ADVERTISEMENT

ചന്ദ്രയാൻ 2ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് ചെയ്യാൻ ശ്രമിച്ചതായിരുന്നല്ലോ കഴിഞ്ഞയാഴ്ചത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. ഇതിനു തൊട്ടുപിന്നാലെ, ഇസ്റോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) ചെയർമാൻ ഡോ. കെ.ശിവൻ ആദ്യമായി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങി! ഇതുവരെ ഒരു സമൂഹമാധ്യമ പ്ലാറ്റ്ഫോമിലും ഇല്ലാത്തയാളായിരുന്നു ഡോ.ശിവൻ. പിന്നെന്തിനാണ് പെട്ടെന്ന്, അതും വിക്രം ലാൻഡറിന്റെ ലാ‍ൻഡിങ് പാളിയതിനു പിന്നാലെ അദ്ദേഹം ട്വിറ്ററിൽ വന്നത്? ലാൻഡിങ് സംബന്ധിച്ച വിവരങ്ങൾ കൈമാറാനോ ചോദ്യങ്ങൾക്കു മറുപടി പറയാനോ ആണെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ, സംഗതി അതല്ല – ഡോ. ശിവൻ അന്നും ഇന്നും ട്വിറ്ററിൽ ഇല്ല. അദ്ദേഹത്തിന്റെ പേരിൽ മറ്റാരോ തുടങ്ങിയതാണ് ആ ട്വിറ്റർ അക്കൗണ്ട്. ഒന്നല്ല, പല അക്കൗണ്ടുകൾ അദ്ദേഹത്തിന്റെ പേരിൽ ഇൗ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ട്വിറ്ററിൽ എന്നല്ല, ഒരു സമൂഹമാധ്യമത്തിലും അദ്ദേഹം ഇപ്പോഴുമില്ല. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഇസ്റോ കഴിഞ്ഞ ദിവസം പത്രക്കുറിപ്പുമിറക്കി. 

mohanlal
മോഹൻലാലിന്റെ ഒറിജിനൽ ട്വിറ്റർ ഹാൻഡിൽ (ഇടത്ത്), മറ്റാരോ ക്രിയേറ്റ് ചെയ്തതാണു രണ്ടാമത്തേത്.

എന്തുകൊണ്ടാണ്, പ്രശസ്തരായ വ്യക്തികളുടെ പേരിൽ ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാകുന്നത്? പല കാരണങ്ങളുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കുക എന്ന ക്രിമിനൽ ലക്ഷ്യമാണ് അതിൽ പ്രധാനം. മറ്റൊന്ന്, ഫാൻ അക്കൗണ്ടുകളാണ്. പ്രശസ്തരായ വ്യക്തികളുടെ ആരാധകർ അവരുടെ പേരും പടവുമൊക്കെ വച്ച് അക്കൗണ്ടുകൾ തുറക്കും. ഇനിയും ചിലത്, തമാശ (പാരഡി, സറ്റയർ) അക്കൗണ്ടുകളാണ്. പ്രശസ്തരുടെ പേരിനോടു സാമ്യമുള്ള പേരിൽ അവരുടെ പടമൊക്കെ വച്ച് ഇത്തരം തമാശ അക്കൗണ്ടുകളുണ്ടാക്കും. ഇതിനൊന്നും യഥാർഥ വ്യക്തിയുമായി ബന്ധമുണ്ടാകില്ലെന്നു മാത്രമല്ല, അവരുടെ അറിവു പോലുമുണ്ടാകില്ല. 

mammootty-FB-page
മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫെയ്സ്ബുക് പേജ്.

റിസർവ് ബാങ്ക് ഗവർണറായിരുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ രഘുറാം രാജന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടുകളുടെ ചിത്രം നോക്കുക. ഡോ. കെ.ശിവനെപ്പോലെ, ട്വിറ്ററിൽ ഇല്ലാത്ത ആളാണ് രഘുറാം രാജൻ. പക്ഷേ, അദ്ദേഹത്തിന്റെ പേരിൽ അര ഡസനിലേറെ ട്വിറ്റർ അക്കൗണ്ടുകളുണ്ട്. ചിലതിൽ ഫാൻ അക്കൗണ്ട് ആണെന്നു പറയുന്നുണ്ട്, ചിലതിൽ പാരഡി അക്കൗണ്ട് ആണെന്നും. എന്നാൽ, പലതിലും ഇത്തരം വിവരങ്ങളൊന്നുമില്ല. സംഗതി ഒറിജിനൽ ആണെന്ന് ആളുകൾ തെറ്റിദ്ധരിച്ചു പോകും.

manju-profile
മഞ്ജു വാരിയരുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ട്.

എങ്ങനെ കണ്ടെത്താം?

സമൂഹമാധ്യമങ്ങളിലെ ഇത്തരം വ്യാജന്മാരെ/പാരഡിക്കാരെ എങ്ങനെ കണ്ടെത്താമെന്നതു പ്രധാനപ്പെട്ട കാര്യമാണ്. 

ഇതിനു പ്രയോജനകരമായ ഏതാനും ചില സൂത്രങ്ങൾ ഇതാ: 

നീല ടിക്: ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലൊക്കെ മിക്കവാറും പ്രശസ്തരുടെ പേരിനു നേരെ നീല ടിക് കാണാം. ഒറിജിനൽ ആളുകളാണെന്നതിന്റെ ഒരു സൂചനയാണിത്. അതതു മാധ്യമങ്ങൾ പരിശോധന നടത്തി നൽകുന്നതാണ് ഈ നീല ടിക് (പക്ഷേ, എല്ലാ പ്രമുഖർക്കും നീല ടിക് ഉണ്ടാകണമെന്നു നിർബന്ധമില്ല). 

നിരീക്ഷണം: സംശയമുള്ള സമൂഹമാധ്യമ പ്രൊഫൈൽ കർശനമായി നിരീക്ഷിക്കുക. 

nivin-twitter
നിവിൻ പോളിയുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിൽ.

പേര്, ഹാൻഡിൽ

അക്കൗണ്ടിലെ പേരിന്റെ സ്പെല്ലിങ് പ്രത്യേകം ശ്രദ്ധിക്കുക. പ്രശസ്തരുടെ പേരിന്റെ അക്ഷരങ്ങളിൽ ചെറിയ മാറ്റമൊക്കെ വരുത്തിയാകും വ്യാജൻ അക്കൗണ്ട് തുടങ്ങുക. ഇതു പെട്ടെന്നു നമ്മുടെ ശ്രദ്ധയിൽ‌പെടണമെന്നില്ല. അതുപോലെ, പേരിനൊപ്പം ഒരു അക്കൗണ്ട് ഹാൻഡിൽ ഉണ്ടാകും. ഇതും പ്രത്യേകം ശ്രദ്ധിക്കണം (ഉദാഹരണത്തിന് മോഹൻലാലിന്റെ ഒറിജിനൽ ട്വിറ്റർ ഹാൻഡിൽ @mohanlal എന്നാണ്. എന്നാൽ, @mohnlal എന്നൊരു ഹാൻഡിലും ട്വിറ്ററിലുണ്ട്. ഒരക്ഷരത്തിന്റെ കുറവേയുള്ളൂ. പക്ഷേ, ഒറിജിനൽ അല്ല). 

ബയോ: താൻ ആരാണെന്നു സ്വയം പരിചയപ്പെടുത്തുന്ന ഈ ഭാഗത്ത് എന്താണ് എഴുതിയിരിക്കുന്നതെന്നു പ്രത്യേകം ശ്രദ്ധിക്കണം. വ്യാജന്മാർ ഇവിടെ പല സൂത്രപ്പണികളും ചെയ്യും. 

പോസ്റ്റുകൾ: അക്കൗണ്ടുകളിലെ പോസ്റ്റുകൾ ശ്രദ്ധിക്കുക. നമ്മൾ ഉദ്ദേശിക്കുന്ന ഒറിജിനൽ ആൾ പറയാനിടയുള്ളതാണോ ഈ കാര്യങ്ങൾ എന്ന് ആലോചിക്കുക. വ്യാജ അക്കൗണ്ടുകളിൽ പോസ്റ്റുകൾ ഒരുപാടുണ്ടാകും, പക്ഷേ ഓരോ പോസ്റ്റിന്റെയും എൻഗേജ്മെന്റ് (ലൈക്ക്, കമന്റ് ഒക്കെ) പൊതുവേ കുറവായിരിക്കും (ഇതിനെ മറികടക്കാൻ ‘കൃത്രിമ’ ലൈക്കുകൾ തേടാനുള്ള മാർഗങ്ങളുണ്ട് എന്നതും ഓർമിക്കണം! അക്കൗണ്ടിൽ നിന്ന് ഒരു പോസ്റ്റ് ചെയ്ത് സെക്കൻഡുകൾക്കുള്ളിൽ ആയിരക്കണക്കിനു ലൈക്കുകൾ വന്നാലും ശ്രദ്ധിക്കണം. അവ പണം കൊടുത്തു വാങ്ങിയ വ്യാജ ലൈക്കുകളാകാം). 

ഫോളോവേഴ്സ്: അക്കൗണ്ടുകൾ എത്രപേർ ഫോളോ ചെയ്യുന്നുവെന്നത് ഒരു സൂചനയാണ്. വ്യാജന്മാരെ അധികമാളുകൾ ഫോളോ ചെയ്യാനിടയില്ല. ഒറിജിനൽ പ്രശസ്തനു നല്ല ഫോളോവേഴ്സ് ഉണ്ടാവുകയും ചെയ്യും. അതുപോലെ, പ്രശസ്തർ തിരിച്ചു ഫോളോ ചെയ്യുന്നത് കുറച്ച് ആളുകളെ മാത്രമാകാനേ സാധ്യതയുള്ളൂ. ഉദാഹരണത്തിന്, ട്വിറ്ററിൽ മമ്മൂട്ടി (ഇന്നലെ രാത്രി ഇതെഴുതുന്ന സമയം വരെ) 3 പേരെയേ ഫോളോ ചെയ്യുന്നുള്ളൂ – അമിതാഭ് ബച്ചൻ, ദുൽഖർ സൽമാൻ, റസൂൽ പൂക്കുട്ടി. എന്നാൽ, പ്രശസ്തരുടെ വ്യാജ അക്കൗണ്ടുകൾ തലങ്ങും വിലങ്ങും ആളുകളെ ഫോളോ ചെയ്യും. 

അക്കൗണ്ട് വിവരം: സംശയത്തിലുള്ള അക്കൗണ്ട് എന്നാണു തുടങ്ങിയതെന്നു പരിശോധിക്കുക. ഡോ. ശിവന്റെ കാര്യം എടുത്താൽത്തന്നെ, വിക്രം ലാൻഡറിന്റെ ലാൻഡിങ്ങിനു തൊട്ടുപിറ്റേന്ന് അദ്ദേഹം അക്കൗണ്ട് തുടങ്ങാൻ സാധ്യത വളരെ കുറവാണെന്ന് നമുക്കു സാമാന്യബുദ്ധി കൊണ്ട് ഊഹിക്കാമല്ലോ. എന്നാൽ, അദ്ദേഹത്തിന്റെ പേരിലുള്ള അക്കൗണ്ടെല്ലാം തുടങ്ങിയത് അതിനു ശേഷമുള്ള രണ്ടോ മൂന്നോ ദിവസങ്ങളിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com