ADVERTISEMENT

ഉന്നത വിദ്യാഭ്യാസരംഗത്തു ഭരണപരവും അക്കാദമികവുമായ നേതൃത്വം നൽകേണ്ടവയാണു സർവകലാശാലകൾ. വിദ്യാഭ്യാസ മന്ത്രി, വൈസ് ചാൻസലർ, സിൻഡിക്കറ്റ്, സെനറ്റ്, അക്കാദമിക് സമൂഹം എന്നിങ്ങനെ പരസ്‌പരപൂരകങ്ങളായ സംവിധാനങ്ങളെ ആശ്രയിച്ചാണ് ഓരോ സർവകലാശാലയും പ്രവർത്തിക്കുന്നത്. ഇവയിൽ ഏതെങ്കിലും ചിലതു തകരാറിലായാൽ സർവകലാശാലയുടെ നിലനിൽപു മാത്രമല്ല, വിദ്യാർഥികളുടെ ഭാവിയും പ്രതിസന്ധിയിലാകും. അത്തരമൊരു ദുരവസ്‌ഥയിലേക്കു നീങ്ങുകയാണോ നമ്മുടെ ചില സർവകലാശാലകളെങ്കിലുമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. എംജി സർവകലാശാലയിലെ മാർക്ക്ദാന വിവാദമാണ് ഏറ്റവുമൊടുവിലായി കേരളത്തെ ഈ ആശങ്കയിലേക്കു കൊണ്ടുപോകുന്നത്.

മികച്ച മാർക്കോടെ വിജയിക്കാൻ വേണ്ടിത്തന്നെയാണ് ഓരോ വിദ്യാർഥിയും പരീക്ഷ എഴുതുന്നത്. നേടുന്നതും നഷ്ടപ്പെടുന്നതുമായ ഓരോ മാർക്കിന്റെയും വില അവർക്കറിയാം. അതുകൊണ്ടാണ്, സിലബസിൽനിന്നല്ലാതെ  ചോദ്യം വരുമ്പോഴും മൂല്യനിർണയം പാളുമ്പോഴുമൊക്കെ അവർക്ക് അർഹതപ്പെട്ട മാർക്ക് നൽകാനുള്ള നിയമാനുമതി കൈത്താങ്ങാവുന്നത്. അതുകൊണ്ടുതന്നെയാണ്, അനർഹമായ മാർക്ക്ദാനം നടന്നുവെന്നും അതിന്റെ പിന്നിൽ സ്വജനപക്ഷപാതമാണെന്നുമുള്ള ആരോപണങ്ങൾ കേരളീയ പൊതുസമൂഹത്തെ ഉലയ്ക്കുന്നതും.

അദാലത്തിന്റെ മറവിൽ എംജി സർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ ഇടപെട്ടു കൂട്ട മാർക്ക്ദാനം നടത്തിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിൽനിന്നാണു വിവാദത്തിന്റെ തുടക്കം. സാങ്കേതിക സർവകലാശാലയിലെ മന്ത്രിയുടെ മാർക്ക്ദാന വിവാദത്തിനു പിന്നാലെയാണ് പ്രോ–ചാൻസലർ കൂടിയായ മന്ത്രി എംജിയിലും ഇടപെട്ടുവെന്ന ആരോപണം ഉയർന്നിരിക്കുന്നത്. മന്ത്രിയും സിൻഡിക്കറ്റിലെ ബന്ധപ്പെട്ടവരും വേണ്ടപ്പെട്ടവർക്കു മാർക്ക് ദാനം ചെയ്യുകയാണെങ്കിൽ പരീക്ഷയ്ക്കു മെനക്കെട്ടു വിദ്യാർഥികൾ പഠിക്കുന്നത് എന്തിനാണെന്നുള്ള ചോദ്യം വലിയ മാനങ്ങളിലേക്ക് ഓരോ ദിവസവും വളരുകയും ചെയ്യുന്നു.

എംജി സർവകലാശാലയ്ക്കു പുറമേ ആരോഗ്യ സർവകലാശാലയിലും എംബിബിഎസ് പരീക്ഷയ്ക്കു മാർക്ക് ദാനത്തിന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്നും എന്നാൽ, സർവകലാശാലാ ഗ്രീവൻസ് കമ്മിറ്റി അംഗങ്ങൾ എതിർത്തതോടെ മാർക്ക്ദാന നീക്കം പാളിയെന്നും ആശ്വാസത്തോടെയാണു നാം കേട്ടത്. പരീക്ഷാ, അക്കാദമിക് കലണ്ടറുകൾ തയാറാക്കുന്നത് ഉൾപ്പെടെ, കേരള സർവകലാശാലയുടെ ഭരണകാര്യങ്ങളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് ചട്ടവിരുദ്ധമായി ഇടപെട്ടുവെന്ന ആരോപണവും ഉണ്ടായിട്ടുണ്ട്.

ബിടെക് സപ്ലിമെന്ററി പരീക്ഷയിൽ മോഡറേഷൻ അനുവദിച്ചതു സിൻഡിക്കറ്റിന്റെ നയപരമായ തീരുമാനം ആണെന്നും സിൻഡിക്കറ്റിന്റെ ഈ അധികാരം ഉപയോഗിച്ചാണു വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനം എടുത്തതെന്നുമാണ് എംജി സർവകലാശാല വിസി ഡോ.സാബു തോമസ് പറയുന്നത്. എന്നാൽ, എംജിയിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ ഒരു കുട്ടിക്കു മോഡറേഷൻ അനുവദിക്കാനുള്ള തീരുമാനം നയപരമായ പാളിച്ചയാണെന്നും ഇത്തരത്തിലുള്ള അധികാരം അദാലത്തിന് ഇല്ലെന്നും ഇടതുപക്ഷത്തിന്റെ പ്രതിനിധി തന്നെയായ സിൻഡിക്കറ്റ് അംഗം പി.കെ.ഹരികുമാർ പറയുന്നു. 

ചാൻസലർ കൂടിയായ ഗവർണർ ഇക്കാര്യത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. അനർഹമായ ഒരു മാർക്കു പോലും  ആർക്കും കൂട്ടിക്കൊടുക്കാൻ ഇവിടത്തെ ഏതെങ്കിലും മന്ത്രിക്കോ വൈസ് ചാൻസലർക്കോ സിൻഡിക്കറ്റിനോ അദാലത്തിനോ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കോ അധികാരമില്ലെന്ന യാഥാർഥ്യം മുന്നിൽവച്ചുവേണം ഈ വിവാദത്തെ കാണാൻ. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ മാർക്ക്ദാനത്തെക്കുറിച്ച് സത്യസന്ധമായി അന്വേഷണം നടത്തേണ്ടതുണ്ട്. പിൻവാതിലിലൂടെ മാർക്ക് തേടാനും അധികാരത്തിന്റെ മറവിൽ അത് ഉദാരമായി നൽകാനും തോന്നാത്തവിധം, കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടാവുകയും വേണം. നമ്മുടെ സർവകലാശാലകളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും അടിയന്തരശ്രമം  ഉണ്ടായേതീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com