ADVERTISEMENT

നിയമസഭാംഗമായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത പാലായുടെ പുതിയ പ്രതിനിധി മാണി സി.കാപ്പൻ തിരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിച്ച സത്യവാങ്മൂലത്തിൽ വരുമാനസ്രോതസ്സായി കാണിച്ചിരിക്കുന്നത് 2 ഇനങ്ങളാണ്: സിനിമ, കൃഷി. അതിൽ കൃഷി എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നതു റബറോ നെല്ലോ അല്ല. മേഘാലയയിൽ അദ്ദേഹവും സുഹൃത്തുക്കളും വാങ്ങിയ എസ്റ്റേറ്റുകളുടെ കാര്യമാണ്. അതേ സത്യവാങ്മൂലത്തിലെ കള്ളികളിൽ പൂരിപ്പിച്ച മറ്റു ചില ഇനങ്ങളെച്ചൊല്ലിയാണ് സമീപദിവസങ്ങളിൽ കാപ്പൻ വാർത്തയിൽ നിറഞ്ഞുനിന്നത്.

കോടിയേരി ബാലകൃഷ്ണനും ഷിബു ബേബിജോണുമെല്ലാം കക്ഷികളായ ഈ വിവാദമാണ് രാഷ്ട്രീയ – വ്യവസായ താൽപര്യങ്ങൾ ഇഴകലർന്നു രാഷ്ട്രീയചർച്ചകളെ സജീവമാക്കിയ സംഭവപരമ്പരകളിൽ അവസാനത്തേത്. മുംബൈ വ്യവസായിയായ ദിനേശ് മേനോന് കാപ്പൻ തിരിച്ചുകൊടുക്കാനുള്ള പണത്തെച്ചൊല്ലി 4 കേസുകൾ ബോറിവ്‌ലി കോടതിയിൽ നിലവിലുണ്ടെന്നു കാപ്പന്റെ സത്യവാങ്മൂലം വ്യക്തമാക്കുന്നു. 75 ലക്ഷം, ഒരുകോടി, ഒരുകോടി, 50 ലക്ഷം എന്നിങ്ങനെ 4 ചെക്കുകൾ മടങ്ങിയതിന്റെ പേരിൽ 4 കേസുകൾ. ഇക്കാര്യത്തിൽ കറുപ്പും വെളുപ്പും ഇനിയും തെളിഞ്ഞുവരേണ്ടതുണ്ട്.

കോൺഗ്രസ് നേതാവും എംപിയുമായിരുന്ന ചെറിയാൻ ജെ.കാപ്പന്റെ 11 മക്കളിൽ രാഷ്ട്രീയം തലയ്ക്കു പിടിക്കാതിരുന്നവരിൽ ഒരാളായിരുന്നു മാണി. വോളിബോളും സിനിമയുമായിരുന്നു അദ്ദേഹത്തിന്റെ ഹരം. പി.സി. ചാക്കോയുമായുള്ള ബന്ധം കാപ്പനെ ശരദ് പവാറിന്റെ അടുക്കലെത്തിച്ചു. ഇന്ത്യയിലെ വലിയ ധനിക രാഷ്ട്രീയനേതാക്കളിലൊരാളായ പവാർ എൻസിപി രൂപീകരിച്ചപ്പോൾ തന്റെ ഇടം അതാണെന്ന് മാണി സി.കാപ്പൻ തിരിച്ചറിഞ്ഞു. കെ.എം.മാണിയെ പാലായിൽ തോൽപിക്കുക എന്ന ലക്ഷ്യം നിറവേറ്റാനായില്ലെങ്കിലും പിൻഗാമിയെ അടിതെറ്റിച്ചു നിയമസഭാംഗമായി. 

മായുന്ന അതിരുകൾ

രാഷ്ട്രീയവും വ്യവസായവും തമ്മിലുള്ള അതിർവരമ്പുകൾ കേരളരാഷ്ട്രീയത്തിൽ അനുദിനം മായുന്നുവെന്നാണ്, ഇടതുമുന്നണി എംഎൽഎ ആയി കാപ്പൻ കൂടി കടന്നുവരുമ്പോൾ വ്യക്തമാകുന്നത്. വ്യവസായികളെയും ധനികരെയും ‘ബൂർഷ്വ’യാക്കി മുദ്രകുത്തി മാറ്റിനിർത്തിയിരുന്ന രീതി ഉപേക്ഷിക്കാൻ സിപിഎം തന്നെ തയാറായതോടെ, രാഷ്ട്രീയ ഭാഗ്യാന്വേഷികളുടെ രംഗപ്രവേശം അനായാസമായി. കേരളരാഷ്ട്രീയത്തിലുണ്ടായ ആ മാറ്റവും സിപിഎമ്മിന്റെ കരണംമറിച്ചിലും വ്യക്തമാകാൻ ഒറ്റ ഉദാഹരണം മതി. പ്രവാസി ഇന്ത്യക്കാരനും വ്യവസായിയുമായ പി.വി.അബ്ദുൽ വഹാബിനെ രാജ്യസഭാംഗമാക്കാൻ 2004ൽ മുസ്‌ലിം ലീഗ് തീരുമാനിച്ചപ്പോൾ കേരളരാഷ്ട്രീയത്തിൽ അതു വിവാദത്തിന്റെ അലകൾ തീർത്തിരുന്നു. വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും പോർമുഖം തുറന്നു.

എൽഡിഎഫ് ഘടകകക്ഷിയായിരുന്ന ആർഎസ്പിയുടെ ടി.ജെ.ചന്ദ്രചൂഡൻ വിഎസിന്റെ നിർദേശപ്രകാരം വഹാബിനെതിരെ തിര‍ഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. പരാതി കമ്മിഷൻ തള്ളിയപ്പോൾ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സിപിഎം നിലമ്പൂർ ഏരിയാ കമ്മിറ്റിയുടെ തീരുമാനം. വേണ്ടിവന്നാൽ സുപ്രീംകോടതിവരെ നിയമയുദ്ധം നടത്താനും കേസ് നടത്തിപ്പിനു പൊതുജനങ്ങളിൽനിന്നു സംഭാവന സമാഹരിക്കാനും തീരുമാനിച്ച ഏരിയാ കമ്മിറ്റിയാണ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.വി.അൻവറിനെ സ്ഥാനാർഥിയാക്കി അതേ നിലമ്പൂരിൽ വോട്ടുതേടിയത്. കക്കാടംപൊയിലിൽ അൻവറിനു വേണ്ടി, പരിസ്ഥിതിപ്രവർത്തകരെ ഓടിക്കാൻ ഒത്തുകൂടിയവരിലും സിപിഎം പ്രവർത്തകരുണ്ടെന്നാണു റിപ്പോർട്ട്. വഹാബിനെതിരെ അന്നു പരാതി നൽകിയ ആർഎസ്പി, യുഡിഎഫ് യോഗത്തിൽ അദ്ദേഹത്തിനൊപ്പം ഒരു മേശയ്ക്കു ചുറ്റുമിരിക്കുകയും ചെയ്യുന്നു. 

തൊഴിൽകച്ചവടം

തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ 2016ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്റെ വരുമാനസ്രോതസ്സ് അൻവർ വ്യക്തമാക്കിയിട്ടുണ്ട്: കച്ചവടം. അതേ തിരഞ്ഞെടുപ്പി‍ൽ സിപിഎമ്മിന്റെ മറ്റൊരു പരീക്ഷണമായിരുന്ന താനൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി.അബ്ദുറഹ്മാൻ ‘ബിസിനസ്’ ആണ് തൊഴിലെന്നു രേഖപ്പെടുത്തി. ഈ പട്ടികയിലെ മൂന്നാമനായ കാരാട്ട് റസാഖ് ആ രേഖയിൽ നയപരമായ തന്ത്രജ്ഞത പുലർത്തി: സാമൂഹികസേവനം (തൊഴിൽരഹിതൻ). വി.കെ.സി.മമ്മദ്കോയ (സിപിഎം) ആണ് സംസ്ഥാന നിയമസഭയിലെ ഏറ്റവും ധനികരായ എംഎൽഎമാരിലൊരാൾ. മഞ്ഞളാംകുഴി അലി, പാറയ്ക്കൽ അബ്ദുല്ല (മുസ്‌ലിം ലീഗ്), തോമസ് ചാണ്ടി (എൻസിപി), എൻ.വിജയൻപിള്ള (സിപിഎം), അടൂർ പ്രകാശ് എംപി (കോൺഗ്രസ്) തുടങ്ങിയവരെല്ലാം വ്യവസായികൾ കൂടിയായ ജനപ്രതിനിധികളുടെ പട്ടികയിൽ വരും. തിരഞ്ഞെടുപ്പു സത്യവാങ്മൂലങ്ങൾ അനുസരിച്ച് 2016ൽ നിയമസഭയിലെത്തിയ 140 പേരിൽ 61 പേർ കോടിപതികളാണ്.

വ്യവസായവും രാഷ്ട്രീയവും ഇങ്ങനെ ഇടകലരുമ്പോൾ അത്തരക്കാരുൾപ്പെട്ട കേസുകൾ കേരളരാഷ്ട്രീയത്തിൽ വൻവിവാദമായി കത്തിപ്പടരുന്നതും പുതിയ പ്രവണതയാണ്. ദുബായിൽ സ്വന്തം ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ബിനോയ് കോടിയേരി നടത്തിയ നീക്കങ്ങളും അതുണ്ടാക്കിയ കെടുതികളും കോടിയേരിയെയും സിപിഎമ്മിനെയും വേട്ടയാടുന്നു. തുഷാർ വെള്ളാപ്പള്ളിയുടെ മുൻകാല ഇടപാടുകൾ, കേരളത്തിൽ ഒരു പാർട്ടിയുടെ അധ്യക്ഷനായ അദ്ദേഹത്തെ വിദേശത്തു പൊലീസ് കസ്റ്റഡിയിൽ വരെ എത്തിക്കാൻ വഴിവയ്ക്കുന്നു. തോമസ് ചാണ്ടിയുടെ വഴിവിട്ട റിസോർട്ട് പണികൾ അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തന്നെ തെറിപ്പിക്കുന്നു. കേസുകളുടെ പേരിൽ മന്ത്രിസ്ഥാനം ആദ്യം ഒഴിയേണ്ടി വന്ന എ.കെ.ശശീന്ദ്രനും തോമസ് ചാണ്ടിക്കും പിന്നാലെ, എൻസിപിയുടെ മൂന്നാമത്തെ എംഎൽഎ ആയ കാപ്പൻ സത്യപ്രതിജ്ഞ ചെയ്യും മുൻപുതന്നെ മുൻകാല കേസുകൾ വിവാദമായെങ്കിൽ അതു കേവലം യാദൃച്ഛികമാകാനും ഇടയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com