sections
MORE

‘ഇഡി’ പേടിയിൽ മഹാരാഷ്ട്രയിൽ മറുകണ്ടംചാട്ടം; എൻസിപി സ്ഥാനാർഥി ബിജെപിയിൽ

Mumbai - Amit Shah
കേന്ദ്രമന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ മുംബൈയില്‍ തിരഞ്ഞെടുപ്പു യോഗത്തില്‍. ചിത്രം: വിഷ്ണു വി. നായർ
SHARE

ഇത്രയും ആവേശം കുറഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ആദ്യമായിരിക്കും. ‘ഇടിച്ചു’ നിൽക്കുന്ന ബിജെപി-ശിവസേനാ ഭരണമുന്നണിക്കു മുന്നിൽ പകച്ചുനിൽക്കുകയാണ് കോൺഗ്രസ്-എൻസിപി സഖ്യം. നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ അടിത്തറയിളകിയ അവർക്കിതു പിടിച്ചുനിൽപ്പിന്റെ പോരാട്ടമാണ്. പ്രതിപക്ഷത്തെ ദുർബലമാക്കി ഭരണത്തുടർച്ചയ്ക്കു വേണ്ടി പലതും ബിജെപിയുടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇതിനകം ചെയ്തുവച്ചിട്ടുണ്ട്. വല്യേട്ടനെന്ന് അവകാശപ്പെട്ടിരുന്ന ശിവസേനയെയും ചിറകിനടിയിലാക്കി. 

മുൻ മന്ത്രിമാരടക്കം രണ്ടു ഡസനിലേറെ നേതാക്കളാണു ചുരുങ്ങിയ നാളുകൾക്കിടെ പ്രതിപക്ഷത്തുനിന്നു ബിജെപിയിലേക്കും ശിവസേനയിലേക്കും ചാടിയത്. ബീഡിൽ എൻസിപി സ്വന്തം സ്ഥാനാർഥിയായി പ്രഖ്യാപിച്ചയാൾ വരെ രാജിവച്ച് ബിജെപി സ്ഥാനാർഥിയായി. ആറു മാസം മുൻപ് എൻസിപി സ്ഥാനാർഥിയായി വിജയിച്ച ലോക്സഭാംഗം രാജിവച്ച് ബിജെപി സ്ഥാനാർഥിയായി ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. 

ഏതാനും മാസം മുൻപ് പ്രതിപക്ഷ നേതാവ്, കോൺഗ്രസിന്റെ രാധാകൃഷ്ണ വിഖെ പാട്ടീൽ തുടക്കമിട്ട മറുകണ്ടംചാട്ടം ഇപ്പോഴും തുടരുകയാണ്. ഇതിൽ കുറേപ്പേർക്കു സീറ്റ് നൽകിയിട്ടുണ്ടെങ്കിലും വിലപേശലില്ലാതെ തന്നെ കോൺഗ്രസും എൻസിപിയും വിട്ട് ബിജെപിയോടും ശിവസേനയോടും കൂറു കാണിക്കുന്നവരുമേറെ. ‘ഇഡി’ (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) വീട്ടുപടിക്കൽ എത്താതിരിക്കാനുള്ള കരുതൽ നടപടിയാണത്രെ അത്!

sharath-pawar-ncp
പശ്ചിമ മഹാരാഷ്ട്രയിലെ ബാരാമതിയില്‍ തിരഞ്ഞെടുപ്പ് റാലില്‍ പ്രസംഗിക്കുന്ന എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.

മുന്നിൽ നിന്ന് പവാർ

മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ എടുത്ത കേസ്, തളർന്നുകിടന്ന എൻസിപിയെ ഉയർത്തെഴുന്നേൽപ്പിക്കാൻ ഉൗന്നുവടിയാക്കിയിരിക്കുകയാണ് ശരദ് പവാർ. ബാങ്കുമായി നേരിട്ടു ബന്ധമില്ലാത്ത തനിക്കെതിരെ തിരഞ്ഞെടുപ്പുവേളയിൽ കേസെടുത്തതിലെ രാഷ്ട്രീയം തുറന്നുകാട്ടി  79ാം വയസ്സിൽ പാർട്ടിയുടെ പ്രചാരണച്ചുമതല സ്വന്തം ചുമലിലേറ്റുകയാണ് അദ്ദേഹം.  

നായകനില്ലാ കോൺഗ്രസ്

കോൺഗ്രസിൽ ഏകോപനമില്ലായ്മ മുഴച്ചുനിൽക്കുന്നു. നാന്ദേഡിൽ മൽസരിക്കുന്ന മുൻ മുഖ്യമന്ത്രിയും പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനുമായ അശോക് ചവാൻ സ്വന്തം മേഖല വിട്ടു പുറത്തിറങ്ങിയിട്ടില്ല. കരാഡിൽ മൽസരിക്കുന്ന മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും മണ്ഡലത്തിൽ തന്നെ തമ്പടിച്ചിരിക്കുന്നു. അഹമ്മദ്നഗറിലെ സംഗംനേറിൽ സ്ഥാനാർഥിയായ കോൺഗ്രസ് സംസ്ഥാന  അധ്യക്ഷൻ ബാലസാഹെബ് തോറാട്ടും മറ്റിടങ്ങളിലെ പ്രചാരണത്തിൽ സജീവമല്ല. കോൺഗ്രസിന്റെ പ്രചാരണ സമിതിയുടെ ചുമതല വഹിക്കുന്ന മുതിർന്ന നേതാവ് സുശീൽകുമാർ ഷിൻഡെ സോലാപുരിൽ മത്സരിക്കുന്ന മകളെ വിജയിപ്പിക്കാനുള്ള ഓട്ടത്തിലും. സംസ്ഥാനത്തെ 5 വർക്കിങ് പ്രസിഡന്റുമാരും സ്ഥാനാർഥികളായതിനാൽ സ്വന്തം മണ്ഡലങ്ങളിൽ കുടുങ്ങിയിരിക്കുന്നു. 

