ADVERTISEMENT

കേരള രാഷ്ട്രീയചരിത്രത്തിലെ 43–ാം നിയമസഭാ ഉപതിരഞ്ഞെടുപ്പിനാണു പാലാ വേദിയാകുന്നത്. യുഡിഎഫും എൽഡിഎഫും എൻഡിഎയും പരസ്പരം മത്സരിക്കുന്നതിൽ പ്രത്യേകതയൊന്നുമില്ല. അതേസമയം, അവിടെ പോരിനിറങ്ങുന്ന യുഡിഎഫിലെ കേരള കോൺഗ്രസിനകത്തു തന്നെ ഒരു മത്സരം നടക്കുന്നുവെന്നത് അസാധാരണമാണ്. ആ മത്സരം കൂടി അതിജീവിച്ചുകൊണ്ടേ, പാലാ എന്ന വൈകാരിക മണ്ഡലം നിലനിർത്താൻ യുഡിഎഫിനു കഴിയൂ.

ലോക്സഭാ തിരഞ്ഞെടുപ്പിലെ മേൽക്കൈ നിലനിർത്താൻ പാലായിലെ ജയം യുഡിഎഫിന് അനിവാര്യമാണ്. അതിൽ വിള്ളൽ വീഴ്ത്തി തിരിച്ചുവരാൻ ഇടതുമുന്നണിക്ക് അട്ടിമറിയും ആവശ്യം. 5 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും പിന്നാലെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പും വരുമ്പോൾ പാലായുടെ രാഷ്ട്രീയ പ്രാധാന്യം മറ്റൊന്നല്ല. സംസ്ഥാന രാഷ്ട്രീയത്തിലെ ബലാബലമാണ് അവിടെ പരിശോധിക്കുന്നത്. ഇടതു സർക്കാർ വന്നശേഷം ഉപതിരഞ്ഞെടുപ്പ് സ്കോർ നില തുല്യമാണ്. 2017, വേങ്ങര – യുഡിഎഫ്. 2018, ചെങ്ങന്നൂർ – എൽഡിഎഫ്. 2019, പാലാ – ?

എങ്ങനെ ജോസ് ടോം?

ജോസ് ടോം പുലിക്കുന്നേൽ എന്ന സ്ഥാനാർഥിയുടെ അപ്രതീക്ഷിത വരവാണ് പാലായിൽ ഇതുവരെയുള്ള വലിയ വഴിത്തിരിവ്. കെ.എം.മാണിയുടെ പാലാ നിലനിർത്താൻ ജോസ് കെ.മാണി തന്നെയോ നിഷ ജോസ് കെ.മാണിയോ മത്സരിക്കുമെന്നാണു യുഡിഎഫിലെ വലിയ പങ്കും കരുതിയിരുന്നത്. ലോക്സഭാ അംഗത്വം രാജിവച്ച് രാജ്യസഭയിൽ എത്തിയ ശേഷം അതും രാജിവച്ച് നിയമസഭയിലേക്കു മത്സരിക്കുന്നത് ഉണ്ടാക്കാവുന്ന ഭവിഷ്യത്തു ചിന്തിച്ചു ജോസ് പിന്മാറി. നിഷ അപ്പോഴും രംഗത്തുണ്ടായിരുന്നു. നിഷയെപ്പോലെ പൊതുരംഗത്തു സജീവമാകാൻ കഴിയുന്ന ഒരാളുടെ സാധ്യത പാടേ അടയ്ക്കണമെന്നു യുഡിഎഫ് ആഗ്രഹിച്ചില്ല. പക്ഷേ, സമയം ഇതല്ലെന്ന് മുന്നണി നേതൃത്വം ജോസിനോടു തീർത്തു പറഞ്ഞു. കുടുംബാധിപത്യമെന്ന ആക്ഷേപം ഉയരുമെന്നതിനൊപ്പം, ഒട്ടും അനുകൂലിക്കില്ലെന്ന നിലപാടുമായി പി.ജെ.ജോസഫ് നിൽക്കുന്നതും അവർ ചൂണ്ടിക്കാട്ടി.

മുന്നറിയിപ്പുകൾ അവഗണിച്ചു നിഷയെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ അതു ജോസ് കെ.മാണി മാത്രം എടുക്കുന്ന ‘റിസ്ക്’ ആയി മാറും. കുടുംബത്തിലെ ആരെയും പരിഗണിക്കേണ്ടതില്ലെന്ന നിർദേശം സ്ഥാനാർഥിനിർണയ ഉപസമിതിക്കു നൽകാൻ ജോസ് നിർബന്ധിതനായി. ജോസ് ടോം, ബേബി ഉഴുത്തുവാൽ, ഫിലിപ് കുഴികുളം എന്നിവരുടെ ചുരുക്കപ്പട്ടികയിൽ നിന്ന് ജോസ് ടോമിനു നറുക്കു വീണു.1965ൽ പാലായിലെ കന്നിപ്പോരാട്ടത്തിലെ സ്ഥാനാർഥിത്വത്തിനു കെ.എം.മാണിയെ സഹായിച്ച ജോസഫ് പുലിക്കുന്നേലിന്റെ സഹോദരപുത്രന് അങ്ങനെ ഇതൊരു കാവ്യനീതിയായി.

