ADVERTISEMENT

ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രമുഖർ എഴുതിയ തുറന്ന കത്തിന്റെ പൂർണ രൂപം

2019 ജൂലൈ 23

പ്രിയ പ്രധാനമന്ത്രിക്ക്,

നമ്മുടെ രാജ്യത്തു സമീപകാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ ദുരന്ത സംഭവങ്ങളിൽ, സമാധാനപ്രേമികളും അഭിമാനികളുമായ ഇന്ത്യക്കാർ എന്ന നിലയിൽ ഞങ്ങൾക്ക് അഗാധമായ ആശങ്കയുണ്ട്. എല്ലാ മത, ജാതി, വംശ, ലിംഗ വിഭാഗങ്ങളും തുല്യരായ മതനിരപേക്ഷ, സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക് ആയാണു നമ്മുടെ ഭരണഘടനയിൽ ഇന്ത്യയെ വിവരിക്കുന്നത്. അതിനാൽ ഓരോ പൗരനും വാഗ്ദാനം ചെയ്തിട്ടുള്ള അവകാശങ്ങൾ ഉറപ്പുവരുത്താനായി ഞങ്ങൾ ബോധിപ്പിക്കുന്നത്:

1) മുസ്‌ലിംകൾക്കും ദലിതർക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും നേർക്കുളള ആൾക്കൂട്ട കൊലപാതകങ്ങൾ ഉടൻ അവസാനിപ്പിക്കണം. 2016 ൽ മാത്രം രാജ്യത്ത് ദലിതർക്കെതിരെ 840 ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇവയിലേറെയും കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകുകയാണെന്നുമുള്ള നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് ഞങ്ങളെ ഞെട്ടിച്ചു.

ഇതിനു പുറമേ, 2009 ജനുവരി ഒന്നിനും 2018 ഒക്ടോബർ 29നും ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മതവിദ്വേഷപ്രേരിതമായ 254 കുറ്റകൃത്യങ്ങളിൽ കുറഞ്ഞതു 91 പേർ കൊല്ലപ്പെട്ടതായും 579 പേർക്കു പരുക്കേറ്റതായും കണക്കുണ്ട് (ഫാക്‌ട്‌ ചെക്കർ, ഇൻഡേറ്റാബേസ്). മുസ്‌ലിംകൾ (ജനസംഖ്യയുടെ 14%) ആയിരുന്നു 62 % കേസുകളിലും ഇരകളെന്ന് ദ് സിറ്റിസൺസ് റിലീജിയസ് ഹേറ്റ് ക്രൈം വാച്ച് ചൂണ്ടിക്കാട്ടുന്നു; 14% കേസുകളിൽ ഇരകളായതു ക്രിസ്ത്യാനികളും (ജനസംഖ്യയുടെ 2%). ഇത്തരം കേസുകളിൽ 90 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ടത് അങ്ങയുടെ സർക്കാർ ദേശീയതലത്തിൽ അധികാരത്തിലേറിയ 2014 മേയ് കഴിഞ്ഞാണ്.

ഇത്തരം ആൾക്കൂട്ട കൊലപാതകങ്ങളെ അങ്ങ് പാർലമെന്റിൽ വിമർശിച്ചിട്ടുണ്ട്. അതുമാത്രം പോരാ! കുറ്റവാളികൾക്കെതിരെ യഥാർഥത്തിൽ എന്തു നടപടിയാണു സ്വീകരിച്ചത് ? ഇത്തരം കൊലപാതകങ്ങൾ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കണമെന്നാണു ഞങ്ങളുടെ ശക്തമായ വികാരം. മാതൃകാപരമായ ശിക്ഷാനടപടികൾ വേഗത്തിൽ സ്വീകരിക്കുകയും വേണം. കൊലക്കേസുകളിൽ പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ ആകാമെങ്കിൽ, അതിനേക്കാൾ ഹീനമായ ആൾക്കൂട്ട കൊലകളിൽ എന്തുകൊണ്ടു പാടില്ല ? സ്വന്തം രാജ്യത്ത് ഒരു പൗരനും ഭയപ്പാടോടെ ജീവിക്കേണ്ടി വരരുത്.

ഖേദകരമെന്നു പറയട്ടെ, ‘ജയ് ശ്രീറാം’എന്നതു ഇന്നു പ്രകോപനപരമായ പോർവിളി ആയി മാറിയിരിക്കുന്നു. അതു ക്രമസമാധാന പ്രശ്നങ്ങളിലേക്കു നയിക്കുന്നു, അതിന്റെ പേരിൽ കൂടുതൽ ആൾക്കൂട്ട ആക്രമണങ്ങളും നടക്കുന്നു. മതത്തിന്റെ പേരിൽ ഇത്രയേറെ കുറ്റകൃത്യങ്ങൾ ചെയ്തുകൂട്ടുന്നത് ഞെട്ടിപ്പിക്കുന്നു. ഇതു മധ്യകാലമല്ല. ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിലെ ധാരാളം പേർക്കു രാമനാമം പവിത്രമാണ്. രാമനാമം ഈ വിധം കളങ്കിതമാക്കുന്നതിന്, രാജ്യത്തിന്റെ ഭരണസംവിധാനത്തിന്റെ തലപ്പത്തുള്ളയാൾ എന്ന നിലയിൽ അങ്ങ് അറുതി വരുത്തണം.

2) ഭിന്നാഭിപ്രായമില്ലാതെ ജനാധിപത്യമില്ല. സർക്കാരിനെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആളുകളെ ദേശവിരുദ്ധരായോ നഗര നക്‌സലുകളോ ആയി മുദ്ര കുത്താനും തടവിലിടാനും പാടില്ല. ഇന്ത്യയുടെ ഭരണഘടനയുടെ 19–ാം വകുപ്പ് അഭിപ്രായസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നു. വിയോജിക്കാനുള്ള അവകാശം അതിന്റെ അവിഭാജ്യഘടകമാണ്. ഭരണകക്ഷിയെ വിമർശിക്കുന്നതു രാഷ്ട്രവിമർശനമായി കരുതരുത്. ഒരു ഭരണകക്ഷിയും അത് അധികാരത്തിലിരിക്കുന്ന രാജ്യത്തിനു പര്യായമാകുന്നില്ല.

ഭരണകക്ഷി രാജ്യത്തെ രാഷ്ട്രീയകക്ഷികളിലൊന്നു മാത്രമാണ്. അതിനാൽ സർക്കാരിനെതിരായ നിലപാടുകളെ രാജ്യവിരുദ്ധ വികാരവുമായി സമീകരിക്കാനാവില്ല. വിയോജിപ്പുകളെ അടിച്ചമർത്താത്ത തുറന്ന അന്തരീക്ഷം ശക്തമായ രാഷ്ട്രത്തെ നിർമിക്കുകയാണു ചെയ്യുന്നത്. നമ്മുടെ രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചു ആത്മാർഥമായ ഉത്കണ്ഠയുള്ള ഇന്ത്യക്കാർ എന്ന നിലയിലുള്ള ഞങ്ങളുടെ നിർദേശങ്ങളെ, അവയുടെ യഥാർഥ വികാരത്തിൽ തന്നെ എടുക്കുമെന്നു പ്രത്യാശിക്കുന്നു.

ആത്മാർഥതയോടെ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com