ADVERTISEMENT

സ്വർണമത്സ്യവും കുഞ്ഞിത്തവളയും കുളത്തിൽ കണ്ടുമുട്ടി. മത്സ്യം ചോദിച്ചു, ഞാൻ എത്ര സുന്ദരിയാണല്ലേ? തവള ഒന്നും മിണ്ടിയില്ല. നിന്റെ നിശ്ശബ്‌ദത എനിക്കു മനസ്സിലാകും, മത്സ്യം കൂട്ടിച്ചേർത്തു. ‘എന്റെ ചലനങ്ങൾ പോലും എത്ര സുന്ദരമാണ്. മാത്രമല്ല, സൂര്യപ്രകാശത്തിൽ എന്റെ ശരീരം വെട്ടിത്തിളങ്ങുകയും ചെയ്യും’. എന്നിട്ടും തവള പ്രതികരിച്ചില്ല. പെട്ടെന്നാണ് അതു സംഭവിച്ചത് – ഒരു കൊക്ക് തിളങ്ങുന്ന മത്സ്യത്തെയും കൊത്തി പറന്നകന്നു. 

‌ആത്മാരാധനയിൽ നിന്നുയരുന്ന സങ്കീർത്തനങ്ങൾക്ക് അഹംഭാവത്തിന്റെ സ്വരമായിരിക്കും. ആത്മാവബോധം ആവശ്യമാണ്; ആത്മപ്രശംസ അപകടവും. സ്വന്തം വൈശിഷ്‌ട്യങ്ങൾ ഉച്ചഭാഷിണിയിലൂടെ പ്രഘോഷിക്കുന്നവരെ ആളുകൾ രഹസ്യമായോ പരസ്യമായോ പരിഹസിക്കും. 

നിശ്ശബ്‌ദത, അപമാനിക്കുന്നതിനെതിരെയുള്ള മുൻകരുതലാകാം. സവിശേഷതകളെക്കുറിച്ചു സംസാരിച്ചു നടക്കേണ്ട ആവശ്യമില്ല, സവിശേഷതകൾ സ്വയം സംസാരിക്കും – പ്രവൃത്തികളിലൂടെയും പ്രതികരണങ്ങളിലൂടെയും. 

ആകാരത്തിൽ ആകൃഷ്‌ടരാകുന്നവർക്ക് താൽക്കാലിക മനഃസുഖം മാത്രമേ ഉണ്ടാകൂ. ആകാരം മാത്രം പരിപോഷിപ്പിക്കുന്നവർക്ക് ഉള്ളിലെന്തെന്നോ ചുറ്റും എന്തെന്നോ അറിയില്ല. സൗന്ദര്യം കണ്ട് അടുത്തുകൂടുന്നവരിൽ അപകടകാരികളും ഉണ്ടാകും. ലാവണ്യത്തിൽ ലയിക്കുന്നവരെല്ലാം പ്രലോഭിതരാണ്, പ്രചോദിതരല്ല. സ്വയം അലങ്കരിക്കേണ്ടത് ചമയങ്ങൾ കൊണ്ടു മാത്രമല്ല, ചിന്തകൾ കൊണ്ടു കൂടിയാകണം. 

ആത്മപ്രശംസകരുടെ ഇടയിൽ ആത്മാഭിമാനമുള്ളവർക്ക് എത്രനാൾ നിലനിൽക്കാൻ കഴിയും? ഒരേ ‘കുളത്തിൽ’ അകപ്പെട്ടുപോയതിന്റെ പേരിൽ പലരും നിസ്സഹായതയോടെ തുടരുന്നതാണ്. സ്വന്തം ഇടങ്ങൾ കണ്ടെത്തുകയും അപരന്റെ ഇടങ്ങളെ തിരിച്ചറിയുകയും ചെയ്യുന്നവർക്കുള്ളതാണ് സഹവാസവും സമ്പർക്കവും. 

എല്ലാം തികഞ്ഞവനോടൊപ്പം ആരുമുണ്ടാകില്ല. എല്ലാവരെയും നിശ്ശബ്‌ദരാക്കി ജീവിക്കുന്നവരുടെ നിലവിളിയിൽ എല്ലാവരും നിശ്ശബ്‌ദരാകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com