കുരുക്കായി ചിഹ്നത്തർക്കം

പാലാ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിന്റെ പിറ്റേന്നു തിരുവനന്തപുരത്ത് ഇരുപക്ഷങ്ങളുമായി ചർച്ച ആരംഭിച്ചതു മുതൽ യുഡിഎഫിനു മുന്നിലുള്ളതു രണ്ടു കുരുക്കുകളായിരുന്നു. സ്ഥാനാർഥി ആര്? ചിഹ്നം ആരു നൽകും? വിവാദങ്ങൾ പരമാവധി കുറച്ചു സ്ഥാനാർഥിയെ തീരുമാനിക്കുന്നതിൽ മുന്നണി നേതൃത്വം വിജയിച്ചു. നിഷയുടെ കാര്യത്തിൽ ജോസ് പിന്മാറിയപ്പോൾ പകരക്കാരന്റെ കാര്യത്തിൽ ജോസഫ് കടുംപിടിത്തം കാട്ടില്ലെന്നായിരുന്നു കോൺഗ്രസ് കരുതിയത്. പക്ഷേ, ‘രണ്ടില’ എന്ന ചിഹ്നത്തിന്റെ രണ്ട് ഇലകൾ പോലെ തന്നെ അപ്പുറത്തും ഇപ്പുറത്തുമായി ഇരുവിഭാഗവും നിൽക്കുന്നതിൽ മാറ്റമുണ്ടാക്കാനായില്ല.

പിളർപ്പിനെത്തുടർന്ന് ഏതു വിഭാഗമാണ് ഔദ്യോഗിക കക്ഷി എന്നതിൽ കോടതിയോ തിരഞ്ഞെടുപ്പ് കമ്മിഷനോ തീരുമാനമെടുത്തിട്ടില്ല. അതിനാൽ, ചെയർമാനായ കെ.എം.മാണിയുടെ അഭാവത്തിൽ വർക്കിങ് ചെയർമാനായ പി.ജെ.ജോസഫ് നിർദേശിക്കുന്നയാൾക്കു ചിഹ്നം നൽകുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പറഞ്ഞ വാക്കുകളുടെ സൂചന. ചിഹ്നത്തിനായി ജോസഫിനെ സമീപിച്ച്, അദ്ദേഹത്തിന്റെ ചെയർമാൻ പദവിക്ക് അറിഞ്ഞോ അറിയാതെയോ സാധുത നൽകാൻ ജോസ് വിഭാഗം ആഗ്രഹിക്കുന്നില്ല. പിന്നെയുള്ള സാധ്യത, ചിഹ്നം നൽകാൻ ജോസഫ് സ്വയം സന്നദ്ധനായി, അതുവഴി തനിക്കാണു പാർട്ടിയിൽ ആധികാരികത എന്നു സ്ഥാപിക്കലാണ്. അതിനു ജോസഫ് തയാറാകുമെന്നു കരുതിയവരും ഉപദേശിച്ചവരും യുഡിഎഫ് ഉന്നത നേതൃത്വത്തിലുണ്ടെങ്കിലും ഒന്നു പിൻവാങ്ങി നിൽക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഒടുവിൽ വിമതനെ രംഗത്തിറക്കി വിപൽസൂചനകളും അദ്ദേഹം നൽകിയിരിക്കുന്നു.

മാണി സി.കാപ്പനും ജോസ് ടോം പുലിക്കുന്നേലും ഏറ്റുമുട്ടുമ്പോൾ ആ കുടുംബങ്ങളുടെ, അവരിലെ വ്യക്തിബന്ധങ്ങളുടെയെല്ലാം പോരാട്ടത്തിനു കൂടിയാണു പാലാ വേദിയാകുന്നത്. എൻഎസ്എസിന്റെ കോട്ടയത്തെ ഏറ്റവും ശക്തമായ യൂണിയനുകളിലൊന്നാണു മീനച്ചിൽ താലൂക്ക് യൂണിയൻ. ബാർ കേസിൽ മാണിക്ക് ആദ്യം പിന്തുണ പ്രഖ്യാപിച്ചവരിലൊരാളാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.എം.മാണി പാലായിൽ മത്സരിക്കുമ്പോൾ ഏതാനും സിപിഎമ്മുകാരുടെ വോട്ട് അദ്ദേഹത്തിനു ലഭിക്കുകയും ചില കോൺഗ്രസുകാരുടെ വോട്ട് കിട്ടാതിരിക്കുകയും ചെയ്യാറുണ്ടെന്ന് അവകാശപ്പെടുന്നവരുണ്ട്. മാണിയുടെ അഭാവത്തിൽ വ്യക്തിയധിഷ്ഠിതമെന്നതിനെക്കാൾ കടുത്ത രാഷ്ട്രീയപ്പോരാട്ടമാകും നടക്കുക. കേരളത്തിലെ ഒരു ഉപതിരഞ്ഞെടുപ്പിൽ ബിജെപി നേടുന്ന വോട്ട് ദേശീയതലത്തിൽ അവർക്കും അഭിമാനപ്രശ്നമാണ്. പാലാ, അങ്ങനെ പല തരത്തിലാകും ചൂണ്ടുപലകയാകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com