77 വയസ്സുള്ള മല്ലികാർജുൻ ഖർഗെയാണ് മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി. ആറു മാസത്തിനിടെ, സഞ്ജയ് നിരുപം, മിലിന്ദ് ദേവ്റ എന്നിവർക്കു ശേഷം കോൺഗ്രസ് മുംബൈ ഘടകം അധ്യക്ഷനായ ഏക്നാഥ് ഗായ്ക്‌വാഡിന് പ്രായം 79 വയസ്സ്. തിരഞ്ഞെടുപ്പു പ്രചാരണ സമിതി അധ്യക്ഷൻ സുശീൽകുമാർ ഷിൻഡെയ്ക്കു പ്രായം 78. ഇതാണ് കോൺഗ്രസിന്റെ ‘വാർ റൂമിന്റെ’ സ്ഥിതി. 

സർവം ഫഡ്‌നാവിസ്  മയം

മന്ത്രിയായി പ്രവർത്തിച്ചുപോലും പരിചയമില്ലാതെ 2014ൽ മുഖ്യമന്ത്രിക്കസേരയിലെത്തിയ ദേവേന്ദ്ര ഫഡ്നാവിസിന്റെ സംശുദ്ധ പ്രതിച്ഛായയാണ് ബിജെപിയുടെ ബലം. പത്തോളം മന്ത്രിമാർക്കെതിരെ അഴിമതി ആരോപണമുണ്ടെങ്കിലും അവയെ മറികടക്കുന്ന പ്രചാരണങ്ങളുമായി, ജാഗ്രതയോടെ കരുക്കൾ നീക്കുന്നു മുഖ്യമന്ത്രി. മറാഠ പ്രക്ഷോഭവും കർഷകസമരവും നേരിട്ട് ഇടപ്പെട്ടു തീർപ്പാക്കിയത് പ്രതിസന്ധികൾ കൈകാര്യം ചെയ്യാനുള്ള നിശ്ചയദാർഢ്യത്തിന്റെ തെളിവായി. ശിവസേനയെ ഒതുക്കി ഒപ്പംനിർത്തിയതും മികവ്. ഏറ്റവും പ്രബലസമുദായവും കോൺഗ്രസ്-എൻസിപിയോടു ചേർന്നുനിന്നിരുന്നവരുമായ മറാഠകൾക്കു സംവരണം നൽകിയും ന്യൂനപക്ഷ, ദലിത് വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമം നടത്തിയും ഫഡ്നാവിസ് നില ഭദ്രമാക്കുന്നു.

കരുതലോടെ ശിവസേന

ശിവസേനയാകട്ടെ, സീറ്റുതർക്കം ഒഴിവാക്കി ബിജെപിയുമായി ചേർന്നുമത്സരിക്കാൻ നേരത്തെ തന്നെ തീരുമാനമെടുത്തു. വെവ്വേറെ മത്സരിച്ച കഴിഞ്ഞ തവണ ബിജെപി 122 സീറ്റ് നേടിയപ്പോൾ സേന 63ൽ ഒതുങ്ങിയതും ബിജെപി  2014ലേതിനേക്കാൾ വേരോട്ടമുണ്ടാക്കിയതും തിരിച്ചറിഞ്ഞ് സുരക്ഷിതമായ സംയമനം പാലിക്കുകയാണ് ശിവസേന. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലമനുസരിച്ച്, 288 നിയമസഭാ സീറ്റുള്ള സംസ്ഥാനത്ത് 229 സീറ്റുകളിൽ ബിജെപി-ശിവസേന സഖ്യത്തിന് ലീഡുണ്ടായിരുന്നതും ഭരണപക്ഷത്തിന്റെ ആത്മ‍വിശ്വാസം കൂട്ടുന്നു. 

Aditya-thackeray
യുവസേന അധ്യക്ഷന്‍ ആദിത്യ താക്കറെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏഴു സീറ്റുകളിൽ കോൺഗ്രസ്-എൻസിപി സ്ഥാനാർഥികളുടെ പരാജയത്തിനു കാരണമാവുകയും ബിജെപി-സേനാ സഖ്യത്തിനു വിജയമൊരുക്കുകയും ചെയ്ത പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി ഭൂരിഭാഗം സീറ്റിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിലേതുപോലെ സജീവമല്ല. മത്സരക്കളത്തിലുണ്ടെങ്കിലും കോഹിനൂർ കെട്ടിട ഇടപാടിൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിനു പിന്നാലെ രാജ് താക്കറെയ്ക്കും വീര്യം കുറഞ്ഞിട്ടുണ്ട്. 

പ്രഫുൽ പട്ടേലിനും കുരുക്ക് !

നിയമസഭാ തിരഞ്ഞെടുപ്പ് 21ന് നടക്കാനിരിക്കെയാണ് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ പ്രഫുൽ പട്ടേലിന് ഇന്നലെ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) സമൻസ് അയച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ സഹായിയുമായി നടത്തിയ വസ്തു ഇടപാടിൻമേലുള്ള ഈ നടപടി എൻസിപിയെ പ്രതിരോധത്തിലാക്കും. വിവിധ കേസുകളിലായി ശരദ് പവാർ, മുൻ ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ഛഗൻ ഭുജ്ബൽ എന്നിവർക്കു പിന്നാലെയാണ് പ്രഫുൽ പട്ടേലിനും കുരുക്കു മുറുകുന്നത്.

English Summary: Maharashtra Assembly Elections 2019 Analysis, Graphics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA