ADVERTISEMENT

എഴുത്തുകാരന്റെ മേശപ്പുറത്തെ മഷിപ്പാത്രത്തിൽ ഒരു തുമ്പി വന്നുവീണു. വളരെ കഷ്‌ടപ്പെട്ട് അതു പുറത്തുകടന്ന് മേശപ്പുറത്തിരുന്നു. ദേഹത്തു പറ്റിയ മഷി ഒരുവിധത്തിൽ കുടഞ്ഞുകളഞ്ഞു. എഴുത്തുകാരനു തോന്നി, ആ കാഴ്‌ച ഒന്നു കൂടി കാണണമെന്ന്. കുറച്ചു മഷിയെടുത്തു തുമ്പിയുടെ ദേഹത്തൊഴിച്ചു. കുറെ നേരത്തെ പരിശ്രമത്തിനു ശേഷം തുമ്പി വീണ്ടും ദേഹം വൃത്തിയാക്കി. അപ്പോഴേക്കും അതു നന്നായി ക്ഷീണിച്ചിരുന്നു. എഴുത്തുകാരനു വീണ്ടും ആവേശം കയറി. അയാൾ കുറച്ചധികം മഷി തുമ്പിയുടെ ദേഹത്തൊഴിച്ചു. ഒന്നും ചെയ്യാനാവാതെ തുമ്പി കണ്ണുകളടച്ചു. 

അറിയാതെ പറ്റുന്ന അബദ്ധവും പേറി ആയുസ്സു മുഴുവൻ ജീവിക്കേണ്ടി വരുന്ന നിസ്സഹായരുണ്ട്. അപരിചിതത്വം കൊണ്ടോ അറിവില്ലായ്‌മ കൊണ്ടോ സംഭവിച്ച തെറ്റിന് ഒരാൾ എത്രനാൾ വിലകൊടുക്കണം? പറ്റിപ്പോയ അബദ്ധത്തിൽനിന്ന് എങ്ങനെയെങ്കിലും കരകയറണമെന്നു തീരുമാനിച്ചാൽത്തന്നെ കാഴ്‌ചക്കാരായി നിൽക്കുന്നവർ അതിനു സമ്മതിക്കില്ല. അന്യനെ സ്ഥിരമായി മഴയത്തു നിർത്തുന്നത് കുടപിടിച്ചു നിൽക്കുന്നവർക്ക് ഒരു ഹരമാണ്. 

തിരുത്താൻ തയാറായ പലർക്കും അതിനു കഴിയാതെവരുന്നത് തിരുത്തിയാലും ഒളിഞ്ഞിരുന്നു ചെളിവാരി എറിയുന്ന ചിലരുടെ ക്രൂരവിനോദം കൊണ്ടാണ്. തിരിച്ചുവരാനാകാത്തവിധം ആരും ഒരിക്കലും തകരില്ല. ഒരു മടക്കയാത്രയുടെ സാധ്യത ഏതവസരത്തിലും എല്ലാവരിലുമുണ്ട്. വഴികാണിച്ചു കൊടുത്തില്ലെങ്കിലും എറിഞ്ഞുവീഴ്‌ത്താൻ ശ്രമിക്കരുത്. 

വീഴുന്നതു തെറ്റല്ല; വീണിടത്തുതന്നെ കിടക്കുന്നതും വീഴ്‌ചയിൽനിന്നു കരകയറാൻ ശ്രമിക്കാത്തതുമാണു തെറ്റ്. ആരെങ്കിലും വീഴുന്നുണ്ടെങ്കിൽ അതിനർഥം, അപരിചിതവും അസ്വാഭാവികവുമായ വഴികളിലൂടെ യാത്ര തുടങ്ങി എന്നാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com