ADVERTISEMENT

 

 

ഏതു പൂച്ചയുടെയും മീശയ്ക്കടിയിൽ ഓമനത്തമുള്ള ഒരു ആക്ഷേപഹാസം ഒളിച്ചുവച്ചിട്ടുണ്ട്. 

 

മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്ത് പട്ടിയാണോ പൂച്ചയാണോ എന്നു ചോദ്യമുണ്ടായാൽ നായ് എടുത്തുചാടി വാലാട്ടുകയും നമ്മൾ ആ വാൽവീശലിൽ വീണുപോകുകയും ചെയ്യുമ്പോൾ ആ പൂച്ചഹാസത്തിനു മ്യാവൂ എന്നു വാമൊഴിയുണ്ടാവും. 

അതുകൊണ്ടാണ് കഴിഞ്ഞയാഴ്ച മുംബൈയിലെ ഒരു കോടതി ഈ നായ് ആഭിമുഖ്യം തിരുത്തിക്കുറിക്കാൻ നടത്തിയ ശ്രമത്തെ  അഭിനന്ദിക്കാതിരിക്കാൻ നിവൃത്തിയില്ലാത്തത്. 

പൂച്ചയെ കൊന്ന് റോഡിൽ തള്ളിയ ചെറുപ്പക്കാരനു കോടതി സമ്മാനിച്ചത് 9150 രൂപയുടെ പിഴശിക്ഷ.

ചോദ്യചിഹ്നംപോലെ വാൽ വളച്ച്, പാൽകുടിനേരത്തെ കണ്ണടവച്ച് അപ്പുക്കുട്ടന്റെ ഓമനപ്പൂച്ച ചോദിക്കുന്നു:

എന്തുകൊണ്ട് 9150?

കോടതിയിൽ പ്രതി കുറ്റം സമ്മതിച്ച സ്ഥിതിക്ക് പിഴയ്ക്കൊരു വൃത്തഭംഗി വേണ്ടേ? 10000 എന്നായാൽ‌ നാലു സംപൂജ്യങ്ങളുടെ ഓട്ട മഹാത്മ്യമില്ലേ?

മജിസ്ട്രേട്ടിന്റെ മനസ്സിൽ ആദ്യം തെളിഞ്ഞത് പതിനായിരം തന്നെയാണെന്ന കാര്യത്തിൽ ഓമനപ്പൂച്ചയ്ക്കു സംശയമില്ല. 

എന്നാൽ, കുറഞ്ഞ ശിക്ഷ നൽകി സഹായിക്കണം എന്ന പ്രതിയുടെ അപേക്ഷയാവണം അദ്ദേഹത്തെ വീഴ്ത്തിക്കളഞ്ഞത്.

അപ്പോൾ നീതിപീഠം 850 രൂപ കുറച്ച് പിഴ 9150–ലേക്ക് ഇറക്കിക്കെട്ടി. 

ഓമനപ്പൂച്ചയ്ക്കു നിയമമറിയില്ലെങ്കിലും നീതിനിർവഹണത്തിൽ ഇങ്ങനെ ഡിസ്കൗണ്ട് അനുവദിക്കാമോ എന്ന സംശയം എത്ര ശ്രമിച്ചിട്ടും തടയാനാവാതെ നഖങ്ങൾക്കൊപ്പം പുറത്തേക്കു നീളുന്നു. 

ആരോടെങ്കിലും ചോദിക്കാമെന്നു വച്ചാൽ പൂച്ചയ്ക്കെന്താ പിഴയുരുക്കിന്നിടത്തു കാര്യം എന്നു മറുചോദ്യം വരും. 

എന്നാലും ഓമനപ്പൂച്ച ചോദിച്ചോട്ടെ:

ഇന്നത്തെ കാലത്ത് 9150 രൂപ ഒരു പിഴയാണോ സാറേ? 

ഒരു പൂച്ചയുടെ ജീവന് 9150 രൂപയേ വിലയുള്ളോ സാറേ? 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com