ADVERTISEMENT

മൻമോഹൻ സിങ് സർക്കാരിൽ മന്ത്രിയായിരുന്ന ജയറാം രമേശാണു തുടക്കമിട്ടത്. ഡൽഹിയിൽ ഒരു പുസ്തക പ്രകാശനവേളയിൽ അദ്ദേഹം പറഞ്ഞു, മോദി ഭരണത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ കാണാതിരിക്കരുത്. അദ്ദേഹത്തിന്റെ ഭരണത്തെ പൂർണ പരാജയമായി കാണരുത്. തുടർന്ന് മറ്റൊരു കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി അത് ഏറ്റുപിടിച്ചു: മോദിയുടെ ചില പദ്ധതികൾ നല്ലതാണ്; അദ്ദേഹത്തെ രാക്ഷസനായി ചിത്രീകരിക്കുന്നത് കോൺഗ്രസിനു ഗുണകരമാവില്ല.

ഇവർക്കു പിന്നാലെ ഇതേ കാര്യം ശശി തരൂരും പറഞ്ഞു, ‘നരേന്ദ്ര മോദി ശരിയായ കാര്യം ചെയ്താലോ പറഞ്ഞാലോ അദ്ദേഹത്തെ പ്രശംസിക്കണമെന്നു ഞാൻ പറയാൻ തുടങ്ങിയിട്ട് വർഷം ആറാകുന്നു. അങ്ങനെ ചെയ്താൽ, അദ്ദേഹം തെറ്റു ചെയ്യുമ്പോൾ നമ്മുടെ (കോൺഗ്രസുകാരുടെ) വിമർശനത്തിനു വിശ്വാസ്യത വർധിക്കും’.  

ശിശിരകാലത്തെ ഇലകൾ പോലെ കോൺഗ്രസിൽനിന്ന് ആളുകൾ ബിജെപിയിലേക്കു കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്ന കാലത്താണ് കോൺഗ്രസിലെ ഏറ്റവും മികച്ച വാഗ്മികളായ മൂന്നു പേർ പരോക്ഷമായ മോദി സ്തുതി എന്നു തോന്നിക്കുന്ന പ്രസ്താവനകൾ ഇറക്കുന്നത്. ശശി തരൂർ എംപിയായിരിക്കുന്ന കേരളത്തിലെ കോൺഗ്രസ് ആസ്ഥാനത്ത് അപകടമണി മുഴങ്ങിയതിൽ അദ്ഭുതമില്ല. കെപിസിസി അദ്ദേഹത്തോടു വിശദീകരണം തേടി. തരൂർ തന്റെ നിലപാടിൽ ഉറച്ചുനിന്നു. അദ്ദേഹം ഓർമിപ്പിച്ച ഒരു കാര്യം, ഇത്രയെല്ലാം രൂക്ഷമായി വിമർശിച്ചിട്ടും 2014ലെ തിരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ വോട്ട് നേടിയാണ് മോദി 2019ലെ തിരഞ്ഞെടുപ്പു വിജയിച്ചത് എന്നതാണ്. 

തരൂർ വിഭാവനം ചെയ്യുന്ന പോലെ മോദിയെ രാക്ഷസനായി ചിത്രീകരിച്ചതു കൊണ്ടോ അദ്ദേഹത്തെ വിമർശിക്കുന്നതു കൊണ്ടോ നഷ്ടപ്പെട്ടതല്ല, ഇന്ത്യൻ രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ മേൽക്കൈ. അതിനുള്ള ഒരു പ്രധാന കാരണം, അവരുടെ രാഷ്ട്രീയം കുറെക്കാലമായി മോദിയുടെ അനുകരണമോ അല്ലെങ്കിൽ, അദ്ദേഹത്തിനുള്ള പ്രതികരണങ്ങളോ ആയി ചുരുങ്ങി എന്നതാണ്. ഇനിയും കോൺഗ്രസ് ചർച്ച ചെയ്തിട്ടില്ലാത്ത തിരഞ്ഞെടുപ്പു തോൽവിയുടെ കാരണങ്ങളെക്കുറിച്ചും വീണ്ടും ജനഭാവനയെ പിടിച്ചെടുക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചും ചിന്തിക്കുന്നതിനു പകരം, മോദിയോടുള്ള സമീപനത്തെ തരൂരും ജയറാം രമേശും മറ്റും വലിയ കാര്യമായി ഉയർത്തിക്കാട്ടുന്നത് ഒരു രീതിയിൽ നിസ്സാരവൽക്കരണമാണ്.

അയ്യങ്കാളിക്ക് ആദരം

അയ്യങ്കാളി ജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗൺ ഹാളിന് (വിജെടി ഹാൾ) അയ്യങ്കാളിയുടെ പേരു നൽകുമെന്ന് അറിയിച്ചു.1896 ജനുവരി 25നു തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളാണ് ഹാൾ ഉദ്ഘാടനം ചെയ്തത്. ബ്രിട്ടിഷ് രാജ്ഞി വിക്ടോറിയയുടെ കിരീടധാരണത്തിന്റെ ജൂബിലി വർഷമായതിനാൽ ഹാൾ അവർക്കായി സമർപ്പിച്ചു. 

വിജെടി ഹാൾ തിരുവിതാംകൂറിന്റെ ആദ്യത്തെ നിയമനിർമാണ സഭയായിക്കൂടി പ്രവർത്തിച്ചു. 1904ൽ, നിലവിലുണ്ടായിരുന്ന ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിലിനു പുറമേ ശ്രീമൂലം പ്രജാസഭ കൂടി നിലവിൽവന്നു. 1911ൽ അയ്യങ്കാളി പ്രജാസഭയിലെ ആദ്യത്തെ പുലയ അംഗമായി. 1912ൽ അധഃകൃത വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ഈ ഹാളിൽ അദ്ദേഹം ശബ്ദമുയർത്തി. അദ്ദേഹം സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിന്റെ വാർഷിക യോഗങ്ങളും വിജെടി ഹാളിലാണു നടന്നിരുന്നത്. ഇതെല്ലാം കൊണ്ട് അയ്യങ്കാളിയുടെ പേര് ഈ ഹാളിനു നൽകാനുള്ള തീരുമാനം ഏറെ ഉചിതമാണ്. 

ഈ തീരുമാനം വരുന്നത് അയ്യങ്കാളിയുടെ 156ാം ജന്മദിനത്തിലാണ്. ആ സംഖ്യ, നൂറോ നൂറ്റൻപതോ പോലെ നാഴികക്കല്ലു വർഷത്തെ സൂചിപ്പിക്കുന്നില്ല. അയ്യങ്കാളി ജീവിച്ചിരുന്ന കാലത്ത് അധഃകൃതർ എന്നു വിളിച്ചിരുന്നവർ നേരിട്ടിരുന്ന പല യാതനകളും മറ്റൊരു രീതിയിൽ ഇന്നും തുടരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളുടെ സമകാലിക പ്രസക്തി കൂടി കണക്കിലെടുത്തിട്ടാകാം, വൈകിയാണെങ്കിലും ഇത്തരത്തിൽ അദ്ദേഹത്തെ ആദരിച്ചത്. എന്നാൽ, അതൊരു പുനർനാമകരണത്തിൽ മാത്രം ഒതുങ്ങരുത്. അദ്ദേഹത്തിന്റെ ആശയങ്ങളും ജീവിതവും അഗാധമായി പഠിക്കാനുതകുന്ന, ദലിത് പഠനങ്ങൾ സാധ്യമാക്കുന്ന സ്ഥാപനം പോലെ എന്തെങ്കിലുമായിരിക്കും ഈ വിപ്ലവകാരിയെ ആദരിക്കാൻ പറ്റിയ സ്മാരകം. 

ചരിത്രം  ഗാലറിയിൽ  

2019 ഒക്ടോബർ 10 ഫുട്ബോളിന്റെ ചരിത്രത്തിൽ ഒരു മഹത്തായ ദിനമായിരിക്കും. അന്നാണ് ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിൽ ഇറാനും കംബോഡിയയും 2022ലെ ഖത്തർ ലോകകപ്പിനു വേണ്ടിയുള്ള യോഗ്യതാ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. പല പല യോഗ്യതാ മത്സരങ്ങളിൽ ഒരെണ്ണം; സാധാരണ രീതിയിൽ അത്രയ്ക്ക് ആവേശമൊന്നും ഈ കളി ആവശ്യപ്പെടുന്നില്ല. എന്നാൽ, ആ കളിയുടെ കിക്കോഫ് ഒരു ചരിത്രപ്രധാനമായ നിമിഷമായിരിക്കും. അന്നായിരിക്കും, ഇറാനിലെ സ്ത്രീകൾ 4 പതിറ്റാണ്ടുകൾക്കു ശേഷം ആദ്യമായി സ്റ്റേഡിയത്തിലിരുന്നു  ഫുട്ബോൾ കളി കാണുക.

1979ലെ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷമാണ് ഇറാനിലെ സ്ത്രീകൾക്കു സ്റ്റേഡിയത്തിൽ കയറുന്നതിനു വിലക്കു വന്നത്. ചില മതപണ്ഡിതന്മാർ സ്ത്രീകളെ ഫുട്ബോൾ സ്റ്റേഡിയത്തിലെ പുരുഷാന്തരീക്ഷത്തിൽനിന്നു സംരക്ഷിക്കണമെന്നു  വാദിച്ചതിനെ തുടർന്നായിരുന്നു ഈ നടപടി. പ്രത്യേകിച്ച് നിയമപരമായ നിരോധനമൊന്നും ഇല്ലായിരുന്നെങ്കിലും ഇറാനിലെ ഫുട്ബോൾ പ്രേമികളായ സ്ത്രീകളെ സ്റ്റേഡിയത്തിനുള്ളിൽ നിന്നു പിടിച്ചാൽ അറസ്റ്റ് ചെയ്തു വിചാരണയ്ക്കു വിധേയമാക്കുമായിരുന്നു. ഫിഫയുടെ തുടർച്ചയായ സമ്മർദത്തിനും താക്കീതുകൾക്കും ശേഷമാണ് ഓഗസ്റ്റ് 25ന് ഇറാനിലെ കായിക മന്ത്രാലയം വിലക്കു പിൻവലിച്ചതായി അറിയിച്ചത്. 

ഇറാനിലെ സ്ത്രീകളുടെ ഫുട്ബോൾ പ്രേമം പ്രസിദ്ധമാണ്. 2018ലെ ലോകകപ്പിനു യോഗ്യത നേടിയ ഇറാൻ ഫുട്ബോൾ ടീം, അവിടത്തെ പ്രസിഡന്റായ ഹസൻ റൂഹാനിയെ സന്ദർശിച്ചപ്പോൾ ക്യാപ്റ്റൻ മസൂദ് ഷോജയ്‌ പ്രസിഡന്റിനോട് ആവശ്യപ്പെട്ടത് സ്ത്രീകൾക്കു പുരുഷന്മാരുടെ ഫുട്ബോൾ കാണുന്നതിനുള്ള വിലക്കു മാറ്റണമെന്നായിരുന്നു. ഷോജയ് തുടർന്നു, ‘ഇത് അംഗീകരിക്കുകയാണെങ്കിൽ രണ്ടു ലക്ഷം പേർക്കു കളി കാണാനുള്ള സ്റ്റേഡിയം നിർമിക്കേണ്ടി വരും.  കാരണം, പുരുഷന്മാരുടെ അത്രതന്നെ സ്ത്രീകളും കാണികളായിട്ടുണ്ടാകും’. 

ഇതിനു മുൻപ് ഇറാനിലെ സ്ത്രീകളുടെ ഫുട്ബോൾ പ്രണയത്തെക്കുറിച്ചു ലോകം അറിഞ്ഞത് 2006ൽ പുറത്തിറങ്ങിയ ജാഫർ പനാഹിയുടെ ‘ഓഫ് സൈഡ്’ എന്ന ചലച്ചിത്രത്തിലൂടെയാണ്. ഇറാൻ - ബഹ്റൈൻ കളി കാണാൻ പുരുഷവേഷം ധരിച്ചു സ്റ്റേഡിയത്തിലെത്തിയ കുറച്ചു പെൺകുട്ടികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതാണു കഥ. അങ്ങനെ വർഷങ്ങളുടെ കാത്തിരിപ്പിനും സംഘർഷങ്ങൾക്കും ശേഷമാണ് ഈ വിവേചനം അവസാനിക്കുന്നത്. 

സ്കോർപ്പിയൺ കിക്ക്: ഇനി വിശ്വാസികൾക്കൊപ്പമെന്ന് നേതൃയോഗത്തിനു ശേഷം സിപിഎം പ്രസ്താവന.

വിശ്വാസികളോടു ചോദിച്ചിട്ടാണല്ലോ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com