറത്തു വയ്ക്കണമെന്നു നിർദേശിക്കും. മിക്കവാറും എല്ലാവരും ഇത് അനുസരിക്കും. ചിലർ ഹാളിനു പുറത്തുള്ള ബാഗിലായിരിക്കും ഫോൺ സൂക്ഷിക്കുക. ഫോൺ രഹസ്യമായി വസ്ത്രത്തിനുള്ളിൽ വച്ചാലും കണ്ടെത്താനാവില്ല. മൊബൈൽ കണ്ടെത്താനുള്ള ശരീരപരിശോധനയൊന്നും പിഎസ്‌സി പരീക്ഷാ ഹാളിലില്ല. 

പിഎസ്‌സി ജീവനക്കാർക്കു പരീക്ഷാകേന്ദ്രങ്ങൾ വീതിച്ചു നൽകുകയാണു ചെയ്യുന്നത്. 5 കേന്ദ്രങ്ങളിൽ വരെ ചോദ്യക്കടലാസ് വിതരണം ചെയ്തശേഷം ഏതെങ്കിലും സെന്ററിൽ ഇവർ കേന്ദ്രീകരിക്കും. ഇവരും പരീക്ഷാനടത്തിപ്പിൽ ശ്രദ്ധിക്കാറില്ല. പിഎസ്‌സി ഉദ്യോഗസ്ഥർ എല്ലാ കേന്ദ്രങ്ങളിലും പോയി പരിശോധിക്കണമെന്നാണു വ്യവസ്ഥ.

എന്നാൽ, അതിനുള്ള ഉദ്യോഗസ്ഥർ പിഎസ്‌സിക്കില്ല. പരീക്ഷയ്ക്കു ശേഷം ബാക്കിയുള്ള ചോദ്യ– ഉത്തരക്കടലാസുകളുടെ കണക്കെടുക്കുന്ന രീതി അടുത്തകാലം വരെ പിഎസ്‌സിക്ക് ഇല്ലായിരുന്നു. എന്നാലിപ്പോൾ ബാക്കി വരുന്ന ചോദ്യക്കടലാസും ഉത്തരക്കടലാസും എണ്ണിത്തിട്ടപ്പെടുത്തി കണക്കു സൂക്ഷിക്കുന്നുണ്ട്. 

ആ ടോർച്ച് തെളിച്ചോ!

പിഎസ്‌സി പരീക്ഷാ ഹാളിൽ വെളിച്ചക്കുറവുണ്ടെന്ന പേരിൽ ഉദ്യോഗാർഥികൾക്കു മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതി നൽകിയെന്നു പരാതി. പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ കേന്ദ്രത്തിൽ ഓഗസ്റ്റ് രണ്ടിനു നടന്ന പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. ഈ ഹാളിൽ പരീക്ഷയെഴുതിയ കൊല്ലങ്കോട് സ്വദേശിയായ യുവാവ് പിഎസ്‌സിക്ക് ഇ മെയിലായി പരാതി നൽകി. പരീക്ഷാ ഹാളിനു മുന്നിലെ ഡെസ്കിൽ എല്ലാവരുടെയും മൊബൈൽ ഫോണുകൾ വാങ്ങിവച്ചിരുന്നു. 

പരീക്ഷ ആരംഭിച്ചപ്പോൾ വൈദ്യുതിയില്ലാത്തതിനാൽ മുറിയിൽ വെളിച്ചക്കുറവുണ്ടായിരുന്നു. ഇത് ഇൻവിജിലേറ്ററിന്റെ ശ്രദ്ധയിൽപെടുത്തിയപ്പോൾ മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ച് ഉപയോഗിക്കാൻ നിർദേശിച്ചു. എന്നാൽ, ഒരാളൊഴികെ ഹാളിലുള്ള മറ്റ് ഉദ്യോഗാർഥികൾ ഇതിനു മുതിർന്നില്ല. 

ഏറ്റവുമധികം സന്ദേശം ഷഫീറിന്റെ നമ്പറിൽ നിന്ന്; ദുരൂഹതയെന്ന് പിതാവ്

ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും നമ്പറുകളിലേക്കു പരീക്ഷാസമയത്ത് ഏറ്റവുമധികം സന്ദേശങ്ങൾ എത്തിയതു കല്ലറ സ്വദേശി ഷഫീറിന്റെ നമ്പറിൽനിന്ന്. വാർത്തകൾ പുറത്തു വന്നതിനു ശേഷം ഷഫീറുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നു പിതാവ് ദാവൂദ് പറഞ്ഞു. ശിവര‍ഞ്ജിത്തിന്റെ ഫോണിലേക്ക് 2 നമ്പറിൽനിന്നും പ്രണവിന്റെ ഫോണിലേക്ക് 3 നമ്പറിൽ നിന്നുമാണു സന്ദേശങ്ങളെത്തിയത്. ഇതിൽ രണ്ടു ഫോണിലേക്കും ഒരുപോലെ സന്ദേശങ്ങളയച്ച 9809269076 എന്ന നമ്പറിന്റെ ഉടമയാണു ഷഫീർ. പ്രണവിന്റെ അയൽവാസിയും സുഹൃത്തുമാണ്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണു ഷഫീറിന്റെ പിതാവിന്റെ ആരോപണം. പ്രണവും ഷഫീറുമായി ചേർന്നു പല സ്ഥലങ്ങളിലേക്കും ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. ഇത് എവിടേക്കാണെന്ന് അറിയില്ലായിരുന്നു. എസ്എഫ്ഐയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെത്തുടർന്ന് പ്രണവുമായി ചങ്ങാത്തം പാടില്ലെന്നു പല തവണ വിലക്കിയിരുന്നു.

സ്ഥിരമായി പിഎസ്‌സി പരീക്ഷകളെഴുതുകയും പരീക്ഷാപരിശീലനത്തിനു പോകുകയും ചെയ്യുന്ന ഷഫീർ പെയിന്റിങ്, വെൽഡിങ് തൊഴിലാളി കൂടിയാണ്. ഇതുവരെ ഒരു പരീക്ഷയിലും റാങ്ക് ലിസ്റ്റിൽ എത്താൻ കഴിയാത്ത ഷഫീറിന് ഉത്തരങ്ങൾ പറഞ്ഞുകൊടുക്കാനുള്ള മികവുണ്ടെന്നു കരുതുന്നില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പിതാവു പറഞ്ഞു. 

ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും നമ്പറുകളിലേക്കു സന്ദേശങ്ങളയച്ച മറ്റു നമ്പറുകൾ, 8589964981,7907508587, 7907936722 എന്നിവയാണ്. ട്രൂ കോളറിൽ പി.പി.പ്രണവ്യ, വി.എം.ഗോകുൽ കല്ലറ, രാവ്‍നൻ എന്നിങ്ങനെയാണ് ഇവയുടെ യൂസർ നെയിമുകൾ. ഷഫീറിന്റെ നമ്പറാവട്ടെ, എസ്ഡി എന്ന പേരിലും. പി.പി.പ്രണവ് എന്നാണ് പ്രണവിന്റെ മുഴുവൻ പേര്. പ്രതികൾ സ്വന്തം നമ്പറുകളാണോ കല്ലറ സ്വദേശികൾ തന്നെയായ കൂട്ടുകാരുടെ നമ്പറുകളാണോ ഉപയോഗിച്ചിട്ടുള്ളതെന്നു വ്യക്തമായിട്ടില്ല.

തയാറാക്കിയത്: റെഞ്ചി കുര്യാക്കോസ്, മനോജ് കടമ്പാട്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA