ADVERTISEMENT

ക്യാംപസ് രാഷ്ട്രീയത്തിനു നിയമസാധുത നൽകുന്ന ഓർഡിനൻസുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുപോകുമ്പോൾ പൊതുസമൂഹത്തിനു മുന്നിൽ  ഉയരുന്ന ചോദ്യങ്ങൾ പലതാണ്. കലാലയ രാഷ്ട്രീയം നിരോധിച്ച കോടതിവിധികൾ മറികടക്കാനാണു തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവരുന്നതെന്ന ആരോപണം ഈ ചോദ്യങ്ങൾക്കു കൂടുതൽ ബലം നൽകുകയും ചെയ്യുന്നു.

തീർച്ചയായും വിദ്യാർഥിരാഷ്ട്രീയത്തിന്റെ പ്രസക്തി നിഷേധിക്കാനാവാത്തതാണ്. ജനാധിപത്യക്രമത്തിൽ അത് അനിവാര്യവുമാണ്. പക്ഷേ, രാഷ്ട്രീയത്തിന്റെ പേരിൽ ക്യാംപസിൽ നടക്കുന്ന അക്രമങ്ങളും ഗുണ്ടാവാഴ്ചയും ഒരു സാഹചര്യത്തിലും അനുവദിക്കാൻ പാടില്ലാത്തതാണ്. കലാലയ രാഷ്ട്രീയം കേരളത്തിൽ ഒട്ടേറെ കുടുംബങ്ങൾക്ക് ഇതിനകം തോരാക്കണ്ണീർ നൽകിക്കഴിഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ക്യാംപസിലെ സംഘർഷത്തിൽ ഒരു വിദ്യാർഥിക്കു കുത്തേറ്റതും തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും ക്യാംപസ് രാഷ്ട്രീയത്തിന്റെ മലീമസ മുഖമാണു നാടിനു കാണിച്ചുകൊടുത്തത്. ഇതുപോലെ, വിദ്യാർഥിസംഘടനകൾ കൈക്കരുത്തു കാണിക്കുന്ന പല കോളജുകളിലും സ്ഥിതി ഗുരുതരമാണ്. 

വിദ്യാർഥിസംഘടനകളുടെ പ്രവർത്തനങ്ങൾ സമാധാനപരവും മൂല്യാധിഷ്‌ഠിതവുമാകണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷേ, നമ്മുടെ പല ക്യാംപസുകളിലും പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത്. കോളജിനകത്തെ അക്രമവും പുറത്തുനിന്നുള്ളവരുടെ ഇടപെടലും ഇനിയെങ്കിലും ഉണ്ടാകാതിരിക്കാൻ എന്തുവേണമെന്നു ബന്ധപ്പെട്ടവർ ആലോചിക്കേണ്ട സമയം വൈകി. കേരളത്തിലെ പ്രമുഖ രാഷ്ട്രീയപാർട്ടികൾ തീരുമാനിച്ചാൽ ക്യാംപസുകളിലെ അക്രമരാഷ്ട്രീയം വലിയൊരളവു വരെ നിലയ്ക്കുമെന്നിരിക്കെ, ഭരണകക്ഷിപോലും അതിനെതിരെ ചെറുവിരൽ അനക്കുന്നില്ലെങ്കിൽ പിന്നെ പൊതുസമൂഹത്തിനെന്താണു വഴി? 

ക്യാംപസ് രാഷ്ട്രീയത്തിനെതിരെ പല കോടതിവിധികളും നിലവിലുണ്ട്. സർക്കാർ ചുമതലപ്പെടുത്തിയ ജസ്റ്റിസ് കെ.കെ.ദിനേശൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ‘കേരള വിദ്യാർഥിസംഘടനകൾ റജിസ്റ്റർ ചെയ്യലും വിദ്യാർഥി പരാതിപരിഹാര കമ്മിഷൻ രൂപീകരണവും (2019)’ എന്ന പേരിലുള്ള കരടു ബില്ലാണ് ഓർഡിനൻസായി ഇറങ്ങുന്നത്. ക്യാംപസ് രാഷ്ട്രീയം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട കേസ് നടക്കുമ്പോൾ  ഓർഡിനൻസ് കൊണ്ടുവരുന്നത് അനുചിതമായെന്നു പരാതിയുണ്ട്. ബില്ലായി നിയമസഭയിൽ അവതരിപ്പിച്ച് സമ്പൂർണ ചർച്ചയിലൂടെ കൊണ്ടുവന്നിരുന്നെങ്കിൽ ഉചിതമാകുമായിരുന്നുവെന്നും അഭിപ്രായമുണ്ട്. അതേസമയം, കലാലയ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഈ ബിൽ മാർഗരേഖയാകുമെന്നാണു സർക്കാരിന്റെ നിലപാട്. 

സംഘടനാപ്രവർത്തനത്തിന്റെ സംരക്ഷണം മാത്രം പരാമർശിക്കുന്ന ഓർഡിനൻസ് ഏകപക്ഷീയമായിപ്പോയെന്നും  ആരോപണമുണ്ട്. ചില കോളജുകളിൽ സംഘടനാസ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോൾ, മറ്റിടങ്ങളിൽ ആ സ്വാതന്ത്ര്യം ചില സംഘടനകൾ കയ്യടക്കിവച്ച് അതു ബഹുഭൂരിപക്ഷത്തിന്റെ സ്വാതന്ത്ര്യമില്ലായ്മയായി മാറ്റിയിരിക്കുന്നതു  ജനാധിപത്യവിരുദ്ധമാണ്. 

ക്യാംപസിൽ പത്തിവിടർത്തിയാടുന്ന ഗുണ്ടാവാഴ്ചയ്ക്കു നേരെ കണ്ണടച്ച്, സെൽഫ് ഫിനാൻസ് കോളജുകളിൽ കൂടി അത്തരമൊരു അവസ്ഥയ്ക്ക് ഇടയാക്കിയേക്കാവുന്നതാണ് പുതിയ ഓർഡിനൻസ് എന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്. ക്യാംപസ് രാഷ്ട്രീയം ആരോഗ്യപരമായി, ജനാധിപത്യശുദ്ധിയോടെയാണു നിലനിൽക്കേണ്ടത്. എന്നാൽ, ക്യാംപസിലെ അക്രമരാഷ്ട്രീയവും ഗുണ്ടായിസവും പടിയിറങ്ങുകതന്നെ വേണം. 

ഭാവികേരളത്തെ രചിക്കേണ്ടവരാണു നമ്മുടെ യുവത. അതുകൊണ്ടുതന്നെ അക്രമവും വൈരവും സംഘർഷവുമല്ല, സഹിഷ്‌ണുതയുടെയും സഹജാവബോധത്തിന്റെയും പാഠങ്ങൾ പകരുന്ന വെളിച്ചമാണ് അവർക്കൊപ്പം എപ്പോഴും വേണ്ടത്. ക്യാംപസ് രാഷ്ട്രീയത്തിനു നിയമസാധുത നൽകുന്ന പുതിയ ഓർഡിനൻസ് പ്രായോഗികതലത്തിൽ എത്തുന്നതിനുമുൻപേ അതിൻമേൽ സർവതലസ്പർശിയായ വിലയിരുത്തൽ ഉണ്ടായേതീരൂ. പൊതുസമൂഹത്തിലും  നിയമസഭയിലും നടത്തുന്ന സമഗ്രചർച്ചകൾക്കു ശേഷമാവണം ബിൽ യാഥാർഥ്യമാവേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com