ADVERTISEMENT

ആ രാജ്യത്തെ മന്ത്രി സന്യാസിയുടെ ശിഷ്യത്വം സ്വീകരിക്കാൻ തീരുമാനിച്ചു. പണം, പദവി, പ്രശസ്തി എന്നിവയ്ക്കപ്പുറം, എളിമയും ദയയും ശീലിക്കുകയാണു ലക്ഷ്യം. അധികാരിയുടെ ഭാവമൊന്നുമില്ലാതെ വിനീതനായാണ് ഗുരുവിന്റെ കൂടെ താമസം. 

ഒരിക്കൽ മന്ത്രി ഗുരുവിനോടു ചോദിച്ചു, എന്താണ് അഹംഭാവം? ഗുരു കളിയാക്കി ചോദിച്ചു: നിങ്ങൾ ഒരു മന്ത്രിയല്ലേ, ഇത്രയും പ്രായമായില്ലേ, പരിശീലനം തുടങ്ങിയിട്ടും നാളുകളായില്ലേ... എന്നിട്ടും ഇത്ര നിസ്സാര ചോദ്യം ചോദിക്കാൻ മാത്രം വിഡ്ഢിയാണോ നിങ്ങൾ? മന്ത്രിയുടെ മുഖം ദേഷ്യത്താൽ ചുവന്നുതുടുത്തു. കണ്ണുകളിൽ തീപാറി. സന്യാസി ചിരിച്ചുകൊണ്ടു പറഞ്ഞു: ഇതാണ് അഹംഭാവം. 

ലഭിക്കുന്ന സാഹചര്യങ്ങൾക്കും ജീവിക്കുന്ന കാലയളവിനും അനുസരിച്ച് ഓരോരുത്തരിലും തനതു ഭാവങ്ങൾ രൂപപ്പെടുന്നുണ്ട്. എന്തിന്റെയെങ്കിലും പേരിലുള്ള അഹങ്കാരം എല്ലാവരുടെയും ജീവിതത്തിൽ നിഴലിക്കുന്നുണ്ട്. യോജ്യമായ സാഹചര്യങ്ങളിൽ അവ പുറത്തുവരികയും ചെയ്യും. ദേഷ്യം, പിടിവാശി, നിസ്സംഗത, വാഗ്വാദം – അഹംഭാവം വിവിധ വേഷങ്ങളിലൂടെ പ്രത്യക്ഷപ്പെടും. 

വിഭജനങ്ങളും വേർപിരിയലുകളും അഹംഭാവത്തിന്റെ അനന്തരഫലമാണ്. ‘എനിക്കു വേണം’ എന്ന ചിന്തയും ‘ഞാൻ ഉത്തരവാദിയല്ല’ എന്ന ചിന്തയും അഹംഭാവത്തിന്റെ അവസരോചിത ഭാവങ്ങളാണ്. 

ആത്മാഭിമാനത്തിൽനിന്ന് അഹംഭാവത്തിലേക്കുള്ള ദൂരം വളരെ കുറവാണ്. ലോകം മുഴുവൻ തിരിച്ചറിഞ്ഞാലും സ്വയം തിരിച്ചറിയാൻ കഴിയില്ല എന്നതാണ് അഹംഭാവത്തിന്റെ ഏറ്റവും വലിയ പോരായ്‌മ. തിരിച്ചറിയാത്തതൊന്നും തിരുത്താനാകില്ല. ഒരാൾ അഹങ്കരിക്കുകയാണെന്ന് അയാളെ പറഞ്ഞു വിശ്വസിപ്പിക്കാൻ ആർക്കെങ്കിലും കഴിയുമോ; അതും അയാളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താതെ. 

അഭിമാനമുള്ളവർ മറ്റുള്ളവരെയും മാനിക്കും; അഹങ്കാരമുള്ളവർ അപമാനിക്കും. എന്തിനെ തൊടുമ്പോഴാണോ ഒരാൾക്കു മുറിയുന്നത് അതാണ് അയാളുടെ ഈഗോ. അവിടം മരുന്നുവച്ചു കെട്ടാനും സുഖപ്പെടുത്താനും തയാറാകുമ്പോൾ അഹംഭാവം ആത്മപരിശോധനയ്‌ക്കും ആത്മാഭിമാനത്തിനും വഴിമാറും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com