ADVERTISEMENT

നമ്മുടെ സുധാകരമന്ത്രി ഉഗ്രപ്രതാപിയാണെന്നാണു പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർ പറയുന്നത്. വെട്ടൊന്ന്, മുറിരണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ശീലം. എന്നാൽ ഉള്ളിന്റെയുള്ളിൽ മനസ്സലിവുള്ളയാളാണ്. 31നകം റോഡിലെ കുഴികൾ അടച്ചില്ലെങ്കിൽ 1400 എൻജിനീയർമാരുടെയും ആപ്പീസ് പൂട്ടുമെന്നും പണി പാപ്പനംകോട്ടാകും എന്നുമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. വേണമെങ്കിൽ ഈ 1400 പേരെയും ഫയറിങ് സ്ക്വാഡിനു മുന്നിൽ നിരത്തിനിർത്തി പീസ്പീസാക്കുമെന്ന് അദ്ദേഹത്തിനു പറയാമായിരുന്നു. അതു പറയാതിരുന്നത് അദ്ദേഹത്തിന്റെ മഹത്വം.

എന്നാൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അങ്ങനെയല്ല. അദ്ദേഹം ജന്മനാ നക്സലൈറ്റ് ആയിരുന്നുവെന്നു പറഞ്ഞാൽ ശരിയാവില്ല. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ നാഗ്പൂരിൽ നിന്നു മുംബൈയിലേക്ക് എക്സ്കർഷൻ പോകാൻ വീട്ടുകാർ പൈസ കൊടുക്കാത്തതിന്റെ പേരിലാണ് അദ്ദേഹം നക്സലൈറ്റായത്. നേരെ ഗഡ്ചിറോളിയിലേക്കു കള്ളവണ്ടി കയറി. യാത്രാമാർഗം ഏതായാലും അദ്ദേഹം ടിക്കറ്റ് എടുത്തിട്ടില്ലെന്നതിനു രേഖയുണ്ട്.

ഒരു രാത്രിയാണ് അദ്ദേഹം നക്സലൈറ്റ് ക്യാംപിൽ കഴിഞ്ഞതെന്നാണു രേഖകൾ സാക്ഷ്യപ്പെടുത്തുന്നത്. പിറ്റേ ദിവസം പ്രാതലിന് അവൽ നനച്ചതിനൊപ്പം പുഴുങ്ങിയ ഏത്തപ്പഴം കിട്ടിയില്ലെന്നതിന്റെ പേരിൽ നക്സൽ പ്രസ്ഥാനത്തോടു വിടവാങ്ങുകയായിരുന്നു. പക്ഷേ ആ പഴയ നക്സലിന്റെ കനൽ ഗഡ്കരിയുടെ മനസ്സിൽ ഇപ്പോഴും ഉടക്കിക്കിടപ്പുണ്ട്. അതുകൊണ്ടാണു ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരോടു നിങ്ങളെന്നെ വീണ്ടും നക്സലൈറ്റാക്കരുതെന്ന് അദ്ദേഹം കനിഞ്ഞ് അപേക്ഷിച്ചത്.

ഗഡ്ചിറോളി ക്യാംപിൽ ബ്രഹ്മമുഹൂർത്തത്തിൽ ഉണർന്നാൽ കട്ടൻചായ മാത്രമായിരുന്നു ഗഡ്കരിയുടെ ഭക്ഷണം. പിന്നെ 2 മണിക്കൂർ മാവോയിസ്റ്റ് ഭജന, അതു കഴിഞ്ഞാൽ വീണ്ടും കട്ടൻചായ, പിന്നെ ചാരു മജുംദാർ പുനർവായന, വീണ്ടും കട്ടൻചായ, രാത്രിയിൽ കഞ്ഞിവെള്ളം, കിടക്കും മുൻപ് മാവോയിസ്റ്റ് ദൈവശതകം 1001 തവണ ഉരുക്കഴിക്കൽ...
ഇത്തരം ദിനചര്യകൾ കഴിഞ്ഞാൽ രാത്രി സുഖസുഷുപ്തിയും രാവിലെ സുഖശോധനയും ഉറപ്പാണെന്നു പ്രമുഖ ആയുർവേദ വൈദ്യൻമാരും മുൻ നക്സലൈറ്റുകളും ഒരേ ശബ്ദത്തിൽ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ നമ്മുടെ നിതിൻ ഗഡ്കരിക്ക് ഇതൊന്നും താങ്ങാനുള്ള കരുത്തുണ്ടായില്ല. കുരുന്നു പ്രായമല്ലേ? അതുകൊണ്ടു മാത്രമാണ് അദ്ദേഹം നക്സലൈറ്റ് ക്യാംപിൽ നിന്ന് ഒളിച്ചോടിയതും ആർഎസ്എസ് ശാഖയിൽ അഭയം പ്രാപിച്ചതും.

ലക്ഷ്യം 100 പേർക്ക് 1 ബാർ

ലോകാരോഗ്യ സംഘടനയുടെ അംഗീകൃത മാനദണ്ഡപ്രകാരം 1000 പേർക്ക് 1 ഡോക്ടർ വേണം. ഈ മാനദണ്ഡമെല്ലാം കേരളം മറികടന്നിട്ടു കാലമേറെയായി. അതാണ് ആരോഗ്യ പരിപാലത്തിലെ കേരള മോഡൽ. ഇക്കാര്യത്തിൽ ഫിദൽ കാസ്ട്രോയുടെയും ചെ ഗവാരയുടെയും കമ്യൂണിസ്റ്റ് ക്യൂബയാണത്രെ ലോകത്തിൽ ഏറ്റവും മുന്നിൽ. അവിടെ 178 പേർക്ക് 1 ഡോക്ടർ വീതമുണ്ടെന്നാണു കേൾക്കുന്നത്.

ഇക്കാര്യത്തിൽ ക്യൂബയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ കേരളം മനസ്സുവച്ചാൽ എന്നേ കഴിയുമായിരുന്നു. എന്നാൽ കാസ്ട്രോയെയും ചെ ഗവാരയെയും ഓർത്താണു ശൈലജ ടീച്ചർ അതിനു തുനിയാതിരുന്നത്. ബാറുകളുടെ കാര്യത്തിൽ ഏതെങ്കിലും രാജ്യാന്തര സംഘടന ഇത്തരമൊരു മാനദണ്ഡം ഏർപ്പെടുത്തിയിട്ടുണ്ടോ എന്നു കൃത്യമായ വിവരമില്ല. ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ അക്കാര്യത്തിൽ ലോകത്തിലെ ഒന്നാം സ്ഥാനം നേടാനാണു കേരളത്തിന്റെ തീരുമാനം.

ആ ലക്ഷ്യം എത്രയും പെട്ടെന്നു നേടാനാണ് എൽഡിഎഫ് സർക്കാർ കിണഞ്ഞു ശ്രമിക്കുന്നത്. എന്നിട്ടു വേണം സർക്കാരിന്റെ നാലാം വർഷത്തിലെ പ്രോഗ്രസ് കാർഡിൽ അക്കാര്യം ഉൾപ്പെടുത്താൻ. 9 മാസം കൊണ്ട് 70 ബാറുകൾ അനുവദിച്ചതിനു പിന്നിൽ ഈയൊരു സദുദ്ദേശ്യം മാത്രമേയുള്ളൂ. അല്ലാതെ കോടികളുടെ അഴിമതിയോ തിരഞ്ഞെടുപ്പു ഫണ്ടോ അതിനു കാരണമല്ല. കേരളത്തിൽ 100 പേർക്ക് ഒരു ബാർ എന്നതാണു സർക്കാരിന്റെ നയം.

കത്തെഴുത്ത് കലയുടെ അന്ത്യം

കത്തെഴുത്ത് കലയാണെന്നു ചിലർ പറയുന്നു. ശാസ്ത്രമാണെന്നു മറ്റു ചിലരും. ഇതു രണ്ടുമല്ല, മനുഷ്യരുടെ മനസ്സിനെ സ്വാധീനിക്കുന്ന മന്ത്രവാദമാണെന്നു വാദിക്കുന്നവരുമുണ്ട്. എന്നാൽ കത്തെഴുത്തു രാജ്യദ്രോഹമാകുമെന്ന് ഇപ്പോഴാണു കേൾക്കുന്നതും മനസ്സിലാക്കുന്നതും.മഹാത്മാ ഗാന്ധിയും ജവാഹർലാൽ നെഹ്‌റുവും ഒരുപാടുപേർക്കു കത്തെഴുതിയിട്ടുണ്ടെന്നാണു പറഞ്ഞും വായിച്ചും അറിഞ്ഞിട്ടുള്ളത്. അക്കൂട്ടത്തിൽ ബ്രിട്ടിഷ് രാജാവും വൈസ്രോയിയുമെല്ലാം ഉൾപ്പെട്ടുകാണും. ഗാന്ധി–നെഹ്‌റു വാദികൾക്കെതിരെ പലവട്ടം രാജ്യദ്രോഹത്തിന്റെ പേരിൽ കേസ് എടുത്തിട്ടുണ്ട്.

എന്നാൽ അതൊന്നും കത്തുകുത്തിന്റെ പേരിലായിരുന്നില്ല എന്നാണു ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. പക്ഷേ, മോദിക്കാലം പഴയ സായിപ്പു കാലമല്ല. സായിപ്പിനു സായിപ്പിന്റെ മര്യാദ, മോദിക്കു മോദിയുടെ മര്യാദ. അതൊന്നും തിരിച്ചറിയാതെ ആരെങ്കിലും എഴുതിക്കൊണ്ടുവരുന്ന പ്രസ്താവനയുടെ അടിയിൽ ഒപ്പുവച്ചാൽ ചിലപ്പോൾ വാഗാ അതിർത്തി കടന്നു പാക്കിസ്ഥാനിൽ, അല്ലെങ്കിൽ ചന്ദ്രയാൻ റോക്കറ്റിൽ ചന്ദ്രനിൽ, ഏറ്റവും ചുരുങ്ങിയതു ബിഹാറിലെ ഏതെങ്കിലും മൂന്നാം ക്ലാസ് ജയിലിലെങ്കിലും പോകേണ്ടി വരും.

സ്റ്റോപ് പ്രസ്: അരൂർ പൂതനമാർക്കു ജയിക്കാനുള്ള സ്ഥലമല്ലെന്നു മന്ത്രി ജി.സുധാകരൻ.

കുട്ടിക്കാലത്തു പുരാണങ്ങൾ വായിക്കാൻ അയൽവീടുകളിൽ പോയതുകൊണ്ട് പൂതനയെ മാത്രമല്ല, താടകയെയും ശൂർപണഖയെയും ഏത് ആൾക്കൂട്ടത്തിൽ കണ്ടാലും സുധാകരൻ സഖാവിനു തിരിച്ചറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com