ADVERTISEMENT

∙ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി പരീക്ഷാ ബോർഡ് ‌ചെയർമാൻമാരുടെ നിയമനം, മുൻകരുതലൊന്നും ഇല്ലാതെ പരീക്ഷാനടത്തിപ്പ്, കുട്ടികളുടെ ഭാവി തീരുമാനിക്കുന്ന ഉത്തരക്കടലാസ് കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധ...ഇവിടെ ഇങ്ങനെയൊക്കയാണ്

സർവകലാശാലകളിൽ പരീക്ഷാ ബോർഡ് ചെയർമാൻമാരെ നിശ്ചയിക്കാനുള്ള നടപടിക്രമങ്ങൾ എന്തൊക്കെ? വിവിധ കോളജുകളിലെ അധ്യാപകരെ ടീച്ചേഴ്സ് പോർട്ടലിൽനിന്ന് സീനിയോറിറ്റിയും പ്രവർത്തന പരിചയവും പരിഗണിച്ചു തിരഞ്ഞെടുക്കണമെന്നു ചട്ടം. പരീക്ഷാ കൺട്രോളറുടെ ഓഫിസിലെ ഇബി സെക്‌ഷനാണ് ഇതിനുള്ള അധികാരം. 

എന്നാൽ, എംജി സർവകലാശാലയിൽ ആ രീതി പഴഞ്ചനായി. കൺട്രോളറുടെ ഓഫിസിനെ ബുദ്ധിമുട്ടിക്കാതെ ഒരു സിൻഡിക്കറ്റ് അംഗം ജോലി സ്വയം ഏറ്റെടുത്തു. ടീച്ചേഴ്സ് പോർട്ടലെന്തിന്, അദ്ദേഹത്തിനു വെള്ളക്കടലാസും പേനയും മതി.

പട്ടിക തയാർ! ഇത്തരത്തിൽ 11 പ്രൈവറ്റ് റജിസ്ട്രേഷൻ ബിരുദ കോഴ്സുകൾക്കുള്ള പരീക്ഷാ ബോർഡ് ചെയർമാൻമാരെയാണ് ഒറ്റ വെള്ളക്കടലാസിൽ നിയമിച്ചുതള്ളിയത്. പരീക്ഷാ നടത്തിപ്പ്, മൂല്യനിർണയത്തിനുള്ള അധ്യാപക നിയമനം, മോഡറേഷൻ, പാസ് ബോർഡ് ചേരൽ തുടങ്ങിയ നടപടികളിൽ ചെയർമാന്റെ നിലപാട് നിർണായകമാണെന്നും ഓർക്കുക. 

ഉത്തരക്കടലാസുണ്ടോ നേതാവേ, ഒരു പരീക്ഷ ജയിക്കാൻ

മുൻകരുതലേ ഇല്ലാതെയാണു സർവകലാശാലകളുടെ പരീക്ഷാ നടത്തിപ്പെന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തുകേസിലെ അന്വേഷണത്തിനിടെയാണു കേരളം തിരിച്ചറിഞ്ഞത്. 16 ബണ്ടിൽ ഉത്തരക്കടലാസുകൾ കേസിലെ പ്രതിയായ ആർ.ശിവരഞ്ജിത്തും സംഘവും കോളജിൽനിന്നു കൈക്കലാക്കിയത് അറിഞ്ഞിട്ടും അധ്യാപകർ കണ്ടില്ലെന്നു നടിച്ചു. 

യൂണിവേഴ്സിറ്റി കോളജിലെ ചില സാധനങ്ങൾ അധ്യാപകർ പുറത്തേക്കു കടത്തുന്നതിനിടെ വിദ്യാർഥികൾ വാഹനം തടഞ്ഞുവയ്ക്കുകയും ഒരു മേശ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഈ മേശയ്ക്കുള്ളിൽനിന്നാണ് ഉത്തരക്കടലാസുകൾ കിട്ടിയതെന്നു പ്രതികൾ പൊലീസിനു മൊഴി നൽകിയിരുന്നു. ഇതാണു സർവകലാശാലാ പരീക്ഷാനടത്തിപ്പിന്റെ സുതാര്യത. കത്തിക്കുത്തുകേസ് വന്നതുകൊണ്ടു മാത്രമാണു സംഭവം പുറത്തറിഞ്ഞത്. 3 അനധ്യാപകരെ സ്ഥലംമാറ്റി ഇത്രയും ഗൗരവമേറിയ സംഭവത്തിൽനിന്നു കോളജ് അധികൃതർ കൈകഴുകി.   

ചോദ്യക്കടലാസിലും വേണം ‘നമ്മുടെ’ രാഷ്ട്രീയം

ചില കോളജുകളിൽ മാത്രം കുട്ടികളുടെ എണ്ണം നോക്കാതെ ആവശ്യത്തിലധികം മെയിൻ ഉത്തരക്കടലാസുകൾ എത്തുന്നുവെന്ന ആരോപണം നേരത്തേ മുതലുണ്ട്. അഡീഷനൽ ഉത്തരക്കടലാസ് അധികം നൽകുന്നതിൽ വിലക്കില്ലെങ്കിലും മെയിൻ ഉത്തരക്കടലാസ് അധികം നൽകുന്നതു ക്രമക്കേടിനു വഴിയൊരുക്കുമെന്ന് മുൻപു സിൻഡിക്കറ്റ് യോഗത്തിൽ ഉൾപ്പെടെ പരാതി ഉയർന്നിരുന്നു. അതു തടയാൻ ഇപ്പോഴും നടപടികളില്ല. 

ചോദ്യക്കടലാസ് തയാറാക്കുന്ന രീതിയിലും ക്രമക്കേടുകൾക്കു സാധ്യതയുണ്ടെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭരിക്കുന്ന പാർട്ടികളുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് 4 തരം ചോദ്യക്കടലാസുകൾ ഉണ്ടാക്കാനുള്ള അധ്യാപകരുടെ പട്ടിക തയാറാക്കുന്നത്. വേണ്ടപ്പെട്ട കുട്ടികൾക്ക് ചോദ്യങ്ങളുടെ സ്വഭാവം എത്തിക്കാനുള്ള സാധ്യത ഈ രീതിയിലുണ്ട്. ഇതു തടയാനുള്ള നിർദേശങ്ങളും നടപ്പായിട്ടില്ല.  

എന്തിനു ഫോൾസ് നമ്പർ, നമ്മുടെ നമ്പർ വേറെ

മൂല്യനിർണയത്തിലെ സുതാര്യത ഇതിലും വലിയ തമാശയാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) കഴിഞ്ഞ വർഷം നടപ്പാക്കിയ ഒരു പരീക്ഷാ പരിഷ്കാരം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഉത്തരക്കടലാസിൽ ഫോൾസ് നമ്പറിടുന്ന രീതിയേ വേണ്ടെന്നുവച്ചു. സെമസ്റ്റർ പരീക്ഷയുടെ പേപ്പർ ആ ഡിപ്പാർട്മെന്റിലെ അധ്യാപകർ തന്നെയാണു സാധാരണ നോക്കാറുള്ളത്.

ഇപ്പോൾ ഉത്തരക്കടലാസ് യഥാർഥ റജിസ്റ്റർ നമ്പറോടു കൂടിത്തന്നെ അധ്യാപകർക്കു മുന്നിലെത്തുന്നു. സ്വന്തം ഡിപ്പാർട്മെന്റിലെ വിദ്യാർഥികളുടെ റജിസ്റ്റർ നമ്പർ അധ്യാപകർക്ക് അറിയാം.  

lp1

വിദ്യാർഥി ആരെന്നു മൂല്യനിർണയം നടത്തുന്ന അധ്യാപകർ അറിയുന്നതിന്റെ ‘സൈഡ് ഇഫക്ട്സ്’ പലതാണ്. കേരള സർവകലാശാലയിലെ ഒരു അനുഭവം ഇങ്ങനെ: സ്വകാര്യ എൻജിനീയറിങ് കോളജിലെ വിദ്യാർഥിനിക്ക് ഒരു വിഷയത്തിൽ പൂജ്യം മാർക്ക്. പുനർമൂല്യനിർണയത്തിലും രക്ഷയില്ല. മറ്റു വിഷയങ്ങളിലെല്ലാം ഭേദപ്പെട്ട മാർക്ക്. പരാതിയെത്തുടർന്ന് ഉത്തരക്കടലാസ് കാലിക്കറ്റ് സർവകലാശാലയിലേക്ക് അയച്ചപ്പോൾ കിട്ടിയത് 64 മാർക്ക്. കുട്ടിയുടെ റജിസ്റ്റർ നമ്പർ തപ്പിയെടുത്ത് വ്യക്തിവൈരാഗ്യം തീർക്കുകയായിരുന്നു അധ്യാപകൻ. ആൾ സസ്പെൻഷനിലായി. 

കളഞ്ഞുപോയ ഉത്തരക്കടലാസ് തിരിച്ചുകിട്ടിയാലും വേണ്ടേ ?

മൂല്യനിർണയം കഴിഞ്ഞാൽ ഉത്തരക്കടലാസ് സർവകലാശാലയുടെ സ്റ്റോർ റൂമിലാണു സൂക്ഷിക്കുക. എന്നാൽ, കണ്ണൂർ സർവകലാശാല രണ്ടു വർഷം മുൻപു നടത്തിയ ബിഎ ഇംഗ്ലിഷ് പരീക്ഷയിലെ ഒരു ഉത്തരക്കടലാസ് ഇപ്പോൾ കണ്ണൂർ ജില്ലാ കെഎസ്‌യു പ്രസിഡന്റിന്റെ ഓഫിസിലാണ്. ‘വഴിയിൽ കളഞ്ഞുകിട്ടിയത്’ എന്ന കുറിപ്പോടെ, ഒന്നര വർഷം മുൻപ് കെഎസ്‌യു ഓഫിസിൽ തപാലിൽ ലഭിച്ചതാണിത്. 

ഉത്തരക്കടലാസ് മാനന്തവാടി ഗവ. കോളജിലെ വിദ്യാർഥിയുടേതാണെന്നു സർവകലാശാല സമ്മതിച്ചു. ഈ വിദ്യാർഥിയുടെ ഫലം തടഞ്ഞുവച്ചിരിക്കുകയായിരുന്നു. പ്രോജക്ട് സമർപ്പിച്ചില്ലെന്ന തൊടുന്യായവും പറഞ്ഞു. ഇതിനിടയിലാണ് ഉത്തരക്കടലാസ് കെഎസ്‌യു ഓഫിസിലെത്തിയത്. 

പ്രശ്നമായതോടെ, പൊലീസിൽ പരാതിപ്പെടുമെന്നു വൈസ് ചാൻസലർ പ്രഖ്യാപിച്ചു. ഒന്നും സംഭവിച്ചില്ല. ഫലം ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. ആ വിദ്യാർഥി കാഴ്ചപരിമിതിയുള്ളയാളാണ് എന്നുകൂടി അറിയുക. വെല്ലുവിളികളെ അതിജീവിച്ച് ഇത്രത്തോളം പഠിച്ച ആ വിദ്യാർഥിക്കു നമ്മുടെ അക്കാദമിക് ലോകത്ത് ഇടമില്ല. പിന്നെ ആർക്കാണ് ഇടമെന്ന ചോദ്യത്തിന് ഉത്തരം അൽപം നീണ്ടതാണ്. 

∙ യോഗ്യതയില്ലെങ്കിലും അഡ്മിഷൻ തേടുന്നവർക്ക്.

∙ ക്ലാസിൽ ഹാജരാകാതെ പരീക്ഷ എഴുതണമെന്നു നിർബന്ധമുള്ളവർക്ക്.

∙ ഉത്തരക്കടലാസ് സ്വന്തം വീട്ടിലൊളിപ്പിക്കുന്നവർക്ക്.

∙ ഇതൊക്കെ കഴിഞ്ഞും മോഡറേഷൻ മേളകളിൽ കയറിയിറങ്ങുന്നവർക്ക്.

വീണ്ടും നോക്കുമ്പോൾ വീഴും അധിക മാർക്ക്

പുനർമൂല്യനിർണയം പലപ്പോഴും ക്രമക്കേടിനുള്ള എളുപ്പവേദിയായി മാറുന്നുവെന്ന പരാതി പണ്ടേയുണ്ട്. രാഷ്ട്രീയസ്വാധീനമുള്ള വിദ്യാർഥികൾ പരീക്ഷാവകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉത്തരക്കടലാസ് വേണ്ടപ്പെട്ട അധ്യാപകരുടെ കൈകളിലെത്തിക്കുന്നു.

പുനർമൂല്യനിർണയത്തിൽ 25–30 മാ‍ർക്ക് വരെ ലഭിച്ചാണു പല നേതാക്കളും പാസാകുന്നത്. ഇതു വീണ്ടും പരിശോധിക്കപ്പെടില്ലെന്ന സുരക്ഷിതത്വവുമുണ്ട്. ഈ തട്ടിപ്പു തടയാൻ പുനർമൂല്യനിർണയം ഒരു പാനലിനെക്കൊണ്ടു നടത്തിക്കണമെന്ന നിർദേശം കേരള സർവകലാശാലയിൽ മുൻപു ചർച്ച ചെയ്തതാണെങ്കിലും നടപ്പായില്ല. 

സർ, ഇതാരുടെ ഗാന്ധി ?

എംജി സർവകലാശാലയിലെ ഗാന്ധിയൻ പഠനവിഭാഗത്തിൽ ഈയിടെ അധ്യാപക നിയമനം നടന്നു. എന്നാൽ, ഗാന്ധിയൻ ചിന്തയോ അനുബന്ധ വിഷയങ്ങളോ പഠിച്ചവർക്കു നിയമനമില്ല. പകരം മറ്റൊരു വിഭാഗത്തിൽ ഗവേഷണം നടത്തുന്ന ഏതാനും പേരെ നിയമിച്ചു. ഇവിടത്തെ ഡയറക്ടറെ മാറ്റിയാണ് ഇഷ്ടനിയമനത്തിനു വഴിയൊരുക്കിയതെന്നും പകരം ചുമതല ലഭിച്ച അധ്യാപകനു ഡയറക്ടർ സ്ഥാനത്ത് എത്താനുള്ള അധ്യയന കാലാവധി ആയിട്ടില്ലെന്നും ആക്ഷേപമുണ്ട്. 

സിക്കിം യൂണിവേഴ്സിറ്റിയിൽ അധ്യാപകനായ മുൻ എസ്എഫ്ഐ പ്രവർത്തകനെ കാലിക്കറ്റ് സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ ഒരു വർഷത്തെ ഡപ്യൂട്ടേഷനിൽ നിയമിക്കാൻ നടത്തിയതു ചട്ടലംഘനങ്ങളുടെ പരമ്പര. ആദ്യ റാങ്ക്‌ലിസ്റ്റിൽ ഇദ്ദേഹത്തിനു രണ്ടാം റാങ്ക് മാത്രം. ഇതോടെ നിയമനം റദ്ദാക്കി വീണ്ടും ഇന്റർവ്യൂ നടത്തി. വിസി അധ്യക്ഷനായ സിലക്‌ഷൻ കമ്മിറ്റിയുടെ നിയമനം റദ്ദാക്കണമെങ്കിൽ, ഗവർണറുടെ അനുമതി തേടണമെന്ന കോടതി നിർദേശമാണു ലംഘിച്ചത്. 

പുതിയ സിലക്‌ഷൻ കമ്മിറ്റിയെ വച്ചുള്ള ഇന്റർവ്യൂവിലും പാർട്ടി നോമിനിക്കു രണ്ടാം റാങ്ക് തന്നെ. ഇതോടെ ഒന്നാം റാങ്കുകാരൻ സമർപ്പിച്ച എൻഒസി സ്വീകാര്യമല്ലെന്നായി; പുതിയ എൻഒസി സമർപ്പിച്ചെങ്കിലും അതു വിസിക്കു കൈമാറാതെ സെക്‌ഷനിൽ പൂഴ്ത്തിവച്ച് ഇഷ്ടനിയമനം നടത്തി. ഇദ്ദേഹത്തിനു ഗൈഡ്ഷിപ് അനുവദിക്കാനും ശമ്പള സ്കെയിൽ നിർണയിക്കാനുമെല്ലാം ചട്ടങ്ങൾ കാറ്റിൽ പറത്തിയെന്നാണ് ആക്ഷേപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com