sections
MORE

എല്ലാം ചൊൽപടിയിലാക്കാൻ ചെപ്പടിവിദ്യകൾ

series
SHARE

പ്രധാന തസ്തികകളിലുള്ളവരെ വരുതിയിലാക്കാനുള്ള കുറുക്കുവഴികൾ, ഇഷ്ടക്കാരെ സർവകലാശാലകളിൽ തിരുകിക്കയറ്റാനുള്ള ശ്രമങ്ങൾ, പരീക്ഷകളിൽ അടിക്കടിയുണ്ടാകുന്ന ക്ഷമ പരീക്ഷിക്കുന്ന പിഴവുകൾ...അറിവിന്റെ പത്തായങ്ങളിൽപതിരു മാത്രം നിറച്ച് നാം പറ്റിക്കുന്നതാരെ? 

ഈ പരമ്പരയോടുള്ള പ്രതികരണമായി ഞങ്ങൾക്കു ലഭിച്ച കത്തുകളിലൊന്നിൽനിന്നു തുടങ്ങാം. കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞ കാര്യങ്ങളോടു കൂട്ടിച്ചേർക്കാൻ എന്നുപറഞ്ഞ് ആ കത്തിൽ ചൂണ്ടിക്കാട്ടിയ ചില കാര്യങ്ങളിങ്ങനെ:

∙ സിൻഡിക്കറ്റ് അംഗങ്ങളായ ചില കോളജ് അധ്യാപകർ ക്ലാസ് എടുക്കുന്നതേയില്ല.

∙ ഇവരുടെ ക്ലാസ് ഏറ്റെടുക്കാൻ മറ്റ് അധ്യാപകർ തയാറാകാത്തതിനാൽ പ്രശ്നത്തിലാകുന്നതു വിദ്യാർഥികളാണ്. പകരം അധ്യാപകരെ നിയമിക്കാനും കഴിയില്ല.

∙ ക്ലാസ് എടുക്കാതെ അധ്യാപകരെന്ന നിലയിലുള്ള ശമ്പളം കൃത്യമായി കൈപ്പറ്റുകയും ചെയ്യുന്നു.

∙ സർവകലാശാലാ നിയമങ്ങൾക്കു വിധേയമായി തീരുമാനങ്ങളെടുക്കുക മാത്രമാണു സിൻഡിക്കറ്റ് അംഗങ്ങളുടെ ജോലി. നടപ്പാക്കേണ്ടതു സർവകലാശാലാ ജീവനക്കാരാണല്ലോ. മുഴുവൻ സമയവും സർവകലാശാലയിൽ ആയിരിക്കാൻ ഇവർ അവിടത്തെ സ്റ്റാഫ് അല്ലല്ലോ.

പതിറ്റാണ്ടുകളായി തുടർന്നുവരുന്ന സർവകലാശാലാ രീതികൾ അറിയുന്നവർക്ക് ഇതൊന്നും പുതുമയുള്ള കാര്യങ്ങളല്ലെങ്കിലും ‘റിയാലിറ്റി ചെക്ക്’ എന്ന നിലയിൽ കേരളത്തിലെ പ്രധാന സർവകലാശാലകളിൽ ഇന്നലെ ഞങ്ങൾ വീണ്ടും അന്വേഷിച്ചു. പൊതു അവസ്ഥ ഇങ്ങനെ ആയിരിക്കെത്തന്നെ ഒറ്റപ്പെട്ട അപവാദങ്ങളും ശ്രദ്ധയിൽപെട്ടു. ചില അധ്യാപകർ സ്പെഷൽ ക്ലാസ് വച്ച് പോർഷൻ തീർത്തുകൊടുക്കാറുമുണ്ട്. 

സിൻഡിക്കറ്റ് അംഗത്തിന്റെ പലവിധ ചുമതലകൾക്കിടെ, കോളജിൽ പോയി ക്ലാസ് കൂടി എടുക്കുക പ്രായോഗികമല്ലെന്നതാണു മറുവാദം. എങ്കിൽ ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് എന്തുകൊണ്ടു ചർച്ച ചെയ്യുന്നില്ല.

സിൻഡിക്കറ്റ് അംഗത്വത്തിന്റെ ബലത്തിൽ മാത്രമല്ല, സംഘടനാ പ്രവർത്തനത്തിനു വേണ്ടിയും ക്ലാസ് ‘കട്ട്’ ചെയ്യുന്ന അധ്യാപകരുണ്ട്. ഇക്കാര്യത്തിൽ എല്ലാ സംഘടനകളും ഒറ്റക്കെട്ടാണ്. നേതാക്കളെ പ്രിൻസിപ്പൽമാർ പിണക്കുകയുമില്ല. ഇങ്ങനെ വർഷം 50 ‘അദർ ഡ്യൂട്ടി’ വരെ വാങ്ങിയവരുണ്ട്. ഹാജർ ഇല്ലാതെ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളോട് ഇവരെങ്ങനെ ‘നോ’ പറയും ?

വരുതിയിലായ ത്രിമൂർത്തികൾ

വൈസ് ചാൻസലറും പ്രോ വൈസ് ചാൻസലറും കഴി‍ഞ്ഞാൽ സർവകലാശാലകളിലെ മൂന്നു പ്രധാന തസ്തികകളാണ് റജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫിസർ എന്നിവരുടേത്. വൈസ് ചാൻസലറുടേതും പ്രോ വൈസ് ചാൻസലറുടേതും നിശ്ചിത കാലാവധിയുള്ള തസ്തികകളാണ്.

എന്നാൽ ഭരണനിർവഹണം, പരീക്ഷാ നടത്തിപ്പ്, ധനവിനിയോഗം എന്നിവയ്ക്കു ചുമതലപ്പെട്ട റജിസ്ട്രാർ, കൺട്രോളർ, ഫിനാൻസ് ഓഫിസർ എന്നിവരുടേതു സ്ഥിരം നിയമനമായിരുന്നു. അതിനാൽത്തന്നെ സിൻഡിക്കറ്റിന്റെയും ഭരണകക്ഷിയുടെയും സർക്കാരിന്റെയും സമ്മർദങ്ങൾക്കു വേണമെങ്കിൽ വഴങ്ങാതിരിക്കാനും കഴിയുമായിരുന്നു. പരീക്ഷാ നടത്തിപ്പിൽ ഇടപെടാനുള്ള വിസിയുടെയും സിൻഡിക്കറ്റിന്റെയും ശ്രമങ്ങൾ കൺട്രോളർ എതിർത്ത സന്ദർഭങ്ങളുണ്ട്.

കെ.ടി.ജലീൽ വകുപ്പുമന്ത്രിയായ ശേഷം ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശപ്രകാരം മൂന്നു തസ്തികകളും 4 വർഷമെന്ന നിശ്ചിത കാലാവധിയിലേക്കായി ചുരുക്കി. വിവിധ സർവകലാശാലകളിലെ 17 തസ്തികകളാണു കഴിഞ്ഞ മാർച്ചിൽ ഒറ്റയടിക്ക് ഇല്ലാതാക്കിയത്. ഭൂരിപക്ഷം സർവകലാശാലകളിലും ഇതുവരെ നിയമനം നടത്തിയിട്ടില്ല.

പകരം ചില അധ്യാപകർക്ക് അധികച്ചുമതല നൽകിയാണു ഭരണം. അധികച്ചുമതല ആയതിനാൽ സിൻഡിക്കറ്റിന്റെ ചൊൽപടിക്കു നിർത്താൻ എളുപ്പം. സർവകലാശാലാ ഭരണത്തിലെ പരിചയക്കുറവു മൂലം സിൻഡിക്കറ്റിന്റെ ഉപദേശം തേടുകകൂടി ചെയ്യുന്നതോടെ കാര്യങ്ങൾ എളുപ്പമായി. കേരളത്തിലെ ഒരു സർവകലാശാലയിൽ ഭരണം ഹൈസ്കൂൾ അധ്യാപകന്റെ കയ്യിലാണെന്നാണ് ആക്ഷേപം; സിൻഡിക്കറ്റിലെ പാർട്ടി നോമിനിയെന്ന മേൽവിലാസമാണു ബലം.

സമാന്തര എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്; പാർട്ടി വക

സർവകലാശാലാ ഭരണത്തിലെ പുതിയ ചില മാതൃകകൾകൂടി അറിയണം. എംജി സർവകലാശാലയിൽ ഇരുനൂറിനടുത്ത് പ്യൂൺമാരുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 179 ദിവസത്തേക്കുള്ള നിയമനം. അതു കഴിഞ്ഞാൽ അടുത്ത എംപ്ലോയ്മെന്റ് ലിസ്റ്റിലുള്ളവരെത്തും. 2 വർഷമായി ഈ സ്ഥിതി മാറി.

ലിസ്റ്റ് പാർട്ടി ഓഫിസിൽനിന്നു വരും. അവരെ റജിസ്ട്രാർ നിയമിക്കും. എംപ്ലോയ്മെന്റ് ലിസ്റ്റിന്റെ പേര് സിൻഡിക്കറ്റ് ലിസ്റ്റ് എന്നായി. കോട്ടയം ജില്ലയിലെ ഒരു സിപിഎം നേതാവിന്റെ പേരു ചേർത്തുള്ള വിളിപ്പേരുമുണ്ട് ലിസ്റ്റിന്. തന്റെ ഓഫിസിലെ ഇന്റർവ്യൂവിനു ശേഷമാണ് അദ്ദേഹം ലിസ്റ്റ് തയാറാക്കുന്നത്.

കൊച്ചി ശാസ്ത്ര, സാങ്കേതിക സർവകലാശാലയിൽ പരീക്ഷാവിഭാഗത്തിൽ ടാബുലേഷൻ അടക്കം മിക്ക ജോലികളും കരാർ, ദിവസവേതന ജീവനക്കാരെക്കൊണ്ടാണു ചെയ്യിക്കുന്നത്. ഇവരെ സ്വാധീനിച്ചാൽ മാർക്ക് ലിസ്റ്റിൽ വരെ തിരുത്തൽ വരുത്താമെന്നതാണ് ആക്ഷേപങ്ങൾക്ക് ഇടയാക്കുന്നത്. സെക്‌ഷൻ ഓഫിസർ പുനഃപരിശോധിക്കുന്നതിനാൽ ക്രമക്കേട് ഉണ്ടാകില്ലെന്നാണു സർവകലാശാലയുടെ വാദം.

അബദ്ധ പരീക്ഷകളിൽ എന്തുത്തരം നൽകും നാം?

ഉന്നതവിദ്യാഭ്യാസ രംഗത്തെ വീഴ്ചകളെക്കുറിച്ച് ഇത്രയേറെ ചർച്ചകൾ നടക്കുന്നതിനിടയിലും കണ്ണൂർ സർവകലാശാലയിൽ സംഭവിച്ചതു നോക്കുക. ചൊവ്വാഴ്ച നടന്ന എംഎസ്‌സി വുഡ് സയൻസ് ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യക്കടലാസിൽ ഒരേ ചോദ്യം തുടർച്ചയായി മൂന്നു തവണ.

series2

എട്ടു ചോദ്യങ്ങളിൽ അഞ്ചെണ്ണത്തിന് ഉത്തരമെഴുതിയാൽ മതിയായിരുന്നു എന്നതിനാൽ സമ്പൂർണ അബദ്ധമായില്ലെന്നു മാത്രം. ആറു മാസത്തിനിടെ മൂന്നാം തവണയാണു കണ്ണൂർ സർവകലാശാലയിൽ ചോദ്യക്കടലാസിൽ അബദ്ധം സംഭവിക്കുന്നത്. 2019ലെ പരീക്ഷയ്ക്കു 2018ലെ ഇതേ പരീക്ഷയുടെ ചോദ്യക്കടലാസ് അതേപടി നൽകിയതാണ് ആദ്യത്തെ അബദ്ധം. ബിഎഎൽഎൽബി പരീക്ഷയ്ക്കു ചോദ്യക്കടലാസിനു പകരം കവർ മാറി ഉത്തരസൂചിക വിതരണം ചെയ്തതാണു രണ്ടാമത്തെ സംഭവം.

വിദൂരവിദ്യാഭ്യാസ വിഭാഗം മേയിൽ ഇൻട്രൊഡക്ടറി ഇക്കണോമിക്സ് പരീക്ഷയ്ക്ക് ഉപയോഗിച്ചതു 2018ലെ അതേ ചോദ്യക്കടലാസ്. പരീക്ഷയും ഫലപ്രഖ്യാപനവും കഴിഞ്ഞാണ് അബദ്ധം ബോധ്യപ്പെട്ടതെന്നു കൂടി അറിയണം. 

സെപ്റ്റംബറിൽ പഞ്ചവത്സര എൽഎൽബി അഞ്ചാം സെമസ്റ്ററിലെ മലയാളം പരീക്ഷയ്ക്കു ചോദ്യക്കടലാസിനു പകരം നൽകിയതാകട്ടെ ഉത്തരസൂചിക. ചോദ്യം തയാറാക്കുന്ന അധ്യാപകൻ ചോദ്യവും ഉത്തരസൂചികയും വ്യത്യസ്ത നിറത്തിലുള്ള കവറുകളിലാക്കി പരീക്ഷാവിഭാഗത്തിൽ നൽകണമെന്നാണു നിർദേശം. ഈ കവറുകൾ പരസ്പരം മാറിപ്പോയിരുന്നു. 

പഠിക്കാതെ പോകുന്ന നാം

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇന്നു നാം കാണുന്ന ജീർണത പൊടുന്നനെ സംഭവിച്ചതോ ചില കൂട്ടരുടെ മാത്രം ദുഷ്ചെയ്തികളുടെ ഫലമോ അല്ലെന്ന് ഓരോ അന്വേഷണവും നമ്മെ ബോധ്യപ്പെടുത്തുന്നു. അധികാരദുർവിനിയോഗത്തിന്റെ പുതിയ സാധ്യതകൾ തേടുന്ന രാഷ്ട്രീയ, സാമൂഹിക നേതാക്കളും അവരുടെ തണൽ പറ്റുന്ന അധ്യാപക സംഘടനകളും മാത്രമല്ല ഈ ജീർണനാടകത്തിലെ കഥാപാത്രങ്ങൾ.

മാനദണ്ഡങ്ങൾ മറികടന്നുള്ള പ്രവേശനം മുതൽ പലവിധ ആവശ്യങ്ങളിൽ ഇവരുടെ ശുപാർശക്കത്ത് തേടുന്ന നമ്മുടെ കൂട്ടത്തിലെ ഓരോ വിദ്യാർഥിക്കും രക്ഷിതാവിനും വരെ ഈ സ്ഥിതിവിശേഷത്തിൽ പങ്കുണ്ട്. കണ്ണടച്ചുള്ള ഇരുട്ടിൽനിന്നു നമ്മെ ഉണർത്താൻ മാർക്ക്ദാനം പോലെ ചില നിമിത്തങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്നു എന്നുമാത്രം.

പരീക്ഷകളിൽ ആരും തോൽക്കാത്ത ‘കിനാശ്ശേരി’ സ്വപ്നം കാണുന്നതു നല്ലതുതന്നെ. പക്ഷേ, അതിനായി ജയത്തിന്റെ നിർവചനം പൊളിച്ചെഴുതരുത്. അത്തരം ജനകീയത ഗൂഢതാൽപര്യങ്ങൾക്കു മറയാകരുത്. കള്ളപ്പറയും ചെറുനാഴിയും വച്ച് അളന്നൊപ്പിക്കുന്ന നൂറുമേനി കൊണ്ട് അറിവിന്റെ പത്തായങ്ങൾ നിറയുമെന്നാണു നമ്മുടെ വ്യാമോഹം. പക്ഷേ, പതിരു മാത്രം നിറച്ച പത്തായങ്ങളുമായി ആരെയാണു നാം പറ്റിക്കുന്നത് ? എത്ര കാലം?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA