sections
MORE

മിന്നൽപ്രളയങ്ങൾ ഓർമിപ്പിക്കുന്നത്

SHARE

മുൻ പാഠങ്ങളിൽനിന്നു നാം ഒന്നും ഉൾക്കൊള്ളാത്തതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തുലാമഴയുടെ തുടക്കത്തിൽത്തന്നെയുണ്ടായ ഈ ഗുരുതരാവസ്ഥ. ഒരു നല്ല മഴയ്ക്കുപോലും തോൽപിക്കാവുന്ന അവസ്ഥയിലേക്കു കൊച്ചി പോലുള്ള വൻനഗരം എത്തിച്ചേരുന്നതു കഷ്ടം തന്നെ. കൊച്ചി നഗരത്തിലടക്കം സംസ്ഥാനത്തു പലയിടത്തുമുണ്ടായ വെള്ളക്കെട്ടും ദുരിതവും നമ്മുടെ നിരുത്തരവാദിത്തത്തിന്റെ കൂടി സാക്ഷ്യമല്ലേ? വേണ്ടത്ര ജലനിർഗമന മാർഗങ്ങൾ ഇല്ലാത്തതും ഓടകൾ അടഞ്ഞുകിടക്കുന്നതും മഴക്കാലപൂർവ ഒരുക്കങ്ങൾ കൃത്യമായി നടക്കാത്തതുമാണ് പലയിടത്തെയും വെള്ളക്കെട്ടിനു കാരണം.

നമ്മുടെ നഗരങ്ങളെ സ്തംഭിപ്പിച്ചുപോരുന്ന മിന്നൽപ്രളയങ്ങളോട് ഇപ്പോഴും അധികാരികൾ പുലർത്തിവരുന്ന നിസ്സംഗ ഭാവം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കനത്ത മഴയടക്കമുള്ള പ്രകൃതിദുരന്തങ്ങളെ തടയാൻ നമുക്ക് ആവില്ലെങ്കിലും അതു തിരിച്ചറിഞ്ഞ്, ജാഗ്രതയോടെ കൈക്കൊള്ളേണ്ട ചില മുൻകരുതൽ നടപടികളുണ്ട്. അതില്ലാതെ വരുമ്പോഴാണു മഴക്കെടുതി കൈവിട്ടുപോകുക. കൊച്ചിയിൽ ഉപതിരഞ്ഞെടുപ്പിനെ വരെ വെള്ളക്കെട്ട് ബാധിക്കുകയുണ്ടായി.

കേരളത്തിലെ പല പ്രദേശങ്ങളും മഴക്കെടുതിയിലാണിപ്പോൾ. റോഡ് – ട്രെയിൻ ഗതാഗതത്തെയും വെള്ളക്കെട്ട് ഗുരുതരമായി ബാധിച്ചു. തീരദേശ നഗരമായ കൊച്ചിയിലെ ജനജീവിതം പാടേ സ്തംഭിക്കുകതന്നെ ചെയ്തു. കൊടുംമഴയിൽ നഗരത്തിന്റെ പ്രധാനഭാഗങ്ങളിൽ പലതും വെള്ളക്കെട്ടിലായി. എംജി റോഡിലുൾപ്പെടെ മുഖ്യനഗരപാതകളിലും ഒട്ടേറെ വ്യാപാരശാലകളിലും വീടുകളിലുമെല്ലാം വെള്ളം കയറി.

രണ്ടു കൊടുംപ്രളയങ്ങൾ അനുഭവിക്കേണ്ടിവന്ന കേരളം എന്നിട്ടും ഒറ്റ കനത്ത മഴയെപ്പോലും അതിജീവിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം ലളിതമാണ്: തലയ്‌ക്കു മീതെ വെള്ളം വന്നാൽമാത്രം അതിനുമീതെ ഒഴുകാനുള്ള ഒരു തോണി പുറത്തെടുക്കുന്ന നമ്മുടെ പഴഞ്ചൻ മനോഭാവം. തോടുകളും മറ്റു ജലാശയങ്ങളും നികത്തിയുള്ള നിർമാണ പദ്ധതികൾ സൃഷ്ടിക്കുന്ന ഭീഷണികളെക്കുറിച്ചു നഗരാസൂത്രകർ അതീവ ജാഗ്രത പാലിച്ചേ മതിയാകൂ. കാനകളും അഴുക്കുചാലുകളും മഴയ്‌ക്കു മുൻപു വൃത്തിയാക്കേണ്ട അധികൃതർ പലപ്പോഴും അതു ചെയ്യാത്തതുകൊണ്ട് ഓടകൾ നിറഞ്ഞു റോഡ് കുളമാകുന്നു; അഴുക്കുചാലിലെ വെള്ളം നാടാകെ പരക്കുന്നു. ഓടകൾ പോലുമില്ലാത്തയിടങ്ങളും കുറവല്ല. നിലവിലുള്ള ഓടകളുടെയും തോടുകളുടെയും തുടർച്ചയായ പരിരക്ഷണം നടക്കുന്നുമില്ല.

മഴക്കാലത്തിനു മുൻപ് കനാലുകളിലും ചെറിയ കാനകളിലും ഓടകളിലും നടത്തുന്ന തട്ടിക്കൂട്ട് ശുചീകരണം കൊണ്ടു പരിഹരിക്കാവുന്ന പ്രശ്നമല്ലിത്. കൊച്ചി നഗരത്തിലെ പ്രധാന ജലവാഹിനികളായ കനാലുകളും തോടുകളുമൊന്നും വേണ്ടവിധം ശുചീകരിക്കാൻ കഴിയാത്തതു വലിയ പ്രശ്നംതന്നെയാണ്. കടൽനിരപ്പിനൊപ്പം സ്ഥിതി ചെയ്യുന്ന കൊച്ചിക്കായി സമഗ്രമായ ഡ്രെയിനേജ് മാസ്റ്റർ പ്ലാൻ തന്നെ നടപ്പാക്കിയാലേ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാനാവൂ. പല പദ്ധതികളിലും വെള്ളപ്പൊക്കം പരിഹരിക്കാനുള്ള നടപടികൾ വിഭാവനം ചെയ്യുന്നുണ്ടെങ്കിലും അവ ഇപ്പോഴും കടലാസിൽ തന്നെയാണ്. നഗരത്തിൽ ആവർത്തിക്കുന്ന വെള്ളക്കെട്ട് തടയാൻ ദീർഘകാല ആസൂത്രണം തന്നെയാണ് ഉണ്ടാവേണ്ടത്.

ഇതിന്റെ മറുപുറത്ത് തിരുവനന്തപുരം നഗരം തരുന്ന മറ്റൊരു പാഠവുമുണ്ട്. ഏറെക്കാലം തലസ്‌ഥാനനഗരിയിലെ പല മേഖലകളുടെയും ഏറ്റവും വലിയ ശാപമായിരുന്നു വെള്ളക്കെട്ട്. റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവ സ്‌ഥിതിചെയ്യുന്ന തമ്പാനൂരും വാണിജ്യകേന്ദ്രമായ കിഴക്കേക്കോട്ടയും മഴ കനത്താൽ വെള്ളത്തിനടിയിലാകുന്ന കഷ്ടസ്ഥിതിയിൽനിന്നു ഭാഗികമായെങ്കിലും ഇപ്പോൾ കരകയറി വരികയാണ്. നഗരത്തിലെ ഓടകളിലെ ജലനിർഗമനം സുഗമമാക്കുന്നത് അടക്കമുള്ള തുടർപ്രവർത്തനങ്ങളാണ് ഇപ്പോഴത്തെ പ്രതീക്ഷയ്ക്കു കാരണം.

കേരളത്തിൽ വരുംദിവസങ്ങളിൽ കനത്ത മഴ ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. നിർഭാഗ്യവശാൽ, കൊച്ചിയടക്കം കേരളത്തിലെ പല മേഖലകളും ദുരിതമനുഭവിക്കേണ്ട ദിവസങ്ങൾ ഇനിയും ഉണ്ടായെന്നു വരാം. ഓട ശുചീകരണമടക്കമുള്ള കാര്യങ്ങൾ അടിയന്തരമായി ചെയ്തില്ലെങ്കിൽ നമ്മുടെ മുൻകരുതൽബോധ്യത്തെയും നഗരാസൂത്രണത്തെത്തന്നെയും കളിയാക്കി ഇനിയും ഇത്തരം ജലസ്തംഭനങ്ങൾ ആവർത്തിക്കും. അതിന് ഇടവരുത്തിക്കൂടാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA