ADVERTISEMENT

ദേശീയ കായിക വികസനത്തിനു പുതിയ നയം ഒപ്പുവയ്ക്കുന്നതിനോട് രാജ്യത്തെ സ്പോർട്സ് ഫെഡറേഷനുകൾ മുഖംതിരിച്ചു നിൽക്കുകയാണ്. ഈ വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി കേന്ദ്ര സർക്കാർ മുൻപു രൂപീകരിച്ച സമിതികൾ ഒന്നും വിജയം കണ്ടിട്ടില്ല. ‘എല്ലാ പ്രശ്ന’ങ്ങളും പരിശോധിക്കാൻ കേന്ദ്ര കായികമന്ത്രി കിരൺ റിജിജു പുതിയ സമിതിയെ വയ്ക്കാൻ തീരുമാനിച്ചെങ്കിലും നിയമനം അടുത്ത വർഷം ജൂണിൽ നടക്കുന്ന ടോക്കിയോ ഒളിംപിക്സിനു ശേഷമേ ഉണ്ടാകൂ.

എല്ലാ അംഗീകൃത കായിക ഇനങ്ങളെയും നിയന്ത്രിക്കുന്ന രാജ്യത്തെ  44 സ്പോർട്സ് ഫെഡറേഷനുകളുടെയും ഭാരവാഹികളുടെ നിയമനത്തിനു കർശനമായ യോഗ്യതാ വ്യവസ്ഥകൾ ശുപാർശ ചെയ്യുന്ന കായികവികസന നയം യാഥാർഥ്യമാക്കാൻ കായിക മന്ത്രാലയം നടത്തിയ ശ്രമങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. കാരണം സ്പോർട്സ് ഫെഡറേഷനുകളുടെ തലപ്പത്തുള്ളവർ പുതിയ നയം യാഥാർഥ്യമാകാൻ ആഗ്രഹിക്കുന്നില്ല. 

പുതിയ കായികനയത്തിലെ വ്യവസ്ഥകൾക്കു രൂപംനൽകിയത് ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്. സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ ഉള്ള ഒരു ഫെഡറേഷനിലും എംപിക്കോ എംഎൽഎക്കോ ഭാരവാഹിയാകാൻ പറ്റില്ല എന്നതാണ് ബിന്ദ്ര കമ്മിറ്റിയുടെ മുഖ്യ വ്യവസ്ഥ. രണ്ടാമതായി ഭാരവാഹികൾക്ക് ഉയർന്ന പ്രായപരിധിയും (70 വയസ്സ്) നിശ്ചയിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ ഭാരവാഹിത്വം പരമാവധി 12 വർഷവും. 

കൗതുകകരമായ കാര്യം, ബിന്ദ്ര കമ്മിറ്റിയെ നരേന്ദ്ര മോദി സർക്കാർ നിയോഗിച്ചതുതന്നെ കായികവികസന നയം രൂപീകരിക്കാനായി മുൻ കമ്മിറ്റി നൽകിയ റിപ്പോർട്ട് പഠിക്കാനാണ്. റിട്ട. ഹൈക്കോടതി ജഡ്ജി സി.കെ.മഹാജന്റെ നേതൃത്വത്തിലുള്ള മുൻ കമ്മിറ്റി ആവശ്യപ്പെട്ടത്, ഫെഡറേഷനുകൾ വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ അവർക്കു സർക്കാർ ഫണ്ട് അനുവദിക്കരുത് എന്നാണ്. പ്രശ്നം കേന്ദ്ര സർക്കാരിനു മുന്നിൽ ഇപ്പോൾ അടിയന്തരശ്രദ്ധ നേടാൻ കാരണം, 12 ഒളിംപ്യന്മാർ സുപ്രീം കോടതിയെ സമീപിച്ചതാണ്. ലോധ കമ്മിറ്റി ശുപാർശകൾ പ്രകാരം ക്രിക്കറ്റ് കൺട്രോൾ ബോർഡിനുമേൽ ചുമത്തിയ കർശനമായ വ്യവസ്ഥകൾ രാജ്യത്തെ മറ്റു കായികസമിതികൾക്കും ബാധകമാക്കണം എന്നായിരുന്നു ഒളിംപ്യന്മാർ പരമോന്നത കോടതിക്കു മുൻപാകെ ആവശ്യപ്പെട്ടത്. 

എന്നാൽ, രാജ്യാന്തര ഒളിംപിക് കമ്മിറ്റി ആവശ്യപ്പെടുന്ന കായികസമിതികളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്നതാണ് കേന്ദ്ര കായികനയത്തിലെ വ്യവസ്ഥകൾ എന്നാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഫെഡറേഷനുകളുടെ വാദം. നയത്തിൽ ഒപ്പുവച്ചാൽ, രാജ്യാന്തര കായിക സമിതികൾ തങ്ങൾക്കെതിരെ നടപടി എടുക്കുമെന്നും ഫെഡറേഷനുകൾ വാദിക്കുന്നു.

മുൻ വ്യോമയാന മന്ത്രിയും എൻസിപി നേതാവുമായ പ്രഫുൽ പട്ടേലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ മേധാവി. ഗുസ്തി  ഫെഡറേഷനെ നയിക്കുന്നത് ബിജെപി എംപിയായ ബ്രിജ്ഭൂഷൻ ശരണും. ഖോഖൊ ഫെഡറേഷന്റെ അധ്യക്ഷനാകട്ടെ, ബിജെപി ദേശീയ വക്താവ് സുധാംശു മിത്തലാണ്. അരുൺ ജയ്റ്റ്ലിയുടെ നിര്യാണത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടതു മിത്തലാണ്. അസം ധനമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ബാഡ്മിന്റൻ ഫെഡറേഷൻ മേധാവി. ഗോൾഫ് ഫെഡറേഷനെ നയിക്കുന്നത് ആർമി ഉദ്യോഗസ്ഥനാണ്. യോട്ടിങ് ഫെഡറേഷനെ നാവികസേനാ ഉദ്യോഗസ്ഥനും.

കായിക ഫെഡറേഷനുകളെ നിയന്ത്രിക്കുന്ന പ്രബലരായ വ്യക്തികളോട് ഏറ്റുമുട്ടാൻ കായിക മന്ത്രി കിരൺ റിജിജുവിനു താൽപര്യമില്ല. അതും ടോക്കിയോ ഒളിംപിക്സ് അടുത്ത വർഷം നടക്കാനിരിക്കെ. ഡൽഹിയിൽ സ്പോർട്സ് സമിതികളുടെ മേധാവികളുടെ യോഗത്തിൽ കേന്ദ്രമന്ത്രി പറഞ്ഞത്, തന്റെ ഫോക്കസ് ഇപ്പോൾ ഒളിംപിക്സിനുള്ള ഒരുക്കങ്ങളിൽ മാത്രമാണ് എന്നാണ്. 125 കോടി ജനങ്ങളുള്ള ഇന്ത്യയുടെ ഒളിംപിക്സിലെ പ്രകടനം ദയനീയമായി തുടരുന്നത് അവസാനിപ്പിച്ച് ഇത്തവണ കൂടുതൽ മെഡലുകൾ നേടുന്നതിനു പരിശ്രമിക്കണം എന്നാണ് അദ്ദേഹം ഫെഡറേഷനോട് ആവശ്യപ്പെട്ടത്.

എന്നാൽ‌ രാഷ്ട്രീയ, സൈനിക, ഉദ്യോഗസ്ഥ പ്രമുഖർ കായിക സമിതികളുടെയും തലപ്പത്തു തുടരുന്നതിനെ ചോദ്യം ചെയ്യുന്നവർ ഈ വിഷയത്തിൽ കൂടുതൽ സുതാര്യത വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. വിശേഷിച്ചും, ചില കായിക ഫെഡറേഷനുകളെ സംസ്ഥാനത്തും ദേശീയതലത്തിലും ചില പ്രത്യേക കുടുംബങ്ങളാണു കയ്യടക്കിവച്ചിരിക്കുന്നത്. പകരം പ്രമുഖ കായികതാരങ്ങൾ ഭാരവാഹികളായി വരണമെന്നാണ് ആവശ്യം. എന്നാൽ, കായികതാരങ്ങൾക്കു നല്ല ഭരണകർത്താക്കളോ നടത്തിപ്പുകാരോ ആകാൻ കഴിയില്ലെന്നാണ് എതിർവാദം. അതിനാൽ എല്ലാ പ്രശ്നങ്ങളും പരിശോധിക്കുന്ന ഒരു സമിതിയുടെ പ്രഖ്യാപനം ‘ഉചിതമായ സമയ’ത്തേക്കു മാറ്റിവയ്ക്കാനാണു റിജിജുവിന്റെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com