sections
MORE

വിശുദ്ധിയുടെ സുഗന്ധം

HIGHLIGHTS
  • മദർ മറിയം ത്രേസ്യയുടെ വിശുദ്ധപദവി നമ്മുടെ അഭിമാനം
mariam-thresia-photo
മറിയം ത്രേസ്യ ജീവിച്ചിരുന്നപ്പോൾ എടുത്തതിൽ ലഭ്യമായ ഏക ചിത്രം.
SHARE

സ്വയംപീഡകളിലൂടെയുള്ള സഹനം, സ്വയം മറന്നുള്ള സേവനം, സ്വയം അലിയുന്ന പ്രാർഥന –  ഇതു മൂന്നും സമന്വയിച്ച സമർപ്പിതജീവിതത്തിനു ലഭിച്ച ആഗോള അംഗീകാരമാണ്, നാളെ തൃശൂർ പുത്തൻചിറ സ്വദേശിനി വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യയ്ക്കു ലഭിക്കുന്ന വിശുദ്ധപദവി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ഫ്രാൻസിസ് മാർപാപ്പ മദർ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ അത് അൻപതു വയസ്സുവരെ മാത്രം ജീവിച്ച, പരിപാവനയായ ഒരു സന്യാസിനിക്കു ലഭിക്കുന്ന ലോകാദരമായി മാറുന്നു. ഇനി ഈ മലയാളി സമർപ്പിത, ലോകത്തിന്റെ മുഴുവൻ വണക്കത്തിനു പാത്രമാവുകയാണ്. 

കേരളത്തിനു മാത്രമല്ല, രാജ്യത്തിനു മുഴുവൻ അഭിമാനമാവുകയാണ് ഈ പുണ്യജീവിതം. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൻ കി ബാത്’ എന്ന പരിപാടിയിൽ പറഞ്ഞതും മദർ മറിയം ത്രേസ്യയുടെ വിശുദ്ധപദവി എല്ലാ ഇന്ത്യക്കാർക്കും നൽകുന്ന അഭിമാനത്തെക്കുറിച്ചും മാതൃകയെക്കുറിച്ചുമാണ്. 1876 ഏപ്രിൽ 26നു പുത്തൻചിറയിലെ ചിറമ്മൽ മങ്കിടിയാൻ തറവാട്ടിൽ ജനിച്ച മറിയം ത്രേസ്യ, 1926ൽ ആണു നിര്യാതയായത്. 11 വർഷത്തിലേറെ മാത്രമേ ഉണ്ടായിരുന്നുള്ളൂ, സന്യാസമഠത്തിലെ ജീവിതമെങ്കിലും കത്തോലിക്കാ സന്യാസസഭകളിലെ സമർപ്പിതരുടെ ജീവിതത്തിനു വലിയ മാതൃക നൽകിയാണ് മദർ മറിയം ത്രേസ്യ വിശുദ്ധപദവിയിലെത്തുന്നത്. സ്വയംപീഡ, സഹനം, പ്രാർഥന ഇവയ്ക്കു പകരംവയ്ക്കാൻ മറ്റൊന്നില്ലാതെ ആ ത്യാഗജീവിതം ഇതാ ലോകത്തിനു മുന്നിൽ വിശുദ്ധമാകുന്നു.

ത്യാഗത്തിൽ മാത്രമല്ല, സേവനത്തിലും മറിയം ത്രേസ്യ കാണിച്ചുതന്ന മാതൃകകൾ വലുതാണ്. സന്യാസമഠത്തിലെ ജീവിതം ഹ്രസ്വമായിരുന്നെങ്കിലും അതിനു മുൻപും പിൻപും മദറിന്റെ സേവനം ലഭിച്ചവർ ഒട്ടേറെയാണ്. സാമൂഹിക പരിഷ്കർത്താവ് എന്ന വിളിപ്പേരിനും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ അനുയോജ്യയാണെന്നു തീർച്ച. അക്കാലത്തു സമൂഹം മാറ്റിനിർത്തിയിരുന്ന പിന്നാക്ക കുടുംബങ്ങളിലെ അബലരെ മഠത്തിൽ കൊണ്ടുവന്നു താമസിപ്പിക്കാൻ കാണിച്ച ധൈര്യം മാതൃകാപരമാണ്. 104 വർഷം മുൻപ് പെൺപള്ളിക്കൂടം സ്ഥാപിച്ചതും സ്ത്രീ രക്ഷപ്പെട്ടാൽ കുടുംബം രക്ഷപ്പെടുമെന്നു മനസ്സിലാക്കി അവർക്കു കൈത്തൊഴിൽശാല സ്ഥാപിച്ചതും സമൂഹം മാറ്റിനിർത്തിയിരുന്നവരെ മുൻനിരയിലേക്കു കൊണ്ടുവന്നതുമൊക്കെ കാലം കൈകൂപ്പുന്ന   ചരിത്രസാക്ഷ്യങ്ങളാണ്. അങ്ങനെ, ചാരത്തിനടിയിൽ നീറിയും തീയിൽ ചുവന്നും കടന്നുപോയ വലിയൊരു ജീവിതമാണ് നാളെ വിശുദ്ധപദവിയേറുന്നത്.

ത്യാഗവും സേവനവും പോലെ തന്നെ സന്യാസജീവിതത്തിൽ പ്രധാനമാണു പ്രാർഥനയെന്നും മദർ മറിയം ത്രേസ്യ പഠിപ്പിച്ചു. ഏകാഗ്രമായി പ്രാർഥിക്കാൻ ചാലക്കുടിയിലെ കോടശേരി മലയുടെ മുകളിലേക്കു പോകാൻ തീരുമാനിക്കുമ്പോൾ ബാല്യം കടന്നിരുന്നില്ല. പിന്നീട് മദറിന്റെ ആത്മീയഗുരുവായി മാറിയ ഫാ.ജോസഫ് വിതയത്തിലിന്റെ നിർദേശപ്രകാരം ഏകാന്തഭവനം നിർമിച്ചാണ് ഈ പ്രാർഥനാനുഭവം മറിയം ത്രേസ്യ കൈവരിച്ചത്. ആ നാലു മുറികളിലെ പ്രാർഥനാവെളിച്ചത്തിൽ നിന്നു തുടക്കമിട്ട തിരുക്കുടുംബമഠം ഇന്ന് ഇന്ത്യ, ജർമനി, ഇറ്റലി, സുഡാൻ, ഘാന, കെനിയ, ഇക്വഡോർ, കാനഡ, യുഎസ് എന്നിവിടങ്ങളിലടക്കം രണ്ടായിരത്തോളം സമർപ്പിതരുള്ള തിരുക്കുടുംബസഭയായി (ഹോളിഫാമിലി സിസ്റ്റേഴ്സ്) വളർന്നതിനു പിന്നിൽ ദൈവാനുഗ്രഹമല്ലാതെ മറ്റെന്താണ്? വിശുദ്ധപദവിയുടെ ഈ ആദരത്തിൽ കത്തോലിക്കാ സഭയ്ക്കൊപ്പം തിരുക്കുടുംബസന്യാസിനീ സമൂഹത്തിലെ ഓരോ അംഗത്തിനും അഭിമാനിക്കാം.

നാളത്തെ ചടങ്ങിൽ മലയാളഭാഷയിൽ പ്രാർഥനകളും പാട്ടുകളും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മുഴങ്ങുമ്പോൾ അതു മലയാളനാടിനു തന്നെയുള്ള ആദരമാകും. ആദ്യമായല്ല സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധപദവി പ്രഖ്യാപനച്ചടങ്ങിൽ മലയാളം മുഴങ്ങുന്നത്. ഈ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയാണ് മറിയം ത്രേസ്യ. വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, വിശുദ്ധ എവുപ്രാസ്യമ്മ എന്നിവരെയും കത്തോലിക്കാസഭ വിശുദ്ധ പദവിയിലേക്കുയർത്തിയിട്ടുണ്ട്. മദർ മറിയം ത്രേസ്യയുടെ നന്മ ഇനി ലോകമാകെ പ്രഭ ചൊരിയട്ടെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA